Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാമ്പങ്ങയും ഒരു ഒൗഷധക്കൂട്ടാണ്

red-apple

വായിൽ അൽപം പുളി തോന്നുമെങ്കിലും കാണുമ്പോൾ തന്നെ എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ് ചാമ്പങ്ങ എന്ന റോസ് ആപ്പിൾ. എന്നാൽ എത്ര പേർക്ക് അറിയാം ചാമ്പങ്ങയുടെ പോഷകമൂല്യത്തെത്തുറിച്ചും രോഗ പ്രതിരോധശക്തിയെക്കുറിച്ചും. ചില കാൻസറുകൾ, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളെ തടയാൻ ശേഷിയുള്ള പോഷകങ്ങൾ നമ്മൾ അധികം വില കൽപിക്കാത്ത ഈ ഫലത്തിലുണ്ട്.

വൈറ്റമിൻ സി, ഡയറ്ററി ഫൈബർ, വൈറ്റമിൻ എ, തിയാമിൻ, നിയാസിൻ, അയൺ, സൾഫർ, പൊട്ടാസ്യം എന്നിവയാൽ സംപുഷ്ടമാണ് ചാമ്പങ്ങ. കൂടാതെ ജംപോസിൻ, ബെറ്റൂലിനിക് ആസിഡ്, ഫ്രൈഡെലോലാക്ടോൺ തുടങ്ങിയ ഓർഗാനിക് കോംപൗണ്ടുകളും ഇതിൽ കാണുന്നുണ്ട്.

ജംപോസിൻ എന്ന ആൽക്കലൈഡ് സ്റ്റാർച്ച് ഷുഗർ ആയി മാറുന്നതിനെ തടസപ്പെടുത്തുന്നതിനാൽ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും. പ്രമേഹരോഗം പിടിപെടാൻ സാധ്യതയുള്ളവർക്കും ചാമ്പങ്ങ ഏറെ ഫലപ്രദമാണ്.

ദഹനപ്രക്രിയ സുഗമമാക്കുന്നതിൽ വലിയ പങ്കാണ് ഇതിലടങ്ങിയിട്ടുള്ള നാരുകൾ വഹിക്കുന്നത്. അതിസാരവും വയറിളക്കവും തടയുന്നതിന് ചാമ്പങ്ങയുടെ കുരു ഉപയോഗിക്കുന്നുണ്ട്.

പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് കാൻസറുകൾ പ്രതിരോധിക്കാൻ ചാമ്പങ്ങയിലടങ്ങിയിരിക്കുന്ന ഓർഗാനിക് കോംപൗണ്ടുകൾ ഉത്തമമാണെന്ന് ഗവേഷണഫലങ്ങളും സൂചിപ്പിക്കുന്നു. കിഡ്നിയും ലിവറും വിഷമയമാകുന്നതു തടഞ്ഞ് ശരീരത്തെ ആരോഗ്യദായകമാക്കാനും ചാമ്പങ്ങയ്ക്ക് സാധിക്കും.

ഇതിലെ നാരുകളുടെയും പോഷകങ്ങളുടേയും മിശ്രണം കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ സഹായിക്കുമത്രേ. ഇതു വഴി ഹൃദയസ്തംഭനം, പക്ഷാഘാതം, കൊറോണറി ഹാർട്ട് ഡിസീസ് തുടങ്ങിയ കാർഡിയോ വാസ്കുലാർ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കുറയുന്നു. അണുബാധ മൂലം ത്വക്കിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെ പ്രതിരോധിച്ച് നിർത്താനും രോഗപ്രതിരോധ വ്യൂഹത്തിന് കരുത്ത് പകരാനും ചാമ്പങ്ങയ്്ക്ക് കഴിയും.

ഇപ്പോൾ മനസിലായില്ലേ, നിസാരക്കാരനെന്നു നാം കരുതിയ ചാമ്പങ്ങയുടെ ഔഷധമൂല്യത്തെക്കുറിച്ച്.