Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലക്കടല നിസാരക്കാരനല്ല

peanut

നിലക്കടല രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുക മാത്രമല്ല ആരോഗ്യത്തിനും വളരെ നല്ലതാണ്. പതിവായി നിലക്കടല കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. ശരീരത്തിനു വിവിധ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം പൊണ്ണത്തടി നിയന്ത്രിക്കുകയും ചെയ്യുന്നു.

പൂരിത കൊഴുപ്പിനു പുറമേ ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല ആഴ്ചയിൽ ഒരൗൺസ് എങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ്.

ബട്ടറിനു പകരം പീനട്ട് ബട്ടർ ഉപയോഗിക്കുന്നതിലൂടെയും സാലഡുകളിലും ആപ്പിറ്റൈസറുകളിലും ഉപയോഗിക്കുന്നതിലൂടെയും ഭക്ഷണത്തിൽ നിലക്കടല ഉൾപ്പെടുത്താൻ സാധിക്കും. ആഴ്ചയിൽ രണ്ടുതവണയെങ്കിലും നിലക്കടല ഉപയോഗിക്കുന്നത് ശരീരഭാരം കൂട്ടുകയുമില്ല.

ചുവപ്പുമുന്തിരിയിൽ കാണപ്പെടുന്ന റെഡ്‌വെരാട്രോൾ എന്ന ഫിനോളിക് ആന്റിഓക്സിഡന്റ് നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ, മറവിരോഗം എന്നിവയെയെല്ലാം പ്രതിരോധിക്കുന്നു. ആപ്പിൾ, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിലെല്ലാം അടങ്ങിയിരിക്കുന്നതിനെക്കാൾ അധികം ആന്റിഓക്സിഡന്റുകൾ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്.

100ഗ്രാം നിലക്കടലയിൽ 567 കാലറി അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജത്തിന്റെ കലവറയാണ്. മോണോ അൺസാച്ചുറേറ്റഡ്, ഫാറ്റി ആസിഡുകൾ പ്രത്യേകിച്ചും ഒലേയിക് ആസിഡ് നിലക്കടലയിലുണ്ട്. ഇത് ചീത്തകൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ കൂട്ടുന്നു. പോളിഫിനോളിക് ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ വയറിലെ അർബുദം തടയാൻ ഇത് സഹായിക്കുന്നു.

ഹൃദയാരോഗ്യമേകുന്ന നിരവധി ഘടകങ്ങൾ നിലക്കടലയിലുണ്ട്. കടല കഴിച്ചാൽ വണ്ണം വയ്ക്കുമെന്നാണ് പലരുടെയും ധാരണ. എന്നാൽ ആഴ്ചയിൽ രണ്ടുതവണയെങ്കിലും നിലക്കടല പോലുള്ള അണ്ടിപ്പരിപ്പു വർഗങ്ങൾ കഴിക്കുന്നവർക്ക് ഇതു കഴിക്കാത്തവരെ അപേക്ഷിച്ച് ശരീരഭാരം കൂടുകയില്ല എന്നാണ് ഒബേസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, കാൽസ്യം, അയൺ, മഗ്നീഷ്യം, സിങ്ക്, സെലെനിയം എന്നീ ധാതുക്കൾ നിലക്കടലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

ബികോംപ്ലക്സ് ഗ്രൂപ്പിൽപ്പെട്ട ജീവകങ്ങളായ റൈബോഫ്ലേവിൻ, നിയാസിൻ, തയാമിൻ, പാന്റോതെനിക് ആസിഡ്, ജീവകം ബി, ഫോളേറ്റുകൾ എന്നിവ നിലക്കടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 100ഗ്രാം നിലക്കടല 85%നിയാസിൻ തരുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. നിയാസിൻ അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് മറവിരോഗത്തെ പ്രതിരോധിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

100ഗ്രാം നിലക്കടലയിൽ 8ഗ്രാം ജീവകം ഇ അടങ്ങിയിട്ടുണ്ട്. ഇത് ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നു. ഒമേഗ3 ഫാറ്റിആസിഡുകൾ തലമുടിക്ക് ആരോഗ്യമേകുന്നു. നിലക്കടലയിലടങ്ങിയ അമിനോആസിഡുകൾ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു.

കുടലിലെ അർബുദം തടയുന്നു. ആഴ്ചയിൽ കുറഞ്ഞത് രണ്ടുതവണ രണ്ടു സ്പൂൺ വീതം പീനട്ട് ബട്ടർ കഴിക്കുന്നത് കോളൻ കാൻസർ സാധ്യത സ്ത്രീകളിൽ 57 ശതമാനവും പുരുഷൻമാരിൽ 27 ശതമാനവും കുറയ്ക്കുന്നു.

ഗർഭിണി ആകാൻ തയാറെടുക്കുന്നതിനു മുൻപ് നിലക്കടല കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് ന്യൂറൽ ഡിഫക്ടുകൾ 70 ശതമാനം കുറയ്ക്കാൻ സഹായിക്കുന്നു.

എന്നാൽ ചിലർക്ക് നിലക്കടല അലർ‌ജിയുണ്ടാക്കും. ഛർദ്ദി, വയറുവേദന, തൊണ്ടവീക്കം എന്നിവയെല്ലാം ചിലരിൽ ഉണ്ടാകാം. ഇങ്ങനെയുള്ളവർ നിലക്കടല ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. ഫംഗൽ ഇൻഫെക്ഷൻ ബാധിക്കാൻ സാധ്യതയുള്ള ഒരു വിളയാണിത്.

നിലക്കടല വറുക്കുകയോ തിളപ്പിക്കുകയോ ചെയ്യുമ്പോൾ ഇവയിലെ ആന്റിഓക്സിഡന്റുകൾ രണ്ടോ നാലോ ഇരട്ടിയായി വർധിക്കുമെന്നു പഠനങ്ങൾ പറയുന്നു. നിലക്കടല മുളപ്പിച്ചു കഴിക്കുന്നതും വളരെ നല്ലതാണ്.