Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്തനാർബുദം തടയാൻ കോളിഫ്ലവർ

cauliflower-cabbage

കോളിഫ്ലവർ, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് സ്ത്രീകൾക്ക് വളരെ നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഒരു സംയുക്തം സ്തനാർബുദ കോശങ്ങളുടെ വളർച്ച ആദ്യഘട്ടങ്ങളിൽത്തന്നെ തടയുന്നതായി പഠനം.

സ്തനാർബുദം ബാധിച്ച സ്ത്രീകൾ തങ്ങളുടെ ഭക്ഷണത്തിൽ കോളിഫ്ലവർ, കാബേജ്, ബ്രൊക്കോളി എന്നിവ ധാരാളമായി ഉൾപ്പെടുത്തണം. ഇവയിലടങ്ങിയിരിക്കുന്ന സൾഫൊറാഫേൻ എന്ന സംയുക്തം സ്തനാർബുദ വളർച്ചയെ സാവധാനത്തിലാക്കുന്നു.

അർബുദം തടയുന്നതിൽ സൾഫൊറാഫേനുള്ള കഴിവ് വളരെ മുൻപുതന്നെ തെളിഞ്ഞിട്ടുള്ളതാണ്. ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ അർബുദ വളർച്ച സാവധാനത്തിൽ ആക്കുന്നതിൽ സൾഫൊറാഫേന് പങ്കുണ്ടെന്ന് കണ്ടെത്തി.

സ്തനാർബുദം ഉണ്ടെന്നു കണ്ടെത്തിയ സ്ത്രീകളുടെ സ്തനങ്ങളിലെ കോശങ്ങളിൽ സൾഫൊറാഫേറ്റിന്റെ സ്വാധീനത്തെപ്പറ്റി നടത്തിയ ആദ്യ ക്ലിനിക്കൽ പരീക്ഷണത്തിലെ ഫലങ്ങളാണിത്.

സ്തനാർബുദം ബാധിച്ച 54 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇവരിൽ ചിലർക്ക് സൾഫൊറാഫേൻ അടങ്ങിയ സപ്ലിമെന്റുകളും ചിലർക്ക് ഡമ്മി ഗുളികകളും നൽകി. ഭക്ഷണത്തിൽ ദിവസവും ഒരു കപ്പ് കോളിഫ്ലവർ അല്ലെങ്കിൽ കാബേജ് കഴിച്ചാൽ എത്രയുണ്ടാകുമോ അതിനു തുല്യമായ അളവിലാണ് സൾഫൊറാഫേൻ നൽകിയത്.

ഈ സംയുക്തം അർബുദ കോശ വളർച്ചയെ കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് കോശവളർച്ചയുടെ സൂചകങ്ങളിൽ കണ്ട കുറവ് സൂചിപ്പിക്കുന്നു. ഇത് ഗവേഷകരെ അതിശയിപ്പിച്ചു. ട്യൂമർസപ്രസർ ജീനുകളെ ത്വരിതപ്പെടുത്തുന്ന ഹിസ്റ്റോൺ ഡി അസെറ്റിലേസസിനെ അഥവാ എച്ച് ഡി എ സിയെ സൾഫൊറാഫേൻ തടയുന്നതാണ് ഇതിനു കാരണം. ഈ ജീനുകൾ അർബുദ കോശങ്ങളിൽ പ്രവർത്തിക്കാതിരിക്കുന്നു.

സൾഫൊറാഫേൻ ഉള്ളിൽ ചെല്ലുന്നത് എച്ച് ഡി എ സിയുടെ പ്രവർത്തനത്തേയും അർബുദ കോശവളർച്ചയേയും തടയുന്നതായി കാൻസർ പ്രിവൻഷൻ റിസേർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

അർബുദം തടയുക, അർബുദ വ്യാപനം സാവധാനത്തിലാക്കുക, രോഗം വീണ്ടും വരുന്നതിനെ തടയുക എന്നിങ്ങനെ അർബുദരോഗ ചികിത്സയിൽ സൾഫൊറാഫേൻ ഉൾപ്പെടുത്താവുന്നതാണെന്ന് ഗവേഷകർ പറയുന്നു

Your Rating: