Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യം കൂട്ടാൻ ഹോമിയോ മാർഗങ്ങൾ

homeo-beauty

മുഖം മനസിന്റെ കണ്ണാടി എന്ന പഴമൊഴി തികച്ചും അർഥവത്താണ്. മനസിലെ വിഷമം, ദേഷ്യം, സന്തോഷം തുടങ്ങിയ എല്ലാ വികാരങ്ങളും മുഖത്തു കൃത്യമായി പ്രതിഫലിക്കുമല്ലോ. എന്നാൽ സ്ത്രീകളിൽ സൗന്ദര്യത്തിന്റെ കൂടെ കണ്ണാടിയാണു മുഖം.

കാർമേഘം പോലെ കൂന്തൽ

സ്ത്രീകളെ സംബന്ധിച്ച് മുഖം പോലെ തന്നെ പ്രധാനമാണു തലമുടിയും. മുഖം സുന്ദരമായിരുന്നാലും തലമുടി ഇല്ലെങ്കിൽ സൗന്ദര്യത്തിന്റെ മാറ്റ് കുറയും. അതിനാൽ ചെറുപ്പം മുതൽ തന്നെ സംരക്ഷിക്കേണ്ടതാണ് തലമുടിയുടെ ആരോഗ്യം. മുടിയുടെ പ്രധാന പ്രശ്നങ്ങൾ താരനും മുടി കൊഴിച്ചിലുമാണ്. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. താരനുണ്ടെങ്കിൽ മുടികൊഴിച്ചിലും ഉണ്ടാകും. ഫംഗസ് ഇൻഫെക്ഷൻ, വരണ്ട ചർമം മുതലായ പലകാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം. താരൻ ചികിത്സിച്ചു മാറ്റിയാൽ മുടികൊഴിച്ചിൽ താനേ മാറും. രോഗിയുടെ പ്രത്യേകതകൾ അനുസരിച്ചു സൾഫർ, ഫോസ്ഫറസ്, തൂജ മുതലായ മരുന്നുകൾ കഴിക്കാം. കൂടാതെ ബാഡിയാഗാ ടിൻഞ്ചർ എണ്ണയിൽ ചേർത്തു തലയോട്ടിയിൽ തേച്ചു 10 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം. അർനിക്കാ ഹെയർഓയിൽ, ജബറൺഡി ഹെയർ ഓയിൽ എന്നിവ സ്ഥിരമായി ഉപയോഗിച്ചാൽ താരനും മുടികൊഴിച്ചിലും മാറുന്നതിനും തലമുടി നന്നായി വളരുന്നതിനും സഹായിക്കും. കറ്റാർവാഴയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മരുന്നുകൾ ചർമത്തിനും തലമുടിക്കും ഒരുപോലെ ഗുണകരമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തലമുടിയിൽ രാസപദാർഥങ്ങൾ അടങ്ങിയ കളറിങ്, സ്ട്രെയിറ്റനിങ് മുതലായവ കഴിവതും ഒഴിവാക്കുക.

അമിതമായി ഷാംപൂ ഉപയോഗിക്കരുത്.

കെമിക്കൽ ഷാംപൂവിനെക്കാൾ ഹെർബൽ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്.

മുഖക്കുരുവിന് ഗുളികയും ക്രീമും

സ്ത്രീകളിൽ മുഖത്ത് ഉണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നം മുഖക്കുരു തന്നെയാണ്. പെൺകുട്ടികളിൽ മാത്രമല്ല ആൺകുട്ടികളിലും കൗമാരപ്രായമാകുന്നതോടെ മുഖക്കുരു പ്രത്യക്ഷപ്പെട്ടു തുടങ്ങും. രോഗലക്ഷണങ്ങൾക്കു സമാനമായ ലക്ഷണങ്ങൾ ആരോഗ്യമുള്ള ശരീരത്തിൽ ഉണ്ടാക്കാൻ കഴിവുള്ള മരുന്നുകളാണു ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങൾ കൂടാതെ ഓരോ വ്യക്തിയുടെയും പ്രത്യേകതകൾ കൂടെ കണക്കിലെടുത്താണു ചികിത്സ. പൾസാറ്റില, നാട്രംമോർ, ബെറിബെറീസ് അക്യൂഫോളിയം, ഫോസ്ഫറസ്, സെപ്പിയ, കോസ്റ്റിക്കം തുടങ്ങി നിരവധി ഔഷധങ്ങൾ രോഗലക്ഷണങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കുന്നു. ബെറിബെറിസ് അക്യുഫോളിയം, കലെൻഡുല തുടങ്ങിയ ഔഷധങ്ങൾ അടങ്ങിയ ഫേസ്ക്രീമുകളും ഏറെ ഗുണം ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണമയമുള്ള ചർമമുള്ളവർ ഇടയ്ക്കിടയ്ക്കു ശുദ്ധമായ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. സോപ്പിനെക്കാൾ കടലമാവോ, പയറുപൊടിയോ ആണ് കൂടുതൽ ഉചിതം.

