Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിക്കു മാത്രമല്ല, നമുക്കും കഴിക്കാം കൂണുകൾ

mushroom

നോട്ടുനിരോധന കാലത്ത് ഏറ്റവും ജനശ്രദ്ധ നേടിയ പച്ചക്കറിയാണ് കൂണുകൾ. നോട്ടുകൾക്കും കൂണുകൾക്കും തമ്മിലെന്ത് ബന്ധമെന്നു ചോദിക്കാൻ വരട്ടെ. ചില്ലറയില്ലങ്കിൽ അന്നദാനം നടക്കുന്ന ഹോട്ടലുകളിൽ പോയി ആഹാരം കഴിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമർശമാണ് കൂണുകളുടെ ജാതകം തിരുത്തിയത്. പ്രധാനമന്ത്രിയുടെ ഇഷ്ടവിഭവമായ കൂൺ തേടിയവർ എത്തിയത് മധ്യ ഹിമാലയ വന പ്രദേശത്തെ ജൈവമണ്ണിൽ മാത്രം വളരുന്ന ഗൂച്ചി എന്നയിനം കൂണിലേക്കും. വിശിഷ്ടമായ ഗൂച്ചി കിലോയ്ക്ക് 30,000 രൂപ എന്നാണ് സാമുഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൂൺ വിഭവ വാർത്തകളോട് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടിലെങ്കിലം കൂണുകളുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് സാധാരണക്കാരും അന്വേഷണം ആരംഭിച്ചു. ഏതു പോക്കറ്റിനും താങാവുന്ന കൂണുകൾ വിപണയിൽ ലഭിക്കുമ്പോൾ കൂണുവിഭവങ്ങളിലൂടെ ശരീരത്തിന് വേണ്ട പോഷണം അനായാസം നേടാം.

കൂണുകൾ പൂപ്പൽ വർഗത്തിൽപ്പെട്ടവയാണ്. ഇവ സസ്യങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു. കൂണുകളിൽതന്നെ ഭക്ഷ്യയോഗ്യമായവയും വിഷം നിറഞ്ഞവയുമുണ്ട്. ഇവയിൽ ഭക്ഷ്യയോഗ്യമായവ വൈറ്റമിനുകളായ ബി, ഡി, സെലീനിയം. പൊട്ടാസ്യം, പ്രോട്ടീൻ എന്നിവയാൽ സംപുഷ്ടമാണ്. കൂണുകൾ ഊർജ്ജവും കൊഴുപ്പും കുറഞ്ഞവയാണ്. വളരെ കുറച്ചുമാത്രം സോഡിയമേ അടങ്ങിയിട്ടുള്ളു. ഇവ കൊളസ്ട്രോൾ വിമുക്തവുമാണ്.

ഇന്ത്യയിൽ കൂടുതലായി button, oyster, straw കൂണുകളാണ് കൃഷി ചെയ്യുന്നത്. ഇവ കൂടാതെ കൃഷിസ്ഥലങ്ങളിലും വനപ്രദേശങ്ങളിലും ധാരാളം ഭക്ഷ്യയോഗ്യമായ കൂണുകൾ ഉണ്ടാകാറുണ്ട്. ചില വിഷ കൂണുകൾക്കും ഭക്ഷ്യയോഗ്യമായ കൂണുകൾക്കും നല്ലരീതിയിൽ രൂപ സാദൃശ്യമുള്ളതിനാൽ ഇവയെ തിരിച്ചറിയാൻ കഴിവുള്ളവരുടെ സഹായത്താൽ മാത്രമേ കൂണുകൾ തിരഞ്ഞെടുക്കാവു. അല്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

കൂണുകളിൽ ബി വൈറ്റമിനുകളായ റൈബോഫ്ലേവിൻ, നിയാസിൻ, പാന്റോതെനിക് ആസിഡ് എന്നിവയാണ് കൂടുതലായുള്ളത്. പാന്റോതെനിക് ആസിഡ് ഹോർമോൺ ഉത്പാദനത്തെയും നാഡികളെയും സഹായിക്കുമ്പോൾ റൈബോഫ്ലേവിൻ ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ ഉണ്ടാകാനും നിയാസിൻ ചർമസംരക്ഷണത്തിനും ദഹന–നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെയും സഹായിക്കുന്നു.

