Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭകാല രക്തസമ്മർദം ഹൃദ്രോഗസാധ്യത കൂട്ടും

x-default x-default

ഗർഭകാലത്ത് ഉയര്‍ന്ന രക്തസമ്മർദമുള്ള സ്ത്രീകൾക്ക് പിന്നീട് ഹൃദ്രോഗം, രക്താദിസമ്മർദം ഇവ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം.

അനാരോഗ്യകരമായ ജീവിതശൈലിയാണ് ഗർഭകാല രക്തസമ്മർദത്തിലേക്ക് നയിക്കുന്നത്. അമിതഭാരവും പൊണ്ണത്തടിയും ഊർജ്ജസ്വലതയില്ലായ്മയുമാണ് രക്തസമ്മർദം വരാനുള്ള പ്രധാന ഘടകങ്ങൾ.

ആദ്യമായി ഗർഭം ധരിക്കുന്നവരിലാണ് സാധാരണ കൂടിയ രക്തസമ്മർദം ഉണ്ടാകാറുള്ളത്. കൂടാതെ ഒന്നിലധികം കുഞ്ഞുങ്ങളെ ഒരേ സമയം ഗർഭം ധരിക്കുന്നതും  നാല്പതു വയസു കഴിഞ്ഞ് ഗർഭം ധരിക്കുന്നതും ഗർഭകാലത്ത് ഉയർന്ന രക്തസമ്മർദത്തിനു കാരണമാകും.

ഗർഭകാലത്ത് രക്താദിമർദമുള്ള സ്ത്രീകളിൽ രക്തസമ്മർദം ഇല്ലാത്തവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത 2.2 ഇരട്ടിയാണെന്നു തെളിഞ്ഞു. ഗർഭകാലത്തിനു ശേഷം രക്താതിമർദം (hyper tension) വരാനുള്ള സാധ്യത 5.6  ഇരട്ടി അധികമാണെന്നും കണ്ടു.

ഗർഭകാലത്ത് രക്താതിമർദ ചരിത്രമുള്ള സ്ത്രീകളിൽ ഹൃദ്രോഗസാധ്യത തടയാൻ ദീർഘകാല തുടർ പരിശോധനകൾ ആവശ്യമാണെന്ന് മക്ഗിൽ സർവകലാശാല ഗവേഷകയായ സോണി ഗ്രാൻഡി പറഞ്ഞു.

ഗർഭകാലത്തെ രക്താതിമർദം (PIH) (pregnancy induced hypertension) അമ്മയ്ക്കും കുഞ്ഞിനും പ്രീ എക്ലാംപ്സിയ ഉൾപ്പെടെ ഗുരുതരമായ സങ്കീർണതകളിലേക്കു നയിക്കാം. ആദ്യമായി ഗർഭം ധരിച്ച 1,46,748 പേരിലാണ് പഠനം നടത്തിയത്. നാലര വർഷത്തിനു ശേഷമുള്ള തുടർ പഠനത്തിൽ997 പേർക്ക് ഹൃദ്രോഗവും 6812 പേർക്ക് രക്താതിമർദവും ബാധിച്ചതായി കണ്ടു.

രക്താതിമർദം പോലുള്ള ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നേരിടാൻ ചികിത്സ മാത്രമല്ല പ്രതിരോധവും ആവശ്യമാണ്. പതിവായുള്ള ആരോഗ്യ പരിശോധനകൾ ഉപ്പിന്റെയും മധുരത്തിന്റെയും അളവ് കുറയ്ക്കുക, ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, നേരത്തെയുള്ള രോഗനിർണയവും ചികിത്സയും മുതലായവ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ചില മാർഗങ്ങളാണ്.

ഉപ്പ് കുറച്ച് – ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തി ജീവിതശൈലി വ്യത്യാസപ്പെടുത്തുക എന്നത് പ്രധാനമാണെന്ന് പീഡിയാട്രിക് ആൻഡ് പെരിനേറ്റൽ എപ്പിഡെമിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.