Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേത്രരോഗം തടയും മെഡിറ്ററേനിയൻ ഡയറ്റ്

meditaranean-diet

മെഡിറ്ററേനിയൻ ഭക്ഷണരീതി നൽകുന്ന ആരോഗ്യത്തെപ്പറ്റി നിരവധി പഠനങ്ങൾ വന്നിട്ടുണ്ട്്. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പയറുവർഗങ്ങള്‍, അണ്ടിപ്പരിപ്പ്, ആരോഗ്യകരമായ കൊഴുപ്പ്, മത്സ്യം, പരിമിതമായ അളവിൽ റെഡ്മീറ്റ്, ബട്ടർ ഇവയെല്ലാം അടങ്ങിയതാണ് മെഡിറ്ററേനിയൻ ഡയറ്റ്.

നേത്രരോഗങ്ങൾക്ക് ഈ ഭക്ഷണരീതി ഗുണം ചെയ്യുമോ എന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല. പോർച്ചുഗീസ് ജനതയിൽ നടത്തിയ പഠനത്തിൽ പതിവായി ഈ ഭക്ഷണരീതി – പ്രത്യേകിച്ചും പഴങ്ങളും കഫീനും - പിന്തുടരുന്നവരിൽ, പ്രായമാകുന്നവരിൽ ഉണ്ടാകുന്ന നേത്രരോഗമായ മാക്യുലാർ ഡീജനറേഷൻ (Age related Macular Degeneration – AMD) വരാനുള്ള സാധ്യത മൂന്നിലൊന്നു കുറവാണെന്നു കണ്ടു. അന്ധതയ്ക്കു കാരണമാകുന്ന നേത്രരോഗമാണിത്.

പോർച്ചുഗലിലെ കൊയിമ്പ്ര സർവകലാശാലയിലെ ഗവേഷകർ 55 വയസ്സോ അതിനു മുകളിലോ പ്രായമുള്ള 883 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ 449 പേർ എഎംഡി ബാധിച്ചവരായിരുന്നു. ഇവർ കാഴ്ചശക്തി നഷ്ടപ്പെടും മുൻപുള്ള അവസ്ഥയിലായിരുന്നു. 434 പേർ എഎംഡി ബാധിക്കാത്തവരും ആയിരുന്നു.

ഇവരുടെ ഭക്ഷണരീതി പഠിക്കാൻ ഒരു ചോദ്യാവലി നൽകി പൂജ്യം മുതല്‍ ഒൻപതു വരെയുള്ള സ്കോർ നൽകി. മെഡിറ്ററേനിയൻ ഭക്ഷണരീതി പിന്തുടരുന്നവർക്ക് ആറോ അതിലധികമോ സ്കോർ നൽകി. ആറിൽ കുറവ് സ്കോർ ലഭിച്ചവരിൽ 50 ശതമാനവും മാക്യുലാർ ഡീജനറേഷൻ ബാധിച്ചവരായിരുന്നു.

എന്നാൽ ആറോ അതിലധികമോ സ്കോർ ലഭിച്ചവരിൽ, അതായത് മെഡിറ്ററേനിയൻ ഭക്ഷണരീതി പിന്തുടർന്നവരിൽ 39 ശതമാനത്തിനു മാത്രമായിരുന്നു എഎം‍ഡി. ഈ ഭക്ഷണരീതി പിന്തുടരാത്തവരെ അപേക്ഷിച്ച് എഎംഡിക്കുള്ള സാധ്യത 39 ശതമാനം കുറവ്.

പഴങ്ങൾ ധാരാളം കഴിക്കുന്നവർക്ക് രോഗസാധ്യത കുറവാണെന്നു കണ്ടു. ദിവസം 150 ഗ്രാമോ അതിലധികമോ പഴങ്ങൾ കഴിക്കുന്നവരിൽ 54.5 ശതമാനത്തിനും നേ‌ത്ര രോഗങ്ങളില്ല. പഴങ്ങൾ പതിവായി കഴിച്ചാല്‍ എഎംഡി വരാനുള്ള സാ‌ധ്യത 15 ശതമാനം കുറയും.

കഫീൻ, ബീറ്റാ കരോട്ടിൻ, ജീവകം സി, ജീവകം ഇ പോലുള്ള ആന്റി ഓക്സിഡന്റുകളുടെ ഉപയോഗം എഎംഡിയിൽ നിന്നു സംരക്ഷിക്കുന്നതായി ക‌ണ്ടു. കൂടുതല്‍ അളവിൽ, അതായത് ദിവസം 78 മില്ലിഗ്രാമോളം കഫീൻ ഉപയോഗിക്കുന്നവരിൽ 54.4 ശതമാനത്തിനും മാക്യുലാർ ഡീജനറേഷൻ ഇ‌ല്ലായിരുന്നു.

കഫീൻ മെഡിറ്ററേനിയന്‍ ഡയറ്റിന്റെ ഭാഗമല്ലെങ്കിലും കഫീൻ അടങ്ങിയ ഭ‌ക്ഷണങ്ങളായ കാപ്പി, ചായ ഇവയുടെ ഉപയോഗം മെഡിറ്ററേനിയൻ രാജ്യങ്ങളിൽ സാ‌ധാരണയാണ്. അൽഷീമേഴ്സ് പോലുള്ള രോഗ‌ങ്ങളെ തടയാൻപോലും കെൽപ്പുള്ള ശക്തമായ ആന്റി ഓക്സിഡന്റുകൾ കഫീനില്‍ അടങ്ങിയിട്ടുണ്ട്.

അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോള‍ജിയുടെ വാർഷിക സമ്മേളനത്തിൽ ഈ പഠനം അവതരിപ്പിച്ചു. എഎംഡി തടയാൻ കഫീനു കഴിയുമെന്നു തെ‌ളിഞ്ഞ ആദ്യ പഠനം കൂടിയാണിത്.

Your Rating: