Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളസ്ട്രോളിന് ഹോമിയോ ചികിത്സ

homeo-tablet

കൊളസ്ട്രോൾ, കൊഴുപ്പ് ഇവയൊക്കെ ആധുനിക മനുഷ്യന്റെ പേടിസ്വപ്നമാണ്. ഇവയെപ്പറ്റിയുള്ള ശരിയായ അറിവു സാമാന്യജനത്തിന് വളരെ അത്യാവശ്യമായിരിക്കുന്നു. എന്നാൽ, കൊളസ്ട്രോളിനെപ്പറ്റിയുള്ള അകാരണഭയം ഒഴിവാക്കാൻ ചില സത്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. അശാസ്ത്രീയമായ കൊഴുപ്പു കുറയ്ക്കൽ അതു ഭക്ഷണം നിയന്ത്രിച്ചായാലും മരുന്നുകൾ വഴി ആയാലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. തലച്ചോറിന്റെ അറ്റകുറ്റപ്പണികൾക്കു കൊളസ്ട്രോൾ അത്യാവശ്യമാണ്. ശരീരത്തിനാവശ്യമായ വിറ്റാമിനുകളും കൊഴുപ്പിൽ കൂടിയാണു ശരീരത്തിൽ പ്രവേശിക്കുന്നത്. ഹോർമോൺ (പ്രത്യേകിച്ചു സ്ത്രീകളിൽ) പ്രവർത്തനം അഥവാ സന്തുലിതാവസ്ഥ നിലനിർത്താൻ കൊളസ്ട്രോൾ ആവശ്യമാണ്.

ഹോമിയോപ്പതി ചികിത്സ

ഇതെല്ലാം വ്യക്തമാക്കുന്നതു രക്തപരിശോധനയിൽ കൊളസ്ട്രോൾ കൂടുതൽ എന്നു മനസ്സിലാക്കി അടുത്ത നിമിഷം മുതൽ കൊളസ്ട്രോൾ കുറയുന്ന ഔഷധങ്ങൾ കഴിച്ചു തുടങ്ങി, വീണ്ടും പരിശോധിച്ചു കുറഞ്ഞതായി ഉറപ്പു വരുത്തുന്നതു സമർഥമായ ചികിത്സാവിധിയല്ല. അവിടെയാണു ഹോമിയോപ്പതി ചികിത്സയുടെ പ്രയോജനം. കരൾ കൊളസ്ട്രോൾ നിർമിക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്ന തന്മാത്രകൾ ഉപയോഗിച്ചു രക്തത്തിലെ അളവു സാങ്കേതികമായി കുറച്ചുനിർത്തുന്നതിനു പകരംരോഗിയുടെ ശരീരത്തിലെ മുഴുവൻ ഉപാപചയപ്രവർത്തനത്തെയും സന്തുലിതപ്പെടുത്തി കൊളസ്ട്രോൾ നിയന്ത്രിക്കുകയാണു ഹോമിയോപ്പതി ഔഷധങ്ങൾ ചെയ്യുന്നത്. സ്വാഭാവികമായും കോൺസ്റ്റിട്യൂഷനൽ ചികിത്സ എന്ന ഈ പ്രക്രിയയ്ക്കു സമയം കൂടുതൽ എടുക്കും. എന്നാൽ ഈ സമയപരിധി മറികടക്കാൻ ഇന്നു ഹോമിയോപ്പതിയിൽ നൂതന ഔഷധങ്ങൾ കൊണ്ടു കഴിയും. മുമ്പു വിദേശത്തു മാത്രം ലഭ്യമായിരുന്ന പല ഔഷധങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമാണ്. സ്ട്രഫാൻന്തസ്, കുർക്കുമ ലോങ്ങ തുടങ്ങിയ ഔഷധങ്ങൾ കൊളസ്ട്രോൾ വരുതിയിൽ നിർത്താൻ സഹായിക്കുന്നവയാണ്. ഗാർസീനിയ, അലിയം ഉർസാനിയം തുടങ്ങിയവ ടിങ്ചർ രൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത് കൊളസ്ട്രോൾ ചികിത്സസുഗമമാക്കുന്നു. കൊളസ്ട്രോളിന്റെ പ്രത്യേക ഘടകങ്ങൾ മാത്രം ഉയർന്നു നിൽക്കുന്ന രോഗാവസ്ഥ ഭേദമാക്കാൻ പുതിയ ഔഷധങ്ങൾ കൊണ്ട് സാധിക്കും. ഗ്ലൈസറിയ ഗ്ലാബ്ര ശ്രേണിയിൽപ്പെട്ട ഔഷധങ്ങൾ വളരെ ഫലപ്രദമാണ്.

