Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെഡും എംഎസ്ജിയും വില്ലനാകുമ്പോൾ

noodles1

ഏറെ വിവാദങ്ങൾക്കും ലബോറട്ടറി പരിശോധനകൾക്കും ഒടുവിൽ മാഗി ഡിസംബറിൽ തിരിച്ചു വരവിനൊരുങ്ങുകയാണ്. അനുവദനീയ പരിധിയിൽ കൂടുതൽ ഈയവും(ലെഡ്) മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെ അംശങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ജൂണിലാണ് ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർ‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ മാഗിയെ നിരോധിച്ചത്. എന്നാൽ ഈ ലെഡും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും (എംഎസ്ജി) ക്രമാതീതമായാൽ അത് മനുഷ്യ ശരീരത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് നോക്കാം.

ലെഡ്

ലോഹങ്ങളിൽ പലതും മനുഷ്യശരീരത്തിന് അത്യാവ‌ശ്യമാണ്. കാൽസ്യം, ഇരുമ്പ് എന്നിവ ഉദാഹരണം. എന്നാൽ ചില ലോഹങ്ങൾ ശരീരത്തിൽ കടന്നാൽ അവ മാരക വിഷമായി മാറും. ചിലത് ഉടൻ മരണം ഉറപ്പാക്കുന്നവയാണെങ്കിൽ മറ്റു ചിലത് ആളെ രോഗിയാക്കുകയും ചിലപ്പോൾ മരണത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. ലെഡ് അത്തരത്തിൽ ഒരു ലോഹമാണ്. ശരീരത്തിൽ പ്രവേശിച്ചാൽ കടുത്ത ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതാണ് ഈ ലോഹമെന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളെയും കടന്നാക്രമിക്കുന്ന ഈ ലോഹം നാഡീവ്യവസ്ഥ, വൃക്കകൾ എന്നിവയെ തകർക്കാൻ കെൽപുള്ളതാണ്. തലവേദന, ഉറക്കക്കുറവ്, അമിതവണ്ണം, വിശപ്പില്ലായ്മ, ഹൃദയത്തകരാറുകൾ തുടങ്ങിയവയൊക്കെ ഇതിന്റെ പാർശ്വഫലങ്ങളായി വന്നേക്കാം. കുട്ടികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. പഠനവൈകല്യം, ബുദ്ധിമാന്ദ്യം, പെരുമാറ്റവൈകല്യങ്ങൾ തുടങ്ങിയ അവസ്ഥകൾക്കൊക്കെ ലെഡ് വിഷം കാരണമാകുന്നു

പലരീതിയിൽ നമ്മുടെ ശരീരത്തിൽ ലെഡ് കലരാം, വായു, വെള്ളം, ഭക്ഷണം എന്നിവയൊക്കെ ഇതിനുള്ള വഴികളാണ്. 1970 കൾക്ക് മുൻപുള്ള പെയ്ന്റുകളിൽ ലെഡ് മാരകമാം വിധം അടങ്ങിയിട്ടുണ്ടായിരുന്നു. ഇത് വൻതോതിൽ ആളുകൾക്ക് ഭീഷണിയും ഉയർത്തിയിരുന്നു. മാഗി ന്യൂഡിൽസിന്റെ ഒട്ടേറെ സാമ്പിളുകൾ പരിശോധിച്ചതിൽ പലതിലും അനുവദനീയമായതിന്റെ പല മടങ്ങായിരുന്നു ലെഡിന്റെ സാന്നിധ്യം. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഓരോ ഉൽപ്പന്നവും പുറത്തുപോകുന്നതെന്നും പരിശോധനാ റിപ്പോർട്ട് കൃത്യമാകണമെന്നില്ലെന്നുമായിരുന്നു ഇതിനെക്കുറിച്ചുള്ള നെസ്‌ലെയുടെ ഭാഷ്യം.

എം എസ് ജി

മോണോസോഡിയം ഗ്ലൂട്ടോമേറ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് എം എസ് ജി. ഇത് നമുക്ക് അത്ര സുപരിചിതമല്ലെങ്കിലും അജിനോമോട്ടോ എന്ന വാക്ക് നമുക്കെല്ലാം അറിയാവുന്നതാണ്. ചൈനീസ് ഭക്ഷണപദാർത്ഥങ്ങളിൽ പ്രധാന രുചിമസാലയായി വാഴ്ത്തപ്പെടുന്നതും ഭക്ഷണത്തിലെ വിഷം എന്ന പേരിൽ ചീത്തപ്പേരുണ്ടാക്കിയതുമായ ഒരു രാസപദാർഥമാണിത്. യഥാർഥത്തിൽ അജിനോമോട്ടോ എന്നത് ഈ രാസവസ്തുവിന്റെ പേരല്ല. ജപ്പാനിലെ ഒരു ഫുഡ് അൻഡ് കെമിക്കൽ കോർപറേഷന്റെ പേരാണിത്. മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെ വൻകിട ഉൽപാദകരാണ് ഇവർ എന്നതിനാൽ ഈ രുചിയുൽപന്നം അജിനോമോട്ടോ എന്നറിയപ്പെടുന്നു എന്ന് മാത്രം.

