Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിഫിൻബോക്സിൽ എന്തൊക്കെ വേണം?

tiffin-box

പഠനത്തിരക്കിനിടയിൽ മിക്ക കുട്ടികളും വേണ്ടത്ര പ്രാധാന്യം നൽകാത്ത ഒന്നുണ്ട് — പോഷകാഹാരം. രുചിയും പോഷകങ്ങളും ഒത്തിണങ്ങിയ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കാൻ അമ്മമാർ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കണം.

ഊർജവും പ്രോട്ടീനും
‘ രാവിലെ ആഹാരം കഴിക്കുന്നില്ല, ഉച്ചയ്ക്കു കൊണ്ടു പോകുന്നതെല്ലാം കളയുന്നു.’ മിക്ക അമ്മമാരുടെയും പരാതിയാണിത്.... നാലുമുതൽ 15 വയസു വരെയുളള സ്കൂൾകാലം വളർച്ചാകാലം കൂടിയാണ്. ഈ കാലത്തു കൂടുതൽ ഊർജവും കൂടുതൽ പ്രോട്ടീനും ഒപ്പം മറ്റു പോഷകങ്ങളും വേണം. ഒരു ദിവസത്തേയ്ക്കു കുട്ടികൾക്കു വേണ്ട ശരാശരി ഊർജം 1690 കലോറി മുതൽ 2450 കലോറി വരെയാണ്. പ്രോട്ടീൻ 30 മുതൽ 70 ഗ്രാമും.

സമീകൃതാഹാരം
ചെറിയ കുട്ടികൾക്കു പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കൂടാതെ രാവിലെ പത്തുമണിക്കും വൈകിട്ട് നാലുമണിക്കും സ്നാക്കുകൾ നൽകാം. അഞ്ചാം ക്ലാസു കഴിയുന്നതോടെ മിക്ക കുട്ടികളും ആഹാരകാര്യത്തിൽ സ്വന്തമായ തീരുമാനങ്ങളെടുത്തു തുടങ്ങും. പോഷകത്തെ ഒഴിവാക്കി രുചിയ്ക്കു പിറകെ പോകാനാകും അവർക്കിഷ്ടം. ഈ സമയത്ത് അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം.

വൈവിധ്യം ആഹാരത്തിലും
കുട്ടി മടുപ്പു കാണിക്കാതിരിക്കാൻ ആഹാരത്തിന്റെ നിറം, രുചി, മണം, രൂപം എന്നിവയിൽ വൈവിധ്യം നിലനിർത്തണം. ഉദാഹരണത്തിന് ഒരു ദിവസം ബ്രേക്ഫാസ്റ്റിനു ദോശയാണെങ്കിൽ അടുത്ത ദിവസം ദോശമാവുകൊണ്ട് പീറ്റ്സ (മിനി പീറ്റ്സ) കളുണ്ടാക്കി പച്ചക്കറികളും പാൽക്കട്ടിയും വച്ചു നൽകാം. ദിവസവും അരലിറ്റർ പാൽ പാട നീക്കി നൽകണം. പാലിൽ കാത്സ്യവും പ്രോട്ടീനും ഉണ്ട്. കൊഴുപ്പും കലോറിയും കൂടുതലുളള ജങ്ക്ഫുഡുകൾ കർശനമായ നിയന്ത്രിക്കണം.

ഫ്രൂട്ട് സ്നാക്ക്സ്
പത്തുമണിക്കു കഴിക്കാൻ കുട്ടിക്കു നൽകുന്ന സ്നാക്ക് ഇനി ആപ്പിൾ, ഓറഞ്ച്, മുന്തിരി ഇവയിലേതെങ്കിലുമാക്കൂ. ബിസ്ക്കറ്റിൽ കൊഴുപ്പും കലോറിയും കൂടുതലാണ്. അതിനാൽ അവ കുറയ്ക്കാം. നന്നായി വ്യായാമം ചെയ്യുന്ന കുട്ടിയാണെങ്കിൽ അൽപം കലോറി കൂടിയെന്നു കരുതി പേടിക്കാനുമില്ല.

ചെറുപയർ മുളപ്പിച്ചത്, കടലമിഠായി, എളളുണ്ട, ഇവയെല്ലാം ആരോഗ്യകരമായ സ്നാക്കുകളാണ്. പഞ്ചസാര കൂടുതലടങ്ങിയ ശീതളപാനിയങ്ങൾ കുറയ്ക്കണം. ഇവ ശരീരത്തിലെ കാത്സ്യത്തിന്റെ ആഗിരണം കുറയ്ക്കാൻ കാരണമാകും. പ്രായപൂർത്തിയാകുമ്പോൾ ഓസ്റ്റിയോപൊറോസിസ് പോലുളള രോഗങ്ങൾ വരാൻ ഇതു കാരണമാകും.

ലഞ്ചും പച്ചക്കറികളും
ഉച്ചഭക്ഷണത്തിൽ ഇലക്കറികൾ സമൃദ്ധമായി വേണം. ചോറും മീനും പച്ചക്കറിത്തോരനും ഉച്ചയ്ക്കു നൽകാം. അടുത്തദിവസം കറിയായി തൈരും സാമ്പാറും അവിയലും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുട്ട നൽകാം. മീനും ഇറച്ചിയും മിതമായി നൽകുന്നതിനു കുഴപ്പമില്ല.

ദിവസവും കുറഞ്ഞത് ഒന്നര ടീസ്പൂൺ വീതം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പയറു പരിപ്പു വർഗങ്ങളും കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുരിങ്ങയില, പാലക്, ചീരകൾ എന്നിങ്ങനെ ഇലക്കറികൾ ഉൾപ്പെടുത്താം. വലുതാകും തോറും അതിന്റെ അളവു കൂട്ടിക്കൊണ്ടു വരണം.

ടിഫിൻബോക്സ് വൃത്തിയോടെ
സ്റ്റീൽ പാത്രങ്ങളാണ് ടിഫിൻബോക്സായി ഉപയോഗിക്കാൻ നല്ലത്. ടിഫിൻബോക്സ് അന്നന്നു തന്നെ നന്നായി വൃത്തിയാക്കി വയ്ക്കണം.

വിവരങ്ങൾക്കു കടപ്പാട്
ലീന വർഗീസ്
ഡയറ്റ് കൺസൽട്ടന്റ് ആൻഡ് ന്യൂട്രീഷനിസ്റ്റ്
കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം