Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാഗിയുടെ ഗുണങ്ങൾ പറ‍ഞ്ഞാൽ തീരില്ല

ragi

ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.

മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.

ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.

ട്യൂമറുകൾ, രക്തക്കുഴലുകൾ ചെറുതാകുകയും കട്ടികൂടുകയും ചെയ്യുന്ന അതിറോസ്ക്ലീറോസിസ് ഇവയിൽ നിന്നൊക്കെ റാഗി സംരക്ഷണം നൽകുന്നുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞതാകയാൽ റാഗി വളരെ വേഗം ദഹിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് ആദ്യഭക്ഷണമായി റാഗികുറുക്ക് കൊടുക്കുന്നു. എന്നാൽ മുതിർന്നവർ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുറവാണ്. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട.

റാഗി എങ്ങനെ ആരോഗ്യം നൽകുന്നു എന്നറിയേണ്ടേ...

വണ്ണം കുറയ്ക്കാൻ

വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട്. അരിയിലും മറ്റ് ധാന്യങ്ങളിലും ഉള്ളതിനെക്കാളും വളരെയധികം നാരുകൾ ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഒരു ധാന്യമാകയാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് തീർച്ചയായും കഴിക്കേണ്ടതാണ്. നാരുകൾ ധാരാളമായി അടങ്ങിയതിനാൽ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതു പോലെ തോന്നുകയും കൂടുതൽ കാലറി അകത്താക്കുന്നത് തടയുകയും ചെയ്യുന്നു.

എല്ലുകൾക്ക്

റാഗിയിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു. കാൽസ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാൽ ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. അതുപോലെ മുതിർന്നവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. പതിവായി റാഗി കഴിച്ചാൽ എല്ലുകൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നു മാത്രമല്ല പൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.

പരിചയപ്പെടാം റാഗി കൊണ്ടുള്ള രുചിയൂറും രണ്ടു വിഭവങ്ങളെ

പ്രമേഹത്തിന്

റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കുന്നു. നാരുകൾ ധാരാളം അടങ്ങിയതിനാലും പോളിഫിനോൾ ധാരാളം ഉള്ളതിനാലുമാണിത്. ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഡിസോഡറുകൾക്കും റാഗി നല്ലതാണ്.

ഗോതമ്പ്, അരി മുതലായ ധാന്യങ്ങളിലുള്ളതിലും അധികം നാരുകൾ ചാമയരി, ബാർലി, റാഗി മുതലായ ചെറുധാന്യങ്ങളിൽ അടങ്ങിയിട്ടുള്ളതിനാൽ ഇവ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ നല്ലതാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനുള്ള കഴിവ് ഇവയ്ക്ക് കുറവാണ്.

കൊളസ്ട്രോൾ കുറയ്ക്കാൻ

റാഗിയിൽ അടങ്ങിയ അമിനോ ആസിഡുകളായ ലെസിതിൻ, മെഥിയോനൈൻ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

വിളർച്ചയ്ക്ക്

ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ റാഗി കഴിച്ചാൽ മതിയാകും. മുളപ്പിച്ച റാഗിയിൽ ജീവകം സി അടങ്ങിയിരിക്കുന്നു. ഇത് ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്നു. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അയൺ ഗുളികകളും ടോണിക്കും ഒന്നും കഴിക്കേണ്ടി വരില്ല.

ദഹനത്തിനു സഹായകം

റാഗി ദഹനത്തിനു സഹായിക്കുന്നു. ബവൽ മൂവ്മെന്റ്സ് സാധാരണ നിലയിലാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

മുലപ്പാൽ വർധിപ്പിക്കുന്നു

മുലയൂട്ടുന്ന അമ്മമാർക്കും റാഗി നല്ലതാണ്. മുലപ്പാലുണ്ടാകാനും ഇത് നല്ലതു തന്നെ. ഇരുമ്പ്, കാൽസ്യം, അമിനോ ആസിഡ് ഇതെല്ലാം അടങ്ങിയ റാഗി അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യുന്നു.

സ്ട്രെസ് കുറയ്ക്കുന്നു

റാഗിയിലടങ്ങിയ ആന്റിഓക്സിഡന്റുകൾപ്രത്യേകിച്ചും ട്രിപ്റ്റോഫാനും അമിനോ ആസിഡുകളും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഉത്കണ്ഠ, ഹൈപ്പർ ടെൻഷൻ, വിഷാദം, തലവേദന തുടങ്ങി സ്ട്രെസ് സംബന്ധമായ എല്ലാ വിഷമങ്ങൾക്കും ആശ്വാസമേകുന്നു. മൈഗ്രേൻ, സെറിബ്രൽ പെയ്ൻ, ഇൻസോമ്നിയ ഇവയെല്ലാം കുറയ്ക്കാനും റാഗി സഹായിക്കുന്നു.

പേശികൾക്ക്

കാൽസ്യം, അയൺ, നിയാസിൻ, തയാമിൻ, റൈബോഫ്ലേവിൻ മുതലായ അമിനോആസിഡുകളാൽ സമ്പന്നമാണ് റാഗി. പേശികളുടെ പ്രവർത്തനത്തെ സഹായിക്കുന്ന വലൈൻ, ഐസോല്യൂസിൻ, മെഥിയോനൈൻ, ത്രിയോനൈൻ തുടങ്ങിയ അമിനോ ആസിഡുകൾ റാഗിയിലുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങളെയും രക്തമുണ്ടാക്കനും സഹായിക്കുന്നു. വളർച്ചാ ഹോർമോണുകളെ ത്വരിതപ്പെടുത്തുന്നു.

യുവത്വം നിലനിർത്താൻ

ആരോഗ്യം നിലനിർത്താനും രോഗങ്ങൾ അകറ്റാനും സഹായിക്കുക മാത്രമല്ല യുവത്വം നിലനിർത്താനും റാഗി കഴിച്ചാൽ മതി. അകാല വർധക്യം തടയുന്നതിനു ഫലപ്രദമായ ആന്റി ഏജിങ് ഡ്രിങ്ക് ആണിത്. ശരീരകലകളെ ജീവസുറ്റതാക്കുകയും താങ്ങുനൽകുകയും ചെയ്യുന്ന വസ്തുവാണ് കൊളാജൻ. റാഗിയിലടങ്ങിയ മെഥിയോനൈൻ, ലൈസിൻ എന്നീ അമിനോ ആസിഡുകൾ കൊളാജൻ നിർമിക്കാനും പരിപാലിക്കാനും സഹായിക്കുന്നു.

റാഗി ഉപയോഗിച്ച് ദോശ, അട, ചപ്പാത്തി, ഉപ്പുമാവ്, പുട്ട്, ഹൽവ, ഇഡ്ഡലി തുടങ്ങി വൈവിധ്യവും സ്വാദിഷ്ഠവുമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാം. ദിവസവും ഒരുനേരം റാഗി കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചാൽ രോഗങ്ങൾ മാറി നിൽക്കും.