Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിക്കാൽ കാണാൻ ഈ തടസങ്ങൾ

infertility-disease

മാറുന്ന സംസ്കാരവും ജീവിതരീതികളും വന്ധ്യത എന്ന ശാപത്തിലേക്ക് മലയാളി സ്ത്രീയെ വഴിതെറ്റിക്കുന്നുണ്ട്. എന്നാൽ ഗർഭധാരണത്തിനു തടസമുണ്ടാക്കുന്ന ചില രോഗാവസ്ഥകളും വന്ധ്യതയ്ക്കു പിന്നിലുണ്ട്. അവയെ വിശദമായി തന്നെ അറിയണം.

നേരത്തേ എത്തും രോഗങ്ങൾ
മുമ്പ് മുപ്പതുകളിലും നാൽപ്പതുകളിലുമെത്തിയ സ്ത്രീകളിൽ കണ്ടിരുന്ന ചില രോഗങ്ങൾ ഇന്ന് ചെറുപ്രായത്തിൽ തന്നെ അതായത് കൗമാരത്തിന്റെ ആദ്യമോ ഇരുപതുകളുടെ അവസാനമോ, പെൺകുട്ടികളിൽ കണ്ടുവരുന്നുണ്ട്. ഈ യാഥാർഥ്യത്തെ നിസാരമാക്കരുത്. കാരണം, ഇന്നത്തെ പെൺകുട്ടികളുടെ ജീവിതശൈലിയും ആഹാരശൈലിയും അത്ര അനാരോഗ്യകരമാണ്.

വന്ധ്യതാസാധ്യത സ്ത്രീയിലും പുരുഷനിലും ഒരുപോലെയാണെന്നു പറഞ്ഞാലും സ്ത്രീയുടെ പ്രത്യുൽപാദന വ്യവസ്ഥ പുരുഷന്റെതിൽ നിന്ന് അൽപം കൂടി സങ്കീർണമാണ്. അതിനാൽ സ്ത്രീ കുറച്ചു കൂടി മുൻകരുതലുകൾ എടുക്കേണ്ടി വരുമെന്നു ചുരുക്കം.

എൻഡോമെട്രിയോസിസ് കൂടുന്നു
എൻഡോമെട്രിയോസിസ് എന്ന രോഗം കേരളത്തിൽ കൂടുകയാണ്. ആർത്തവസമയത്ത് ഗർഭപാത്രത്തിനുള്ളിലെ പോലെ പുറത്തും രക്തസ്രാവം ഉണ്ടാകാം. ഇത് ഒരു മുഴ പോലെ ഗർഭപാത്രത്തിനു പുറത്തും അണ്ഡാശയങ്ങളിലും രൂപം കൊള്ളുകയും അണ്ഡവാഹിനിക്കുഴലുകൾ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ് എൻഡോമെട്രിയോസിസ്. ഗർഭപാത്രത്തിലേക്കുള്ള അണ്ഡത്തിന്റെയും ബീജത്തിന്റെയും യാത്രയ്ക്ക് ഈ രോഗാവസ്ഥ തടസമാകുന്നു.

ആർത്തവസമയത്ത് അടിവയറ്റിലുണ്ടാകുന്ന അസഹ്യമായ വേദന, മുഴ വളരുന്നതായുള്ള തോന്നൽ, ഗർഭം ധരിക്കാനാകാതെ വരിക എന്നിവ ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.

എൻഡോമെട്രിയോസിസ് ചികിത്സ എങ്ങനെ? വിഡിയോ കാണാം 

ഗർഭാശയ മുഴകൾ
ഗർഭാശയത്തിൽ രൂപപ്പെടുന്ന ഫൈബ്രോയിഡുകൾ അഥവാ ഗർഭാശയമുഴകൾ വന്ധ്യതയ്ക്കു കാരണമാകാറുണ്ട്. എൻഡോമെട്രിയത്തിനടുത്തുള്ള ഫൈബ്രോയിഡുകൾ സാവധാനമാണു വളരുന്നതെങ്കിലും ഗർഭമലസുന്നതിനിടയാക്കും. കാരണം എൻഡോമെട്രിയത്തിലാണു ഭ്രൂണം ഉറയ്ക്കുന്നതെങ്കിൽ ഗർഭം അലസാൻ സാധ്യത ഏറെയാണ്. അണ്ഡവാഹിനിക്കുഴലിൽ ഫൈബ്രോയിഡുകൾ തടസമുണ്ടാക്കുന്നതിനെ തുടർന്നും വന്ധ്യത വരാം. ഗർഭപാത്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഫൈബ്രോയിഡുകൾ ഗർഭധാരണത്തിനു വിഘാതമാകാറുണ്ട്. അമിതരക്തസ്രാവം, വയറുവേദന എന്നിവയാണു പ്രധാനലക്ഷണങ്ങൾ. വലിയ മുഴകളാണെങ്കിൽ ചിലപ്പോൾ മൂത്ര തടസവും അനുഭവപ്പെടാം.

ഗർഭാശയമുഴകൾ: ചികിത്സ, ലക്ഷണം

പി സി ഒ എസ് ഭീഷണി
ഗർഭധാരണത്തിനു തടസം സൃഷ്ടിക്കുന്ന മറ്റൊരു അവസ്ഥയാണ് പി സി ഒ എസ് അഥവാ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം. ഇതിനെ ഒരുരോഗമെന്നു പറയാനാകില്ല. പോളിസിസ്റ്റിക് ഓവറിയുള്ളവരിൽ അണ്ഡാശയത്തിനു പുറത്ത് പക്വമാകാത്ത ഫോളിക്കിളുകൾ രൂപപ്പെടുന്നു. ഇവരിൽ പുരുഷഹോർമോണായ ആൻഡ്രോജൻ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നതിനാലാണ് ഫോളിക്കിളുകൾ വലുതാകാത്തത്. ഇവരുടെ അണ്ഡാശയത്തിൽ നിന്ന് എല്ലാ മാസവും അണ്ഡവിസർജനം സംഭവിക്കുന്നില്ല. അതിനാൽ ഈ രോഗമുള്ളവർക്കു ഗർഭിണികളാകാൻ ബുദ്ധിമുട്ടേണ്ടി വരുന്നു.

ഇന്നത്തെ പെൺകുട്ടികളുടെ ജീവിതശൈലിയിലെ വ്യതിയാനമാണു പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോമിനെ കൂടുതൽ വഷളാക്കുന്നത്. നല്ല ആഹാരശീലവും വ്യായാമവും ലഭിച്ചാൽ ഇതിന്റെ പ്രശ്നങ്ങളെ ലഘൂകരിക്കാനും അകറ്റി നിർത്താനുമാകും.

അണുബാധയും മറ്റു കാരണങ്ങളും
പെൽവിക് അണുബാധയാണ് (ഇടുപ്പിലുണ്ടാകുന്ന അണുബാധ) വന്ധ്യതയിലേക്കു വിരൽ ചൂണ്ടുന്ന മറ്റൊരു കാരണം. പെൽവിക് ടിബി അഥവാ ക്ഷയവും ലൈംഗികരോഗങ്ങളും ഫലോപ്യൻട്യൂബിൽ തടസം സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്. അതിന്റെ ചലനത്തിനു തടസം സൃഷ്ടിക്കുന്നതിലൂടെ വന്ധ്യതാശാപം അരികിലെത്തിക്കഴിഞ്ഞു. മറ്റു ശസ്ത്രക്രിയകളുടെ ഭാഗമായി അണ്ഡവാഹിനിക്കുഴൽ ഒട്ടിപ്പിടിക്കുന്നതു തടസത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

ജൻമനാലുള്ള വൈകല്യങ്ങളായ ഗർഭപാത്രത്തിലെ സെപ്റ്റവും അസ്വാഭാവിക വളർച്ചകളും സുഗമമായ ഗർഭധാരണത്തിനു തടസം സൃഷ്ടിക്കും. വന്ധ്യതയ്ക്കു വലിയ തോതിൽ കാരണമുണ്ടാകുന്നില്ലെങ്കിലും അണ്ഡാശയത്തിലെ സിസ്റ്റുകളും പ്രശ്നക്കാരാകാം. ഈ സിസ്റ്റുകൾ ഹോർമാൺ സ്രവിപ്പിക്കുന്നവയാണെങ്കിൽ അവ വന്ധ്യതയ്ക്കു കാരണമാകും. ഗർഭാശയഗളത്തിന്റെ തകരാറുകളും ചെറിയതോതിൽ വന്ധ്യത ഉണ്ടാകാൻ കാരണമാകുന്നുവെന്നു പറയാം.

ഹോർമോൺ വ്യതിയാനവും കാരണം
തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലുള്ള വ്യതിയാനം, പ്രൊലാക്റ്റിൻ ഹോർമോണിന്റെ നിലയിൽ വരുന്ന അസ്വാഭാവികവ്യതിയാനങ്ങൾ എന്നിവ വന്ധ്യതയുടെ കാരണമാകും. അതുപോലെ പ്രമേഹവും വന്ധ്യതയുടെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടാം. എന്നാൽ ഉയർന്ന കൊളസ്ട്രോൾ, മൂത്രത്തിലെ അണുബാധ എന്നിവയ്ക്കൊന്നും വന്ധ്യതയുമായി ബന്ധമില്ല.