Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസം ഒരു മുട്ട കഴിച്ചാൽ?

egg-healthy-food

ഹൃദയത്തിന്റെ ശത്രുവായിട്ടാണ് പലരും മുട്ടയെ കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ധൈര്യമായി മുട്ട കഴിക്കാൻ തന്നെയാണ്. മാത്രമല്ല ന്യൂട്രീഷനിസ്റ്റിന്റെ അടുത്ത് ചെന്നാൽ ഒഴിവാക്കാനാവാത്ത ഭക്ഷ്യവസ്തുക്കളുടെ കൂടെ മുട്ട കാണുകയും ചെയ്യും. ദിവസം ഒരു മുട്ടവീതം കഴിച്ചാലുള്ള ഗുണങ്ങളെന്തൊക്കെയെന്നറിയേണ്ടേ?.

ഒരു മുട്ടയിൽ 80 കലോറിയും ഏകദേശം 5 ഗ്രാം കൊഴുപ്പുമുണ്ടാകും.എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ കലവറയാണ് മുട്ട. കൂടാതെ മുട്ടയുടെ വെള്ളയിൽ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി2 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

മുട്ടയുടെ മഞ്ഞപലപ്പോഴും ഒഴിവാക്കാറാണുള്ളത്. 100 ഗ്രാം മുട്ടമഞ്ഞയിൽ 1.33 ഗ്രാം കൊളസ്ട്രോളാണുള്ളത്. മാത്രമല്ല വിറ്റാമിൻ എ,ബി, ക്യാത്സ്യം,ഫോസ്ഫറസ്,ലെസിതിൻ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസം ഒരു മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

60 ഗ്രാം മുട്ടയിലടങ്ങിയിരിക്കുന്ന ജീവകങ്ങൾ. 7.9 ഗ്രാം പ്രോട്ടീൻ, 7.9 ഗ്രാം ഫാറ്റ്, 39 മില്ലിഗ്രാം കാത്സ്യം, 132 മില്ലിഗ്രാം ഫോസ്ഫറസ്, 1.26 മില്ലിഗ്രാം അയൺ എന്നിവയാണത്രെ. ആർക്കും വളരെ എളുപ്പത്തിൽ പാകംചെയ്ത് കഴിക്കാനുമാകുമെന്നത് മുട്ടയെ പ്രിയ വിഭവമാക്കുന്നു. പത്ത് മിനിട്ടിനുള്ളിൽ ഉണ്ടാക്കാവുന്ന മുട്ട വിഭവങ്ങൾ നോക്കാം.

പുഴുങ്ങിയ മുട്ട

ശരീരഭാരത്തെക്കുറിച്ച് ഉത്കണ്ഠാകുലരായവർക്ക് കഴിക്കാൻ പുഴുങ്ങിയ മുട്ട നൽകാം. മുട്ട തോടോടുകൂടി വെള്ളത്തിലിട്ടശേഷം തിളച്ച വെള്ളത്തിൽ 10 മിനിറ്റു വരെ പാകം ചെയ്താണ് എടുക്കുന്നത്. മുട്ടയുടെ മഞ്ഞക്കരുവിന്റെയും വെള്ളക്കരുവിന്റെയും ദൃഢത പാകം ചെയ്യുന്ന സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്. രുചിയും ഇങ്ങനെ പാചകസമയം വ്യത്യാസപ്പെടുത്തുന്നതിലൂടെ മാറുമെന്നതിനാൽ കുട്ടികളുൾപ്പടെ പുഴുങ്ങിയ മുട്ട ഇഷ്ടപ്പെടുന്നവരാണ്.

പോച്ച്ഡ് എഗ്ഗ്

എണ്ണയുപയോഗിക്കാത്ത പാചകരീതിയാണ് പോച്ച്ഡ് എഗ്ഗ്. വെള്ളം ഒരു പാനിലൊഴിക്കുക. മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ഒഴിക്കുക. മുട്ടയുടെ വെള്ള ദൃഢമാകുന്നതുവരെ പാകം ചെയ്യുക.

ചിക്കിയ മുട്ട

മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ഒഴിക്കുക. ഉള്ളി, തക്കാളി, മല്ലിയില എന്നിവ അരിഞ്ഞിട്ട്, പാകത്തിന് ഉപ്പും ചേര്‍ക്കുക നല്ലപോലെ യോജിപ്പിക്കുക. ചൂടായ പാനിലേക്ക് ഒഴിച്ച് ചിക്കിയെടുക്കുക.

മുട്ട പൊരിച്ചത്

പച്ചമുളകും സവാളയും തീരെ ചെറുതായി അരിയുക. മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലൊഴിക്കുക. സ്പൂണ്‍ കൊണ്ട് നന്നായി അടിച്ചു പതപ്പിക്കുക. അരിഞ്ഞു വച്ച പച്ചമുളകും സവാളയും പാകത്തിന് ഉപ്പും ചേര്‍ക്കുക. ദോശക്കല്ലില്‍ പതുക്കെ സ്പൂണ്‍ കൊണ്ട് നിരത്തി ഒഴിക്കുക. ദോശ ചുടുന്നതു പോലെ തന്നെ മൊരിച്ചെടുക്കുക.