Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലവേദനിപ്പിക്കാത്ത ആഹാരങ്ങൾ

headache

ആഹാരവും തലവേദനയുമായി നല്ല അളവിൽ ബന്ധമുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമം, അലർജികൾ, പ്രമേഹത്തിന്റെ ഭാഗമായ ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാര നിശ്ചിത അളവിൽ നിന്ന് കുറയുന്ന അവസ്ഥ), നിർജലീകരണം, ദഹനക്കേട്, മലബന്ധം, ചില പ്രത്യേക ഭക്ഷണപദാർഥങ്ങൾ ഇവയെല്ലാം തലവേദനയുടെ പ്രധാന കാരണങ്ങളാണ്.

നല്ല ആഹാരം മികച്ച പരിഹാരം

രോഗിയെയും സാഹചര്യത്തെയും ശരിയായി മനസിലാക്കി തലവേദനയുടെ യഥാർഥ കാരണം കണ്ടുപിടിക്കുകയാണ് ചികിത്സയുടെ ആദ്യപടി. ശരിയായ ഭക്ഷണരീതി വഴി ഒരുപരിധിവരെ തലവേദനയ്ക്ക് പരിഹാരമുണ്ടാകുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു.

കാരണമാകുന്ന ചില ആഹാരങ്ങൾ

തലവേദനയ്ക്ക് കാരണമാകുന്ന ചില ആഹാരസാധനങ്ങളുണ്ട്. അവയെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം.

തൈറമീൻ, ഫിനൈൽ ഇതൈൽ അമീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ചോക്കലേറ്റ്, ചിലയിനം ചീസുകൾ, കോഴിയുടെ കരൾ, ചിലയിനം ബീൻസുകൾ.

ഹിസ്റ്റമിൻ എന്ന രാസഘടകം അധികമായുള്ള മദ്യം (ബിയർ), റെഡ് വൈൻ.

ടിന്നിലടച്ച് മാർക്കറ്റിൽ ലഭ്യമാകുന്ന ഭക്ഷണങ്ങൾ കേടാവാതിരിക്കുവാനുപയോഗിക്കുന്ന സൾഫൈറ്റ് എന്ന പ്രിസർവേറ്റീവ്.

മത്സ്യമാംസാദികൾ കേടാവാതിരിക്കാൻ ഉപയോഗിക്കുന്ന നൈട്രേറ്റ് എന്ന മറ്റൊരിനം പ്രിസർവേറ്റീവ്.

കഫീനടങ്ങിയ കാപ്പിയുടെ അമിത ഉപയോഗം.

ചിലതരം കപ്പലണ്ടികൾ.

ഇൻസ്റ്റന്റ് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയിൽ ധാരാളം അടങ്ങിയിരിക്കുന്ന അജിനോമോട്ടോ (മോണോസോഡിയം ഗ്ലൂട്ടാമെയ്റ്റ്) എന്ന രാസഘടകം.

കൃത്രിമ മധുരമായ അസ്പാർട്ടൈം. ഈക്വിൽ, ന്യൂട്രാസ്വിറ്റ് എന്നീ പേരുകളിൽ ഇതു മാർക്കറ്റിൽ ലഭ്യമാണ്.

ആഹാരനിയന്ത്രണം പ്രതിവിധി

ആഹാരനിയന്ത്രണത്തിലൂടെ തലവേദനയ്ക്കു പ്രതിവിധി കണ്ടെത്തുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം.

തലവേദനയ്ക്കു കാരണമാകുന്ന ഭക്ഷണപദാർഥങ്ങൾ കണ്ടെത്തി അവയുടെ ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തുക. (ഒരു ഫുഡ് ഡയറി വീട്ടിൽ സൂക്ഷിക്കുന്നത് ഏറെ സഹായകരമാണ്.)

ദിവസേന എട്ടുമുതൽ പന്ത്രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു നിർജലീകരണത്തിനുള്ള സാധ്യതകൾ ഒഴിവാക്കുക.

ആഹാരം കഴിക്കുന്നതിന് ഒരു കൃത്യസമയം ഏർപ്പെടുത്തുക വഴി പ്രമേഹരോഗികൾക്ക് ഹൈപ്പോഗ്ലൈസീമിയ തടയാം. ഒപ്പം തലവേദനയും.

അലർജി ഉണ്ടാക്കുന്ന ആഹാരപദാർഥങ്ങൾ കണ്ടെത്തി പാടേ ഒഴിവാക്കുക.

ആഹാരം വലിച്ചു വാരി കഴിക്കുന്നത് അനാരോഗ്യകരമായ രീതിയാണ്. ആ ശീലം മാറ്റുക. അങ്ങനെ ദഹനക്കേടു മൂലമുണ്ടാകുന്ന തലവേദന ഒഴിവാക്കാം. ആഹാരം സാവധാനം ശാന്തമായി കഴിക്കാൻ ശ്രദ്ധിക്കുക.

നാരുകളടങ്ങിയ പഴവർഗങ്ങൾ, പച്ചക്കറികൾ, തവിടുള്ള ധാന്യങ്ങൾ, പുറംതോട് കളയാത്ത പയർവർഗങ്ങൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു വഴി മലബന്ധം മൂലമുണ്ടാകുന്ന തലവേദനയ്ക്കു ശമനമുണ്ടാകും.

നേരിടാൻ പോഷകങ്ങൾ

താഴെപ്പറയുന്ന പോഷണങ്ങളടങ്ങിയ ആഹാരങ്ങൾ തലവേദനയ്ക്കെതിരേ വളരെയേറെ ഗുണം ചെയ്യുന്നവയാണ്. അവ ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

വിറ്റമിൻ കെ ധാരാളമായുള്ള ഏത്തപ്പഴം, വെളുത്തുള്ളി, ഉണക്കമുന്തിരിങ്ങ.

വിറ്റമിൻ ഇ അടങ്ങിയിട്ടുള്ള ഓട്ട്സ്, പയറുവർഗങ്ങൾ, ഒലിവ് എണ്ണ.

വിറ്റമിൻ ബി, ബി2, ബി5, ബി6, ബി12 എന്ന ബി കുടുംബം ധാരാളമായുള്ള ഏത്തപ്പഴം, ഓട്ട്സ്, തവിടുള്ള അരി, കടൽ മത്സ്യം, അണ്ടിപ്പരിപ്പ് തുടങ്ങിയവ.

മഗ്നീഷ്യം എന്ന ധാതു ധാരാളമായി അടങ്ങിയിട്ടുള്ള ബദാം, ആപ്പിൾ, വെളുത്തുള്ളി, ഇലക്കറികൾ, തവിടു കളയാത്ത അരി.

മേൽവിവരിച്ച ചില ഭക്ഷണ പദാർഥങ്ങളിൽ നിന്ന് വ്യക്തിപരമായ വ്യത്യാസങ്ങൾ മനസിലാക്കി വേണം ആഹാരം തിരഞ്ഞെടുക്കേണ്ടത്.

ഓരോരുത്തരും അവരവർക്ക് ഇണങ്ങാത്തവയെ ഒഴിവാക്കി, വളരെ ബുദ്ധിപൂർവം ആഹാരം ക്രമീകരിക്കാൻ ശ്രദ്ധിക്കണം.

അങ്ങനെ തികച്ചും അപ്രതീക്ഷിതമായി കടന്നുവരുന്ന ദുസഹവും വേദനാജനകവുമായ തലവേദനയെ ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാം.

വേണം ആഹാരവും വെള്ളവും

ഉണർന്നു മൂന്നു മണിക്കൂറിനുള്ളിൽ ബ്രേക്ഫാസ്റ്റ് കഴിക്കണം. ബ്രേക്ഫാസ്റ്റ് കഴിക്കാതെ വന്നാൽ ഹൈപ്പോഗ്ലൈസീമിയ ഉണ്ടായി തലവേദനയ്ക്കു വഴി തെളിക്കും. ദിവസം ഒരുനേരം ആഹാരം കഴിക്കാതിരുന്നാലും തലവേദനയുണ്ടാക്കാം. വാരിവലിച്ചു കഴിക്കാതെ ബ്രേക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എന്നിവയ്ക്കൊപ്പം ബ്രഞ്ച് എന്ന മിഡ്മോണിങ്ഫുഡ്, ഈവ്നിങ് ഫുഡ്, ബെഡ്ടൈം ഫുഡ് എന്നിങ്ങനെയുള്ള ആഹാര നേരങ്ങളും കൂടി കൂട്ടിച്ചേർക്കാം. ഇതിലൂടെ അമിതാഹാരത്തെ ഒഴിവാക്കാം. ആഹാരം ക്രമീകരിക്കാൻ കാപ്പി, ചായ എന്നിവ ശീലിച്ചവർ അതു പെട്ടെന്നു നിർത്തിയാലും തലവേദന വരും.

ധാരാളം വെള്ളം കുടിക്കണം. ദിവസം 12 ഗ്ലാസ് കുടിക്കാം. ശരീരത്തിൽ ഏറെ ജലാംശമുണ്ടായിരിക്കുന്നത് തലവേദന വരാതിരിക്കുന്നതിനുള്ള ഏറ്റവും നല്ല മുൻകരുതലാണ്.

ഗായത്രി അഭിലാഷ്

കൺസൽട്ടന്റ് ഡയറ്റീഷ്യൻ,

ഇ എസ് എെ ഹോസ്പിറ്റൽ,

പേരൂർക്കട, തിരുവനന്തപുരം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.