Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പഴങ്ങളുടെ ആകൃതിയിലുണ്ട് ആരോഗ്യം

fruits

ശരീരാവയവങ്ങളോടു സാമ്യമുള്ള ചില പഴങ്ങളുണ്ട്. ഇവ അതാത് അവയവങ്ങൾക്ക് ആവശ്യമുള്ള പോഷണം പ്രദാനം ചെയ്യുന്നു. ചെടികളും മൃഗങ്ങളും ധാതുക്കളും അവയുടെ ആകൃതിയിലോ പ്രവൃത്തിയിലോ അവയുടെ മറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളെപ്പറ്റി സൂചന നൽകും എന്നൊരു യൂറോപ്യൻ തത്വചിന്ത ഉണ്ട്. ഇതു ശരിവയ്ക്കുന്നതാണ് രസകരമായ ഈ ആരോഗ്യരഹസ്യം. ശരീരാവയവങ്ങളോടു സാമ്യമുള്ള 12 ആരോഗ്യഭക്ഷണങ്ങളെ അടുത്തറിയാം.

1. കണ്ണിനു നൽകാം കാരറ്റ്

carrot

ഒരു കാരറ്റ് എടുത്തു മുറിച്ചു നോക്കൂ. മധ്യഭാഗം കണ്ണുപോലെ തോന്നുന്നില്ലേ. ശ്രദ്ധിച്ചു നോക്കിയാൽ കൃഷ്ണമണിയുടെയും നേത്രപടലത്തിന്റെയും മാതൃക പോലെ തോന്നും.
ജീവകങ്ങളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് കാരറ്റ്. കാരറ്റിൽ അടങ്ങിയ ബീറ്റാകരോട്ടിൻ ആണ് ഇതിന് ഓറഞ്ചുനിറം നൽകുന്നത്. തിമിരം വരാനുള്ള സാധ്യത കുറയ്ക്കുന്നതോടൊപ്പം കണ്ണിലെ പേശികളെ സംരക്ഷിക്കുകയും ചെയ്യുന്നു.

2. തലച്ചോറിനായി വാൾനട്ട്

valnut

വാൾനട്ട് തലച്ചോറിലെ ചുളിവുകളെയും മടക്കുകളെയും ഓർമിപ്പിക്കുന്നു. ഒമേഗ 3 ഫാറ്റ്ആസിഡ് ധാരാളമടങ്ങിയ വാൾനട്ട് തലച്ചോറിന്റെ പ്രവർത്തനത്തിനു സഹായകമാണ്. ഡിമൻഷ്യ തടയാനും ഇതു സഹായിക്കുന്നു. ബ്രെയ്ൻ ഫുഡ് എന്ന പേരിലും വാൾനട്ട് അറിയപ്പെടുന്നു.

3. എല്ലുകൾക്ക് സെലറി

celery

എല്ലുകൾക്ക് ശക്തി നൽകുന്ന സിലിക്കൺ സെലറിയിൽ ധാരാളമുണ്ട്. എല്ലുകളിലും സെലറിയിലും അടങ്ങിയിരിക്കുന്നത് 23 ശതമാനം സോഡിയം ആണെന്നതും കൗതുകകരം. സോഡിയം കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് എല്ലുകളുടെ ബലക്ഷയത്തിനു കാരണമാകും. അതുകൊണ്ട് നിയന്ത്രിത അളവിൽ സെലറി കഴിക്കുന്നത് എല്ലുകളെ ആരോഗ്യവും ശക്തിയുമുള്ളതാക്കുന്നു.

4. ഓറഞ്ച് സ്തനങ്ങൾക്കായി

beauty-orange

സ്തനങ്ങളുടെ ആന്തരഘടനയുമായി ഓറഞ്ചിനു സാമ്യമുണ്ട്. സ്തനങ്ങളിലേക്കും പുറത്തേക്കുമുള്ള ലസികകളുടെ (lymph) ചലനത്തിനു സഹായകമാണ് ഓറഞ്ച്. സ്തനങ്ങളുടെ ആരോഗ്യത്തിനായി ഓറഞ്ച് കഴിക്കാം.

5. മധുരക്കിഴങ്ങ് പാൻക്രിയാസിന്

sweet-potato

പാൻക്രിയാസിന്റെ ശരിയായ പ്രവർത്തനത്തിനു മധുരക്കിഴങ്ങ് സഹായിക്കുന്നു. ഇവയിൽ ധാരാളം ബീറ്റാകരോട്ടിൻ അടങ്ങിയിട്ടുണ്ട്. പ്രായമാകുന്നതു മൂലമോ അർബുദം മൂലമോ ശരീരകോശങ്ങൾക്കു നാശമുണ്ടാകാതെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റാണിത്. പ്രമേഹരോഗികകൾക്കും ഇത് ഉത്തമമാണ്.

