Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർക്കടകത്തിൽ മാത്രം മതിയോ ചികിത്സ?

karkidakom-treatment

കേരളത്തെ സംബന്ധിച്ച് കനത്ത മഴയും വെള്ളപ്പൊക്കവും തൊഴിലില്ലായ്മയും ഉണ്ടായിരുന്ന കാലമാണ് കർക്കടക മാസം. പട്ടിണിയും പരിവട്ടവും മരണവും നിറഞ്ഞു നിന്നിരുന്ന കാലം. ആരോഗ്യം ഏറ്റവും മോശമായിരുന്ന കാലം. അക്കാലത്ത് ആരോഗ്യ സംരക്ഷണത്തിനായി കേരളീയ വൈദ്യന്മാർ കണ്ടെത്തിയ ഒരുപാധിയാണ് കർക്കടകക്കഞ്ഞി. കർക്കടകമാസത്തിൽ ദിവസവും ഏതെങ്കിലും ഒരു നേരം ഭക്ഷണത്തിന് പകരം ഔഷധക്കഞ്ഞി കഴിക്കുക. മിക്കവാറും ആളുകൾ രാത്രിഭക്ഷണം ഈ ഔഷധക്കഞ്ഞിയാക്കുമായിരുന്നു. ദഹനശക്തിയും രോഗപ്രതിരോധശേഷിയും വർധിപ്പിക്കാനുതകുന്ന മരുന്നുകളാണ് ഇതിലുള്ളത്. ഇത് കൂടാതെ സാമ്പത്തിക ശേഷിയുള്ളവർ പഞ്ചകർമ ചികിത്സയും ചെയ്തിരുന്നു.

മാസം കണക്കാക്കിയാണോ ആയുർവേദ ചികിത്സ?

അല്ല. ഇത് ചികിത്സയല്ല. പ്രതിരോധമാണ്. സ്വസ്ഥവൃത്തം, ആതുരവൃത്തം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടാണ് ആയുർവേദം വിഭജിക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യം നിലനിർത്താൻ ഉള്ള നിർദേശങ്ങൾ സ്വസ്ഥവൃത്തത്തിലും രോഗം ചികിത്സിച്ചു ഭേദമാക്കാൻ ഉള്ള നിർദേശങ്ങൾ ആതുരവൃത്തത്തിലും പറയപ്പെടുന്നു. ഋതുചര്യ അനുസരിച്ച് രോഗപ്രതിരോധത്തിനുള്ള നിർദേശങ്ങളിൽ മാറ്റം വരും.

എന്താണ് ഋതുചര്യ?

രണ്ടു മാസം കൂടുന്നതാണ് ഒരു ഋതു. അത്തരം ആറു ഋതുക്കൾ ആണ് ഒരു വർഷത്തിൽ ഉള്ളത്. ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം എന്നിവയാണവ. ഇവയിൽ വസന്തം, വർഷം, ശരത് എന്നീ ഋതുക്കളിൽ ശരീരത്തിൽ ദോഷങ്ങൾ അടിഞ്ഞുകൂടി ക്രമാതീതമായി വർധിക്കുന്നു (കോപിക്കുന്നു) എന്നാണ് ആയുർവേദമതം. അതുകൊണ്ട് ആരോഗ്യം നിലനിർത്തണം എങ്കിൽ അമിതമായി വർധിച്ചവയെ പുറത്തുകളയണം. ഒപ്പം അതാത് ഋതുവിനനുസരിച്ചുള്ള ആഹാര വിഹാരങ്ങൾ ശീലിക്കുകയും വേണം. ഇതാണ് ഋതുചര്യ.

ഒരു ഋതുവിൽ കോപിക്കുന്ന ദോഷങ്ങളെ പുറത്തു കളയാൻ ഏറ്റവും പറ്റിയ സമയമാണ് ഋതുസന്ധി. ഒരു ഋതുവിന്റെ അവസാനത്തെ 7 ദിവസവും അടുത്തതായി വരുന്ന ഋതുവിന്റെ ആദ്യ 7 ദിവസവും ചേർന്ന കാലയളവാണ് ഋതുസന്ധി.

