Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെൽത്ത് മിക്സ് കഴിക്കുമ്പോൾ

health-mix

ഹെൽത് മിക്സുകളുടെ ചേരുവകൾ എന്തെല്ലാം? ഹെൽത് മിക്സ് തയാറാക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ അറിയാം

പലതരം ധാന്യങ്ങൾ, പയർ, പരിപ്പ് വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, ശർക്കര തുടങ്ങിയവ നിർദിഷ്ട അനുപാതത്തിൽ ചേർത്തു പൊടിച്ചുണ്ടാക്കിയ മിശ്രിതത്തെയാണ് ഹെൽത് മിക്സ് എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരം മിശ്രിതങ്ങളെ ആരോഗ്യപ്രദായങ്ങളായ ഭക്ഷ്യവസ്തുക്കളായാണു കണക്കാക്കുന്നത്. ഇവ നവധാന്യം, ഫുഡ്മിക്സ്, അമൃതം, പുഷ്ടി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

ഹെൽത് മിക്സിന്റെ ചരിത്രം

1950–കളിൽ ഇന്ത്യയിൽ വ്യാപകമായ പോഷകാഹാരക്കുറവു കൊണ്ടുണ്ടാകുന്ന രോഗാവസ്ഥകളെ (മാൽനൂട്രിഷൻ) പരിഹരിക്കാൻ തയാറാക്കിയ പ്രത്യേക ഭക്ഷണക്കൂട്ടുകളാണ് ഹെൽത് മിക്സുകൾ. ഈ രോഗാവസ്ഥയെ ഉന്മൂലനം ചെയ്യുന്നതിന് ഇന്ത്യയിലെ പല പ്രമുഖ സ്ഥാപനങ്ങളും (NIN, CFTRI) പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ തുടങ്ങിയ സംരംഭങ്ങൾ (ICDS, Midday meal programme) മാൽനൂട്രിഷനെ ഗണ്യമായി കുറയ്ക്കാനും സഹായിച്ചു. ഇപ്പോഴും ഇത്തരം ഹെൽത് മിക്സുകൾ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളായ അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോഷകാഹാരക്കുറവു പരിഹരിക്കുന്നതിന് ഉപയോഗിച്ചുവരുന്നുണ്ട്.

ചേരുവകളും പോഷകങ്ങളും

വിപണിയിൽ ഹെൽത് മിക്സുകൾ ധാന്യരൂപത്തിലും പൊടിരൂപത്തിലും ലഭ്യമാണ്. ധാന്യരൂപത്തിൽ ലഭ്യമാകുന്നത്. പായ്ക്കറ്റിൽ എഴുതിയ നിർദേശപ്രകാരം വറുത്തുപൊടിച്ചുവേണം ഉപയോഗിക്കാൻ. ഒട്ടുമിക്ക ഹെൽത് മിക്സുകളും വെള്ളത്തിലോ പാലിലോ കാച്ചിയാണ് ഉപയോഗിക്കേണ്ടത്.

ഒാരോ പ്രായക്കാര്‍ക്കും

കുഞ്ഞുങ്ങൾക്ക്: കുറുക്കുകൾ നൽകാവുന്ന പ്രായമായ കുഞ്ഞുങ്ങൾക്ക് (ആറുമാസം തികഞ്ഞ കുഞ്ഞുങ്ങൾക്ക്) ഹെൽത് മിക്സുകൾ ആദ്യ ഭക്ഷണമായി നൽകാൻ പാടില്ല. ഇത്തരത്തിലുളള ഭക്ഷണത്തിലെ എല്ലാ ചേരുവകളും കുഞ്ഞുങ്ങൾക്കു ദഹിക്കാൻ വിഷമമാണ്. മൂന്നു വയസ്സു കഴിഞ്ഞ കുട്ടികൾക്ക് ഇവ സുരക്ഷിതമായി നൽകാം.

മൂന്നു മുതൽ 12 വയസ്സുവരെയുളള കുട്ടികൾക്ക് ഃ ഭാരക്കുറവും ഭക്ഷണം കഴിക്കാൻ മടിയുളള കുട്ടികൾക്കു ഹെൽത് മിക്സുകൾ നൽകുന്നതു പോഷക അഭാവം ഉണ്ടാകാതിരിക്കാനും തൂക്കം വർധിപ്പിക്കാനും ഏറെ സഹായകമാണ്.

കൗമാരപ്രായം : ഈ പ്രായക്കാർക്കും ഹെൽത് മിക്സുകൾ പോഷകമൂല്യത്തിന്റെ കുറവുനികത്താൻ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എന്നാൽ ഇവ ഊർജസ്രോതസ്സുകളായതുകൊണ്ട്. അമിതഉപയോഗം പാടില്ല.

ചെറുപ്പക്കാർക്ക്: തിരക്കുപിടിച്ചു ജോലിക്കു പോവുമ്പോൾ ഭക്ഷണക്രമം ശരിയാവാതെ വരുന്നവർക്ക് ഇവ ഉപയോഗിക്കാം. ശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ഇതിൽ നിന്നു ലഭ്യമാകും.

പ്രയമായവർഃ പ്രായമാവുന്നതനുസരിച്ചു ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും വ്യത്യാസങ്ങൾ വരും. ആമാശയവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണു കൂടുതലായും കാണുന്നത്. ദഹനശേഷി കുറയാൻ സാധ്യത ഏറെയാണ്. ഹെൽത് മിക്സ് പോലുളള ആദ്യം കുറഞ്ഞ അളവിൽ ഉപയോഗിച്ചു സ്വന്തം ശരീരത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ഉപയോഗിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹെൽത് മിക്സുകൾ വലിയ അളവിൽ പൊടിച്ചു സൂക്ഷിക്കുന്നത് പെട്ടെന്ന് ചീത്തയാകുന്നതിനു കാരണമാകും. അതിനാൽ ആവശ്യമുളള അളവിൽ മാത്രം പൊടിച്ച് വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക.

ഹെൽത് മിക്സുകൾ സൂക്ഷിക്കാനായി ഫുഡ്ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, ചില്ലു പാത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമം.

ഹെൽത് മിക്സ് പാചകത്തിനായി പാത്രത്തിൽ നിന്നും എടുക്കുമ്പോൾ ഏറെ കരുതൽ വേണം. ഈർപ്പമുളള സ്പൂൺ, നനഞ്ഞ കൈകൾ ഇവയെല്ലാം പൂപ്പലിനു കാരണമാകുന്നു. പൂപ്പൽ ബാധയുണ്ടായ ഭക്ഷണം കുഞ്ഞുങ്ങളിൽ ഛർദി, വയറിളക്കം, മറ്റ് ആമാശയ അസ്വസ്ഥതകൾ എന്നിവ ഉണ്ടാകുന്നതിനു കാരണമാകും.

ഹെൽത് മിക്സ് പാകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക. ഇവ പാകം ചെയ്യാൻ തിളപ്പിച്ച വെളളം മാത്രം ഉപയോഗിക്കുക.

ഒരു തവണ പാകപ്പെടുത്തിയ ഹെൽത് മിക്സ് കുഞ്ഞ് മുഴുവൻ കഴിച്ചില്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. രണ്ടു മണിക്കൂറിനുളളിൽ ചൂടാക്കി ഉപയോഗിക്കുക. കൂടുതൽ നേരം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും പല തവണ ചൂടാക്കി ഉപയോഗിക്കുന്നതും ഹാനികരമാണ്.

ഹെൽത് മിക്സിനായി ധാന്യങ്ങൾ പൊടിക്കുമ്പോൾ നിർദേശപ്രകാരം ചേരുവകൾ പൊടിക്കുക. അളവുകൾ കൃത്യമായിരിക്കണം. അളവ് കൂടുന്നതും കുറയുന്നതും പോഷക മൂല്യത്തിൽ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു.

