Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോയക്കുണ്ട് ഗുണവും ദോഷവും

soyabeans

ഈ നൂറ്റാണ്ടിന്റെ ഗോൾഡൻ ബീൻ ആഗോളതലത്തിൽ നിലക്കടല കഴിഞ്ഞാൽ എണ്ണക്കരുവായി ഏറ്റവും അധികം ഉപയോഗിക്കുന്നതു സോയാബീനാണ്. താരതമ്യേന പോഷകങ്ങളുടെ അളവു കൂടുതലും വില കുറവും ആയതിനാൽ പോഷകവൈകല്യ ചികിത്സയുടെ ഭാഗമായി സോയ അധികമായി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.

സോയ പോഷകസമൃദ്ധം

50% വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിൾ മീറ്റ് എന്നാണു വിശേഷിപ്പിക്കുന്നത്. ഈ മാംസ്യമാകട്ടെ വളരെ ഉയർന്ന നിലവാരമുള്ള അവശ്യ അമിനോ അമ്ലങ്ങളായ ഗ്ലൈസീൻ, ട്രിപ്റ്റോഫൻ , ലൈസീൻ എന്നിവ അടങ്ങിയതാണ്. മാംസാഹാരങ്ങളിലേതുപോലെ നിലവാരമുള്ള മാംസ്യമുള്ളതിനാൽ സോയയെ ഒരു സമ്പൂർണമാംസ്യാഹാരം എന്നു പറയാം.

soya-curry

സോയയിലുള്ള 20% കൊഴുപ്പിന്റെ നല്ല ഒരു ഭാഗം കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും അനുയോജ്യമായ ട്രൈഗ്ലിസറൈഡുകളും അവശ്യ ഫാറ്റി അമ്ലങ്ങളുമാണ്. നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച് ഡി എൽ കൊളസ്ട്രോൾ കൂടുന്നതിനു സഹായിക്കുന്ന ഒമേഗാ —3 ഫാറ്റി ആസിഡ് ലിനോലെനിക് അമ്ലരൂപത്തിലും ഒമേഗാ —6 ഫാറ്റി ആസിഡ് ലിനോലെനിക് ആമ്ലരൂപത്തിലും സോയയിലുണ്ട്. അതുകൊണ്ടുതന്നെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ ഘട്ടത്തിലും സോയ ഉത്തമമാണ്. സോയബീനിൽ ധാരാളം നാരുകൾ ഉണ്ട്. സോയയിലെ എസോഫ്ളേവോൺ എന്ന ഘടകം ഒരുപാടു രോഗങ്ങൾക്കു പ്രതിവിധിയാണ് . ധാരാളം വിറ്റമിൻ ബി, വിറ്റമിൻ എ (കരോട്ടിൻ), ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും സോയയിലുണ്ട്.

പയറുരൂപത്തിൽ വേണ്ട

സോയബീൻ പോഷക സമൃദ്ധമെങ്കിലും ഇവയുടെ പയറുരൂപത്തിൽ ധാരാളം പോഷാകാഗിരണവിരുദ്ധ ഘടകങ്ങളായ സാപോണിൻ, ഹീമാഗ്ലൂട്ടിനിൻസ്, ട്രിപ്സിൻ ഇൻഹി ബിറ്റേർസ് ഇവ അടങ്ങിയിരിക്കുന്നതിനാൽ സാധാരണ പയർവർഗങ്ങൾ പോലെയുള്ള ഇവയുടെ ഉപയോഗം അഭികാമ്യമല്ല. അതിനാൽ സോയാബീനിന്റെ സംസ്കാരിച്ചെടുത്ത ഉൽപന്നങ്ങളായ സോയചങ്ക്സ് , സോയാപാൽ, സോയപ്പൊടി , സോയസോസ് , സോയഎണ്ണ എന്നിവയാണു മെച്ചം.

എണ്ണ വേർതിരിച്ചെടുത്ത സോയയിൽ നിന്നാണു സോയചങ്ക്സ് അഥവാ സോയാമീറ്റ് ഉൽപാദിപ്പിക്കുന്നത്. സസ്യാഹാരികൾക്ക് ഇറച്ചിക്കു പകരമുപയോഗിക്കാവുന്ന ഇവയിൽ മാംസത്തിലുള്ളത്രയും പ്രോട്ടീൻ ഉണ്ട്. വെള്ളത്തിൽ വേവിക്കുന്ന തരത്തിൽ ഉണങ്ങിയ ഉരുളകളായാണ് ഇവ വിപണിയിൽ ലഭ്യമാകുന്നത്. കൂട്ടുകറി, സോയമസാല, മെഴുക്കുപുരട്ടി, ഉലർത്ത് എന്നിങ്ങനെ ഇറച്ചി പാകപ്പെടുത്തുന്ന രീതിയിൽ പാചകം ചെയ്യാം.

സോയാപാലും സോസും

soyamilk

സോയാബീൻ തോടുമാറ്റി കുതിർത്ത് ആവി കയറ്റി, അരച്ച് അരിച്ചെടുത്താണ് സോയാപാൽ ഉണ്ടാക്കുന്നത്. പശുവിൻ പാൽ അലർജി ഉള്ള കുട്ടികൾക്കു ധാരാളം കൊഴുപ്പും മാംസ്യവുമടങ്ങിയ സോയാപാൽ ഒരു ഉത്തമ പകരക്കാരനെങ്കിലും രുചിവിത്യാസം കാരണം ഇതിനോടുള്ള ആഭിമുഖ്യം കുറവാണ്.

നൂഡിൽസിനും പുലാവിനും സൂപ്പിനുമൊക്കെ രുചികൂട്ടാൻ ഉപയോഗിക്കുന്ന സോയാസോസ് , സോയാബീൻ ഇവ ചില സൂക്ഷ്മങ്ങളായ പ്രവർത്തന പ്രക്രിയ വഴി പുളിപ്പിച്ചുണ്ടാക്കുന്ന വയാണ്. സോയാപ്പൊടി (മാവ്) മറ്റു ധാന്യപ്പൊടികൾക്കൊപ്പം ചേർത്തു ചപ്പാത്തി, പുട്ട് എന്നിവയുണ്ടാക്കി പോഷകസമൃദ്ധമാക്കാം. സോയ പ്രോട്ടീൻ അടങ്ങിയ ധാരാളം സപ്ലിമെന്റുകൾ വിപണിയിൽ ലഭ്യമാണ്.

soya-noodles

സോയ ചികിത്സാരംഗത്ത്

ഇൻസുലിൻ പ്രതിരോധത്തെ ചെറുക്കുമെന്നതിനാൽ പ്രമേഹരോഗികൾക്കു സോയ ഫലപ്രദമാണ്. ഇത് രക്തത്തിൽ നല്ല കൊളസ്ട്രോൾ കൂട്ടുന്നു. സോയയിൽ ധാരാളമുള്ള ഫൈറ്റോ ഈസ്ട്രജനുകൾ സ്ത്രീകളിൽ സ്തനാർബുദ പരിരക്ഷ നൽകുന്നുവെങ്കിലും സോയയുടെ ഉപഭോഗം കാൻസർ രോഗികളിൽ , കോശവളർച്ച കൂട്ടുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. തൈറോയിഡ് രോഗികളിൽ സോയ ദിവസേന കഴിക്കരുത് . ഇതിലും ചില അലർജിജന്യ ഘടകങ്ങളുണ്ട്. ദേഹമാസകലം ചൊറിഞ്ഞു തടിക്കുക, ചുവക്കുക, ചർദി, വയറിളക്കം ഇവയെല്ലാം ലക്ഷണങ്ങളാണ്. ദിവസവും പരമാവധി 50 ഗ്രാമിലധികം സോയ ഉപയോഗിക്കയുമരുത്

ഗായത്രി അഭിലാഷ്

ഡയറ്റിഷ്യൻ ഇ എസ് ഐ ഹോസ്പിറ്റൽ പേരൂർക്കട തിരുവനന്തപുരം