Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയാരോഗ്യമേകും പിയർ

pear

സബർജിൽ അഥവാ പിയർ പഴം ദിവസവും കഴിക്കുന്നത് രക്തസമ്മർദ്ദം കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ലോകത്തെമ്പാടുമുള്ള ആളുകൾക്ക് പ്രിയപ്പെട്ട പഴമാണ് സബർജിൽ. ഇത് ജീവകം സിയുടെയും നാരുകളുടെയും കലവറയാണ്. കൊളസ്ട്രോളും ഫാറ്റുമൊന്നും ഈ പഴത്തിൽ അടങ്ങിയിട്ടില്ല. ഒരു ദിവസം ആവശ്യമായ നാരുകളുടെ 24 ശതമാനം ഇടത്തരം വലുപ്പമുള്ള ഒരു പിയർ കഴിച്ചാൽ ലഭിക്കും.

മധ്യവയസ്കരിൽ ഹൃദയരോഗങ്ങളും ടൈപ്പ് 2 ഡയബറ്റിസും വരാനുള്ള സാധ്യത കൂടുതലാണ്. ദിവസവും പിയർ പഴം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് യു.എസിലെ കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു.

45നും 65നും ഇടയിൽ പ്രായമുള്ള 50 പേരെ പഠനവിധേയരാക്കി. ഹൃദയരോഗങ്ങളും ടൈപ്പ് 2 പ്രമേഹവും ഉൾപ്പടെയുള്ള രോഗങ്ങൾ വരാൻ സാധ്യതയുള്ള, അതായത് മെറ്റബോളിക് സിൻഡ്രോമിന്റെ ലക്ഷണങ്ങളിൽ അഞ്ചിൽ മൂന്നെണ്ണം ഉള്ളവരെയാണ് പഠനത്തിനു തിരഞ്ഞെടുത്തത്. ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഇവർക്ക് 12 ആഴ്ച ഇടത്തരം വലുപ്പമുള്ള പിയർ പഴമോ 50 ഗ്രാം പിയറിന്റെ ഗന്ധമുള്ള ഡമ്മി പാനീയമോ നൽകി.

12 ആഴ്ചത്തെ പിയർ പഴം ഉപയോഗത്തിനു ശേഷം പഠനത്തിൽ പങ്കെടുത്ത 36 പേരുടെ രക്തസമ്മർദ്ദം– സിസ്റ്റോളിക് പ്രഷറും പൾസ് പ്രഷറും –വളരെയധികം കുറഞ്ഞതായി കണ്ടു. എന്നാൽ കൺട്രോൾ ഗ്രൂപ്പിൽപ്പെട്ടവർക്ക് യാതൊരു മാറ്റവും കണ്ടില്ല.

മധ്യവയസ്കരിൽ ഹൃദയരോഗങ്ങൾ വരാനുള്ള സാധ്യതയും രക്തസമ്മർദ്ദം കുറയ്ക്കാൻ പിയർ പോലുള്ള ചില ഭക്ഷണപദാർത്ഥങ്ങൾക്കാവുമെന്ന് ഈ പഠനഫലം സൂചിപ്പിക്കുന്നു. ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും പിയർ ഉൾപ്പടെയുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ട സമീകൃത ഭക്ഷണം ശരീരത്തിനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുമെന്നും പഠനത്തിനു നേതൃത്വം നൽകിയ സാറ എ ജോൺസ് പറയുന്നു.