Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപോക്കിന് ചികിത്സ ആവശ്യമോ?

vaginal-infection

സർവസാധാരണമായിട്ടുള്ളതും എന്നാൽ പൊതുവേ സ്ത്രീകൾ പുറത്തുപറയാൻ മടിക്കുന്നതുമായ രഹസ്യരോഗങ്ങളുടെ കൂട്ടത്തിലുള്ളതാണ് യോനിയിൽ നിന്നുള്ള അസാധാരണമായ സ്രവങ്ങൾ. ഡോക്ടറെ അഭിമുഖീകരിച്ച് പരിശോധിക്കാനുള്ള മടി മൂലം പലരും ഇത്തരം പ്രശ്നങ്ങളെ ചികിത്സിക്കാതെ കൊണ്ടുനടക്കുന്നു. മറ്റു ചിലർ സമാനപ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള സുഹൃത്തുത്തളുടെ ഉപദേശപ്രകാരം മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങി സ്വയം ചികിത്സിക്കുന്നു. രണ്ടു കൂട്ടരിലും ഇത് രോഗലഘണങ്ങൾ തീവ്രമാകാനും പ്രത്യുൽപാദനസംവിധാനത്തെ തന്നെ അനാരോഗ്യകരമായി ബാധിക്കാനും ഇടയാക്കാം. അതുകൊണ്ട് യോനിയിൽ നിന്നുള്ള അസാധാരണമായ സ്രവങ്ങളെയും മറ്റ് ലക്ഷണങ്ങളെയും ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും പ്രശ്നമുണ്ടെന്നു കണ്ടാൽ തുടക്കത്തിലേ തന്നെ ചികിത്സ തുടങ്ങുകയും വേണം. 

സാധാരണമായ സ്രവങ്ങൾ? 

വെളുത്ത നിറത്തിലുള്ളതും ദുർഗഡമില്ലാത്തതും ചൊറിച്ചിലോ അസ്വാസ്ഥ്യങ്ങളോ ഉണ്ടാക്കാത്തതുമായ സ്രവങ്ങൾ യോനിയിൽ സ്വതവേയുള്ളതാണ്. രോഗകാരണമല്ല. യോനിയുടെ ചുറ്റുമുള്ള ചർമഭാഗമായ വൾവയിലുള്ള ഗ്രന്ഥികളിൽ നിന്നുള്ള സ്രവങ്ങൾ, യോനീഭിത്തിയിൽ നിന്നുള്ള സ്രവങ്ങൾ, ഗർഭാശയമുഖത്തെ ഗ്രന്ഥിയിൽ നിന്നുള്ള സ്രവങ്ങൾ, ഗർ‌ഭാശയഭിത്തിയിലെയും ട്യൂബിലെയും ഗ്രന്ഥിയിൽ നിന്നുള്ള സ്രവം എന്നിവ ചേർന്നാണ് യോനിയിൽ സഹജമായുള്ള നനവു നൽകുന്നത്. 

ല്യൂക്കോറിയ–യോനിയിലെ സാധാരണ സ്രവങ്ങൾ അളവിൽക്കവിഞ്ഞ് കാണുമ്പോൾ അതിന് ല്യൂക്കോറിയ അഥവാ വെള്ളപോക്ക് എന്നു പറയും. ഇതും രോഗകാരണമല്ല. ചില ശാരീരികമായ അവസ്ഥകളുടെ ഭാഗമായി ല്യൂക്കോറിയ കാണാം. ഉദാഹരണത്തിന്, പ്രായപൂർത്തിയെത്തുക, ഗർഭധാരണം, അണ്ഡവിസർജനം നടക്കുന്ന സമയം, മാസമുറ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ലൈംഗികബന്ധത്തിന് ഏർപ്പെടുന്നതിന് മുമ്പും പിമ്പുമുള്ള സമയങ്ങൾ, മലബന്ധം ഉള്ളപ്പോൾ എന്നീ അവസ്ഥകളിൽ അളവിൽക്കവിഞ്ഞ് യോനീസ്രവം ഉണ്ടാകാം. 

അസ്ഥി ഉരുകലോ? 

