Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഇലരുചികൾ

leaf-vegetables

സൂപ്പർ മാർക്കറ്റുകളിലെയും പച്ചക്കറി കടകളിലെയും വർണ വൈവിധ്യം മലയാളിക്ക് ഇന്ന് പുതിയൊരു കാഴ്ചയാണ്. ഉത്തരേന്ത്യക്കാരുടെയും കർണാടകക്കാരുടെയും തീൻമേശയിലെ പ്രധാന ഇനമായ പാലക്കും പുതിനയിലയും മല്ലിയിലയുമെല്ലാം മലയാളിയുടെ ഭക്ഷണത്തിലും ഇടം നേടിക്കഴിഞ്ഞു.

ആമാശയശുദ്ധിക്ക് പുതിന

പുതിന എന്നു കേൾക്കുമ്പോൾ അതിന്റെ സുഗന്ധമാണ് ഓർമവരിക. പുതിന പലതരമുണ്ട്. പെപ്പർ മിന്റ്, പൈനാപ്പിൾ മിന്റ് തുടങ്ങിയവ. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ മെന്തോൾ ആണ് ഇതിനു കാരണം. അതിനാൽ പാനീയങ്ങൾ, ജ്യൂസ് തുടങ്ങിയവയിൽ പുതിന ചേർക്കുന്നു. വിവിധതരം മിഠായികളിലും സൂപ്പിലും ചട്നിയിലുമെല്ലാം ഇത് ഉപയോഗിക്കുന്നു. പതിവായി കഴിക്കുന്നത് ആമാശയത്തെ ശുദ്ധീകരിക്കുന്നതിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. പുതിന മൂത്രം നന്നായി പോകാൻ സഹായിക്കുന്നു. ആസ്തമ, അലർജി എന്നിവയ്ക്കു പുതിനയില ഉപയോഗിക്കുന്നു.

മല്ലിയില എന്ന ഔഷധം

മല്ലിയുടെ ജന്മദേശം യൂറോപ്പാണ്. പ്രധാനമായും ഭക്ഷണം അലങ്കരിക്കാനാണു മല്ലിയില ഉപയോഗിക്കുന്നത്. അലങ്കാരത്തിനും സുഗന്ധത്തിനുമപ്പുറം ഔഷധഗുണവും ധാരാളമുണ്ടിതിൽ. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ മല്ലിയിലയിലെ ക്വാർസിറ്റിൻ എന്ന ആന്റി ഓക്സിഡന്റ് രോഗപ്രതിരോധത്തിനു സഹായിക്കുന്നു.

ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മല്ലിയില വളരെ നüല്ലതാണ്. വേവിക്കാതെ ഉപയോഗിക്കുന്നതാണു നല്ലത്. കറികൾ തയാറാക്കിയ ശേഷവും ചട്നി, മോരുംവെള്ളം, സാലഡ് എന്നിവയിലും മല്ലിയില ചേർക്കാം.

പാലക് അഥവാ സ്പിനാഷ്

ഉത്തരേന്ത്യൻ ഭക്ഷണത്തിലെ പ്രധാന ഇനമായ പാലക് (പാലക് ചീര) ഇന്നു നമുക്കും പരിചിതമാണ്. പാലക് പനീറും പാലക് മട്ടനുമെല്ലാം നമ്മുടെ പ്രിയവിഭവങ്ങൾ തന്നെ. പാലകിന്റെ ജന്മദേശം പഴയ പേർഷ്യ ആണെന്നു കരുതുന്നു. ഇലകളുടെ ക്യാപ്റ്റൻ എന്നാണു പാലക് അറിയപ്പെടുന്നത്. പോഷകങ്ങളിലും പാലക് മുമ്പിലാണ്. പാലക്കിൽ ധാരാളം ആന്റി ഓക്സിഡന്റുകളുണ്ട്.

100 ഗ്രാം പാലക്കിലുള്ള ബീറ്റാകരോട്ടിന്റെ അളവ് ഒരു ദിവസം നമുക്കു വേണ്ടതിലും ഇരട്ടിയാണ്. വിറ്റമിൻ സിയുടെ അളവു വേണ്ടതിന്റെ പകുതിയിലധികമുണ്ട്. വിറ്റമിൻ ഇയും മൈക്രോന്യൂട്രിയന്റുകളായ സിങ്കും സെലീനിയവും കോപ്പറുമെല്ലാം ധാരാളമുണ്ട്. ഡിഎൻഎയുടെയും ആർഎൻഎയുടെയും ഉത്പാദനത്തിനാവശ്യമായ ഫോളെയ്റ്റ് (ജീവകം ബി9) 100 ഗ്രാം പാലക്കിൽ 194 മൈക്രോഗ്രാം അടങ്ങിയിരിക്കുന്നു. ജീവകം കെ യും സമൃദ്ധമായുണ്ട്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോത്രോംബിന്റെ ഉൽപാദനത്തിനും എല്ലിന്റെ ആരോഗ്യത്തിനും അൽഷിമേഴ്സ് രോഗത്തിനും വരെ ജീവകം കെ ആവശ്യമാണ്. നൂറു ഗ്രാം പാലക്കിലെ ഊർജം വെറും 23 കാലറിയാണ്. വളരെയേറെ അളവിൽ ഉപയോഗിച്ചാലും വളരെ കുറച്ച് ഊർജം മാത്രമേ ശരീരത്തിൽ എത്തൂ എന്നതിനാൽ പ്രമേഹരോഗികൾക്കും അമിതവണ്ണക്കാർക്കും പേടിക്കാതെ കഴിക്കാം. എന്നാൽ രക്തം കട്ടിയാകുന്നതിനെ തടയുന്ന തരം ഔഷധങ്ങൾ കഴിക്കുന്നവർ പാലക്ക് പരിമിതപ്പെടുത്തണം.

