Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരയ്ക്കയുടെ ഒൗഷധ ഗുണങ്ങൾ

guava

നമ്മുടെ പറമ്പുകളിൽ ധാരാളം കാണുന്ന പേരയെ അത്ര നിസാരനായി കാണേണ്ട കേട്ടോ. വേരു മുതൽ ഇല വരെ ഒൗഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിലുണ്ട്.

വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ദിവസേന ഒരു പേരയ്ക് വീതം കഴിച്ചാൽ മതി. പേരയ്ക്ക മാത്രമല്ല പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.

ദന്താരോഗ്യത്തിനു പേരയില

ദന്തരോഗങ്ങൾക്കു പ്രതിവിധിയായി പേരയിലയെ കൂട്ടു പിടിക്കാം. പല്ല് വേദന, മോണരോഗങ്ങൾ, വായ് നാറ്റം എന്നിവയകറ്റാൻ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാൽ മതി. വായ് നാറ്റമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പമ്പകടക്കും. ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അൽപം ഉപ്പു കൂടി ചേർത്താൽ മികച്ച മൗത്ത് വാഷ് ആയി. ഇതു പതിവായി ഉപയോഗിച്ചാൽ ദന്തരോഗങ്ങളെ അകറ്റി നിർത്താം.

ഹൃദയാരോഗ്യത്തിനു പേരയ്ക്ക

ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

അതിസാരം നിയന്ത്രിക്കാൻ

അതിസാരത്തിനു കാരണമായ ബാക്ടീരിയയെ നിയന്തിക്കാൻ പേരയിലയ്ക്കു കഴിയും. പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാൽ അതിസാരം പെട്ടെന്നു കുറയും. ഇതോടൊപ്പമുള്ള വയറുവേദനയ്ക്കു ശമനം വരുത്തി ശോചനം നിയന്ത്രിക്കാനും പേരയിലക്കു കഴിയും.

പ്രമേഹം നിയന്ത്രിക്കാൻ പേരക്ക

പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാൽ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഉണക്കിപ്പൊ‌ടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്നു രക്ഷനേടാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളിൽ നിന്നു രക്ഷനേടാം. പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ, സ്തനാർബുദം, സ്കിൻ കാൻസർ, വായിലുണ്ടാകുന്ന കാൻസറുകൾ എന്നിവ ത‌ടയാൻ പേരയ്ക്ക കഴിക്കാം.

കാഴ്ചശക്തി കൂട്ടാൻ

കാഴ്ചശക്തിക്കു വൈറ്റമിൻ എ അത്യന്താപേക്ഷിതമാണ്, കാഴ്ചശക്തി കൂട്ടാൻ കണ്ണുമടച്ച് പേരയ്ക്കയെ കൂട്ടുപിടിക്കാം. കാരണം വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരയ്ക്കാ ജ്യൂസ് കുടിക്കാം.

ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ചർമ സൗന്ദര്യം കൂട്ടാനും തൈറോയിഡ് നിയന്ത്രിക്കാനുമെല്ലാം പേരയ്ക്കായെ ഒപ്പം കൂട്ടാം. പറഞ്ഞു തുടങ്ങിയാൽ എണ്ണിയാൽ തീരാത്ത ഗുണങ്ങളുണ്ട് പേരയ്ക്ക്. തൊടിയിലെ കുഞ്ഞുമരമായ പേര ആളു നിസാരക്കാരനല്ലെന്നു ഇപ്പോൾ മനസിലായില്ലേ...