6. ഹൃദയപൂർവം തക്കാളി

tomato

മുറിച്ച തക്കാളി മനുഷ്യഹൃദയത്തിന്റെ അറകളെ ഓർമിപ്പിക്കുന്നു. ഹൃദ്രോഗവും അർബുദവും തടയുന്ന ലൈക്കോപീൻ തക്കാളിയിൽ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ അവോക്കോഡോ (വെണ്ണപ്പഴം), ഒലിവ് ഓയിൽ മുതലായവയുമായി ചേർത്തു തക്കാളി കഴിച്ചാൽ ലൈക്കോപീന്റെ അളവ് ശരീരത്തിൽ പത്തു മടങ്ങു കൂടും. അനാരോഗ്യകരമായ കൊളസ്ട്രോളിനെ കുറയ്ക്കാനും ഇതു സഹായിക്കുന്നു.

7. വാഴപ്പഴം ആരോഗ്യം നിറഞ്ഞ പുഞ്ചിരിക്കായി

banana

വാഴപ്പഴം എന്ന മാന്ത്രികഫലത്തിൽ ട്രിപ്റ്റോഫാൻ എന്ന മാംസ്യം അടങ്ങിയിട്ടുണ്ട്. ദഹിച്ചാലുടനെ ഇത് സെറോടോണിൻ എന്ന ന്യൂറോട്രാൻസ്മിറ്റർ ആയി മാറുന്നു. നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനു വളരെ പ്രധാനമാണ് സെറോടോണിൻ. ഹാപ്പി കെമിക്കൽ എന്നാണ് ഇത് അറിയപ്പെടുന്നതും. സെറോടോണിന്റെ അളവു കൂടുന്നത് നല്ല മാനസികാവസ്ഥ പ്രദാനം ചെയ്യുന്നു.

8. ചുവപ്പു വൈനും രക്തവും

red-wine

ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വൈൻ കുടിക്കുന്നതു കോശങ്ങളുടെ നാശം തടയുന്നു. കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. രക്തം കട്ടപിടിക്കാതിരിക്കാനും ചുവന്ന വൈനിന്റെ ഉപയോഗം സഹായിക്കുന്നു.

9. വെണ്ണപ്പഴം ഗർഭപാത്രത്തിന്

avocado

അവൊക്കാഡോ എന്ന വെണ്ണപ്പഴത്തിന് ഒരു ബൾബിന്റെ ആകൃതിയല്ലേ. ഗർഭപാത്രത്തിനും ഇതേ ആകൃതിതന്നെ. ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള വെണ്ണപ്പഴം ഗർഭപാത്രത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. വെണ്ണപ്പഴം ആഴ്ചയിൽ ഒന്നു വീതം കഴിക്കുന്നത് ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുകയും സ്ത്രീകളിൽ സെർവിക്കൽ കാൻസർ വരാതെ തടയുകയും ചെയ്യുന്നു.

10. മുന്തിരി ശ്വാസകോശത്തിനായി

ശ്വാസകോശത്തിലെ വായു അറകൾ മുന്തിരിക്കുലകളെ ഓർമിപ്പിക്കുന്നു. ശ്വാസകോശാർബുദം വരാനുള്ള സാധ്യതയെ കുറയ്ക്കാൻ മുന്തിരിക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. മുന്തിരിക്കുരുവിൽ അടങ്ങിയ പ്രോആന്തോസയാനിഡിൻ എന്ന രാസവസ്തു അലർജി മൂലമുണ്ടാകുന്ന ആസ്മ കുറയ്ക്കാൻ സഹായിക്കുന്നു.

11. ഇഞ്ചി കഴിക്കാം, ഉദരത്തിന്

ginger

ദഹനത്തിനു സഹായിക്കുന്ന വസ്തുവാണ് ഇഞ്ചി. നിരവധി രോഗങ്ങൾക്കു പ്രതിവിധിയായ ഒരു നാട്ടുമരുന്നു കൂടിയാണിത്. മനംപുരട്ടൽ, ഛർദ്ദി മുതലായവയ്ക്ക് ഇഞ്ചി മരുന്നാണ്. ഉദരരോഗങ്ങൾക്കെല്ലാം പ്രതിവിധിയാണിത്.

12. ചെവിയും കൂണുകളും

mushroom

ചെവിയോടു സാമ്യമുള്ള കൂൺ മനുഷ്യരിൽ കേൾവിശക്തി മെച്ചപ്പെടുത്താൻ സഹായിക്കും. ജീവകം ഡി ധാരാളം അടങ്ങിയതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ചെവിയിലെ ഏറ്റവും ചെറിയ എല്ലുകൾക്കുപോലും ഇതു ഗുണം ചെയ്യും.