കുറയുന്നത് ഹൃദ്രോഗ സാധ്യത

ഹൃദ്രോഗസാധ്യത കൊണ്ടാണു ചീത്ത കൊളസ്ട്രോൾ വർധിച്ച അവസ്ഥ ഗൗരവമാകുന്നത്. കോൺസ്റ്റിട്യൂഷനൽ ചികിത്സയും ഒപ്പം കൊളസ്ട്രോൾ നിയന്ത്രണ ഔഷധങ്ങളും ഉപയോഗിക്കുമ്പോൾ ഹോമിയോപ്പതിയിൽ ഹൃദ്രോഗസാധ്യതയാണു കുറയുന്നത്.

അശാസ്ത്രീയമായ കൊഴുപ്പു നിയന്ത്രണവും ഔഷധപ്രയോഗവും നിമിത്തം രോഗിക്കു പല പ്രധാന പോഷകങ്ങളും ലഭ്യമല്ലാതെ വരും. ഇതു ശരീരം ദരിദ്ര അവസ്ഥയിലേക്കു മാറാൻ കാരണമാകാം. ചോറും ഗോതമ്പും ഒക്കെ കൊഴുപ്പാക്കി മാറ്റി ഈ അവസ്ഥ നേരിടാൻ ശരീരം ശ്രമിക്കും. മാത്രമല്ല ഹൃദ്രോഗസാധ്യത വർധിക്കാനും സാധ്യതയുണ്ട്. ഹോമിയോപ്പതിയിലെ ചികിത്സ ലക്ഷ്യമിടുന്നത് ശരീര ഉപാപചയ പ്രവർത്തനങ്ങളുടെ സന്തുലിതാവസ്ഥയെയാണ്.

രോഗിയുടെ മൊത്തത്തിലുള്ള ശാരീരിക, മാനസ്സിക, ജനിതകഘടകങ്ങളെക്കൂടി പരിഗണിച്ചുള്ള ഹോമിയോപ്പതി ചികിത്സ കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം ഹൃദ്രോഗ (കോറോണറി ആർട്ടറി ഡിസീസ്) സാധ്യതയും കുറയ്ക്കുന്നു.

ഹോമിയോപ്പതി ചികിത്സ ലക്ഷ്യമിടുന്നത്

അശാസ്ത്രീയവും കഠിനവുമായ കൊഴുപ്പു നിയന്ത്രണവും ഔഷധപ്രയോഗവും നിമിത്തം രോഗിക്ക് പ്രധാന പോഷകങ്ങൾ ലഭിക്കാതെ വരാം. ശരീരം ദരിദ്രഅവസ്ഥ വന്നാൽ ചോറും ഗോതമ്പും പോലും കൊഴുപ്പാക്കി മാറ്റാൻ ശരീരം ശ്രമിക്കും. ഇത് ഹൃദ്രോഗസാധ്യത കൂട്ടും. ശരീരത്തിന്റെ ഈ ബാലൻസ് തെറ്റാതെ സന്തുലിതാവസ്ഥ ഉണ്ടാക്കാനാണ് ഹോമിയോപ്പതിയുടെ ശ്രമം.

ഡോ. വി. സജീവ് അമ്പാടി സീനിയർ കൺസൾട്ടന്റ്, ഹോമിയോപ്പതിക് കാർഡിയോളജി വിഭാഗം, എഐഎച്ച്എംഎസ്