വെള്ളപോക്കിനെ അസ്ഥി ഉരുകിപോകുന്നത് എന്ന അർഥത്തിൽ അസ്ഥിസ്രവം എന്നു വിശേഷിപ്പിച്ചു കാണാറുണ്ട്. യഥാർഥത്തിൽ അസ്ഥിയുമായി ഈ സ്രവത്തിനു ബന്ധമില്ല. ഇതൊരു രോഗകാരണമായ അവസ്ഥയല്ലാത്തതിനാൽ പ്രത്യേകിച്ച് ഒൗഷധങ്ങളൊന്നും കഴിക്കേണ്ടതില്ല. വ്യക്തിശുചിത്വത്തിൽ അൽപം കൂടി കരുതലെടുക്കണമെന്നു മാത്രം. രണ്ടുനേരം കുളിക്കുകയും അടിവസ്ത്രങ്ങൾ മാറ്റുകയും വേണം. നനവുള്ളതോ വല്ലാതെ ഇരുകിയതോ പോളിസ്റ്റർ പോലുള്ളവ കൊണ്ടുള്ളതോ ആയ അടിവസ്ത്രങ്ങൾ ധരിക്കരുത്. 

നിറംമാറ്റവും ദുർഗന്ധവും 

യോനീസ്രവങ്ങൾക്ക് ദുർഗന്ധമോ നിറവ്യത്യാസമോ കണ്ടാലോ ഇതുമൂലം ആ ഭാഗത്ത് ചൊറിച്ചിലോ നീറ്റലോ അനുഭവപ്പെട്ട‍ാലോ എന്തെങ്കിലും രോഗങ്ങളുടെ ലക്ഷണമാണെന്നു സംശയിക്കണം. ഏതു പ്രായത്തിലും ഈ പ്രശ്നം കാണാം. പക്ഷേ, പ്രായമനുസരിച്ച് കാരണങ്ങൾ വ്യത്യസ്തമായിരിക്കും വൃത്തിക്കുറവ്, വിരബാധകൾ, ലൈംഗികമായ ദുരുപയോഗം, കാൻഡിഡ അണുബാധ എന്നിവ കൊണ്ടോ അന്യവസ്തുക്കൾ യോനിയിൽ കടന്നാലോ ആണ് കുട്ടികളിൽ ഇത്തരം സ്രവങ്ങൾ കണ്ടുവരാറ്. 

എന്നാൽ‌ പ്രത്യുലൽപാദനശേഷിയുള്ള പ്രായത്തിലുള്ളവരിൽ ബാക്ടീരിയൽ വജൈനോസിസ്, കാൻഡിഡ അണുബാധ, ട്രൈക്കോമോണാസ് വജൈനാലിസ്, ക്ലമീഡിയാസിസ്, ഗൊണോറിയ പോലുള്ള രോഗങ്ങളുടെ ഭാഗമായും ഇത്തരം സ്രവങ്ങൾവരാം. മാസമുറ നിന്നവരിൽ പ്രായാധിക്യം മൂലം യോനീഭാഗത്തു വരുന്ന മാറ്റങ്ങളുടെ ഭാഗമായോ കാൻഡിഡ അണുബാധ മൂലമോ അസാധാരണസ്വഭാവത്തോടെയുള്ള സ്രവങ്ങൾ ഉണ്ടാകാം. 

ബാക്ടീരിയൽ അണുബാധ

യോനിയിൽ സാധാരണമായി കാണുന്നത് ലാക്ടോബാസിലസ് പോലുള്ള എയ്റോബിക് ബാക്ടീരിയകളാണ്. ലാക്ടോബാസിലസ് ബാക്ടീരിയയാണ് യോനിയിൽ സ്വഭാവികമായുള്ളതും ആരോഗ്യകരവുമായ അസിഡിക് പിഎച്ച് (4.5) നിലനിർത്തുന്നതും ഇവയ്ക്ക് പകരം ചില അനെയ്റോബിക് ബാക്ടീരിയകൾ പെരുകുമ്പോഴാണ് ബാക്ടീരിയൽ  വജൈനോസിസ് ഉണ്ടാകുന്നത്. എന്തു കൊണ്ടാണ് ചിലരിൽ ഇങ്ങനെ അസാധാരണമായ വളർച്ചയുണ്ടാകുന്നുവെന്നതിന് കൃത്യമായ ഉത്തരം നൽകാൻ പ്രയാസമാണ്. എങ്കിലും സജീവമായ ലൈംഗികജീവിതം നയിക്കുന്നവരിലാണ് ഇത്തരം അണുബാധകൾ. വജൈനോസിസ് ഉള്ളവരിൽ യോനിയുടെ പിഎച്ച് ക്ഷാരസ്വഭാവമാവുന്നതു കാണാം. 

ചാരനിറം കലർന്ന വെള്ളനിറത്തിലുള്ള സ്രവത്തിന് മത്സ്യഗന്ധമുണ്ടെങ്കിൽ ബാക്ടീരിയൽ വജൈനോസിസിന്റെ ലക്ഷണമാകാം. ചിലപ്പോൾ യോനീഭാഗത്ത് ചൊറിച്ചിലുമനുഭവപ്പെടാം. വദനസുരതം, ഗർഭാശയത്തിനുള്ളിൽ കടത്തിവയ്ക്കുന്ന ഗർഭനിരോധനമാർഗങ്ങളുടെ ഉപയോഗം, ഒന്നിലധികം പങ്കാളികൾ അല്ലെങ്കിൽ നവവിവാഹിതർ, ലൈംഗികജീവിതം നേരത്തേ ആരംഭിച്ചവർ, പുകവലി, ആർത്തവസമയത്തെ ലൈംഗികബന്ധം എന്നിവയെല്ലാം ഈ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കാം. ഇതു ലൈംഗികബന്ധത്തിലൂടെ പകരുന്നത് അല്ലാത്തതിനാൽ പങ്കാളികളിരുവരും ചികിത്സ എടുക്കേണ്ട ആവശ്യമില്ല. 

പരിഹാരം –ആന്റിബയോട്ടിക് ഗുളികകളോ യോനിയിൽ കടത്തിവയ്ക്കുന്ന സപ്പോസിറ്ററി ഒൗഷധങ്ങളോ വഴിയാണ് ചികിത്സിക്കുന്നത്. അണുബാധകൾ ആവർത്തിച്ചു വരുന്നതു തടയാൻ ശുചിത്വം പാലിക്കണം. രൂക്ഷതയേറിയ സോപ്പുകളുടെയും ഷവർ ജെല്ലുകളുടെയും ഉപയോഗം കുറയ്ക്കണം. ക്ഷാരസ്വഭാവമുള്ള ഡിറ്റർജന്റുകൾ കൊണ്ട് അടിവസ്ത്രങ്ങൾ കഴുകരുത്.

പൂപ്പൽ ബാധിച്ചാൽ

പൂപ്പലിന്റെ വർഗത്തിൽ പെട്ട കാൻഡിഡ ആൽബിക്കൻസ് എന്ന യീസ്റ്റ് ഫംഗസ് കാരണമുണ്ടാകുന്ന അണുബാധയാണ് കാൻഡിഡിയാസിസ്. തൈറോയ്ഡ് അസുഖങ്ങൾ, ഗർഭധാരണം, പോഷകക്കുറവ്, അമിതവണ്ണം, ആന്റിബയോട്ടിക്കുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവയുടെ ഉപയോഗം, എച്ച്െഎവി അണുബാധ എന്നിവയൊക്കെ രോഗബാധയ്ക്കു കാരണമായേക്കാവുന്ന സാഹചര്യങ്ങളാണ്. നവജാതശിശുക്കളിലും കാൻഡിഡ അണുബാധ കണ്ടുവരുന്നു.

തൈര് പോലെ കാണപ്പെടുന്ന യോനീസ്രവം, ചൊറിച്ചിൽ, മൂത്രമൊഴിച്ചശേഷം ഉടനെ അസഹനീയമായ നീറ്റലും വേദനയും അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ. 

പരിഹാരം–ആന്റിഫംഗൽ മരുന്നുകളും ക്രീമുകളും ഗുളികകളും യോനിയിൽ വയ്ക്കുന്ന സപ്പോസിറ്ററി മരുന്നുകളും ഒക്കെ ചികിത്സയ്ക്കുപയോഗിക്കുന്നു. 