പ്രണയികൾക്കായി ലെറ്റ്യൂസ്

ലെറ്റ്യൂസിന്റെ നീരു പ്രണയത്തെ ഉത്തേജിപ്പിക്കും എന്നാണ് ഈജിപ്റ്റുകാർ കരുതുന്നത്. സാധാരണ സാലഡുകളിലാണു ലെറ്റ്യൂസ് ഉപയോഗിക്കുന്നത്. വേവിക്കാതെ കഴിക്കാവുന്നതിനാൽ പോഷകനഷ്ടം ഉണ്ടാകുന്നില്ല. രോഗപ്രതിരോധത്തിനു സഹായിക്കുന്ന ഫൈറ്റോന്യൂട്രിയന്റുകളുടെ കലവറയാണു ലെറ്റ്യൂസ്. ഫ്ളേവനോയിഡ് ധാരാളമടങ്ങിയിരിക്കുന്നതിനാൽ വായിലെ കാൻസർ, ശ്വാസകോശ കാൻസർ ഇ വയെ നിയന്ത്രിക്കാൻ സഹായിക്കും. ഇതിലെ സിയാസാന്തിൻ എന്ന വർണതന്തു പ്രായാധിക്യം മൂലം കണ്ണിനുണ്ടാകുന്ന രോഗങ്ങളെ നിയന്ത്രിക്കും.

സാലഡിന് സെലറി

സെലറിയുടെ ഇലയും തണ്ടും ഒരുപോലെ പോഷകസമ്പന്നമാണ്. വിറ്റമിൻ എ, വിറ്റമിൻ ബി1, ബി2, ബി6, വിറ്റമിൻ സി, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, സോഡിയം, എസൻഷ്യൽ അമിനോ ആസിഡുകൾ എന്നിവ സെലറിയിലുണ്ട്. സെലറി സാലഡാക്കി കഴിച്ചാൽ ഏറെ രുചികരമാണ്.

സെലറിയിലെ സോഡിയവും പൊട്ടാസ്യവും ശരീരത്തിലെ വെള്ളത്തിന്റെ അളവിനെ നിയന്ത്രിച്ച് മൂത്രത്തിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. സെലറിയിലെ ഫ്ളറൈഡുകൾ രക്തസമ്മർദം കുറയ്ക്കും. നല്ല പച്ചനിറമുള്ള ഇലകളാണ് ഉപയോഗയോഗ്യം. നനഞ്ഞതുണിയിലോ പ്ലാസ്റ്റിക് കാരിബാഗിലോ ഇട്ട് സെലറി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ഉലുവയില മാഹാത്മ്യം

മേത്തിയില, കസൂരിമേത്തി എന്നറിയപ്പെടുന്ന ഉലുവയുടെ സസ്യനാമം ട്രൈഗൊണെല്ലാ ഫിനംഗ്രേഷ്യം എന്നാണ്. പ്രമേഹം, കാൻസർ എന്നിവയെ ചെറുക്കാൻ ഉലുവയിലയ്ക്കു കഴിയും. കൊളസ്ട്രോൾ കുറയ്ക്കാനും ദഹനപ്രശ്നങ്ങൾക്കും ഉലുവയില നല്ലതാണ്. വിറ്റമിൻ കെ പാലക്കിന്റെ അതേ അളവിൽ തന്നെ ഉലുവയിലുണ്ട്. ചെറിയ കയ്പു രുചിയാണിതിന്.

മേൽപറഞ്ഞ പോഷകങ്ങളെല്ലാം തന്നെ നമ്മുടെ വീട്ടുമുറ്റത്തെ ഇലക്കറികളിലും നിന്നും ലഭിക്കും. അവയെയും ആഹാരത്തിൽ ഉൾപ്പെടുത്താൻ മറക്കരുതേ...

ജീനാ വർഗീസ്, ഡയറ്റീഷ്യൻ, എം. എസ്. രാമയ്യാ ഹോസ്പിറ്റൽ, ബാംഗ്ലൂർ.