Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക!

contraceptive-pils

ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് ഗവേഷകർ. ഹോർമോൺ ഗുളികകൾ ആരോഗ്യത്തിനു ദോഷം ചെയ്യും എന്ന വാദം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് കോപ്പൻഹേഗൻ സർവകലാശാലയിലെ അർബുദ ഗവേഷകർ.

ഹോർമോൺ കോൺട്രാസെപ്റ്റീവുകളും സ്തനാർബുദ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡെൻമാർക്കിലെ 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണു പഠനം നടത്തിയത്. അർബുദം ബാധിക്കാത്ത വന്ധ്യതാ ചികിത്സയ്ക്ക് വിധേയരാകാത്ത മുഴുവൻ സ്ത്രീകളെയും പഠന വിധേയരാക്കി.

ഗർഭനിരോധനത്തിനായി ഹോർമോൺ ഗുളികകൾ കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് അടുത്തകാലത്ത് ഈ ഗുളികകൾ കഴിച്ചവരിൽ സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടു. കൂടുതൽ കാലം ഈ ഗുളിക കഴിച്ചവരിൽ രോഗസാധ്യതയും വളരെ കൂടുതലാണെന്നും ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്ത്രീകളിൽ വളരെ സാധാരണമാണ് സ്തനാർബുദം. ഓരോ ഒരു ലക്ഷം പേരിലും 25.8 എന്നതാണ് സ്തനാർബുദ നിരക്ക്.

ഇന്ത്യയിൽ 2020 ഓടെ സ്തനാർബുദം ബാധിച്ചവരുടെ എണ്ണം 17,97,900 ആകും എന്നാണു കരുതുന്നത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ സ്തനാർബുദ ബാധിതരുടെ എണ്ണം കൂടുതലാണ്.

2015–16 ലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ അനുസരിച്ച് ഇന്ത്യയിലെ മൂന്നു ശതമാനം സ്ത്രീകളും ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരാണ്.

1.8 ദശലക്ഷം സ്ത്രീകളെ തുടർ പഠനത്തിനു വിധേയരാക്കിയപ്പോൾ 11 വർഷം കൊണ്ട് 11,517 പേർക്ക് സ്തനാർബുദം ബാധിച്ചതായി കണ്ടു. ഹോർമോൺ ഗുളികകൾ ഉപയോഗിക്കുന്നവരിൽ 1.2 ശതമാനത്തിനും സ്തനാർബുദം വരാൻ സാധ്യതയുണ്ട്.

ഗുളികകൾ കുത്തിവയ്ക്കാവുന്ന മരുന്നുകൾ, മോണിങ് ആഫ്റ്റർ പിൽസ്, ഇൻട്രാ യൂറിൻ ഡിവൈസുകൾ ഇവയെല്ലാം ഹോർമോൺ ഗർഭനിരോധന ഗുളികകളുടെ ഗണത്തിൽപ്പെടുന്നു.

ഹോർമോൺ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം നിർത്തിയവരിലും സ്തനാർബുദ സാധ്യത കൂടുതൽ തന്നെ എന്നും അഞ്ചുവർഷമോ അതിൽ കൂടുതലോ ഗുളികകൾ ഉപയോഗിച്ചവരിൽ ഗർഭനിരോധന ഗുളികകൾ കഴിക്കാത്തവരെ അപേക്ഷിച്ച് രോഗസാധ്യത കൂടും എന്നും പഠനം പറയുന്നു.

Read More : Ladies Corner