Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈൽസ് രോഗിയുടെ ഭക്ഷണം; സംശയങ്ങളകറ്റാം

piles-food

പൈൽസ് ഉൾപ്പെടെയുള്ള മൂലവ്യാധികൾക്ക് ഭക്ഷണക്രമീകരണം അത്യന്താപേക്ഷിതമാണ്. നാരുകൾ (ഫൈബർ ) കൂടുതൽ അടങ്ങിയതും മസാലകൾ കുറഞ്ഞതും ആവശ്യത്തിനുവെള്ളം അടങ്ങിയതുമായിരിക്കണം ഭക്ഷണം ഈ രോഗങ്ങളുമായി ബന്ധപ്പെട്ട് പൊതുവേ ഉന്നയിക്കുന്ന സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ അറിയാം.

പൈൽസ് രോഗിയുടെ ഭക്ഷണം?

പൈൽസ് രോഗത്തിനു വഴിവയ്ക്കുന്നതും അതു രൂക്ഷമാക്കുന്നതും മലബന്ധം എന്ന പ്രശ്നമാണ്. മലബന്ധം വരാതിരിക്കാനും ഉള്ളവരിൽ അതു ശമിപ്പിക്കാനും ഏറ്റവും പ്രായോഗികമായ മാർഗം നാരു കൂടുതലുള്ള ഭക്ഷണം കഴിക്കുകയെന്നതാണ്. ചിലർ പറയാറുണ്ട് പച്ചക്കറികളും പഴങ്ങളും കഴിച്ചിട്ടും മലബന്ധം മാറുന്നില്ലല്ലോ എന്ന്. വളരെ ശ്രദ്ധാപൂർവം നാരുള്ള ഭക്ഷണം തിരഞ്ഞെടുത്താൽ ഇതു മാറും. ഏകദേശം 25—30 ഗ്രാം നാരുകൾ ഒരു ദിവസത്തെ ഭക്ഷണത്തിൽ അടങ്ങിയ ഭക്ഷണക്രമമാണു വേണ്ടത്.
മുഴുധാന്യങ്ങൾക്കു ഭക്ഷണത്തിൽ പ്രാധാന്യംകൊടുക്കുകയാണ് അതിനുള്ള ആദ്യപടി. തവിട് കളയാത്ത അരി, ഗോതമ്പ് ഇവ ഉപയോഗിക്കുന്നത്് ഉത്തമം. ഓട്സിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഭക്ഷണത്തിലെ ആകെ നാരിന്റെ അളവിനെ കൂട്ടാൻ സഹായിക്കും. ബ്രഡ് വാങ്ങുമ്പോൾ തവിടുള്ള ബ്രഡ് വാങ്ങുവാൻ ശ്രദ്ധിക്കുക. സാധാരണ ബ്രഡ് മലബന്ധം കൂട്ടും.

പയറുവർഗങ്ങൾ തൊലി കളയാതെ ഉപയോഗിക്കുന്നതാണ് നല്ലത്. സാമ്പാറിൽ പരിപ്പിനു പകരം ചെറുപയർ ഉപയോഗിക്കുന്നതാണ് ഉത്തമം. മുളപ്പിച്ച പയർ വർഗങ്ങൾ കൂടുതൽ കഴിക്കുന്നതും നല്ലതാണ്. അതുപോലെ പാല് തൈര് മുതലായവ പൈൽസ് രോഗിക്കു കഴിക്കാം. പക്ഷേ അവയുടെ കൊഴുപ്പു നീക്കി കഴിക്കുന്നതാണ് ഉത്തമം. അധികം പുളിച്ചതൈര് ഒഴിവാക്കണം.

പാളയം കോടൻ പഴം ശോധനയ്ക്ക് നല്ലതാണോ?

രാത്രിയിൽ ഒരു പാളയംകോടൻ പഴം കഴിച്ചാൽ പിറ്റേന്ന് ശോധനസുഗമമാണെന്ന് മിക്കവരും പറയാറുണ്ട്. ഈ പഴത്തിനുമാത്രമായി ഒരു പ്രത്യേകത ഉണ്ടെന്നു പറയാനാവില്ല. പക്ഷേ പഴങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അതു പ്രയോജനം ചെയ്യും.

ആപ്പിൾ, മുന്തിരി , സ്ട്രോബറി, ഓറഞ്ച്, പഴം, പപ്പായ ഇവ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തണം. ദിവസവും 200— 300 ഗ്രാം പഴങ്ങളെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമം. തൊലി ഉപയോഗിക്കാവുന്നയുടെ തൊലിയോടുകൂടി ഉപയോഗിക്കുന്നതാണ് ഉത്തമം. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങളും നാരുകളും ശോധനയ്ക്കു സഹായിക്കുന്ന കുടലിലെ ചലനങ്ങളെ സുഗമാക്കും.

