Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമയുണ്ടോ ഈ നാടൻ ‘ഫാസ്റ്റ് ഫുഡ് ’

elappam

തനതുഭക്ഷണം പരിചയപ്പെടുത്താൻ മഹോത്സവങ്ങൾ വേണ്ടിവരുന്ന കാലമാണിത്. ചക്ക, പപ്പായ, മാങ്ങ മഹോത്സവങ്ങൾക്ക് നല്ല ജനപങ്കാളിത്തവുമുണ്ട്.

മൂന്നു നാലു പതിറ്റാണ്ടു മുൻപ് സ്കൂളിൽ പഠിക്കുന്ന കാലത്ത് പുരമേയാൻ പ്രയാസമനുഭവിച്ചിരുന്ന വീടുകളിൽ ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ പുരമേഞ്ഞു നൽകിയത് ഓർമയിൽ വരുന്നു. അവധിക്കാലത്താണിത്. പുലർച്ചെ ആറു മണിക്കുതന്നെ പുരമേയേണ്ട വീട്ടിലെത്തും. പഴയ ഓലകൾ പൊളിച്ചുമാറ്റി, വാരികൾ തൂത്തുവൃത്തിയാക്കി, മെടഞ്ഞ പുതിയ ഓലകൾ കൊണ്ട് മേച്ചിൽ പൂർത്തിയാക്കുമ്പോൾ ഏറെക്കുറെ നട്ടുച്ചയാകും. അപ്പോൾ പുരമേഞ്ഞ സംഘത്തിന് ആ വീട്ടിൽ നിന്ന് ആവി പറക്കുന്ന ചക്കപ്പുഴുക്കും വൈക്കത്താര്യൻ നെല്ല് കുത്തിയെടുത്ത അരിയുടെ കഞ്ഞിയും നാട്ടുമാങ്ങ അച്ചാറും തരുമായിരുന്നു.

മേച്ചിൽ സംഘം പ്ലാവിലകൊണ്ട് കഞ്ഞികോരി കുടിച്ച് അച്ചാറുകൂട്ടി ചക്കപ്പുഴുക്കും കഴിക്കുന്നതായിരുന്നു അന്നത്തെ ചക്കമഹോത്സവം. വിശന്നു പൊരിഞ്ഞ ആ സമയത്ത് കഴിച്ച നാടൻ ഭക്ഷണത്തിന്റെ രുചിയെ മറികടക്കാൻ പിന്നീട് പഞ്ചനക്ഷത്രഹോട്ടലിലെ ബുഫേയ്ക്കോ, രാജ്ഭവനിലെ ലഞ്ചിനോ ആയിട്ടില്ല.

പുതിയകാല ഫാസ്റ്റ്ഫുഡുകളുടെ പിറകെ സഞ്ചരിക്കുന്ന മലയാളി നമ്മുടെ നാട്ടിൽ വിഷലിപ്തമല്ലാത്ത പഴയൊരു ഫാസ്റ്റ് ഫുഡ് സംസ്കാരം ഉണ്ടായിരുന്നുവെന്ന് മറന്നുപോയി കാണുമോ? അവൽ ശർക്കര കൂട്ടി നനച്ചെടുക്കുന്നതിനോളം ഫാസ്റ്റ് ആയി ഉണ്ടാക്കാൻ പറ്റിയ ഏതു ഫുഡ് ആണുള്ളത്? അവൽ നമ്മുടെ മെനുവിൽ നിന്ന് അപ്രത്യക്ഷമായിട്ട് കാലം എത്രയായി. പാർശ്വഫലങ്ങളേതുമില്ലാത്ത അവൽ നനച്ചത്, കൊഴുക്കട്ട, പുട്ട്, കുമ്പിളപ്പം, ഇലയട ഇതൊക്കെ നമുക്കിന്ന് അന്യമായി.

ശരീരത്തിന് ഏറെ ദോഷകരമായ ഈയവും മോണോ സോഡിയം ഗ്ലൂട്ടാമേറ്റും അമിതമായി അടങ്ങിയ ന്യൂഡിൽസ് ഇടിയപ്പം അഥവാ നൂൽപ്പുട്ടിന്റെ സ്ഥാനം കയ്യടക്കി. വിപണി പ്രലോഭിപ്പിക്കുമ്പോൾ ഈ പാരമ്പര്യവിഭവങ്ങളും മലയാളിക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടെന്നതാണ് മറ്റൊരു തമാശ. ഇത് മനസിലാക്കിയ ബേക്കറി ഉടമകൾ ഈ ഭക്ഷണപദാർഥങ്ങളൊക്കെ തന്നെ ആകർഷകമായ പാക്കറ്റുകളിലാക്കി വേണ്ടത്ര പരസ്യം നൽകി വിതരണം ചെയ്തു തുടങ്ങി. കാപട്യ പൊങ്ങച്ചസംസ്കാരത്തിന്റെ ഭാഗമാകുമ്പോൾ നമ്മുടെ പാരമ്പര്യവിഭവങ്ങളെ കുറിച്ചുള്ള അപകർഷതയും ഉടലെടുക്കുന്നു.

പക്ഷേ, എന്തിനാണ് ഈ അപകർഷത എന്നു മാത്രം മനസിലാകുന്നില്ല. പാരമ്പര്യ വിഭവങ്ങളൊക്കെ നിസാരമായി വീടുകളിൽ പാചകം ചെയ്ത് എടുക്കാവുന്നതേയുള്ളു. പുന്നെല്ലിന്റെ അരി ഉരലിൽ മണിക്കൂറുകളോളം ഉലക്കകൊണ്ട് ഇടിച്ചു പാകപ്പെടുത്തിയാണ് അവൽ ഉണ്ടാക്കിയിരുന്നത്. പുട്ടിനാവശ്യമായ അരിപ്പൊടിയും ഇത്തരത്തിലാണ് ഉണ്ടാക്കിയിരുന്നത്. അരകല്ലിലോ ആട്ടുകല്ലിലോ ശ്രമകരമായി അരി അരച്ചെടുത്താണ് കൊഴുക്കട്ടയ്ക്കുള്ള മാവ് തയാർ ചെയ്തിരുന്നത്.

kozhukatta

ആയാസകരവും സങ്കീർണവുമായ ഇത്തരം പ്രക്രിയകളിലൂടെ വിഭവങ്ങൾ തയാർ ചെയ്യുമ്പോൾ കുടുംബബന്ധങ്ങൾക്ക് കൂടുതൽ ദൃഢത കൈവരുമായിരുന്നു. പുരുഷന്മാർ പുറത്ത് അധ്വാനിച്ച് വരുമ്പോൾ വീട്ടിലുള്ള സ്ത്രീകളും സമാനരീതിയിൽ അധ്വാനിച്ച് കുടുംബം പുലർത്തുന്ന ഒരധ്വാന സംസ്കാരവും നമ്മുടെ വീടുകളിൽ നിലനിന്നിരുന്നു. ഈ അധ്വാനത്തിന്റെ പാരസ്പര്യമാണ് കുടുംബത്തിന്റെ ഗുരുത്വമായ സ്നേഹവും അതിലുപരിയായി വാൽസല്യവുമായി നിലകൊണ്ടിരുന്നത്. ജീവിതത്തിനു വേഗം കൂടിയപ്പോൾ, ഇതേ വിഭവങ്ങൾ ആയാസം കുറച്ച് ഉണ്ടാക്കാൻ കഴിയുമെന്നതാണ് സത്യം.

മധ്യതിരുവിതാംകൂറുകാരുടെ വൈവിധ്യമാർന്ന ഭക്ഷണശൈലി പ്രസിദ്ധമാണ്. പെട്ടെന്ന് തയാർ ചെയ്യുന്നതും ശ്രമകരമായി തയാർ ചെയ്യുന്നതുമായ ഒട്ടനവധി വിഭവങ്ങൾ ഉണ്ട്. കപ്പകൊണ്ട് കപ്പപ്പുഴുക്ക് മുതൽ എത്ര വിഭവങ്ങൾ വേണമെങ്കിലും ഉണ്ടാക്കാം. ചക്കയുടെ എല്ലാ ഘടകങ്ങളും ഭക്ഷണയോഗ്യമാണ്. വറുത്തരച്ച് ഉണ്ടാക്കുന്ന തീയൽ പോലെ ഒട്ടനവധി കറിക്കൂട്ടുകളും നമ്മുടെ മെനുവിന്റെ പ്രത്യേകതയാണ്.

10 സെന്റ് ഉണ്ടെങ്കിൽ അവിടെ ടൈൽ ഇട്ട് ചെടിച്ചട്ടിയിൽ ബിഗോണിയയും പെറ്റൂണിയയും നട്ടുവളർത്തുന്ന രീതിക്കു പകരം അവിടെ മത്തയോ, ചീരയോ, പയറോ, വഴുതനയോ ഒക്കെ നട്ടാൽ സ്വന്തം മണ്ണിൽ വിളഞ്ഞ വിഷാംശമില്ലാത്ത പച്ചക്കറികൾ ലഭിക്കും. മത്തയുടെ ഇലയും പൂവും മത്തങ്ങയും എല്ലാം തന്നെ ഭക്ഷ്യയോഗ്യമാണ്. താളും തകരയും വാഴക്കൂമ്പും വാഴപ്പിണ്ടിയും നിത്യവഴുതനയും തഴുതാമയും എല്ലാം തന്നെ രോഗപ്രതിരോധശേഷിയുള്ള പച്ചക്കറി വിഭവങ്ങളാണ്.

നമ്മുടെ ഭൂപ്രകൃതി ഉൾക്കാണ്ടുള്ള ജീവിതശൈലി സ്വീകരിച്ചാൽ തനതു ഭക്ഷണശൈലി നമുക്ക് തിരിച്ചുപിടിക്കാം. വിഷരഹിതവും ആരോഗ്യപൂർണവുമായ ഒരു ജീവിതവും.

കേരളകലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ആണ് ലേഖകൻ