Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ധ്യ കഴിഞ്ഞ് മധുരം കഴിച്ചാൽ?

sweets-eating

വൈകുന്നേരം സ്കൂൾ വിട്ടുവന്നാൽ എന്താണെന്നറിയില്ല പിള്ളേർക്ക് ആനയെ തിന്നാനുള്ള വിശപ്പാണ്. പല അമ്മമാരുടെയും പല്ലവിയാണിത്. കാര്യം ശരിയാണ്. മിക്ക കുട്ടികളും രാവിലെത്തെ ഭക്ഷണം കഴിക്കാതെയാണ് സ്കൂളിലേക്കോടുന്നത്. ഉച്ചയ്ക്ക് കഴിക്കാൻ കൊടുത്തുവിടുന്നത് കഴിച്ചെന്നു വരുത്തിത്തീർക്കുന്നതല്ലാതെ വിശപ്പു മാറണമെന്നുമില്ല. ഓടിക്കളിച്ചും ബസിലെ ഇടികൊണ്ടും ട്യൂഷൻ ക്ലാസിലെ പഠനത്തിരക്കുകൾ കഴിഞ്ഞും വീട്ടിലെത്തുമ്പോൾ ആനയെ തിന്നാനുള്ള വിശപ്പ് ഇല്ലെങ്കിലേ അദ്ഭുതമുള്ളൂ.

എന്നാൽ വൈകുന്നേരം ആറുമണിക്കു ശേഷം കുട്ടികൾക്കു കഴിക്കാൻ നൽകുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു നിയന്ത്രണം വേണമെന്നാണു ഡോക്ടർമാർ പറയുന്നത്. ഒരു കാരണവശാലും ആറുമണിക്കു ശേഷം കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകരുത്. പ്രത്യേകിച്ചും കൃത്രിമമധുരപദാർഥങ്ങൾ അടങ്ങിയ ബേക്കറിവിഭവങ്ങൾ.

∙ആറുമണിക്കു ശേഷം കുട്ടികളുടെ കായിക അധ്വാനം വളരെക്കുറവാണ്. തുടർന്നുള്ള നേരം ഹോംവർക്ക് ചെയ്യാനും വായിക്കാനും എഴുതാനും മറ്റുമായി കുത്തിയിരിപ്പാണ് പതിവ്. അതുകൊണ്ട് ആറുമണിക്കു ശേഷം കഴിക്കുന്ന ഭക്ഷണത്തിലെ അതിമധുരം രക്തത്തിൽ അലിഞ്ഞുചേർന്നുകഴിഞ്ഞാലും അതിനെ ദഹിപ്പിക്കാൻ കഴിയാതെ പോകുന്നു.
∙ആറുമണിക്കു ശേഷം കഴിക്കുന്ന എണ്ണപ്പലഹാരങ്ങളും ഇതേ ദൂഷ്യം ചെയ്യുന്നു. കുട്ടികളുടെ ശരീരത്തിൽ അമിതമായ അളവിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനു കാരണമാകുന്നു.
∙ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കുന്ന കുട്ടികൾക്ക് ഭാവിയിൽ കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതൽ ആണ്.
∙രാത്രിവൈകിയിരുന്നു പഠിക്കുന്ന കുട്ടികൾക്ക് പെട്ടെന്ന് ഉറക്കം വരാനും സാധ്യതയുണ്ട്.
∙അമിതമായ അളവിൽ ഭക്ഷണം കഴിച്ച ശേഷം പഠിക്കാനിരുന്നാൽ പഠനത്തിൽ ജാഗ്രത നഷ്ടമായേക്കാം.
∙അമിതവണ്ണത്തിലേക്കും ഇതു നയിച്ചേക്കാം. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ പകൽസമയത്ത് നിയന്ത്രിതമായ അളവിൽ മാത്രം നൽകാൻ അമ്മമാർ ശ്രദ്ധിക്കുമല്ലോ. 

Your Rating: