Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറ്റ് വൈൻ കുടിച്ചാൽ?

white-wine

വൈറ്റ് വൈൻ കുടിക്കുന്നത് ചർമാർബുദമായ മെലനോമയ്ക്ക് കാരണമാകുമെന്നു പഠനം. ലോകത്താകമാനമുള്ള 3.6 ശതമാനം അർബുദത്തിനും മദ്യോപയോഗവുമായി ബന്ധമുണ്ട്. പ്രത്യേകിച്ചും അന്നനാളം, കരൾ, പാൻക്രിയാസ്, മലാശയം, മലദ്വാരം എന്നിവിടങ്ങവിലുണ്ടാകുന്ന അർബുദം മദ്യോപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മദ്യത്തിലടങ്ങിയ എഥനോളിന് ഉപാപചയം സംഭവിച്ച് അസെറ്റാൽഡിഹൈഡ് ആയി മാറുന്നത് അർബുദത്തിനു കാരണമാകുമെന്ന് മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇത് ഡിഎൻഎയെ തകരാറിലാക്കും.

യുഎസിലെ ബ്രൗൺ സർവകലാശാല ഗവേഷകർ മൂന്ന് കോഹോർട്ട് പഠനങ്ങളിലെ വിവരങ്ങൾ അപഗ്രഥിച്ചു. 18 വർഷങ്ങളായി രണ്ടുലക്ഷത്തിൽപ്പരം പേരിൽ നടത്തിയ പഠനങ്ങളാണു പരിശോധിച്ചത്. ആൽക്കഹോൾ ഉപയോഗം മനസ്സിലാക്കാൻ ഫുഡ് ഫ്രീക്വൻസി ക്വസ്റ്റ്യനെയർ ഉപയോഗിച്ചു.

ദിവസവും ഓരോതവണ മദ്യം ഉപയോഗിക്കുമ്പോഴും മെലനോമയ്ക്കുള്ള സാധ്യത 14 ശതമാനം വർധിക്കുന്നു. വൈറ്റ് വൈൻ ദിവസവും ഉപയോഗിച്ചാൽ 13 ശതമാനമാണ് മെലനോമയ്ക്കുള്ള സാധ്യത. ആൽക്കഹോളിന്റെ മറ്റു രൂപങ്ങളായ ബിയർ, ചുവപ്പു വൈൻ, മദ്യം ഇവ ഉപയോഗിക്കുന്നതുമൂലം മെലനോമയ്ക്കുള്ള സാധ്യതയില്ല എന്നും പഠനം പറയുന്നു.

സൂര്യപ്രകാശം വളരെക്കുറച്ച് മാത്രം ഏൽക്കുന്ന ശരീരഭാഗങ്ങളിലാണ് മദ്യോപയോഗം മൂലമുള്ള മെലനോമയ്ക്ക് സാധ്യത കൂടുതൽ.

വൈറ്റ് വൈൻ മാത്രമാണ് ചർമത്തിലെ അർബുദമായ മെലനോമയ്ക്കുള്ള സാധ്യത കൂട്ടുന്ന പാനീയം എന്നത് അതിശയകരമാണെന്ന് പഠനത്തിനു നേതൃത്വം നൽകിയ ബ്രൗൺ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ യൂൻയങ് ചോ പറയുന്നു. ബിയറിലോ സ്പിരിറ്റിലോ ഉള്ളതിനെക്കാൾ അധികം അസെറ്റാൽഡിഹൈഡ് ചില വൈനിൽ ഉള്ളതാകാം രോഗസാധ്യതയ്ക്കു കാരണം. റെഡ് വൈനിലും വൈറ്റ് വൈനിലും അസെറ്റാൽഡിഹൈഡിന്റെ അളവ് ഏകദേശം ഒരുപോലെയാണ്. എന്നാൽ ചുവപ്പ് വൈനിലടങ്ങിയ നിരോക്സീകാരികൾ രോഗസാധ്യത ഇല്ലാതാക്കുന്നു.

ആൽക്കഹോളിന്റെ മിതമായ ഉപയോഗം ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതായും ചോ പറഞ്ഞു. കാൻസർ എപ്പിഡെമിയോളജി, ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷൻ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.