Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീ രോഗങ്ങൾക്ക് പരിഹാരങ്ങൾ

Woman Scraching her Head

ആരോഗ്യപ്രശ്നങ്ങളിൽ സ്ത്രീകളുടേതു മാത്രമായവ പലതുമുണ്ട്. പക്ഷേ പലപ്പോഴും തുറന്നു ചോദിക്കാനോ പുറത്തു പറയാനോ ഉള്ള മടികൊണ്ട് രോഗാവസ്ഥ രൂക്ഷമാകാറുമുണ്ട്. അത്തരം ചിലപ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളറിയാം.

ആർത്തവസമയത്തെ വയറുവേദന കുറയ്ക്കാൻ പതിവായി മരുന്നു കഴിച്ചാൽ പ്രശ്നമുണ്ടോ?

ആർത്തവ സമയത്തെ വയറുവേദന കൗമാരപ്രായക്കാരിലാണ് സാധാരണ കൂടുതലായി കാണുന്നത്. ഗർഭധാരണവും പ്രസവവും കഴിയുമ്പോൾ വേദന പൊതുവേ കുറയും. എന്നാൽ വയറുവേദന ഈ പ്രായത്തിനുശേഷവും കണ്ടുവരുന്നുണ്ടെങ്കിലോ പുതിയതായി തുടങ്ങുന്നുണ്ടെങ്കിലോ എൻഡോമെ ട്രിയോസിസ്, ഫൈബ്രോയ്ഡ് തുടങ്ങിയ പ്രശ്നങ്ങൾ സംശയിക്കണം. പലരും കരുതുന്നത് ആർത്തവസമയത്ത് സ്ഥിരമായി വേദനാസംഹാരികൾ കഴിക്കുന്നത് അപകടമാണെന്നാണ്. മറ്റു രോഗാവസ്ഥകൾ മൂലമല്ല വേദനയുണ്ടാകുന്നത് എന്ന് ഉറപ്പു വരുത്തിയ ശേഷം ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ല. സാധാരണ വേദനസംഹാരികളാണ് (NSAID) ഈ വേദനയ്ക്ക് ഉപയോഗിക്കുന്നത്. ആന്റിസ്പാസ്മോഡിക് മരുന്നുകളും ഉപയോഗിക്കാറുണ്ട്. ചില അവസരങ്ങളിൽ ഗർഭനിരോധനഗുളികകൾ ആർത്തവ വയറുവേദനയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.

അസ്ഥിസ്രാവം (വെള്ളപോക്ക്) എന്നതിന് അസ്ഥിയുമായി എന്തെങ്കിലും ബന്ധുമുണ്ടോ? ചികിത്സ വേണോ?

അസ്ഥിസ്രാവം എന്ന പേരുതന്നെ തെറ്റാണ്. ഭയമുണ്ടാക്കാൻ മാത്രമേ അത് ഉപകരിക്കൂ. സ്ത്രീകളിലെ ജനനേന്ദ്രിയത്തിൽ കാണപ്പെടുന്ന സ്രവത്തിന് അസ്ഥിയുമായി യാതൊരു ബന്ധവുമില്ല. പ്രത്യുൽപാദനക്ഷമമായ കാലങ്ങളിൽ‍ ഹോർമോണുകളുടെ പ്രവർത്തനഫലമായി ഒരു സ്രവം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഗർഭാശയത്തിൽ നിന്നും ഗർഭാശയമുഖത്ത‍ുനിന്നും യോനീനാളത്തിൽ നിന്നുമുള്ള സ്രവങ്ങളും ഇതിൽ ഉൾപ്പെടും. ഇതുകൊണ്ടാണ് ജനനേന്ദ്രിയം നനവുള്ളതാകുന്നത്. അണ്ഡേ‍ാൽപാദനസമയത്തും മാസമുറയ്ക്കു തൊട്ടുമുമ്പും ഇതിന്റെ അളവു കൂടുതലുണ്ടാകാം. ഈ സാധാരണ സ്രവ‍ങ്ങൾ അസ്വസ്ഥതയെ‍ാന്നുമുണ്ടാക്കുന്നില്ല. ഇതിനു ചികിത്സയും ആവശ്യമില്ല.