അണുബാധകൾ ആവർത്തിച്ചുവരുന്നവരിൽ പ്രതിരോധമെന്ന നിലയിൽ ചിലകാര്യങ്ങൾ ശ്രദ്ധിക്കണം. കടുത്ത ഗന്ധമുള്ള സോപ്പുകളോ ഡിയോഡറന്റുകളോ യോനീഭാഗത്ത് ഉപയോഗിക്കരുത്. ശുദ്ധജലം കൊണ്ട് കഴുകി വൃത്തിയാക്കിയാൽ മതി. യോനിയിൽ കൃത്രിമമായി നനവുണ്ടാക്കാനുള്ള പദാർഥങ്ങളും ചില ഗർഭ നിരോധന ഉറകളും യോനിയിൽ അസ്വാസ്ഥ്യം ഉണ്ടാക്കാം. അവ ഒഴിവാക്കുക. അണുബാധയ്ക്കിട‍യാക്കാതെ സാനിറ്ററി പാഡുകൾ കൃത്യസമയത്ത് മാറ്റണം. സുഗന്ധമുള്ള പാഡുകൾ ഒഴിവാക്കണം. സ്വകാര്യഭാഗങ്ങൾ നനഞ്ഞിരുന്നാൽ പൂപ്പൽ വളരാം. ഒപ്പം അടിവസ്ത്രങ്ങൾ ഉണങ്ങിയവയും കോട്ടൺ നിർമിതമായവയും ആകണം. മാനസികപിരിമുറുക്കം കുറയ്ക്കുന്നത് അണുബാധ തടയാൻ നല്ലതാണ്. 

പകരുന്ന അണുബാധകൾ

ട്രൈക്കോമൊണാസ് വജൈനാലിസ് എന്ന പ്രോട്ടോസോവയാണ് രോഗകാരണം (ട്രൈക്കോമോണിയാസിസ്) അണുബാധ യോനിയിലും സമീപഭാഗങ്ങളിലും വീക്കം (വൾവോവജൈനിറ്റിസ്) ഉണ്ടാക്കാം. മിക്ക രോഗികളിലും രോഗപ്പകർച്ച നടക്കുന്നത് ലൈംഗികബന്ധം വഴിയാണെന്നും കണ്ടിട്ടുണ്ട്. എന്നാൽ, നവജാതരിൽ പ്രസവയമയത്ത് അമ്മയിൽ നിന്നും രോഗം പകർന്നുകിട്ടാം. മഞ്ഞനിറത്തോടു കൂടിയ പതപോലുള്ള ദുർഗന്ധമുള്ള യോനീസ്രവമാണ് ലക്ഷണം. യോനീഭാഗം ചുവന്ന നിറത്തിൽ വീങ്ങി വേദനാപൂർണമായി കാണപ്പെടാം. യോനിയ്ക്കു ചുറ്റുമുള്ള ചർമഭാഗത്ത് ചൊറിച്ചിലും നീറ്റലുമുണ്ടാകാം. മൂത്രമൊഴിക്കുമ്പോഴോ ലൈംഗികബന്ധ സമയത്തോ അസ്വാസ്ഥ്യം അനുഭവപ്പെടാം. 

പരിഹാരം–പങ്കാളികളിൽ ആർക്കെങ്കിലും അണുബാധ ഉണ്ടെങ്കിൽ മറ്റേയാൾ രോഗബാധയുണ്ടോ എന്നു പരിശോധിക്കണം. ആന്റിബയോട്ടിക് ഒൗഷധങ്ങളാണ് ചികിത്സ. പങ്കാളികൾ ഇരുവരും മരുന്നു കഴിക്കണം. മരുന്നു കഴിക്കുന്ന സമയത്ത് ലൈംഗികബന്ധം പാടില്ല. 

വ്യക്തി ശുചിത്വം പാലിക്കാതിരിക്കുക, പങ്കാളികളിൽ ഒരാൾക്ക് അണുബാധയുണ്ടാവുക, ഒന്നിലധികം ലൈംഗികപങ്കാളികൾ എന്നിവയൊക്കെ ഇത്തരം അണുബാധയ്ക്ക് സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ് ഒഴിവാക്കാൻ ശ്രദ്ധിക്കണം. 

ഡോ. രേഖ ആർ. എം

ജൂനിയർ കൺസൽറ്റന്റ്,

ഗൈനക്കോളജി വിഭാഗം

ഗവ. വിമൻ ആൻഡ് ചൈൽഡ് ആശുപത്രി, തൈക്കാട്, തിരുവനന്തപുരം

Read More : Health News