Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മർദമുള്ളവർ ഫുട്ബോൾ കളിച്ചാൽ?

football

പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഏറെ ഇഷ്ടപ്പെടുന്ന ഒരു കായിക ഇനമാണ് ഫുട്ബോൾ. ഉയർന്ന രക്തസമ്മർദ്ദമുള്ള സ്ത്രീകളുടെ രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ ഫുട്ബോൾ കളിക്കുന്നതിലൂടെ സാധിക്കുമത്രേ.

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഒരു മണിക്കൂർ വീതം ഫുട്ബോൾ കളിക്കുന്നത് രക്തസമ്മർദ്ദത്തിന് ഗുണകരമെന്ന് പഠനം. കൂടാതെ മികച്ച ശാരീരിക ക്ഷമതയും ശക്തമായ എല്ലുകളും സ്വന്തമാകും എന്നും മെഡിസിൻ ആൻഡ് സയൻസ് ഇൻ സ്പോർട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ദക്ഷിണ ഡെൻമാർക്ക് സർവകലാശാലയിലെ പീറ്റർ ക്രുസ്ട്രപ്പിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഫുട്ബോൾ കളി സ്ത്രീകൾക്ക് നീണ്ടു നിൽക്കുന്ന ആരോഗ്യം നൽകും.
സ്ത്രീകളിൽ ഉയർന്ന രക്തസമ്മർദം, എല്ലുകളുടെ സാന്ദ്രത, ശാരീരിക ക്ഷമത, ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം ഇവയ്ക്കെല്ലാം ഫുട്ബോൾ കളി ഗുണകരമാണെന്നും സ്ത്രീകളിൽ രക്തസമ്മർദത്തിനുള്ള ഫലപ്രദമായ മരുന്നാണ് ഫുട്ബോൾ കളിയെന്നും ഗവേഷകർ പറയുന്നു.

ഉയർന്ന രക്തസമ്മർദമുള്ള 35 നും 50 നും ഇടയിൽ പ്രായമുള്ള 31 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇതിൽ 19 പേർ കഴിഞ്ഞ ഒരു വർഷമായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഒരു മണിക്കൂർ ഫുട്ബോൾ ഫിറ്റ്നസ് പരിശീലനം നേടിയവരായിരുന്നു. ഏതാണ്ട് 128 സെഷനുകൾ, ഹൃദയസംബന്ധമായ രോഗങ്ങൾ പ്രമേഹം മുതലായ ജീവിതശൈലീരോഗങ്ങൾ തടയാനും ഫലപ്രദമായ ചികിത്സയ്ക്കും ഉള്ള മാർഗമാണ് ഫുട്ബോൾ കളി.

ഫുട്ബോൾ ഫിറ്റ്നസ് ട്രെയിനിങ്ങ് എന്നാൽ ഹൈപൾസ് ട്രെയിനിങ്ങ്, സ്റ്റാമിന ട്രെയ്നിങ്ങ്, സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ് ഇവ ഉൾപ്പെടുന്നു. ഒരു വർഷക്കാലമായി ഫുട്ബോൾ കളിച്ചവർക്ക് ആരോഗ്യം ഏറെ മെച്ചപ്പെട്ടതായി കണ്ടു. എന്തിനേറെ, ഈ പരിശീലനം അവർ ഏറെ ആസ്വദിച്ചിരുന്നതായും ഹാജർ നില ഉയർന്നിരുന്നതായും ഡോ. പീറ്റർ പറയുന്നു.

ഫുട്ബോൾ കളിക്കാത്തവരുമായി താരതമ്യപ്പെടുത്തിയപ്പോൾ ഫുട്ബോൾ കളിയിൽ മുഴുകിയ സ്ത്രീകൾക്ക് രക്തസമ്മർദത്തിൽ ഗുണകരമായ മാറ്റം ഉണ്ടായതായി കണ്ടു. കൂടാതെ ഇവരുടെ ബോഡി ഫാറ്റ് മാസ്, ട്രൈഗ്ലിസറൈഡ്, ബോൺ മാസ്, ഫിറ്റ്നസ് ഇവയും മെച്ചപ്പെടുന്നതായി കണ്ടു.