Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയാതെ പോകരുത് അമ്പഴങ്ങയെ

ambarella

ആനവായിൽ അമ്പഴങ്ങ എന്ന പഴഞ്ചൊല്ലിൽ തീർന്നു മലയാളിക്ക് അമ്പഴങ്ങയോടുള്ള അടുപ്പം. ഒരു കാലത്തു കേരളത്തിൽ സർവസാധാരണമായിരുന്ന അമ്പഴങ്ങയെപ്പറ്റി കൂടുതൽ അറിയാം.

നാട്ടുപഴങ്ങളുടെ കൂട്ടത്തിലാണ് അമ്പഴങ്ങയുടെ സ്ഥാനം. സ്പോണ്ടിയാസ് ഡൾസീസ് എന്ന ശാസ്ത്രീയമാനത്തിൽ അറിയപ്പെടുന്ന അമ്പഴങ്ങ പോഷകസമ്പുഷ്ടമായ പഴമാണ്.

ഇന്ത്യ, കംബോഡിയ, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്ന അമ്പഴങ്ങയ്ക്ക് പഴുക്കുമ്പോൾ സ്വർണനിറമാണ്. പച്ചമാങ്ങ ഉപ്പുകൂട്ടി കഴിക്കുമ്പോഴുള്ള അതേ സ്വാദാണ് അമ്പഴങ്ങയ്ക്കും, പുളിരസമാണിതിനും.

അച്ചാറിടാനാണ് അമ്പഴങ്ങ പ്രധാനമായും ഉപയോഗിക്കുന്നത്. ജാം, ജെല്ലി എന്നിവ ഉണ്ടാക്കാനും സൂപ്പിനും സോസിനും രുചികൂട്ടാനും അമ്പഴങ്ങ ഉപയോഗിക്കുന്നു.

സാപോനിൻ, ടാനിൻ എന്നീ ഫ്ലേവനോയ്ഡുകൾ അടങ്ങിയതിനാൽ അമ്പഴത്തിന്റെ ഇലകളും തണ്ടും രോഗചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നു. 48 കിലോ കാലറി ഊർജ്ജം അടങ്ങിയ ഈ ഫലത്തിൽ മാംസ്യം, അന്നജം, ജീവകം എ, ജീവകം സി, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് ഇവയുമുണ്ട്. കൂടാതെ, ദഹനത്തിനു സഹായകമായ നാരുകളും (ഡയറ്ററി ഫൈബർ) ജീവകം ബി കോംപ്ലക്സുകളായ തയാമിൻ, റൈബോഫ്ലേവിൻ എന്നിവയും അടങ്ങിയിരിക്കുന്നു.

അമ്പഴ ഫലത്തിനും ഇലകളുടെ സത്തിനും ശക്തമായ ആന്റിമൈക്രോബിയൽ, ആന്റിഓക്സിഡന്റ്, സൈറ്റോടോക്സിക്, ക്രോബോലിറ്റിക് ഗുണങ്ങളുണ്ടെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

രോഗപ്രതിരോധശക്തിക്ക്

ജീവകം സി അമ്പഴങ്ങയിൽ ധാരാളമുണ്ട്. ഇതു രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന കൊളാജന്റെ നിർമാണം മെച്ചപ്പെടുത്തുന്നതോടൊപ്പം മുറിവ് വേഗം ഉണങ്ങാൻ സഹായിക്കുന്നു. ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു.

ചർമത്തിന്റെ ആരോഗ്യത്തിന്

അമ്പഴങ്ങയിലടങ്ങിയ ജീവകം സി കോശങ്ങളുടെ പരുക്കു ഭേദമാക്കി ചർമത്തെ പരിപാലിക്കുന്നു. ചർമരോഗങ്ങൾ ചികിത്സിക്കാനും അമ്പഴങ്ങ ഉപയോഗിക്കുന്നു. അമ്പഴത്തിന്റെ ഇല ഇട്ടു തിളപ്പിച്ച് ആ സത്ത് ബോഡിലോഷനായും മോയ്ചറൈസറായും ഉപയോഗിക്കുന്നു. ചൊറി, ചിരങ്ങ് മുതലായവയുടെ ചികിത്സയ്ക്കായി അമ്പഴത്തിന്റെ വേര് ഉപയോഗിക്കുന്നു.

ചുമയ്ക്ക്

അമ്പഴത്തിന്റെ ഇലച്ചാറ് ചുമയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. അമ്പഴത്തിന്റെ മൂന്നോ നാലോ ഇല രണ്ടുകപ്പ് വെള്ളത്തിലിട്ടു തിളപ്പിക്കുക. കുറച്ചു സമയം അനക്കാതെ വയ്ക്കുക. ഇത് അരിച്ച് തേൻ ചേർത്ത് ഉപയോഗിക്കാം.

അമ്പഴങ്ങയും ചുമയ്ക്കുള്ള മരുന്നാണ്. അമ്പഴങ്ങയുടെ മൂന്നോ നാലോ കഷണം പിഴിഞ്ഞു നീരെടുക്കുക. ഇതിൽ ഒരുനുള്ള് ഉപ്പു ചേർത്തു ദിവസം മൂന്നു തവണ കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം ലഭിക്കും.

ദഹനപ്രശ്നങ്ങൾക്ക്

അമ്പഴങ്ങയിൽ ഡയറ്ററി ഫൈബർ ധാരാളമായി അടങ്ങിയതിനാൽ ദഹനം സുഗമമാക്കുന്നു. ദഹനക്കേടും മലബന്ധവും മൂലം വിഷമിക്കുന്നവർ ഈ പഴത്തിന്റെ പൾപ്പ് കഴിച്ചാൽ മതി. ജലാംശം ധാരാളമായുള്ളതിനാൽ നിർജലീകരണം തടയുന്നു.

അമ്പഴമരത്തിന്റെ പുറംതൊലി വയറുകടിക്കുള്ള പരിഹാരമാണ്. അമ്പഴത്തിന്റെ തൊലി കഷായംവച്ചു കുടിക്കുന്നത് അതിസാരം, വയറുകടി എന്നിവമൂലം വിഷമിക്കുന്നവർക്ക് ആശ്വാസമേകും.

5ഗ്രാം അമ്പഴത്തൊലി ഉപയോഗിച്ചു കഷായം തയാറാക്കാം. വൃത്തിയാക്കിയ തൊലി രണ്ടുകപ്പ് വെള്ളത്തിലിട്ടു തിളപ്പിക്കുക. വെള്ളം പകുതി അളവാകുമ്പോൾ വാങ്ങി അരിച്ചു കുടിച്ചാൽ വയറുകടി ഉടൻതന്നെ മാറും.

കാഴ്ചശക്തിയ്ക്ക്

ജീവകം എയുടെ കലവറയാണ് അമ്പഴങ്ങ. കാഴ്ചശക്തിയ്ക്ക് ഇതു ഗുണം ചെയ്യും. അമ്പഴ ഇലയുടെ സത്ത് ചെങ്കണ്ണിനുള്ള മരുന്നായി ഉപയോഗിക്കുന്നു. ജീവകം എയുടെ സംയുക്തമായ റെറ്റിനോൾ, റെറ്റിനയിൽ പതിക്കുന്ന ചിത്രങ്ങളെ വിതരണം ചെയ്യാൻ സഹായിക്കുന്നു.

ഊർജ്ജദായകം

അമ്പഴങ്ങയിൽ അടങ്ങിയ സുക്രോസ് എന്ന പഞ്ചസാര ഉടനടി ഊർജ്ജമേകുന്നു. അമ്പഴങ്ങ ഉണർവും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കുന്നു

കൊഴുപ്പും അന്നജവും കുറഞ്ഞ പഴമാണ് അമ്പഴങ്ങ. ദഹനത്തിനു സഹായിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാലറി വളരെ കുറഞ്ഞ പഴമാണെങ്കിലും ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാം ഇതു പ്രദാനം ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫലമാണിത്. ജലാംശം അടങ്ങിയിരിക്കുന്നതിനാൽ വയറു നിറഞ്ഞതായി തോന്നുകയും അമിതമായി കഴിക്കുന്നതു തടയുകയും ചെയ്യുന്നു.

മറ്റു ഗുണങ്ങൾ

∙ അമ്പഴത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ അർബുദത്തിനെ പ്രതിരോധിക്കുന്നു.
∙ കോശങ്ങളെ പുതുക്കാൻ സഹായിക്കുകവഴി ഹൃദയസംബന്ധമായ രോഗങ്ങളെ തടയുന്നു.
∙ പൊള്ളൽ മൂലമുണ്ടായ പരുക്കുകൾ ഭേദമാക്കാൻ അമ്പഴങ്ങ ചികിത്സയിൽ ഉപയോഗിക്കുന്നു.
∙ ഉയർന്ന രക്തസമ്മർദ്ദം തടയാൻ അമ്പഴങ്ങയ്ക്കു കഴിയുമെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
∙ അമ്പഴങ്ങയുടെ കുരു ശ്വാസകോശസംബന്ധമായ രോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.
∙ അമ്പഴത്തിന്റെ ഇല ഉണക്കിപ്പൊടിച്ചത് വായ്പ്പുണ്ണു മാറാൻ നല്ലതാണ്.
∙ അമ്പഴത്തിന്റെ വേര് ഗർഭനിരോധനത്തിനു സഹായകമാണ്.
∙ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിനാൽ അമ്പഴങ്ങ പ്രമേഹത്തിനു നല്ലതാണ്.
∙ അമ്പഴങ്ങയിലടങ്ങിയ ഫോസ്ഫറസും കാൽസ്യവും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
∙ അമ്പഴങ്ങയിലെ ഇരുമ്പുസത്ത് ചുവന്ന രക്താണുക്കളുടെ എണ്ണം കൂട്ടി വിളർച്ച തടയുന്നതിനാൽ സ്ത്രീകൾക്കു വളരെ നല്ലതാണ്.
∙ മൂത്രത്തിലെ അണുബാധയ്ക്കുള്ള ചികിത്സയിലും അമ്പഴങ്ങ ഉപയോഗിക്കുന്നു.

ആർക്കും വേണ്ടാതെ പൊഴിഞ്ഞു വീഴുന്ന അമ്പഴങ്ങ ചില്ലറക്കാരനല്ല എന്ന് ഇപ്പോൾ മനസിലായില്ലേ!