ജപ്പാനിലാണ് ഈ വില്ലൻ രുചിക്കൂട്ടിന്റെ പിറവി. കണ്ടുപിടിച്ചത് ജാപ്പനീസ് രസതന്ത്രജ്ഞനായ കികുനായി ഇക്കെഡാ എന്ന പ്രഫസറും. ജപ്പാനിൽ സുലഭമായതും രുചിയിലെ വ്യത്യസ്തത കൊണ്ട് ആരെയും ആകർഷിക്കുന്നതുമായ ഒരു തരം സൂപ്പുണ്ടായിരുന്നു. കടൽപ്പായൽ ചേർത്തുണ്ടാക്കുന്ന ഈ സൂപ്പിന്റെ രുചിരഹസ്യം തേടിപ്പോയ ഇക്കെഡൈ കണ്ടെത്തിയത് രുചികളിലെ അഞ്ചാമനെ. മധുരം, പുളി, ഉപ്പ്, കയ്പ് എന്നിങ്ങനെയല്ലാതെ അഞ്ചാമതൊരു രുചികൂടി നമ്മുടെ രസമുകുളങ്ങൾക്ക് അനുഭവിക്കാനാകുമെന്നും അതാണ് ഈ കടൽപ്പായൽ സൂപ്പിന്റെ രുചിയുടെ രഹസ്യമെന്നും അദ്ദേഹം ശാസ്ത്രലോകത്തെ അറിയിച്ചു. ഈ രുചിയെ അദ്ദേഹം ഉമാമി എന്നാണ് വിളിച്ചത്. ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം സംയുക്തമായ മോണോസോഡിയം ഗ്ലൂട്ടാമേറ്റാണ് ഈ രുചിക്ക് പ്രധാന കാരണക്കാരനെന്നും ഇക്കെഡാ കണ്ടെത്തി.

പ്രഫ. ഇക്കെഡായുടെ കണ്ടെത്തൽ നടന്നത് 1908ലാണ് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും എം എസ് ജി അടങ്ങിയ കൃത്രിമരാസവസ്തുക്കൾ വിപണിയിൽ സുലഭമാകാൻ തുടങ്ങി. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന എം എസ് ജി പാർശ്വഫലങ്ങളുണ്ടാക്കുന്നില്ലായിരുന്നു. പക്ഷേ, കൃത്രിമരുചികൾക്ക് ആ ഗുണമേൻമയുണ്ടായിരുന്നില്ല. ജപ്പാനെക്കാളേറെ ചൈനീസ് വിഭവങ്ങളിലെ രുചിരഹസ്യമായി മാറിയതോടെ നമ്മുടെ നാട്ടിലെ റസ്റ്റോറന്റുകളിലും എം എസ് ജി വിഭവങ്ങൾക്ക് ആവശ്യക്കാരേറെയായി. വഴിയോരത്തെ തട്ടുകടകളിൽ നിന്ന് നാടൻ എന്ന പേരിൽ കിട്ടുന്ന ഭക്ഷണത്തിൽ പോലും ഇന്ന് ഈ രാസവസ്തു സ്ഥിരസാന്നിധ്യമാണ്. ചൈനീസ് റസ്റ്ററന്റ് സിൻഡ്രം എം എസ് ജി ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നവരിൽ കണ്ടുവരുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണിത്. തലവേദന, ചർമം ചുവന്ന് തടിക്കുക, ഛർദ്ദി, വയറിളക്കം, തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും ഉറക്കക്കുറവ്, മാനസിക വിഭ്രാന്തി പോലുള്ള മാനസിക പ്രശ്നങ്ങളും ഇതിന്റെ ഫലമായി ഉണ്ടാകാം. നമ്മുടെ നാഡീവ്യൂഹത്തെ തൊട്ടുണർത്താനുള്ള പ്രത്യേക കഴിവ് എം എസ് ജിയ്ക്കുണ്ട്. അമിതമായി ഇത് ഉള്ളിൽ ചെന്നാൽ മാനസിക നില തകരാറിലാകുന്നതിന് കാരണമിതാണ്. പാൻക്രിയാസ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്ന ഈ രാസവസ്തു അമിതമായി ഇൻസുലിൻ നിർമിക്കാൻ പാൻക്രിയാസിനെ പ്രേരിപ്പിക്കുന്നു. അമിതമാകുന്ന ഇൻസുലിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും. വിശപ്പു കൂടിയാൽ സ്വാഭാവികമായുണ്ടാകുന്ന പ്രക്രിയ ഭക്ഷണം കഴിക്കുക എന്നതാണല്ലോ. അമിത ഭക്ഷണം തടി കൂട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട.

നാം കഴിക്കുന്ന ഭക്ഷണം നല്ലതോ ചീത്തയോ എന്നു തീരുമാനിക്കുന്നതിൽ നാവിന് വലിയ പങ്കുണ്ട്. നാവിലെത്തുന്ന ഭക്ഷണം മോശമായതണെങ്കിൽ അത് നൽകുന്ന അരുചി നാവ് തിരിച്ചറിയുകയും ഭക്ഷണം വേണ്ടെന്നുവയ്ക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ എം എസ് ജി ചേർക്കുമ്പോൾ ആ രുചിയാൽ ഉത്തേജിതരാകുന്ന രസമുകുളങ്ങൾക്ക് പലപ്പോഴും മോശമായ ഭക്ഷണത്തെ തിരിച്ചറിയാൻ കഴിയാതെ വരുന്നു. വളരെ കുറഞ്ഞ വിലയിൽ മാർക്കറ്റിൽ ലഭ്യമാകുന്ന എം എസ് ജി ഇന്ന് നമ്മുടെ അടുക്കളകളിൽ പോലും കടന്നുകൂടിയിട്ടുണ്ട്. മാഗി നൂഡിൽസിൽ ഒരിക്കലും ഇത് ചേർക്കാറില്ലെന്നും അതിന്റെ സാന്നിധ്യമുണ്ടെങ്കിൽ തന്നെ അത് പ്രകൃത്യാ ലഭ്യമാകുന്നതാണെന്നുമാണ് നെസ്‌ലെ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.