Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണസദ്യയിലെ ആരോഗ്യം

onam-sadya-food

ഓണസദ്യയിലെ വിഭവങ്ങൾ രുചിയും ഏമ്പക്കവുമല്ലാതെ ശരീരത്തിനു മറ്റു പലതും തരുന്നുണ്ട്! ഇലയിൽ വിളമ്പുന്ന ഓരോ കൂട്ടവും എന്തു തരുന്നു? സദ്യ കഴിക്കുന്നതിനു മുൻപു വായിക്കാം എ മുതൽ സെഡ് വരെയുള്ള വൈറ്റമിനുകളും ധാതുക്കളും തുടങ്ങി ശരീരത്തിനു വേണ്ടതെല്ലാം ഒരിലയിൽനിന്നു കിട്ടും – അതാണ് ഓണസദ്യ; പൂർണാർഥത്തിൽ സമീകൃതാഹാരം.

ഇല
വാഴയിലയിലേക്കു ചൂടുചോറു വിളമ്പുമ്പോൾത്തന്നെ ഒരു മണം വരും; വാഴയില വാടുന്ന മണവും വെന്ത തുമ്പപ്പൂച്ചോറിന്റെ മണവും ചേർന്ന്. ചൂടുചോറു വീണു വാഴയില ചൂടാകുമ്പോൾ, മനുഷ്യശരീരത്തിനു ഹീമോഗ്ലോബിൻപോലെ സസ്യങ്ങൾക്കു പ്രധാനമായ ക്ലോറോഫിൽ നമുക്കും കിട്ടുന്നു.

ഇഞ്ചിക്കറി
ഇഞ്ചിക്കറി 100 കറിക്കു തുല്യമെന്നു പറഞ്ഞതെത്ര ശരിയാണ്! നിറയെ നാരുകൾ. ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമം. ഗ്യാസിനു മറുമരുന്ന്. കൂടാതെ വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും. പരിപ്പും കൂട്ടുകറിയുമൊക്കെയുള്ള സദ്യയിൽ ഇഞ്ചിക്കറിയാണു സന്തുലിതാവസ്ഥ നിലനിർത്തുന്നത്.

അച്ചാർ
അച്ചാർ നാരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും വൈറ്റമിൻ സിയുടെ ചെറിയൊരംശം ഉണ്ടാകും. കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. പ്രിസർവേറ്റീവുകൾ ചേർക്കാത്ത, എണ്ണ അധികം ഉപയോഗിക്കാത്ത അച്ചാറുകളാണ് ഉത്തമം.

കിച്ചടി
90 ശതമാനവും വെള്ളമായ വെള്ളരിക്ക കിച്ചടി ആഹാരപ്രിയരെ നന്നായി സഹായിക്കുന്നുണ്ട്. ഒരു ദാഹശമനിയുടെ റോൾകൂടിയുണ്ടു കിച്ചടിക്ക്. ചെറിയ അളവിൽ വൈറ്റമിൻ എയും സിയും വെള്ളരിക്കയിലുമുണ്ട്.

കൂട്ടുകറി
സസ്യഭുക്കുകളുടെ മാംസാഹാരം എന്നു വിളിക്കാവുന്ന ഉരുളക്കിഴങ്ങാണു കൂട്ടുകറിയിലെ പ്രധാനി. അതുകൊണ്ടുതന്നെ കാലറിയും പ്രോട്ടീനും കൂട്ടുകറിയിൽ കൂടുതലായിരിക്കും. 100 ഗ്രാമിൽ 90 ഗ്രാം കാലറി. പ്രമേഹരോഗികൾ കൂട്ടുകറി അധികം കഴിക്കരുത്. പെരുംജീരകപ്പൊടിയാണു കൂട്ടുകറിയിലെ കൂട്ടുകാരൻ.

പച്ചടി
പൈനാപ്പിൾ പച്ചടിയാണെങ്കിൽ വൈറ്റമിൻ സിയും ബിയും. ബീറ്റ്റൂട്ട് ആണെങ്കിൽ നൈട്രേറ്റിന്റെ കലവറ. ഓരോ രക്തക്കുഴലിനെയും വികസിപ്പിക്കുന്ന, സ്ട്രോക്കിനെ തടയുന്ന, രക്തയോട്ടം കൂട്ടുന്ന നൈട്രേറ്റ് അടങ്ങിയ പച്ചടിയാണു സദ്യയിൽ ബിപിയുടെ കാര്യം കൈകാര്യം ചെയ്യുന്നത്. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏറെയുണ്ടു പച്ചടിയിൽ. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ കടുകാണു മറ്റൊരു വീരൻ. കടുക് അരച്ചു ചേർക്കുന്ന പച്ചടിയിൽനിന്നു ഗുണങ്ങൾ ഒന്നും ചോർന്നുപോവില്ല.

തോരൻ
കാബേജ്, ഇല, പയർ എന്നിങ്ങനെ തോരനിലെ കൂട്ട് എന്തായാലും ആന്റി ഓക്സൈഡുകളും വൈറ്റമിനുകളും ഉറപ്പ്.

അവിയൽ
പടവലം, ചേന, കാരറ്റ്, നേന്ത്രക്കായ, മുരിങ്ങക്ക...വൈറ്റമിനുകളുടെ ഒരു ഹൈപ്പർ മാർക്കറ്റാണ് അവിയൽ. മൂക്കുമുട്ടെ സദ്യ കഴിച്ചാലും വയർ കേടാക്കാതെ നോക്കുന്നതിൽ വലിയ പങ്ക് അവിയലിനുമുണ്ട്. വയർ വൃത്തിയാക്കുന്ന ചൂലെന്നു വിളിക്കാവുന്ന ഫൈബറുകൾ ഏറ്റവും കൂടുതലും അവിയലിൽത്തന്നെ. നല്ല ഫാറ്റി ആസിഡ് അടങ്ങിയ തേങ്ങയും അവിയലിൽ ചേർക്കുന്നുണ്ട്.

പഴം
അമ്ലഗുണമുള്ള ഭക്ഷണങ്ങൾ സദ്യയിലേറെയുണ്ട്. ക്ഷാരഗുണമുള്ള പഴം കഴിച്ചാൽ ഇതു സന്തുലിതമാകും. പ്രോട്ടീൻ വളരെ കുറവ്.

ഉപ്പേരി
എല്ലാ വൈറ്റമിനുകളും ധാതുക്കളുമുള്ള സമീകൃതാഹാരം എന്നു പറയാവുന്ന നേന്ത്രക്കായ; പക്ഷേ, എണ്ണയിൽ വറുക്കുമ്പോൾ ഗുണങ്ങളില്ലെന്നാകും. എങ്കിലും നേന്ത്രക്കായയിലെ പ്രോട്ടീൻ ഉപ്പേരിയിലും ഉണ്ടാകും. സദ്യയിലെ കൊഴുപ്പിന്റെ അളവു കൂടാതെ സന്തുലിതമാക്കുന്നതിനാണു വളരെക്കുറച്ചു മാത്രം ഉപ്പേരി വിളമ്പുന്നത്.

ശർക്കരവരട്ടി
നേന്ത്രക്കായയ്ക്കൊപ്പം ശർക്കരയുടെ അമ്ലഗുണവുംകൂടി ചേർന്നതാണു ശർക്കരവരട്ടി. ശർക്കരയിലെ നാരുകൾ ദഹനത്തിനു സഹായിക്കും. ജീരകപ്പൊടിയും ചുക്കുപൊടിയും ശരീരത്തിനാവശ്യമുള്ള ഔഷധങ്ങൾകൂടിയാണ്.

പപ്പടം
രണ്ടു മിനിറ്റിൽ കൂടുതൽ എണ്ണയിൽ വറുത്താൽത്തന്നെ എന്തിന്റെയും ഗുണങ്ങൾ നഷ്ടപ്പെടുമെന്നു മാത്രമല്ല, ദോഷങ്ങൾ കൂടുകയും ചെയ്യും. ഉഴുന്നിന്റെ ചെറിയൊരംശം കിട്ടുന്നു എന്നതു മാത്രമാണു പപ്പടത്തിലെ നേട്ടം.

ചോറ്
വളരാൻ സഹായിക്കുന്ന, ഊർജം നൽകുന്ന കാലറി തരുന്നതാണു ചോറ്. അന്നജം തരുന്ന അന്നം. ചുവന്ന അരിയുടെ ചോറാണെങ്കിൽ ദഹനത്തിനു സഹായിക്കുന്ന തവിടും നാരുകളും ഏറെ കിട്ടും. ബി കോംപ്ലക്സ് കൂടിയുണ്ട് ചുവന്ന അരിയിൽ.

പരിപ്പും നെയ്യും
പരിപ്പും നെയ്യും കൂട്ടിയാണു സദ്യ തുടങ്ങുന്നത്. പ്രോട്ടീൻ കലവറയാണു പരിപ്പ്. മഞ്ഞൾ ചേർക്കുമ്പോൾ കുർകുമിനും ശരീരത്തിലെത്തും. ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഓക്സിഡന്റുകളാണു കുർകുമിനിലുള്ളത്. സദ്യയിലൂടെ നല്ല അളവ് ആന്റി ഓക്സിഡന്റ് ശരീരത്തിലെത്തും. നൂറു ഗ്രാം ഭക്ഷണം കഴിച്ചാൽ അതിൽ ഏഴു ഗ്രാം കൊഴുപ്പ് ഉണ്ടായിരിക്കണം. ഭക്ഷണത്തിലൂടെ എത്രയധികം ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും അകത്തെത്തിയാലും അവയെ ആഗിരണം ചെയ്യണമെങ്കിൽ കൊഴുപ്പു കൂടിയേതീരൂ. അങ്ങനെ, കഴിക്കുന്ന ഭക്ഷണത്തിലെ നല്ലതിനെയെല്ലാം ആഗിരണം ചെയ്യാനായി ആദ്യം നടത്തുന്ന ഇൻവെസ്റ്റ്മെന്റാണു നെയ്യ് കൂട്ടിയുള്ള ഊണ്. പായസത്തിൽക്കൂടി നെയ്യ് എത്തുമ്പോൾ കഴിച്ചതൊന്നും വേസ്റ്റാവില്ലെന്ന ഉറപ്പും കിട്ടും.

സാമ്പാർ
മറ്റൊരു ഫൈബർ കലവറയാണു സാമ്പാർ. വൈറ്റമിനുകളുടെ കൂടാരം. അമരപ്പയറിട്ട സാമ്പാർ പ്രമേഹരോഗികൾക്ക് ഉത്തമം. കൊഴുപ്പ് അലിയിച്ചു കളയുന്ന ലൈകോപീൻ അടങ്ങിയ തക്കാളിയുടെ ഗുണങ്ങളും. പരിപ്പിലെ ഗ്യാസിനെ അവിടെവച്ചുതന്നെ പ്രതിരോധിക്കാൻ കായവും.

പുളിശ്ശേരി
മത്തങ്ങ പുളിശ്ശേരിയാണെങ്കിലും കായയാണെങ്കിലും മാമ്പഴമാണെങ്കിലും സമൃദ്ധം; സമീകൃതം. പ്രമേഹത്തെയും കൊളസ്ട്രോളിനെയും അമിതവണ്ണത്തെയും പ്രതിരോധിക്കും മത്തങ്ങ. കാലറിയും വളരെ കുറവ്.

മോര്
മധുരമുള്ള പായസവും പുളിയുള്ള തൈരും. ക്ഷാരഗുണങ്ങളും അമ്ലഗുണങ്ങളും സംയോജിച്ചു ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. കൂടാതെ ദഹനപ്രക്രിയയെയും മോര് സഹായിക്കും.

രസം
ചെറിയൊരു ഔഷധക്കട – അതാണു രസം. ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ ഇവിടെ മരുന്നുണ്ട്.

പായസം
പ്രോട്ടീൻ സമൃദ്ധമാണു പരിപ്പുപായസം. നാരുകളുമുണ്ട് ആവശ്യത്തിന്. ചീത്ത കൊളസ്ട്രോൾ ഒട്ടുമില്ല. ശർക്കരയിൽ ഇരുമ്പും ധാരാളമായുണ്ട്. സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വേണ്ടുവോളം. തോങ്ങാപ്പാലും നെയ്യും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുംകൂടി ചേരുമ്പോൾ എല്ലാമായി.

പാലട
സമീകൃതാഹാരമായ പാൽ, പാലടയിലൂടെ കിട്ടുന്നു. ആവശ്യമായ അമിനോ ആസിഡുകൾ ഇതിലൂടെ ലഭിക്കും. പഞ്ചസാരയും അടയും കാലറി അല്ലാതെ ഒന്നും തരുന്നില്ല.

വെള്ളം
സദ്യയ്ക്കിടെ വെള്ളം കുടിക്കരുത്. സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് വെള്ളവും മുൻപ് അര ഗ്ലാസ് വെള്ളവും. സന്തുലിതാവസ്ഥ നിലനിർത്താനും കൃത്യമായി ദഹനപ്രക്രിയ നടക്കാനുമാണിത്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി.ഇക്ബാൽ, ഡോ. ലളിത അപ്പുക്കു‌ട്ടൻ, മിംസ് ഹോസ്പിറ്റൽ, നെയ്യാറ്റിൻകര