സെലേനിയം ആണ് കൂണുകളിൽ അടങ്ങിയിരിക്കുന്ന മറ്റൊരു ഘടകം. നല്ലൊരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്ന ഇവ രോഗപ്രതിരോധ ശക്തി ഉണ്ടാകാനും ഹൃദയ സംബന്ധിയായ രോഗങ്ങളില്‍ നിന്നും കാൻസറിൽ നിന്നും സംരക്ഷണം നൽകുന്നു. എർഗോതിയൊനെയ്ൻ( Ergothioneine) ആണ് കൂണുകളിൽ ഉള്ള മറ്റൊരു ആന്റിഓക്സിഡന്റ്. രോഗപ്രതിരോധ ശക്തി കൂട്ടുന്നതിനൊപ്പം അണുബാധ തടയാനും ഇവയ്ക്ക് കഴിവുണ്ട്. ഒട്ടുമിക്ക കൂണുകളിലും കാണുന്ന മറ്റൊരു ആന്റിഓക്സിഡന്റാണ് ബീറ്റ ഗ്ലൂക്കൻസ്. ഇവ രോഗപ്രതിരോധ ശക്തി കൂട്ടാനും അണുബാധ കുറയ്ക്കാനും ചില രോഗങ്ങളെ പ്രതിരോധിക്കാനും കഴിവുള്ളവയാണ്.

പച്ചക്കറികളിൽ വളരെ കുറച്ചു മാത്രം കാണുന്ന വൈറ്റമിൻ ഡി കൂണുകളിൽ ധാരാളമായി കാണുന്നു. അതുകൊണ്ടുതന്നെ ഇവ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ചില രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും ഉത്തമമാണ്. കൂണുകളിൽ പൊട്ടാസ്യം നല്ലതോതിൽ തന്നെയുണ്ട്. അതിനാൽ രക്തസമ്മർദം കുറയാനും ഹൃദയരോഗങ്ങൾക്കും ഉത്തമമാണ്. ഇവയെ കൂടാതെ കോപ്പർ, കാൽസ്യം, പ്രോട്ടീൻ, ശരീരത്തിന് ആവശ്യമായ ചില അമിനോ ആസിഡ് എന്നിവയും കൂണുകളിൽ ഉണ്ട്.

പൊതുവായി പറഞ്ഞാൽ ധാരാളം ആന്റിോക്സിഡന്റുകളുള്ള കൂണുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശക്തി കൂട്ടാനും അണുബാധ കുറയ്ക്കാനും ഉത്തമമാണ്. കൂണുകൾക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കൊളസ്ട്രോൾ ഇല്ലാത്ത, ഊർജ്ജവും കൊഴുപ്പും കുറഞ്ഞ കൂണുകൾ അമിതവണ്ണമുള്ളവർക്കും പ്രമേഹരോഗികൾക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നവയാണ്. കൂണുകളിലെ പ്രത്യേകതരം നാരുകളും ആന്റിഓക്സിഡന്റുകളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്. കൂണുകളിലെ ചില ഘടകങ്ങൾക്ക് തലച്ചോറിന്റെ പ്രവർത്തനത്തെയും സഹായിക്കാൻ കഴിയുമെന്ന് ചില പഠനങ്ങളിൽ പറയുന്നുണ്ട്.

എന്നാൽ അമിതമായ കൂണിന്റെ ഉപയോഗം പലവിധ ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നു. ഒപ്പം നന്നായി കഴുകി വൃത്തിയാക്കാത്ത കൂണുകൾ ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും. പാചകം ചെയ്യുമ്പോൾ കൂണിലെ ഗുണഗണങ്ങൾ വർധിക്കുന്നുവെന്നു മാത്രമല്ല പച്ചകൂൺ കഴിക്കുന്നത് പലവിധ അലർജിയും ഉണ്ടാക്കുന്നു.

ഗൂച്ചിയും കൊളസ്ട്രോൾ മുക്തവും ഊർജ്ജവും കൊഴുപ്പും സോഡിയവും കുറഞ്ഞവയുമാണ്. ആന്റിഓക്സിഡന്റുകളുടെയും വൈറ്റമിൻ ഡിയുടെയും ഒരു കലവറയായി ഗൂച്ചി കരുതപ്പെടുന്നു. ചില വൈറ്റമിനുകളും അമിനോ ആസിഡുകളും ഇവയുടെ മേൻമ കൂട്ടുന്നു. രോഗപ്രതിരോധ ശക്തി കൂട്ടാനും പൊതുവായ ആരോഗ്യത്തിനും മരുന്നുകളുടെ പാർശ്വഫലത്തെ പ്രതിരോധിക്കാനും പലവിധത്തിലുള്ള രോഗത്തെ പ്രതിരോധിക്കാനും ശക്തിയുള്ളവയാണ് ഇവ എന്നു പറയുന്നു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.