Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കുഞ്ഞു’ രോഗങ്ങൾക്ക് ഹോമിയോ

170614987

കുട്ടികളുടെ കളിയും ചിരിയും നിറഞ്ഞതാണ് വീടുകൾ. എന്നാൽ കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നാലോ? പകർച്ചവ്യാധിയും അല്ലാത്തതുമായ വളരെയധികം രോഗങ്ങൾ കുട്ടികളെ ബാധിക്കാറുണ്ട്. അവയിൽ വൈറസ് മൂലവും ബാക്ടീരിയ മൂലവും ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

വൈറൽ പനിക്കു മരുന്നുകൾ

സർവസാധാരണമായി കുട്ടികളിൽ കണ്ടുവരുന്നതാണ് ഇൻഫ്ലുവൻസ അഥവാ വൈറൽ പനി. പകർച്ചവ്യാധിയായ ഒരു വൈറൽ രോഗമാണിത്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം എന്നിവയാണ് സാധാരണ കണ്ടുവരുന്ന പ്രാരംഭ ലക്ഷണങ്ങൾ. കുട്ടികളിൽ വയറുവേദനയും വയറിളക്കവും ഇതോടൊപ്പം കാണാറുണ്ട്.

ഹോമിയോപ്പതിയിൽ രോഗിയുടെ ശാരീരിക മാനസികലക്ഷണങ്ങൾ കണക്കിലെടുത്താണ് ചികിത്സ നിർണയിക്കുന്നത്. ഓരോ വ്യക്തിയുടെയും പ്രത്യേകത അനുസരിച്ചു നൽകുന്ന മരുന്നിലും വ്യത്യാസം ഉണ്ടാകും. അല്ലിയം സെപ്പാ, ആഴ്സ് ആൽബ്, യൂഫ്രേഷ്യ, യൂപ്പാറ്റോറിയം, ബ്രയോണിയ, ബെല്ലഡോണ മുതലായ മരുന്നുകൾ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നു.

വൈറൽ അസുഖമായതു കൊണ്ടു തന്നെ പ്രതിരോധ ഔഷധങ്ങൾ കഴിച്ചാൽ അസുഖം വരാതെ നോക്കുകയും ചെയ്യാം.

മീസിൽസ്/അഞ്ചാംപനി (Measles)

കുട്ടികളിൽ കണ്ടുവരുന്ന പ്രധാന പകർച്ചവ്യാധിയായ വൈറൽ അസുഖമാണ് മീസിൽസ് അഥവാ അഞ്ചാംപനി. പനി, ക്ഷീണം, മൂക്കൊലിപ്പ്, കണ്ണിൽ ചുമപ്പുനിറം എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ, ലക്ഷണങ്ങൾ ആരംഭിച്ച് മൂന്നു മുതൽ അഞ്ചു ദിവസത്തിനകം ശരീരത്ത് ചെറിയ ചുവന്ന കുരുക്കൾ വരും. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആന്റിംടാർട്ട്, പൾസാറ്റില, ബ്രയോണിയ, ബെല്ലഡോണ മുതലാ‌യ മരുന്നുകൾ ഗുണം ചെയ്യും.

മുണ്ടിനീരിന് ബെല്ലഡോണ

പരോട്ടിഡ് ഗ്ലാൻഡ് എന്ന ഉമിനീർ ഗ്രന്ഥിയെ ബാധിക്കുന്ന ഒരു വൈറൽ അസുഖമാണ് മംപ്സ് അഥവാ മുണ്ടിനീര്. പനി, ശരീരവേദന, കവിളിൽ ചെവിയുടെ താഴെഭാഗത്ത് വേദനയോടു കൂടിയ തടിപ്പ്, വായ് തുറക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, ക്ഷീണം മുതലായവയാണ് രോഗലക്ഷണങ്ങൾ. ഇതിന്റെ സങ്കീർണതയായി (complication) ആൺകുട്ടികളിൽ വൃഷണത്തിലും പെൺകുട്ടികളിൽ അണ്ഡാശയത്തിലും വീക്കം (inflammation) ഉണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയുണ്ടായാൽ ഭാവിയിൽ വന്ധ്യതയ്ക്കു കാരണമാകാം. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മെർക്സോൾ, പരോറ്റിഡിനം ബെല്ലഡോണ, പൾസാറ്റില മുതലായ ഔഷധങ്ങൾ ഫലം ചെയ്യുന്നു.

ടോൺസിലൈറ്റിസ് (Tonsilitis)

ടോൺസിലുകൾ ചുമന്ന് വലുതാകുക, തൊണ്ടവേദന, പനി, കുളിര്, വിഴുങ്ങാനുള്ള പ്രയാസം, ശബ്ദവ്യത്യാസം, ദുർഗന്ധമുള്ള ശ്വാസം, ചെവിവേദന, തലവേദന മുതലായവ ഉണ്ടാകും. ഹോമിയോപ്പതി ചികിത്സാവഴി ശാസ്ത്രക്രിയ കൂടാതെ ടോൺസിലൈറ്റിസ് പൂർണമായി സുഖപ്പെടുത്തുന്നതിനു സാധിക്കും. ഹെപ്പാർസൾഫ്,  ലാക്കസിസ്, ബെല്ലഡോണ, കാലി കാർബ് മുതലായ ഔഷധങ്ങൾ രോഗലക്ഷണങ്ങളുടെയും രോഗിയുടെ പ്രത്യേകതകളുടെയും അടിസ്ഥാനത്തിൽ ഉപയോഗിക്കാം.

വയറിളക്ക രോഗങ്ങൾ

ഒന്നിൽ കൂടുതൽ രോഗകാരണങ്ങളാൽ വയറിളക്കരോഗങ്ങൾ വരാം. ബാക്ടീരിയ, വൈറസ്, പരാദജീവികൾ (Parasites) എന്നിവ വയറിളക്കം ഉണ്ടാക്കാറുണ്ട്. മലിനമായ ഭക്ഷണവും വെള്ളവും വഴിയാണ് പകരുക.

കോളറ

വിബ്രിയോ കോളറ എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു വയറിളക്ക രോഗമാണു കോളറ. വളയറിളക്കവും ഛർദിയുമാണ് പ്രധാന ലക്ഷണങ്ങൾ. കഞ്ഞിവെള്ളം പോലെ മലം ഇളകിപ്പോകുക ഒരു പ്രധാന ലക്ഷണമാണ്. ശരീരവേദനകളും അതിയായ ക്ഷീണവും ഉണ്ടാകും.

വയറിളക്ക രോഗങ്ങളിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നിർജലീകരണം തടയുകയെന്നതാണ്. അതിനായി ഒ. ആർ. എസ് ലായനിയോ കഞ്ഞിവെള്ളത്തിൽ ഉപ്പു ചേർത്തോ ധാരാളം നൽകണം. ആർസ് ആൽബ്, പോഡോഫില്ലം വെറാട്രം ആൽബ്, മെർക്ക് കോർ മുതലായ മരുന്നുകൾ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഉപയോഗിക്കാം.

ശ്വാസകോശരോഗങ്ങൾ

സാധാരണ ജലദോഷം, ബ്രോങ്കൈറ്റിസ്, ആസ്മ തുടങ്ങി ക്ഷയരോഗം വരെ കുട്ടികളിൽ കാണാറുണ്ട്. ആർസ് ആൽബ്, ഹെപ്പാർസൾഫ്, ബ്രയോണിയ, കാലി കാർബ്, അല്ലിയംസെപ്പാ തുടങ്ങിയ ഓഷധങ്ങൾ ‌ലക്ഷണങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാം.

ചെവി സംബന്ധമായ അസുഖങ്ങൾ

കുട്ടികളിൽ അസഹ്യമായ വേദന ഉണ്ടാകുന്നതാണ് ചെവി സംബന്ധമായ അസുഖങ്ങൾ. ഒരു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ചിലപ്പോള്‍ പനിയായിരിക്കും ആദ്യലക്ഷണം. പൾസാറ്റില, വെർബാസ്കം, മെർക്ക് സോൾ. സെലീഷ്യ മുതലായ മരുന്നുകൾ കഴിക്കാം.

ചിക്കൻപോക്സ് (Chickenpox)

മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും സാധാരണയായി കണ്ടുവരുന്ന വൈറൽ രോഗമാണ് ചിക്കൻപോക്സ്. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ റെസ്ട്ടോക്, തൂജ, പൾസാറ്റില ആന്റിംടാര്‍ട്ട് മുതലായ മരകുന്നുകൾ ഫലപ്രദമാണ്.

ത്വക് രോഗങ്ങൾ

വിവിധ തരത്തിലുള്ള ത്വക് രോഗങ്ങള്‍ കുട്ടികളെ ബാധിക്കാറുണ്ട്, അരിമ്പാറ, പാലുണ്ണി, പുഴുക്കടി തുടങ്ങിയിവയും ധാരാളം കാണാറുണ്ട്. ഓരോ ത്വക് രോഗങ്ങളുടെയും ലക്ഷണങ്ങളുടെയും രോഗിയുടെ പ്രത്യേ‍കതകളുടെയും അടിസ്ഥാത്തില്‍ ഹോമിയോപ്പതി മരുന്ന് ഫലപ്രദമായി ഉപയോഗിക്കാം സൾഫർ, ഗ്രാഫൈറ്റിസ് ഹെപ്പാർ സൾഫ്, മെർക്ക് സോൾ തുടങ്ങിയ മരുന്നുകൾ ഉപയോഗിച്ചു വരുന്നു.

ഡോ. വി. കെ. പ്രിയദർശിനി
ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ), കൊല്ലം