ജനനേന്ദ്രിയത്തിലെ ഫംഗസ് ബാധമൂലമുള്ള സ്രവം വെള്ളനിറത്തിൽ തൈരുപോലെയുള്ളതാണ്. ഇതു ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കാം. ബാക്ടീരിയ മൂലമുള്ള സ്രവം പഴുപ്പുപോലെയുള്ളതായിരിക്കും. ദുർഗന്ധവും ഉണ്ടാകാം. ട്രിക്കോമൊണാസ് (Trichomonas) എന്ന അണുബാധയുള്ളപ്പോൾ മഞ്ഞനിറത്തിൽ പതയുന്ന സ്രവമുണ്ടാകുന്നു. അസഹ്യമായ ചൊറിച്ചിലും കാണും. രക്തം കലർന്ന സ്രവം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണണം. ദശവളർച്ച (polyp)യോ അർബുദം തന്നെയോ കാരണമാകാം. ഈ അവസ്ഥകളിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

തുമ്മുമ്പോൾ മൂത്രം പോകുന്നു. ചികിത്സയുണ്ടോ?

തുമ്മുമ്പോൾ മൂത്രം പോകുന്നത് സ്ട്രെസ്സ് ഇൻകോണ്ടിനൻസ് എന്ന അവസ്ഥ കാരണമാണ്. ആർത്തവവിരാമത്തിൽ ഹോർമോൺ കുറവു മൂലം ജനനേന്ദ്രിയ ഭാഗത്തുണ്ടാകുന്ന വ്യത്യാസമാണ് ഇതിന്റെ ഒരു പ്രധാന കാരണം, ചിലരിൽ മൂത്രാശയ അണുബാധ, ഗർഭപാത്രത്തിന്റെ തള്ളൽ എന്നിവകൊണ്ടും ഇങ്ങനെ വരാം. അണുബാധയും ഹോർമോണിന്റെ അഭാവവും ഇല്ല എങ്കിൽ ആഭാഗത്തെ പേശികളുടെ പ്രത്യേക വ്യായാമമുറകൾ (Pelvic floor exercise) കൊണ്ട് ഈ അവസ്ഥ ഒരു പരിധിവരെ നിയന്ത്രിക്കാം. സാധ്യമാകുന്നില്ലെങ്കിലൽ ഒാപ്പറേഷൻ വേണ്ടിവരും.

തുടയിടുക്കിലെ കറുപ്പു നിറം മാറ്റാനാകുമോ?

തുടയിടുക്കിലെ കറുപ്പുനിറമുണ്ടാകുന്നത് ഫംഗസ്ബാധ (Tineacruris) കൊണ്ടാകാം. കൂടാതെ ഇൻഫ്ലമേഷൻ കൊണ്ടും ചൊറിച്ചിൽ കൊണ്ടും നിറംപിടിക്കൽ (പിഗ്മന്റേഷൻ ) ഉണ്ടാകാം. അമിതവണ്ണം, ഉരയുന്നതുമൂലം തുടകൾക്കിടയിലുള്ള ത്വക്കിനുണ്ടാകുന്ന വ്യത്യാസം, വിയർപ്പും നനവും അടിഞ്ഞിരിക്കുന്ന അവസ്ഥ, ഇറുകിയതും സിന്തറ്റിക് കൊണ്ടുള്ളതുമായ അടിവസ്ത്രങ്ങൾ, ശുചിത്വക്കുറവ് ഇവയെല്ലാം ഈ അവസ്ഥയ്ക്കു കാരണമാകാം. ആന്റിഫംഗൽ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മതിയായ കാലയളവിൽ ഉപയോഗിക്കുക. അയവുള്ള കോട്ടൺ അടിവസ്ത്രങ്ങളാണ് നല്ലത്. കൂടുതൽ വിയർത്താൽ ശരീരം കഴുകുക, ഉണങ്ങിയ ടവൽ കൊണ്ടു തുവർത്തുക, ശുചിത്വം പാലിക്കുക എന്നിവയിലൂടെ കറുപ്പു വരാതെ സൂക്ഷിക്കാം.

സ്തനാർബുദം എങ്ങനെ തിരിച്ചറിയും?

സ്വയം സ്തനപരിശോധന ചെയ്യുകയാണ് സ്തനങ്ങളിലെ മുഴകൾ തിര‍ിച്ചറിയാനുള്ള എളുപ്പ മാർഗം. എല്ലാ പ്ര‍ായക്കാരും മാസത്തിലൊരിക്കലെങ്കിലും ഇങ്ങനെ സ്വയം പരിശോധിക്കണം. മാസമുറയ്ക്കുശേഷമുള്ള സമയമാണ് സ്വയം സ്തനപരിശേ‍ാധന ചെ‍യ്യാൻ ഉത്തമം. കൈവിരലുകളുടെ പരന്നഭാഗം കൊണ്ടു വട്ടത്തിൽ അമർത്തി നോക്കി സ്തനം പൂർണമായും പരിശോധനയ്ക്കു വിധേയമാക്കണം. കക്ഷത്തിൽ മുഴകളോ തടിപ്പുകളോ ഉണ്ടോ എന്നും പരിശോധിക്കണം. കൂടാതെ തൊലിപ്പുറത്ത് എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ടോ എന്നും മുലക്കണ്ണ് ഉള്ളിലേക്ക് വലിയുന്നുണ്ടോ എന്നും നോക്കണം. എന്തെങ്കിലും സംശയ‍ാസ്പദമായി കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട‍ു പരിശോധന നടത്തണം. മുഴുകൾ വേദനയുണ്ടാക്കുന്നവയാകണമെന്നില്ല.. ഡോക്ടറുടെ നിർദേശപ്രകാരം മാമോഗ്രാം, അൾട്രാസൗണ്ട്, എഫ് എൻ എ സി തുടങ്ങിയ പരിശോധനകൾ ചെയ്യാം. കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ കൂടുതൽ കരുതൽ ആവശ്യമാണ്. അങ്ങനെയുള്ളവർ മാമോഗ്രാം പരിശോധനയ്ക്ക് വിധേയരാകണം. എല്ലാ മുഴകളും അർബുദമല്ല. എന്നാൽ എല്ലാത്തരം മുഴകളും പരിശോധനയ്ക്കു വിധേയമാക്കി അർബുദബാധ ഇല്ല എന്ന് ഉറപ്പുവരുത്തണം.

മുഖക്കുരുവുള്ള കൗമാരക്കാര‍ിയാണ്. മുഖത്ത് രോമവളർച്ച കൂടുന്നു. സൂക്ഷിക്കണോ?

കൗമാരപ്രായത്തിൽ മുഖക്കുരു സാധാരണയാണ്. എന്നാൽ അമിത രോമവളർച്ച കണ്ടാൽ പി സി ഒ ഡി സംശയിക്കണം. പ്രത്യേകിച്ചും ഭാരക്കൂടുതൽ ഉണ്ടെങ്കിലും ആർത്തവം ക്രമം തെറ്റി വരുന്നുണ്ടെങ്കിലും പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പ‍ി സി ഒ ഡി) സംശയിക്കണം. കൗമാരപ്രായക്കാരിൽത്തന്നെ ഇതു ധാരാളം കണ്ടുവരുന്നുണ്ട് . ഇത് ഒരു ജീവിതശൈലീജന്യരോഗമാണ്. ഇന്നത്തെ കൂടുതൽ കാലറിയുള്ള ഭക്ഷണക്രമവും വ്യായാമമില്ലായ‍്മയും ഇതിനു കാരണമാകാം.

കൗമാരപ്രായത്തിൽത്തന്നെ ശ്രദ്ധവച്ചാൽ പി സി ഒ ഡി പ്രശ്നങ്ങൾ പരിഹരിക്കാം. ചിലർക്ക് മാത്രമാണ് ചികിത്സ വേണ്ടിവരിക.

ജനനേന്ദ്രിയത്തിലെ ചൊറിച്ചിൽ മാറ്റാനെന്തു ചെയ്യണം?

ജനനേന്ദ്രിയത്തിലെ ചൊറിച്ചിലിനു പ്രധാന കാരണം വിവിധതരം അണുബാധകളാണ്. പൂപ്പൽ (ഫംഗസ്) ബാധയാണ് ഏറ്റവും സാധാരണം ആർത്തവവിരാമം സംഭവിച്ചവരിൽ, ഈസ്ട്രജൻ ഹോർമോണിന്റെ കുറ‍വു കാരണം ജനനേന്ദ്രിയഭാഗത്തെ ചർമം കനം കുറഞ്ഞതാവുകയും നനവില്ലാതാവുകയും ചെയ്യും. ഇതു ചൊറിച്ചില‍ിനു കാരണമാകാം. ജനനേന്ദ്രിയത്തിൽ രാസപദാർഥങ്ങളുടെ അലർജി മൂലവും ചൊറിച്ചിലുണ്ടാകാം. ക്രീമുകൾ, സോപ്പ്, ഡിറ്റർജന്റ് തുടങ്ങിയവയൊക്കെ അലർജിക്കു കാരണമാകാം. ചില ചർമരോഗങ്ങളും ചൊറിച്ചിലുണ്ടാക്കും. വൃക്തിശുചിത്വം പാലിക്കുക, അണുബാധ ചികിത്സിക്കുക, അയവുള്ള കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുക, സോപ്പ്, ക്രീമുകൾ തുട‍ങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയവയാണു പരിഹാരമാർഗങ്ങൾ. ആർ‍ത്തവവിരാമം സംഭവിച്ചവരും ത്വക്ക് രോഗങ്ങൾ ഉള്ളവരും ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചികിത്സ എടുക്കണം.

യഥാർഥ പ്രസവവേദന എങ്ങനെ വേർതിരിച്ചറിയാം?

പ്രസവവേദന ഗർഭാശയത്തിന്റെ സങ്കോചവും ഗർഭാശയമുഖവികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രമമായ ഇടവേളകളിൽ –വിട്ടുവിട്ടാണ് പ്രസവവേദന ഉണ്ടാകുന്നത്. വയറിലും നടുവിലുമായോ, വയറിലോ ന‌ടുവിലോ മാത്രമായോ വേദന തുടങ്ങാം. വേദനയുടെ ആവൃത്തിയും ശക്തിയും ക്രമേണ വർധിച്ചുവരും. പ്രസവവേദനയുണ്ടാകുമ്പോൾ വയറിൽ കൈവച്ചു നോക്കിയാൽ ഗർഭപാത്രത്തിന്റെ മുറുകൽ മനസ്സിലാക്കാൻ സാധ‍ിക്കും –വയർ കട്ടിയാകുന്നതായി തോന്നും. ഇങ്ങനെയുള്ള പ്രസവവേദന ഗർഭാശയമ‍ുഖം ക്രമാനുഗതമായി കൂടാതെയിരിക്കുകയും കുറച്ചു കഴിയുമ്പോൾ ഇല്ലാതാകുകയും ചെയ്യും. തുടർച്ചയായി ഉണ്ടാകുന്ന വേദന പ്രസവവേദനയല്ല. അത്തരം വേദനയ്ക്ക് മറ്റ‍ു കാരണങ്ങൾ ഉണ്ടാകാം.

മൂത്രാശയനാളീ അണ‍‍ുബാധ കൂടുന്നോ?

സ്ത്രീകളിൽ യൂറിനറി അണുബാധ ഉണ്ടാകാനുള്ള സാധ‍്യത കൂടുതലാണ്. മൂത്രനാളിയുടെ നീളം കുറവായതും മലമൂത്രവിസർജനാവയവങ്ങളുടെ സാമീപ്യവുമാണ് ഇതിനു പ്രധാന കാരണം. മലവിസർജനത്തിനുശേഷം കഴുമ്പോൾ കൈ പിന്നിൽ നിന്നു മുമ്പിലേക്കു കൊണ്ടു വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം. പിന്ന‍ിൽ നിന്നു മുമ്പിലേക്ക് വെള്ളമൊഴിച്ചു കഴുകുന്നതും അണുക്കൾ മൂ‍ത്രനാളിയിൽ പ്ര‍‍വേശിക്കാൻ കാരണമാകും പൊതുശൗച‍ാലയങ്ങൾ ഉപയോഗിക്കുമ്പോൾ അണുബാധയുണ്ടാകാൻ സാധ്യത കൂടുതലാണ്. ഒരിക്കൽ അണുബാധയുണ്ടായാൽ രോഗം പൂർണമായി മാറുന്നതുവരെ കൃത്യമായ അളവിൽ ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കണം. നിർദേശിക്കപ്പെട്ട കോഴ്സ് പൂർത്തിയാക്കാതിരുന്നാൽ കൂടുതൽ തീവ്രമായ അണുബാധകൾ (resistant infections) ഉണ്ടാകാം.

അടിക്കടി യൂറിനറി അണുബാധ വരുന്നവർ എപ്പോഴും ധാരാളം വെള്ളം കുട‍ിക്കണം. മാത്രമല്ല, മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കരുത്. പകൽ സമയത്തു നാലു മണിക്കൂർ കൂടുമ്പോൾ മൂത്രമൊഴിക്കണം. ഇറുകിയ അടിവസ്ത്രങ്ങൾ ഒഴിവാക്കണം. ലൈംഗികബന്ധത്തിനു മുമ്പും ശേഷവും മൂത്രമൊഴിക്കുന്നതും പ്രധാനമാണ്. അതുപോലെ ശീതളപാനീയങ്ങളുടെ ഉപയോഗവും കുറയ്ക്കണം.

ഡോ. എസ്. ശ്രീകല
ഗൈനക്കോളജിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം