Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭ നിരോധന ഗുളികകൾ വിഷാദ രോഗികളാക്കുമോ?

contraceptive-pill

ഗർഭനിരോധനത്തിനു സ്ത്രീകൾക്കു മാത്രമായി നിരവധി മാർഗങ്ങളുണ്ട്. അതിലൊന്നാണ് ഗർഭനിരോധന ഗുളികകൾ. സ്ത്രീകൾ അവലംബിക്കുന്ന മറ്റു ഗർഭ നിരോധന മാർഗങ്ങളായ പാച്ച്, വജൈനല്‍ റിങ് എന്നിവയെ അപേക്ഷിച്ച് ഗുളികകൾ 99.9 ശതമാനം ഫലപ്രദമാണ്.

ഓവറിയിൽനിന്ന് അണ്ഡോൽപാദനം നടക്കാതെ തടയുകയാണ് ഈ ഗുളികകൾ ചെയ്യുന്നത്. അതായത് ഓവുലേഷൻ തടയുന്നു. ഇതുവഴി സ്ത്രീശരീരത്തിലെ ഹോർമോണുകൾ അണ്ഡാശയത്തിൽനിന്ന് അണ്ഡം വിസർജ്ജിക്കുന്നതിനെ തടയുന്നു.

ഹോർമോണൽ കോൺട്രാസെപ്റ്റീവുകളിലെല്ലാം ചെറിയ അളവിൽ ഈസ്ട്രജൻ, പ്രൊജസ്റ്റീൻ എന്നീ ഹോർമോണുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ സ്വാഭാവികമായ ഹോർമോൺ ചക്രത്തെ തടഞ്ഞ് ഗർഭധാരണം തടയുന്നു.

എന്നാൽ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകളിൽ വിഷാദരോഗം ഉണ്ടാക്കുമെന്ന് കോപ്പൻഹേഗന്‍ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഏതുതരം ജനന നിയന്ത്രണ മാർഗമാണ് കൂടുതൽ അപകടസാധ്യത ഉള്ളതെന്നും എത്രമാത്രം ഗുരുതരമാണിതെന്നും അറിയുക കൂടിയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

സ്ത്രീകള്‍ക്കായുള്ള ഡാനിഷ് നാഷനൽ പ്രിസ്ക്രിപ്ഷൻ റജിസ്റ്ററിലെ വിവരങ്ങളാണ് പഠനത്തിനുപയോഗിച്ചത്. ഒരു ലക്ഷം സ്ത്രീകളുടെ 13 വർഷത്തെ വിവരങ്ങൾ പരിശോധിച്ചു. മുൻപ് വിഷാദരോഗത്തിനുള്ള മരുന്നുകൾ (ആന്റി ഡിപ്രസന്റുകൾ) ഉപയോഗിക്കാത്തവരും വിഷാദരോഗം ബാധിക്കാത്തവരും എന്നാൽ ഹോർമോണല്‍ ജനനനിയന്ത്രണ മാർഗം സ്വീകരിച്ചിട്ടുള്ളവരുമായ ആളുകളുടെ വിവരങ്ങളാണ് പരിശോധിച്ചത്.

എല്ലാത്തരത്തിലുള്ള ഹോർമോണല്‍ ഗർഭനിരോധന മാർഗങ്ങളുടെയും ഉപയോഗം ആന്റിഡിപ്രസന്റുകളുടെ ഉപയോഗവുമായും വിഷാദരോഗമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നു പഠനത്തിൽ കണ്ടെത്തി.

വിവിധതരം ഗുളികകൾ തമ്മില്‍ വളരെ ചെറിയ വ്യത്യാസങ്ങളേ ഉള്ളൂ എന്നും പാച്ചുകളും വജൈനൽ റിങുകളുമാണ് ഗുളികകളെക്കാൾ അപകടകാരികളെന്നും പഠനത്തിനു നേതൃത്വം നൽകിയ ഒജ്‌വിങ് ലൈഡ്ഗാര്‍‍ഡ് പറയുന്നു.

ഗർഭനി‍രോധന മാർഗങ്ങള്‍ ആദ്യമായി ഉപയോഗിച്ച, 20 നും 34 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ആന്റിഡിപ്രസന്റുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യം 1.23 മുതൽ‌ 1.34 ഇരട്ടിയാണ്. 15 മുതൽ 19 വയസ്സുവരെയുള്ള കൗമാരക്കാരിൽ ഇതിലും എത്രയോ ഇരട്ടിയാണിതെന്നും പഠനം പറയുന്നു.

ഗർഭനിരോധന ഗുളികകള്‍ ഉപയോഗിച്ച് ആറുമാസത്തിനകം തന്നെ 23 ശതമാനം സ്ത്രീകൾക്കും ആന്റിഡിപ്രസന്റുകൾ ഉപയോഗിക്കേണ്ടി വരുന്നു. പ്രോജസ്ട്രോൾ ഹോർമോണിന്റെ സിന്തറ്റിക് രൂപമയ പ്രൊജസ്റ്റിൻ മാത്രം അടങ്ങിയ ഗുളിക കഴിച്ചവരിൽ‌ ആന്റിഡിപ്രസന്റുകൾ കഴിക്കാൻ 34% സാധ്യതയാണുള്ളത്.

ഐയുസി, ഇംപ്ലാന്റുകള്‍ മുതലായ ദീർഘകാലത്തേക്കുള്ള ഹോർമോണൽ ജനനനിയന്ത്രണ മാർഗങ്ങളുടെ വ്യാപകമായ പ്രചാരത്തിലൂടെ കൗമാര ഗർഭങ്ങളുടെ നിരക്ക് വളരെയധികം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെറുപ്പക്കാരികളായ സ്ത്രീകളെ സംബന്ധിച്ച് ഈ പഠനം വളരെയധികം പ്രാധാന്യം ഉള്ളതാണ്. ഈ പഠനമനുസരിച്ച് ഇത്തരത്തിലുള്ള ജനനനിയന്ത്രണ മാർഗങ്ങൾ മൂലമുണ്ടാകുന്ന ദോഷങ്ങളിൽ ഒന്നു മാത്രമാണിത്.

അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ സൈക്യാട്രി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.