മുഖക്കുരു നഖം കൊണ്ടു ഞെക്കിപ്പൊട്ടിക്കാതിരിക്കുക. ഇങ്ങനെ ചെയ്താൽ കറുത്ത പാട് കൂടുതലാകും

ധാരാളം വെള്ളം കുടിക്കുക.

കണ്ണിനു ചുറ്റുമുള്ള കറുപ്പിന് ചികിത്സ

മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും കട്ടി കുറഞ്ഞ ചർമമാണു കണ്ണിനു ചുറ്റുമുള്ളത്. ഈ ഭാഗത്തെ രക്തക്കുഴലുകൾ ചർമത്തിലൂടെ കാണുന്നതാണു കറുത്ത നിറത്തിനു കാരണം. പാരമ്പര്യം, അനീമിയ, അലർജി, ആസ്തമ, ചില മരുന്നുകൾ, ഉറക്കക്കുറവ് മൂലമുള്ള ക്ഷീണം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഈ പ്രശ്നം ഉണ്ടാകാം. ചികിത്സയിൽ അടിസ്ഥാനപരമായ രോഗങ്ങളായ അലർജി, ആസ്തമ, കരൾ സംബന്ധമായ അസുഖങ്ങൾ എന്നിവ ചികിത്സിച്ചു മാറ്റുക എന്നതാണു പ്രധാനം. ആഴ്സ് ആൽബ്, ചൈന, ലൈകോ പോഡിയം, നാട്രം കാർബ്, നക്സ് വോമിക്ക, റെസ്റ്റോക്സ് തുടങ്ങിയ മരുന്നുകൾ രോഗലക്ഷണങ്ങളും രോഗിയുടെ പ്രത്യേകതകളും അനുസരിച്ച് ഉപയോഗിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ധാരാളം വെള്ളം കുടിക്കുക

നന്നായി ഉറങ്ങുക. 7—8 മണിക്കൂർ സുഖമായി ഉറങ്ങി ശീലിക്കുക.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ആറുമാസം ഇടവിട്ടെങ്കിലും പരിശോധിക്കുക.

കണ്ണിൽ എസ്െ പാക്ക് വയ്ക്കുന്നതു താൽക്കാലിക ശാന്തി നൽകും

പഞ്ചസാര, കഫീൻ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.

മുഖത്തെ നിറവ്യത്യാസം

വളരെ സാധാരണയായി സ്ത്രീകളുടെ മുഖത്തു കണ്ടുവരുന്ന നിറവ്യത്യാസമാണു കോളാസ്മ അല്ലെങ്കിൽ മെലാസ്മ. ഇതിനെ കരിമംഗലം എന്നു സാധാരണയായി പറയുന്നു. ചുറ്റുമുള്ള ചർമത്തെക്കാൾ കൂടുതൽ ബ്രൗൺ നിറത്തിലുള്ള അടയാളം ആണിത്. ഇതു നെറ്റിയിലും കവിളിലും ചുണ്ടിന്റെ മുകൾഭാഗങ്ങളിലുമാണു കാണുന്നത്. ഗർഭിണികളിലും കാണാറുണ്ട്. ഗർഭിണികളിൽ പ്രസവശേഷം കുറച്ചുമാസങ്ങൾ കൊണ്ട് ഇത് അപ്രത്യക്ഷമാകും. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവർ അവ നിർത്തിക്കഴിഞ്ഞാൽ തനിയെ മാറും. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക. ആഴ്സനിക് ആൽബ്, സെപ്പിയ, സൾഫർ, കോളോഫൈലം, ലൈക്കോപോഡിയം മുതലായ മരുന്നുകൾ രോഗലക്ഷണങ്ങൾക്കും രോഗിയുടെ പ്രത്യേകതകൾക്കും അനുസരിച്ച് ഉപയോഗിക്കുന്നു.

പാലുണ്ണിയും അരിമ്പാറയും

പാലുണ്ണി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുമെങ്കിലും മുഖത്തു സാധാരണയായി കാണാറുണ്ട്. തിളക്കമുള്ള മൃദുവായ ചെറിയ കുരുക്കൾക്ക് 2 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെ വലുപ്പം ഉണ്ടാകും. കുരുക്കൾക്കകത്തു മെഴുകുപോലുള്ള വസ്തുക്കൾ ഉണ്ടാകും. നടുഭാഗം അകത്തേക്ക് അൽപം കുഴിഞ്ഞും കാണപ്പെടും. സാധാരണ ഗതിയിൽ ചികിത്സ നൽകിയില്ലെങ്കിലും തനിയെ മാറാറുണ്ട്. ഒരിക്കൽ പാലുണ്ണി വന്നിട്ടുള്ളവർക്ക് വീണ്ടും വരാൻ സാധ്യതയുണ്ട്. കൽക്കേരിയ കാർബ്, കാർസിനോസിൻ, സൈലീഷിയ, തൂജ മുതലായ മരുന്നുകൾ ലക്ഷണങ്ങൾക്കും രോഗിയുടെ പ്രത്യേകതകൾക്കും അനുസരിച്ച് ഉപയോഗിക്കാം.

വൈറസ് മൂലമുണ്ടാകുന്ന മറ്റൊരു അണുബാധയാണ് വാർട്ട് അഥവാ അരിമ്പാറ. മറ്റു ശരീരഭാഗങ്ങളിലും മുഖത്തും അരിമ്പാറ വരാറുണ്ട്. ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് ഇതിനു കാരണം. പലതരത്തിലുള്ള അരിമ്പാറകൾ ഉണ്ട്. ഇവയിൽ ഫ്ളാറ്റ് വാർട്ട്സ്, ഫില്ലിഫോം വാർട്ട്സ് എന്നിവയാണു സാധാരണ മുഖത്തു വരാറുള്ളത്. മറ്റു വൈറൽ അണുബാധകളെ പോലെ വാർട്ട്സും പകരുന്നതാണ്. തൂജ, നാട്രാംമോർ, ഡൽക്കാമന, കോസ്റ്റിക്കം മുതലായ മരുന്നുകൾ ഉപയോഗിക്കാം.

മുഖത്തെ പുഴുക്കടി

ചർമത്തിലുണ്ടാകുന്ന ഫംഗസ് ഇൻഫെക്ഷൻ ആണു ടീനിയ. വട്ടത്തിൽ ചെറിയ റിംഗിന്റെ രൂപത്തിൽ വരുന്നതു കൊണ്ട് ഇതിനെ റിംഗ്വേം ഇൻഫെക്ഷൻ എന്നു പറയുന്നു. പുഴുക്കടി എന്നും ഇത് അറിയപ്പെടുന്നു. മുഖത്ത് ഉണ്ടാകുന്നതിനെ ടീനിയ ഫേഷ്യലേ എന്നു പറയുന്നു. ചൊറിച്ചിലും ഉണ്ടാകും. ആഴ്സ് ആൽബ്, ബാസിലിനം, ട്യൂബർകുലിനം, ടെലൂറിയം, സൾഫർ മുതലായ മരുന്നുകൾ രോഗിയുടെ പ്രത്യേകതകൾക്കും രോഗലക്ഷണങ്ങൾക്കും അനുസരിച്ച് ഉപയോഗിക്കാം.

ഡോ. വി. കെ. പ്രിയദർശിനി

ജില്ലാ മെഡിക്കൽ ഓഫിസർ (ഹോമിയോ)

കൊല്ലം.