ഹെൽത് മിക്സിൽ പലതരം ധാന്യങ്ങളും പയറുപരിപ്പു വർഗങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഇതിൽ ഏതെങ്കിലും ഘടകത്തോട് അലർജി ഉളളവർ, ഇതിലടങ്ങിയ ഘടകങ്ങൾ അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തുക.

ഹെൽത് മിക്സിന്റെ അമിത ഉപയോഗം നല്ലതല്ല. ഇവയിലെ ഊർജം, കൊഴുപ്പ് എന്നിവ ശരീരഭാരം കൂട്ടുകയും അതുവഴി പൊണ്ണത്തടി പോലുളള അവസ്ഥയിലേക്ക് വഴിതിരിക്കുകയും ചെയ്യുന്നു. ഇതു പ്രമേഹം, അമിത കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹ‍ൃദ്രോഗം തുടങ്ങിയവ വരാനുളള സാധ്യത ഏറുന്നു.

ഹെല്‍ത് മിക്സിനെ സമ്പൂർണ ഭക്ഷണമായി കരുതുക സാധ്യമല്ല. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ലഭ്യമാകാൻ ഇവയോടൊപ്പം ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി കഴിക്കണം.

വിപണിയില്‍ ഒട്ടേറെ ഹെൽത് മിക്സുകൾ ലഭ്യമാണ്. ഇവയിലെ ചേരുവകളും വിഭിന്നമാണ്. ഇവയുടെ ഗുണനിലവാരം നല്ലതല്ലെങ്കിൽ ആമാശയസംബന്ധമായ പല അസ്വസ്ഥതകളും ഉണ്ടാകാം. അതിനാൽ സർക്കാരിന്റെയോ ഭക്ഷ്യസുരക്ഷാബോർഡിന്റെയോ അംഗീകാരം ലഭിച്ച ഹെൽത് മിക്സുകൾ ഉപയോഗിക്കുക.

പ്രമേഹം, ഹൃദ്രോഗം, അമിതരക്തസമ്മർദം, വൃക്കരോഗങ്ങൾ എന്നിവ ഉളളവർ വളരെ കരുതലോടെ മാത്രമേ ഹെൽത് മിക്സ് ഉപയോഗിക്കാവൂ. കാരണം ഇതിലെ ഘടകങ്ങൾ ശരീരത്തിൽ പലതരം വ്യതിയാനങ്ങൾ ഉണ്ടാക്കാം. ഉദാഹരണത്തിന് മധുരം, അന്നജം തുടങ്ങിയവ പ്രമേഹരോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസ് വര്‍ധിപ്പിക്കാൻ കാരണമാകുന്നു.

അമൃതം എന്ന പോഷകക്കൂട്ട്

കേരളമൊട്ടാകെ കുഞ്ഞുങ്ങൾ കഴിക്കുന്ന രുചികരവും പോഷകസമൃദ്ധവുമായ ഹെൽത് മിക്സാണ് അമൃതം ന്യൂട്രിമിക്സ് പൗഡർ. സെന്റർ പ്ലാന്റേഷൻ ക്രോപ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ് കൃഷിവിജ്ഞാൻ കേന്ദ്രയുമായി ചേർന്ന് അമൃതം ന്യൂട്രിമാക്സ് പൗഡറിന്റെ സാങ്കേതിക വിദ്യ കുടുംബശ്രീക്കു വേണ്ടി വികസിപ്പിച്ചെടുത്തത്. 2006 മുതൽ കുടുംബശ്രീയാണ് അമൃതംപൊടി തയാറാക്കുന്നക്കുന്നത്. ആറു മാസം മുതല്‍ മൂന്നു വയസ്സുവരെയുളള കുട്ടികൾക്കായാണ് ഇതു തയാറാക്കുന്നത്. ചില ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇത് ഏറെ സുരക്ഷിതമായാണ് തയാറാക്കുന്നതെന്നും വിതരണം ചെയ്യുന്നതെന്നും കുടുംബശ്രീ അധികൃതർ പറയുന്നു.

കേരളമൊട്ടാകെ 254 കേന്ദ്രങ്ങളിലൂടെയാണ് വിതരണം ചെയ്യുന്നത്. ഒാരോ ജില്ലകളിലുമുളള യൂണിറ്റുകളിൽ അതാതു ജില്ലയിലേക്കുളള അമൃതം പൊടി തയാറാക്കി അംഗൻവാടികളിലൂടെ വിതരണം ചെയ്യുന്നു. 2,000ലേറെ സ്ത്രീകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഗോതമ്പ്, സോയ, കപ്പലണ്ടി, കടല, പഞ്ചസാര ഇവ നിശ്ചിത അനുപാതത്തിൽ വറുത്തു പൊടിച്ചു മിക്സു ചെയ്താണ് ഇതു തയാറാക്കുന്നത്. സോയ, കപ്പലണ്ടി, കടല ഇവ കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും നാരുകളുടെയും മികച്ച ഉറവിടമാണ്. ഗോതമ്പിൽ നിന്നു കാലറിയും ലഭിക്കുന്നു. ആറു മാസം മുതൽ മൂന്നുവയസ്സു വരെയുളള കുട്ടികളുടെതലച്ചോറിന്റെ വികാസപ്രക്രിയ ലക്ഷ്യം വച്ചാണ് ഇതു രൂപപ്പെടുത്തിയിരിക്കുന്നത്.

500 ഗ്രാം വീതമുളള പായ്ക്കറ്റുകളായാണ് അമൃതം വിതരണം ചെയ്യുന്നത്. ഒരു കുട്ടിക്ക് മാസം മൂന്നരകിലോഗ്രാം അമൃതം പൊടി (6–7 പായ്ക്കറ്റുകൾ) നൽകുന്നു. ഇത് വായു കടക്കാത്ത, ജലാംശമില്ലാത്ത ടിന്നുകളിൽ അടച്ചു സൂക്ഷിക്കണം. ആവശ്യം കഴിഞ്ഞ് ടിന്നുകൾ അടച്ചു വച്ചാൽ പ്രാണികൾ കടക്കില്ല. പാലിലോ ചൂടുവെളളത്തിലോ പൊടി കുറുക്കി നൽകാം. കുട്ടികളുടെ ഇഷ്ടമനുസരിച്ച് ഒട്ടേറെ വിഭവങ്ങളും തയാറാക്കാം. പുതിയ പാചകരീതികൾ പഠിപ്പിക്കുന്നതിനു വാർഡ്, പഞ്ചായത്തു തലങ്ങളിൽ ക്ലാസ്സുകൾ നൽകുന്നു. അമൃതം പൊടി വൃത്തിയായും കൃത്യ അനുപാതത്തിലുമാണ് തയാറാക്കുന്നത് എന്നൊക്കെ ഉറപ്പു വരുത്തുന്നതിന് പ്രോട്ടോക്കോൾ ഉണ്ട്. യൂണിറ്റുകളുടെ പ്രവർത്തനം വിലയിരുത്തന്നതിനു മോണറ്ററിങ് കമ്മിറ്റിയും ഉണ്ട്. അംഗൻവാടികളിൽ പോകുന്ന കുട്ടികൾക്കു മാത്രമല്ല, മറ്റു കുട്ടികൾക്കും ഈ പൊടി സൗജന്യമായി ലഭിക്കും. അതിന് അവരവരുടെ പ്രദേശത്തെ അംഗൻവാടികളിൽ കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

വിവരങ്ങൾക്കു കടപ്പാട്

സഞ്ജയൻ, പ്രോഗ്രാം ഒാഫിസർ, ന്യൂട്രി മിക്സ്

ജാസ്മി ബീഗം, മാർക്കറ്റിംങ് കൺസൽട്ടന്റ്, കുടുംബശ്രീ