Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്തനാര്‍ബുദം തടയാന്‍ ഇവ ശീലമാക്കൂ 

breast-cancer

സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന അർബുദങ്ങളില്‍ ഒന്നാണ് സ്തനാർബുദം‍. തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണിത്. ശരിയായ പോഷകങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക വഴി ഒരു പരിധി വരെ ഇതു തടയാവുന്നതാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാരകുന്നവരിലും ഫലപ്രദമായ ഡയറ്റ് രോഗത്തിന്റെ കാഠിന്യം കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. സ്തനാർബുദത്തെ പ്രതിരോധിക്കുന്ന ചില ആഹാരങ്ങൾ അറിയാം.

ചെറുചന വിത്ത്‌ (ഫ്ലാക്സ് സീഡ്സ്)

ഒരു കപ്പ് ചെറുചന വിത്തില്‍ അടങ്ങിയിട്ടുള്ളത് 48 ഗ്രാം ആരോഗ്യകരമായ കൊഴുപ്പാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡ് ഒരുപാട് അടങ്ങിയിട്ടുള്ള ഒന്നാണിത്. അർബുദത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും. ഫൈബര്‍ അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്. സാലഡ്, ഡെസേർട്ട് എന്നിവയില്‍ ചേര്‍ത്തും ഇത് ശീലമാക്കാം.

മഞ്ഞള്‍ 

വീടുകളിലെ നിത്യോപയോഗവസ്തുവാണ് മഞ്ഞള്‍. കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനോളം ശക്തിയുള്ള മറ്റൊരു ഔഷധമില്ല. മഞ്ഞളിലെ കുര്‍ക്യുമിന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. ത്വക്ക് കാന്‍സര്‍, സ്തനാര്‍ബുദം, ശ്വാസകോശം, ഉദരം എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറിന് മികച്ച പ്രതിരോധമാണ് മഞ്ഞള്‍ നല്‍കുന്നത്. മഞ്ഞള്‍ ആന്റി സെപ്റ്റിക് കൂടിയാണ്.  മുറിവുകള്‍, പൊളളലുകള്‍ എന്നിവയെ സുഖപ്പെടുത്താന്‍ ഇതിനാകും. നാരുകള്‍, വിറ്റമിന്‍ സി, ബി6, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 

സാൽമൺ മത്സ്യം

അപൂരിത കൊഴുപ്പുകളായ ഒമേഗ-3 ഫാറ്റിആസിഡുകളുടെ കലവറയാണ് സാല്‍മണ്‍. ഇവയ്ക്ക് ഔഷധമൂല്യവും കൂടുതലാണ്. സാല്‍മണ്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുക മാത്രമല്ല കാന്‍സറിനെ പ്രതിരോധിക്കാനും സാധിക്കും. 

വെളുത്തുള്ളി 

വെളുത്തുള്ളിയെ സർവരോഗ സംഹാരി എന്ന് വേണേല്‍ പറയാം. ശരീരത്തിലെ വിഷപദാർഥങ്ങൾ, അണുക്കൾ, വൈറസുകൾ തുടങ്ങിയവയെ നിയന്ത്രിക്കാൻ വെളുത്തുള്ളിക്കു കഴിവുണ്ട്. വെളുത്തുള്ളിയിലടങ്ങിയ സൾഫർ സംയുക്തമായ അലിസിനാണ് ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. മാംഗനീസ് ജീവകം ബി6 , ജീവകം സി, സെലെനിയം , നാരുകൾ, കാൽസ്യം, കോപ്പർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയെല്ലാം വെളുത്തുള്ളിയിലുണ്ട്. മുഴകളുടെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ വെളുത്തുള്ളിക്ക് ശേഷിയുണ്ട്. അതിരാവിലെ ഒരു കഷ്ണം വെളുത്തുള്ളി ശീലമാക്കിയാല്‍ കാന്‍സറിനെ പടിക്ക് പുറത്തു നിര്‍ത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. 

ചീര 

ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ചീര. ഫൈബര്‍ സാന്നിധ്യവും ചീരയില്‍ കൂടുതലാണ്. സ്തനം, ഉദരം, വായ എന്നിവിടങ്ങളിലെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും. മറ്റു ആഹാരങ്ങള്‍ക്കൊപ്പം ചീരയും ഒരു ശീലമാക്കാം.

ബ്ലൂ ബെറി

വിറ്റമിന്റേയും ആന്റി ഓക്‌സിഡന്റിന്റേയും കലവറയാണ് ബ്ലൂബെറി. അർബുദ കോശങ്ങളുടെ പ്രവര്‍ത്തനത്തെ തടയാന്‍ ഇതിനു കഴിയും ആഹാരശീലങ്ങളില്‍ ഇത് ഉറപ്പായും ഉള്‍പ്പെടുത്തണം.

തക്കാളി

നമ്മള്‍ കരുതും പോലെ അത്ര നിസ്സാരക്കാരനല്ല തക്കാളി. ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ ധാരാളമുണ്ട്. തക്കാളിയിലടങ്ങിയ ലൈക്കോപീൻ ഘടകമാണ് അർബുദത്തിന് എതിരെ പൊരുതാന്‍ സഹായിക്കുന്നത്. തക്കാളിയുടെ ചുവന്ന നിറത്തിനു കാരണവും ലൈക്കോപീനാണ്.

ഗ്രീന്‍ ടീ 

മികച്ച ആന്റി ഓക്‌സിഡന്റാണ് ഗ്രീന്‍ ടീ. കമെല്ല സിനസിസ് എന്ന സസ്യത്തില്‍ നിന്നാണ് ഗ്രീന്‍ ടീയുടെ ഇലകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ അടങ്ങിയ  പോളിഫിനോള്‍സിനാല്‍ ഏറെ ഗുണകരമാണ്. ഗ്രീന്‍ ടീയ്ക്ക് ആന്റി കാന്‍സര്‍ ഗുണങ്ങള്‍ ഉള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

മാതളപ്പഴം

മാതളപ്പഴ(പോമര്‍ഗ്രാനേറ്റ് )ത്തിന് സ്തനാര്‍ബുദം തടയാന്‍ കഴിയുമെന്ന് നേരത്തെ തെളിഞ്ഞിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഫൈറ്റോകെമിക്കലായ ഇല്ലജിക് ആസിഡ് ആണ് സ്തനാര്‍ബുദം തടയാന്‍ സഹായിക്കുന്നത്. അർബുദ കോശങ്ങള്‍ പെരുകുന്നത് തടയാന്‍ ഇല്ലജിക് ആസിഡിന് കഴിവുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന യുറോലിതിന്‍ ബി ഘടകവും അർബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയും. 

കൂണുകള്‍ 

വിറ്റമിന്‍ ബി3 , ബി2 എന്നിവയാണ് മഷ്റൂമിലെ പ്രധാനഘടകം. ഇവയ്ക്കു അർബുദ കോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയും. ഇവയില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്റി ഓക്‌സിഡന്റ് പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. സ്ത്രീകളിലെ ഈസ്ട്രജന്‍ അളവ് കൂടുന്നത് തടയാനും കൂണുകൾ സഹായിക്കും ഇതുവഴി സ്തനാര്‍ബുദം സാധ്യത കുറയ്ക്കാം.

Read More : Ladies Corner