Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലക്കടല അമിതമായി കഴിച്ചാൽ?

peanut

കടലയെന്നും കപ്പലണ്ടിയെന്നും അറിയപ്പെടുന്ന നിലക്കടല മണ്ണിനടിയിൽ ഉണ്ടാകുന്ന ഒരു നട്സ് ആണ്. അതിനാൽത്തന്നെ ഇത് പീനട്ട് എന്നും ഗ്രൗണ്ട്നട്ട് എന്നും ഇംഗ്ലീഷിൽ പറയുന്നു.

ധാരാളം പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവായും കൊളസ്ട്രോൾ ഇല്ലാതെയും കാണപ്പെടുന്നു. നിലക്കടല തനതായും വറുത്തും വെണ്ണയായും എണ്ണയായും നിലക്കടല മാവായും നിലക്കടല പ്രോട്ടീനായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചു വരുന്നു.

Nutrition details per 100gm of groundnuts

എനർജി – 567kcal
പ്രോട്ടീൻ – 25.3 g
ഫാറ്റ് – 40.1 g
ഫൈബർ – 3.1 g
കാർബോഹൈഡ്രേറ്റ് – 26.1 g
കാൽസ്യം – 90 mg
ഫോസ്ഫറസ് – 350 mg
അയൺ – 2.5 mg
കരോട്ടിൻ – 37 meg
തയാമിൻ – .9 mg
റൂബോഫ്ലേവിൻ – .13 mg
നിയാസിൻ – 19.9 mg
ഫോളിക് ആസിഡ് – 20 meg

നിലക്കടലയിൽ ധാരാളം പ്രോട്ടീനും നല്ല കൊഴുപ്പും തയമീനും നിയാസിനും റൈബോഫ്ലേവിനും ഫോളിക് ആസിഡുമുണ്ട്. കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ ഇവയുമുണ്ട്.

പല പഠനങ്ങളും തെളിയിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ നട്സ് ആണ് നിലക്കടയെന്നാണ്. നിലക്കടലയിലുള്ള നിയാസിൻ, കോപ്പർ, മഗ്നീഷ്യം, ഒലീയിക്ക് ആസിഡ്, ആന്റി ഓക്സിഡന്റ് ആയ റെസ്‌വെററ്ററോൾ എന്നിവ ഹൃദയസംബന്ധിയായ അസുഖങ്ങളിൽ നിന്നും ഹൃദയത്തെ സംരക്ഷിക്കുന്നു.

ധാരാളം പ്രോട്ടീൻസും ഫാറ്റുമുള്ള നിലക്കടല കഴിക്കുമ്പോൾ പെട്ടെന്നു വയറുനിറയുന്ന അനുഭവം ഉണ്ടാകും. ഇത് മറ്റു ഭക്ഷണങ്ങൾ കഴിക്കുന്നതു കുറയ്ക്കാൻ കാരണമാകുന്നു. മാത്രമല്ല പ്രോട്ടീന്റെയും ഫാറ്റിന്റെയും ദഹനത്തിനും ആഗീരണത്തിനും കൂടുതലായി ഊർജ്ജവും ഉപയോഗിക്കുന്നു. നിലക്കടയുടെ ഈ പ്രത്യേകതയും നാരുകളുടെ സ്വാധീനവും ശരീരഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ മറ്റു ഭക്ഷണങ്ങൾക്കുശേഷം നിയന്ത്രണമില്ലാതെ നിലക്കടല കഴിക്കുന്നത് അതിലെ അമിത കലോറി കാരണം ശരീരഭാരം കൂട്ടാൻ കാരണമാകുന്നു.

കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ കഴിവുള്ള നിലക്കടലയ്ക്ക് കൊളസ്ട്രോളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗാൽ സ്റ്റോണിനെയും നിയന്ത്രിക്കാൻ പറ്റുമെന്ന് പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്. ഗ്ലൈസീമിക് ഇൻഡെക്സും കാർബോ ഹൈഡ്രേറ്റും കുറഞ്ഞതും ധാരാളം പ്രോട്ടീൻ ഉള്ളതുമായ നിലക്കടല പ്രമേഹരോഗികൾക്കും നല്ലതാണ്. എന്നാൽ ഊർജം കൂടുതലായ ഇവ ധാരാളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാനും കാരണമാകും.

ഫോളിക് ആസിഡും വിറ്റാമിൻ ബിയും ധാരാളമുള്ള നിലക്കടല ഗർഭകാലത്ത് കഴിക്കുന്നത് ഉത്തമമാണ്. നിലക്കടലയിലെ നിയാസിനും തയാമിനും മസിലുകളുടെയും നാസികളുടെയും തലച്ചോറിന്റെയും സംരക്ഷണത്തിന് സഹായിക്കുന്നു.

എന്നാൽ അമിതമായ നിലക്കടലയുടെ ഉപയോഗം ചിലരിൽ നെഞ്ചെരിച്ചിലും ഗ്യാസ് പ്രശ്നങ്ങൾക്കും കാരണമാകുന്നു. നിലക്കടല സോഡിയം ഇല്ലാത്തതാണെങ്കിലും വറുക്കുമ്പോൾ ചേർക്കുന്ന ഉപ്പ് രക്തസമ്മർദ്ദം കൂടാൻ ഇടയാകുന്നു. നിലക്കടല അമിതമായി ഉപയോഗിക്കുമ്പോൾ ചില ഘടകങ്ങൾ സിങ്കിന്റെയും അയണിന്റെയും ആഗീരണത്തെ തടസപ്പെടുത്തുന്നു. മാത്രമല്ല ധാരാളം ആളുകളിൽ നിലക്കടല കാരണം അലർജിയും കണ്ടുവരുന്നു. അതിനാൽ നിലക്കടലയുടെ അമിത ഉപയോഗം അത്രനല്ലതല്ല. ഒരു പിടി നിലക്കടല ഒരു ദിവസം എന്ന രീതിയിൽ എടുക്കുന്നതാണ് ഉത്തമം.

നിലക്കടല കഴിക്കുമ്പോൾ ചെറിയ കുട്ടികളിൽ വിക്കി നിറുകയിൽ കയറാൻ സാധ്യത ഉള്ളതിനാൽ ഇവർക്ക് കൊടുക്കുമ്പോൾ ഒന്നുകിൽ പൊടിച്ചോ അല്ലെങ്കിൽ ദ്രവരൂപത്തിലോ കൊടുക്കുന്നതാണ് നല്ലത്.

നിലക്കടലയിൽ പൂപ്പൽ ബാധിക്കുവാൻ സാധ്യതയുണ്ട്. പൂപ്പൽ അഫ്‌ലാടോക്സിൻ പോലുള്ള വിഷവസ്തു ഉണ്ടാക്കുകയും ഇവ കരളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അതിനാൽ നിലക്കടല സൂക്ഷിക്കുമ്പോഴും വാങ്ങുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.

ഒരേ തരത്തിൽ ഉള്ളതും ഓഫ് വൈറ്റ് നിറത്തോടുകൂടിയതും കൈയ്യിൽ എടുക്കുമ്പോൾ ഭാരം തോന്നുന്നതും വിള്ളലും വെള്ളകുത്തുകളും ഇല്ലാത്ത നിലക്കടലയാണ് നല്ലത്. കനച്ചമണം ഇല്ലയെന്നും ഉറപ്പുവരുത്തണം. തൊലികളഞ്ഞ നിലക്കടല എയർടൈറ്റ് പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.