വാതം, പിത്തം, കഫം എന്നിങ്ങനെ 3 ദോഷങ്ങളാണ് ഉള്ളത്. വർഷകാലത്ത് വാതവും ശരത് കാലത്ത് പിത്തവും വസന്തത്തിൽ കഫവും കോപിക്കും. ഇവയെ യഥാക്രമം അതാത് ഋതു തുടങ്ങുമ്പോഴുള്ള ഋതുസന്ധിയിൽ ശോധിപ്പിച്ചു പുറത്തുകളയണം.

വർഷത്തിനു തൊട്ടു മുൻപുള്ള ഋതു ഗ്രീഷ്മം ആണ്. അതുകൊണ്ട് ഗ്രീഷ്മത്തിന്റെ അവസാന 7 ദിവസവും വർഷത്തിന്റെ ആദ്യ 7 ദിവസവും ആണ് ഋതുസന്ധി. ആ 14 ദിവസങ്ങളിൽ മുൻ ഋതുവിൽ ശീലിച്ച കാര്യങ്ങൾ മാറ്റി വർഷത്തിൽ വിധിച്ചിട്ടുള്ള കാര്യങ്ങൾ ചെയ്യണം.

ശരത്തിന് മുൻപുള്ള ഋതു വർഷം ആണ്. അതുകൊണ്ട് ശിശിരത്തിന്റെ അവസാന7 ദിവസവും വസന്തത്തിന്റെ ആദ്യ 7 ദിവസവും ആണ് ഋതുസന്ധി.

വസന്തത്തിന് മുൻപുള്ള ഋതു ശിശിരം ആണ്. അതുകൊണ്ട് ശിശിരത്തിന്റെ അവസാന 7 ദിവസവും വസന്തത്തിന്റെ ആദ്യ 7 ദിവസവും ആണ് ഋതുസന്ധി.

ഇവയിൽ കർക്കടകം എവിടെ വരും?

അതിന് ഋതുക്കളും ആധുനിക കലണ്ടറും തമ്മിൽ താരതമ്യം ചെയ്യണം. അതനുസരിച്ച് ജൂൺ – ജൂലൈ മാസങ്ങൾ വർഷവും, ഓഗസ്റ്റ്–സെപ്തംബർ മാസങ്ങൾ ശരത്തും ഫെബ്രുവരി – മാർച്ച് മാസങ്ങള്‍ വസന്തവും ആണ്. ഇത് ഏകദേശ കണക്കാണ്. വിശദമായി പിന്നാലെ പറയാം.

മാസം ഋതു ഋതുസന്ധി

ജൂൺ–ജൂലൈ വർഷം മേയ് അവസാന 7 ദിവസം + ജൂൺ ആദ്യ 7 ദിവസം

ഓഗസ്റ്റ്–സെപ്തംബർ ശരത്ത് ജൂലൈ അവസാന 7 ദിവസം + ഓഗസ്റ്റ് ആദ്യ 7 ദിവസം

ഫെബ്രുവരി–മാർച്ച് വസന്തം ജാനുവരി ജാനുവരി അവസാന 7 ദിവസം + ഫെബ്രുവരി ആദ്യ 7 ദിവസം

ഇതിൽ ജൂലൈ പാതിക്കു ശേഷമാണ് കർക്കടകം വരുന്നത്. അപ്പോൾ ദുഷിക്കുന്നത് പിത്തദോഷം ആണ്. അതിനെ ശോധിപ്പിച്ചു കളയാൻ കർക്കടകകാല ചര്യകൾ പര്യാപ്തമാണ്. അതേ പ്രാധാന്യം തന്നെയാണ് ഇടവപ്പാതി വരും മുൻപ് മേയ് അവസാനം മുതൽ വർഷ ഋതുചര്യയായി ചെയ്യേണ്ടതും വസന്തം വരും മുൻപ് ജനുവരി അവസാനം മുതൽ ചെയ്യേണ്ടതും. ഇങ്ങനെയായാലേ മൂന്നു ദോഷങ്ങളെയും യഥാവിധി പുറത്തു കളയാനാവൂ. അതുകൊണ്ട് മാത്രമേ ആരോഗ്യം ഉണ്ടാവുകയും ചെയ്യൂ. അതുകൊണ്ട് കർക്കടകം പോലെ പ്രാധാന്യമാണ് ഇടവവും മകരവും.