Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂൺ, കക്കായിറച്ചി ഇവ ഗർഭാശയാർബുദ സാധ്യത കൂട്ടും

Mussel  - Arikadukka

കൂൺ, കക്കായിറച്ചി ഇവ പതിവായി ഭക്ഷണത്തിലുൾപ്പെടുത്താറുണ്ടോ? ഉണ്ട് എന്നാണെങ്കിൽ അവയുടെ ഉപയോഗം കുറയ്ക്കുന്നതാകും നല്ലത്. കാരണം കൂൺ, കക്കായിറച്ചി, കരൾ ഇവയുടെ ഉപയോഗം ഗർഭാശയ അർബുദ സാധ്യത കൂട്ടുമെന്നു പഠനം.

ഗർഭപാത്രത്തിന്റെ ആവരണമായ എൻഡോമെട്രിയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഗര്‍ഭാശയ അർബുദം അഥവാ എൻഡോമെട്രിയൽ കാൻസർ. ഓരോ വർഷവും ഒമ്പതിനായിരത്തിൽപ്പരം പേർക്കാണ് ഗർഭാശയാർബുദം ബാധിക്കുന്നത്. സ്ത്രീകളിൽ കണ്ടു വരുന്ന അർബുദങ്ങളിൽ നാലാം സ്ഥാനമാണ് ഇതിനുള്ളത്.

ചില പ്രത്യേക ഭക്ഷണങ്ങൾ ഗർഭാശയാർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മിസൗറി സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കരൾ, കക്കയിറച്ചി, കൂൺ ഇവയാണ് രോഗസാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ. കൂടാതെ പുകയിലയും രോഗകാരണമാകും. ഇവയിൽ അടങ്ങിയ കാഡ്മിയം ലോഹം ആണ് രോഗസാധ്യത വർധിപ്പിക്കുന്നത്.

സ്ത്രീകൾ, കാഡ്മിയം, കൂടുതലടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് ഗവേഷകർ നിർദേശിക്കുന്നു.

കാഡ്മിയം, ഈസ്ട്രജൻ ഹോർമോണിനെപ്പോലെ പ്രവർത്തിക്കുകയും ശരീരത്തിൽ ഇതിന്റെ ഫലങ്ങളുണ്ടാകുകയും ചെയ്യുമെന്ന് പഠനത്തിനു നേതൃത്വം നൽകിയ ജയ്ൻമാക് എൻറോയ് പറയുന്നു.

കാഡ്മിയം ഈസ്ട്രജനെ അനുകരിക്കുക വഴി ഗർഭപാത്രത്തിന്റെ ആവരണമായ എൻടോമെട്രിയത്തിന്റെ വളർച്ച കൂടുകയും അങ്ങനെ ഗർഭാശയാർബുദത്തിനു കാരണമാകുകയും ചെയ്യും.

ഗർഭാശയാർബുദം ബാധിച്ച 631 സ്ത്രീകളിലും രോഗം ബാധിക്കാത്ത 879 സ്ത്രീകളിലും  അഞ്ചു വർഷം നീണ്ട പഠനം നടത്തി.

കൺട്രോൾ ഗ്രൂപ്പിലുള്ളവരിലും  അർബുദം ബാധിച്ചവരിലും കാഡ്മിയത്തിന്റെ അളവ് പരിശോധിച്ചപ്പോൾ കാഡ്മിയത്തിന്റെ അളവും അർബുദവുമായി ബന്ധമുണ്ടെന്നു കണ്ടു. കാഡ്മിയം നില ഉയർന്നവരിൽ ഗർഭാശയാർബുദത്തിനുള്ള സാധ്യത 22 ശതമാനം കൂടുതലാണെന്നു കണ്ടു.

നമ്മുടെ വൃക്കകളിലും കരളിലും കാഡ്മിയം ഉണ്ട്. എന്നാൽ പുകവലി കാഡ്മിയത്തിന്റെ അളവ് ഇരട്ടിയാക്കും,

ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ രോഗം വരാതെ നോക്കാം എന്നും കക്കായിറച്ചി, കൂൺ മുതലായ ഭക്ഷണങ്ങൾ കുറയ്ക്കുന്നത് നല്ലതായിരിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഗർഭാശയ അർബുദത്തിന്റെ കുടുംബ ചരിത്രം ഉള്ളവരും പ്രമേഹം, പൊണ്ണത്തടി ഇവയുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്ലസ്‌വൺ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.