പച്ചക്കറികൾ ഗുണകരമാണോ?

തീർച്ചയായും. നാരുകൾ മാത്രമല്ല പച്ചക്കറികളിലൂടെ ലഭിക്കുന്ന മറ്റു ചില ആവശ്യ പോഷകങ്ങളും പച്ചക്കറി കഴിക്കുന്നതിലൂടെ പൈൽസ് രോഗികളെ സഹായിക്കും. അതിൽ ചീര, മുരിങ്ങയില തുടങ്ങി നമ്മൾ ഉപയോഗിക്കാവുന്ന എല്ലാ ഇലകളിലും ആന്റിഓക്സ്ഡന്റെുകളും നാരുകളും കൂടുതൽ അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ കാബേജ് ,ക്വാളിഫ്ളവർ ഉള്ളി, പടവലം ,കാരറ്റ് ഇവയും പൈൽസിന് ഉത്തമമാണ്

ഒഴിവാക്കേണ്ട ഭക്ഷണം?

ചില ഭക്ഷ്യവസ്തുക്കൾ മൂലവ്യാധിയുള്ളവർ ഒഴിവാക്കണം. പ്രത്യേകിച്ചും പൈൽസ് രോഗമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. കഫീൻ കൂടുതൽ അടങ്ങിയ ചോക്ലേറ്റ് ഫ്ളേവർ അടങ്ങിയ പലഹാരങ്ങൾ ,കാപ്പി, ചായ എന്നിവ പൂർണമായും ഒഴിവാക്കുകയോ സാധിക്കുന്നില്ലെങ്കിൽ പരമാവധി കുറയ്ക്കുകയോ ചെയ്യുക. കൂടാതെ കൊഴുപ്പു കൂടുതലുള്ള റെഡ് മീറ്റ് (ചുവന്ന മാംസം), ബീഫ്, മട്ടൻ പ്രോസസ്ഡ് മീറ്റ് മുതലായവയും കഴിക്കേണ്ട.
മസാല കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, വറുത്തരച്ച കറികൾ, എരിവ് കൂടുതൽ അടങ്ങിയ കറികൾ എന്നിവയും ഒഴിവാക്കണം. ഇവ മലബന്ധത്തിന് ആക്കം കൂട്ടുന്നവയാണ്. മൈദ ഉപയോഗിച്ചുള്ള പലഹാരങ്ങൾ, പൊറോട്ട, കേക്ക്, പേസ്ട്രി, പഫ്സ് എന്നിവ ഒഴിവാക്കണം. പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കുന്നതും പൈൽസ് രോഗിക്ക് ആശ്വാസം നൽകും

വെള്ളം കൂടുതൽ കുടിക്കണോ?

ശോധന നന്നായി നടക്കാൻ വേണ്ടത്ര വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. മലത്തിന്റെ കട്ടി കുറയ്ക്കാൻ ഇതു സഹായിക്കും സാധാരണ ഒരാൾ എട്ടുഗ്ലാസ് വെള്ളം കുടുക്കണമെന്നാണ് നിർദേശം. കാലാവസ്ഥയ്ക്ക് അനുസരിച്ചു അതിൽ മാറ്റം വരാം . പൈൽസ്, ഫിഷർ പോലുള്ള രോഗമുള്ളവർ വെള്ളംകുടി കുറയ്ക്കരുത്. ചായയും കാപ്പിയും ഒഴിവാക്കേണ്ടതിനാൽ പഴങ്ങളോ പഴച്ചാറുകളോ ആയി ശരീരത്തിൽ ജലാശം എത്തുന്നകാര്യം ശ്രദ്ധിക്കണം. ഉറക്കമെണീറ്റ ഉടൻ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് പലർക്കും സുഗമമായ മലശോധന സാധ്യമാക്കാറുണ്ട്. അതു പ്രയോജനം ചെയ്യുന്നവർക്ക് അതു ശീലിക്കാം

താറാവുമുട്ട പൈൽസ് മാറ്റുമോ?

ഇല്ല, അതൊരു തെറ്റിദ്ധാരണയാണ്. അടിസ്ഥാനപരമായി താറാവിന്റെയും കോഴിയുടേയും മുട്ടകൾ തമ്മിൽ വ്യത്യാസമില്ല. കോഴിമുട്ട പൈൽസ് രോഗിക്കു ഉത്തമമല്ലെന്നു പറയുന്നത് മഞ്ഞക്കരുവിലെ കൊഴുപ്പിന്റെ സാന്നിധ്യംകൊണ്ടാണ്. ഇതേകാരണം കൊണ്ടുതന്നെ താറാവുമുട്ടയും ഒഴിവാക്കുന്നതാണു നല്ലത്. മുട്ടയുടെ വെള്ള കഴിക്കുന്നതിൽ തെറ്റില്ല.

രക്തസ്രാവവും വേദനയുമുള്ളപ്പോൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്?

കട്ടിയുള്ള ആഹാരം പരമാവധി ഒഴിവാക്കി ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതാണ് ഈ സമയത്ത് കൂടുതൽ നല്ലത്. നന്നായി വേവിച്ച, ധാരാളം വെള്ളം ചേർത്ത കഞ്ഞി കുടിക്കാം. പഴച്ചാറുകൾ , പച്ചക്കറിസൂപ്പ് എന്നിവ നല്ലതാണ്. അച്ചാറുകൾ , പപ്പടം പോലുള്ളവ ഈ സമയത്ത് പൂർണമായും ഒഴിവാക്കണം.

കോഴിയിറച്ചി കഴിക്കാമോ?

ഈ ചോദ്യം മിക്ക പൈൽസ് രോഗികളും ഉന്നയിക്കുന്നതാണ്. കോഴിയിറച്ചിയോകോഴിമുട്ടേയാ പൈൽസ് രോഗിക്കു കഴിക്കാൻ പാടില്ല എന്നതിനു ശാസ്ത്രീയമായ ഒരു തെളിവുമില്ല. നാരുകുറഞ്ഞ ഏതു ഭക്ഷണവും മലബന്ധത്തിനും അതിനെതുടർന്നുള്ള രക്തസ്രാവത്തിനും കാരണമാകാം. മാംസഭക്ഷണത്തിൽ നാരുകളില്ല. ഏതു മാംസഭക്ഷണവും പൈൽസ് രോഗിക്ക് ഉചിതമല്ല. പക്ഷേ വേണ്ടത്ര നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്ന ഒരു രോഗി അൽപം മാംസം കഴിച്ചുവെന്നു കരുതി വലിയ കുഴപ്പമുണ്ടാകുമെന്നു തോന്നുന്നില്ല. മറ്റൊന്നുള്ളത് നമ്മുടെ മാംസഭക്ഷണത്തിൽ കൊഴുപ്പിന്റെയും മസാലക്കൂട്ടുകളുടേയും അളവ് കൂടുതലാണ്. ഇവ രണ്ടും പൈൽസ് രോഗിക്കു നല്ലതല്ല. അഥവാ മാംസഭക്ഷണം കഴിക്കേണ്ടി വന്നാൽ എണ്ണയിൽ വറുത്തവയും ധാരാളം മസാലചേർത്തവയും ഒഴിവാക്കുക. ഗ്രേവി പരമാവധി ഒഴിവാക്കി കഴിക്കുന്നതും കൂടുതൽ നല്ലതാണ്

ഒരു ദിവസത്തെ മാതൃകാ ഭക്ഷണക്രമം

പൈൽസ്, ഫിഷർ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഒരു മാതൃകാഭക്ഷണക്രമം ചുവടെ നൽകുന്നു.

പ്രഭാതഭക്ഷണം
ഇഡ്ഡലി /ദോശ/പുട്ട്/അപ്പം/ഇടിയപ്പം/—മൂന്ന് എണ്ണം സാമ്പാർ/വെജിറ്റബിൾ കറി (മസാല കുറച്ചു പച്ചക്കറി കൂടുതൽ —ഒരു കപ്പ് ചേർത്ത്)

ഇടനേരം പഴങ്ങൾ /പഴച്ചാറ് (ഫ്രൂട്ട് ജ്യൂസ്)
ഉച്ചയ്ക്ക് — ചോറ് /ചപ്പാത്തി/രണ്ട് കപ്പ് / മൂന്ന് എണ്ണം ചെറുപയർ കറി /മത്സ്യകറി— അര കപ്പ് /ഒരു ചെറിയ കഷണം
പച്ചക്കറി (രണ്ടു തരം)
അര കപ്പ് വീതം
തൈര് —കാൽ കപ്പ്
പച്ചക്കറി സലാഡ് — 1കപ്പ്

നാലുമണി ആവിയിൽ വേവിച്ച പലഹാരങ്ങൾ
അട —കൊഴുക്കട്ട —പയറ് പുഴുങ്ങിയത്

അത്താഴം ഉച്ചനേരത്തെപ്പോലെ തന്നെ

കിടക്കാൻനേരം ഏതെങ്കിലും പഴങ്ങൾ (കറികൾ എരിവും മസാലയും കുറച്ച് ഉണ്ടാക്കിയതായിരിക്കണം)

ജയശ്രീ എൻ. എസ്

സീനിയർ ഡയറ്റീഷ്യൻ കിംസ് ഹോസ്പിറ്റൽ
തിരുവനന്തപുരം

Your Rating: