Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവജാതരിലെ 10 കരുതലുകൾ

savanth-vava-new

ഒരു പിഞ്ചുകുഞ്ഞിനെ പരിചരിക്കും പോലെ എന്ന് കേട്ടിട്ടില്ലേ? ഏറ്റവും ശ്രദ്ധയും കരുതലും ആവശ്യമുള്ള കാര്യമാണ് നവജാതശിശുപരിചരണം. പ്രത്യേകിച്ച് വീട്ടിൽ വച്ച്. പാൽ തികട്ടി വന്നാൽ എന്ത‍‍‍ു ചെയ്യണം, എങ്ങനെ കുളിപ്പിക്കണം, ശരീരത്തിൽ മഞ്ഞനിറം കണ്ടാൽ തുടങ്ങി നവജാതശിശുക്കളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

പാൽ തികട്ടി വന്നാൽ

മുലപ്പാൽ തികട്ടി വരുന്നത് കുറെയൊക്കെ സ്വഭാവികമാണ്. പണ്ട് അമ്മൂമ്മമാർ പറയുമായിരുന്നു ഛർദിക്കും പിള്ള വർധിക്കും എന്ന്. ഇത് ഒരു അസൗകര്യമെന്നല്ലാതെ ആരോഗ്യപ്രശ്നമായി കരുതേണ്ടതില്ല. എന്നാൽ ധാരാളം പാൽ അന്നനാളത്തിലെത്തി പുറത്തേയ്ക്കു പോരികയാണെങ്കിൽ പ്രശ്നങ്ങളുണ്ടാവാം. ക‍‍ുടിക്കുന്നതിലേറെ പാൽ പുറത്തുപോയാൽ കുഞ്ഞിനു ഭാരം വർധിക്കാത്ത അവസ്ഥയുണ്ടാകും. ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസ‍ിഡ് ഉണ്ടെന്നറിയാമല്ലോ. ഈ ആസിഡ് അന്നനാളത്തിലെത്തിയാൽ, അന്നനാളത്തിന് കേടുപാടുകൾ ഉണ്ടാക്കാം. വേദന തുടങ്ങിയ അസ്വസ്ഥതയാൽ കുഞ്ഞു കരയാനും ഉറക്കം നഷ്ടപ്പെടാനും ഇടയുണ്ട്. ആസിഡ് കലർന്ന ഈ പാൽ ശ്വാസകോശത്തിൽ കടന്നുകൂടി ശ്വാസകോശത്ത‍ിനും പ്രശ്നം ഉണ്ടാകാം. കുഞ്ഞിന് ആവർത്തിച്ചുള്ള ചുമയും ശ്വാസംമ‍ുട്ടലുമുണ്ടാകാം. മേൽപ്പറഞ്ഞ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടർ പരിശോധനകളും ചികിത്സയും നിർദേശിച്ചേക്കാം.

കുളിപ്പിക്കുമ്പോൾ

ഉച്ചയോടുകൂടെ ചെറു ചൂടുവെള്ളത്തിൽ വേണം കുളിപ്പിക്കാൻ. മാസം തികഞ്ഞ കുഞ്ഞുങ്ങളെ എണ്ണതേച്ച്, മസാജ് ചെയ്ത് 5-10 മിനിറ്റ് കിടത്തുന്നതു കൊണ്ടു കുഴപ്പമില്ല. കുഞ്ഞിനു തണുപ്പടിക്കാൻ പാടില്ല. വേഗം കുളിപ്പിച്ച് തോർത്തി ഉടുപ്പുകൾ ഇടണം. തലയും കൂടി മൂടി വയ്ക്കുന്നതാണു നല്ലത്. തണുപ്പുകാലത്ത് ചെറുചൂടുവെള്ളത്തിൽ മൃദുവായ തുണി സോപ്പുവെള്ളത്തിൽ മുക്കി തുടച്ചു വൃത്തിയാക്കാം. കുളിപ്പിക്കുമ്പോഴായാലും തുടയ്ക്കുമ്പോഴായാലും തല ഒടുവിൽ ചെയ്യുന്നത് നല്ലത്. കൈക്കുമ്പിളിൽ വെള്ളമെടുത്ത് കു‍േറശ്ശ ഒഴിച്ചു തല കഴുകണം. കുളി കഴിഞ്ഞു തോർത്തുമ്പോൾ തല നല്ലവണ്ണം തോർത്തണം. തൊലിമടക്കുകളിൽ വെള്ളമയം നിന്നാൽ ഫംഗസ് രോഗാണുക്കൾ അവിടെ താവളമാക്കാം. ക്രീമോ പൗഡറോ ഇടുന്നതിനു കുഴപ്പമില്ല. തൊലിക്കു ചുവപ്പോ തടിപ്പോ ഒക്കെ ഉണ്ടായാൽ ഡോക്ടറുടെ ഉപദേശമനുസരിച്ചു ചെയ്യണം. പെൺകുട്ടികളുടെ ജനനേന്ദ്രിയഭാഗങ്ങളിൽ പൗഡർ കുടഞ്ഞിടരുത്. ദേഹത്തൊക്കെ പൗഡർ കുടഞ്ഞിടുകയാണെങ്കിൽ മൂക്കിനു നേരെ കൈവച്ചു മറച്ചു പിടിക്കാം. പഫ് ഉപയോഗിക്കുന്നതാണ് നല്ലത്. പൊക്കിൾത്തണ്ടിലോ, പൊക്കിൾത്തണ്ട് പൊഴിഞ്ഞതിനുശേഷം പൊക്കിളിലോ വെള്ളമോ സോപ്പോ വീഴുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല. കുളി കഴിഞ്ഞ് അവിടെയും വൃത്തിയുള്ള തുണികൊണ്ട് അമർത്തി നനവു മാറ്റിയാൽ മതി.

ഫാനിന്റെ കാറ്റ് കൊള്ളുന്നത്

വലിയ സ്പീഡിലാണെങ്കിൽ കുഞ്ഞിനു ശ്വാസംമുട്ടും എന്നു പറയേണ്ടതില്ലല്ലോ. ചെറിയ സ്പീഡിൽ, കറങ്ങുന്ന ടേബിൾ ഫാനാണ് നല്ലത്. തുടച്ചു വൃത്തിയാക്കാനും എള‍ുപ്പമുണ്ട്. സീലിങ് ഫാൻ എപ്പോഴും തുടച്ചു വ‍ൃത്തിയാക്കാനാവില്ലല്ലോ. കറങ്ങാതിരിക്കുമ്പോൾ ലീഫിൽ‌ അടിയുന്ന പൊടി കറങ്ങുമ്പോൾ വായുവിൽ കലരും. അലർജി ഉണ്ട‍െങ്കിൽ കുഞ്ഞിനും മ‍ൂക്കടപ്പ്, തുമ്മൽ, ചുമ, ശ്വാസംമുട്ടൽ ഒക്കെ വരാം. അലർജി ഇല്ലെങ്കിൽ കുഴപ്പമൊന്നും ഇല്ല.

പൊക്കിൾകൊടിയിൽ മരുന്ന് പുരട്ടുന്നത്

രോഗാണുബാധ പരിഹരിക്കാൻ ഡോക്ടർ നിർദേശിച്ചാൽ മാത്രം മതി മരുന്നുപുരട്ടൽ. സാധാരണഗതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ പൊക്കിൾത്തണ്ടുവേർപെടും. പരമാവധി പത്തു ദിവസം. പിന്നെ അതു കരിയുകയും ചെയ്യും. പൊക്കിളിൽ പഴുപ്പ്, പഴുപ്പിന്റ‍െ മണം, ചുവപ്പുനിറം മുതലായവ ഇല്ലെങ്കിൽ ഒരു മരുന്നിന്റെയും ആവശ്യമില്ല. ചിലപ്പോൾ മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിലും കരിയാതിരിക്കാം. 14 ദിവസമായിട്ടും പൊക്കിൾ ഉണങ്ങിയില്ലെങ്കിൽ ‍ഡോക്ടറെ കാണിക്കണം.

പനി വന്നാൽ, മരുന്നുകൾ നൽകുമ്പോൾ

ഒരു പ്രായത്തിലും സ്വയം ചികിത്സ നന്നല്ല. നവജാതശിശുക്കൾക്ക് പനി വന്നാൽ സ്വയം ചികിത്സ ഒട്ടും വേണ്ട. ഡോക്ടറെ കാണിച്ചു രോഗനിർണയം നടത്തി വേണം ചികിത്സിക്കാൻ. നമ്മൾ പനിക്കുള്ള മര‍ുന്നു കൊടുത്താലുമില്ലെങ്കിലും കുറച്ച‍ു സമയം കഴിയുമ്പോൾ പനി കുറയും. രോഗം ഉണ്ടെങ്കിൽ പനി വീണ്ടും വരും എന്നു മാത്രം. ചെറിയ ഫില്ലറുകൾ വഴി കുറേശ്ശയായി മരുന്ന് കൊടുക്കണം. കുഞ്ഞിനെ മടിയിൽ എടുത്തുവച്ച്, തല ഉയർത്തിപ്പിടിച്ചു തുള്ളികളായി കൊടുക്കണം. വിഴുങ്ങിയതിനുശേഷം ബാക്കി കൊടുക്കുക. കരയുമ്പോൾ കൊടുക്കരുത്. കൊടുക്കുന്നതിനു മുമ്പു മരുന്ന് അതു തന്നെയാണോ, ഡോസ് എത്രയാണ് എന്നൊക്കെ ശ്രദ്ധിക്കണം.

ശരീരത്തിൽ മഞ്ഞനിറം

മഞ്ഞനിറം ഏറ്റവും അധ‍ികമായി കാണപ്പെടുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള രക്തം ചേരാതെ വരുന്നതു കൊണ്ടാണ്. ചില കുഞ്ഞുങ്ങൾക്ക് രോഗകാരണമല്ലാതെ തന്നെ മഞ്ഞനിറം ഉണ്ടാവ‍ാം.ആദ്യദിനം കഴിഞ്ഞതിനുശേഷമാണ് മഞ്ഞനിറം കാണുക. ഇത് ഒന്നുരണ്ടാഴ്ച കൊണ്ടു മാറാറുണ്ട്. അതിൽ കൂടുതൽ നീണ്ടു നിന്നാൽ ഡോക്ടറുടെ ശ്രദ്ധയിൽ‌ പെടുത്തണം. മുൻപൊക്കെ ഇങ്ങനയുള്ള അവസരങ്ങളിൽ കുഞ്ഞിനെ ഇളംവെയിൽ കൊള്ളിക്കാൻ പറയുമായിരുന്നു. അതിന്റെ ആവശ്യമില്ല. അല്ലാതെതന്നെ മഞ്ഞനിറം മാറും.

കുഞ്ഞിനെ എടുക്കുമ്പോൾ

കുഞ്ഞിനെ എടുക്കുമ്പോൾ കുഞ്ഞിന്റെ തലയ്ക്കും കഴുത്തിനും സപ്പോർട്ട് കൊടുത്തു വേണം എടുക്കാൻ. ഒരിക്കലും കുഞ്ഞിനെ കൈകളിൽ തൂക്കി ഉയർത്തരുത്. കുഞ്ഞിന്റെ കൈകൾക്കു ശരീരത്തിന്റെ ഭാരം താങ്ങാൻ കഴിവില്ല. കുഞ്ഞിന്റെ കൈകളിലെയും തോളുകളിലെയും കുഴ തെറ്റിപ്പോകാൻ സാധ്യതയുണ്ട്. കഴുത്ത് ഉറയ്ക്കാത്ത കുഞ്ഞിനെ എടുക്കുമ്പോൾ തലയ്ക്കും കഴുത്തിനും നല്ല താങ്ങു കൊടുക്കണം. മുലപ്പാൽ കൊടുക്കുന്ന സമയത്തു കുഞ്ഞിന്റെ തല അമ്മയുടെ കൈക്കുഴയിലും ദേഹം കൈയിലുമായി വരണം. കുഞ്ഞിന്റെ പിൻഭാഗം അമ്മയുടെ കൈവെള്ളയിൽ വരണം.

വൃത്തിയാക്കൽ

മലമൂത്രവിസർജനത്തിനു ശേഷമുള്ള വൃത്തിയാക്കൽ വളരെ പ്രധാനമാണ്. പ്രത്യേകിച്ചും പെൺകുഞ്ഞുങ്ങളിൽ. കുഞ്ഞുങ്ങൾ മലമൂത്രവിസർജനം ചെയ്താൽ ചെറുചൂടുള്ള വെള്ളത്തിൽ കഴുകി ഉണങ്ങിയ മൃദുവായ തുണി കൊണ്ട് തുടച്ചു നനവു മാറ്റണം. പെൺകുട്ടികളെ മലം പോയതിനുശേഷം കഴുകുമ്പോൾ വെള്ളം മുന്നിൽ നിന്നു പുറകോട്ടേ ഒഴുകാവുള്ള‍ൂ. മൂത്രമെ‍ാഴിച്ചു കഴിയുമ്പോൾ വെറുതെ വെള്ളം പുറകോട്ട് ഒഴിച്ചു വിട്ടാൽ മതി. കൈകൾ കൊണ്ടു കഴുകണം. കുഞ്ഞുരണ്ടും ഒന്നിച്ചു ചെയ്തിട്ടുണ്ടെങ്കിൽ ആദ്യം മുൻഭാഗവും പിന്നെ പിൻഭാഗവും കഴുകണം. മൂത്രം ഒഴ‍ിച്ചു കഴിഞ്ഞാൽ വെറുതെ വെള്ളം ഒഴിച്ചാൽ മതി. മലം പോയിക്കഴിഞ്ഞാൽ മലം കഴുകി മാറ്റിയതിനുശേഷം സോപ്പിട്ടു കഴുകണം.

ഡയപ്പർ ഉപയോഗിക്കുമ്പോൾ

കുഞ്ഞിന്റെ തൊലിക്കും ശരീരത്തിനും സുഖകരം പണ്ടേ പോലെയുള്ള പഴയ തുണികൊണ്ടുള്ള നാപ്കിൻ തന്നെയാണ്. അവ നനയുമ്പോൾ ഉടനെ നമ്മൾ കാണുന്നു മാറ്റുന്നു. പിന്നെ മൃദുവായ കോട്ടൺ ആയതിനാൽ സുഖകരമാണ്. അലർജിയും ഉണ്ടാവില്ല. അതുകൊണ്ട് വീട്ടിൽ, പ്രത്യേകിച്ചു പകൽ സമയങ്ങളിൽ പഴയ കോട്ടൺ തുണികൾ ഉപയോഗിക്കുന്നതു തന്നെയാണ് നല്ലത്. രാത്രിയിൽ, കൂടുതൽ വെള്ളം സാധ്യതയില്ലാത്ത ഡിസ്പോസിബിൾ നാപ്കിൻ ഉപയോഗിക്കാം. അത് ഏറ്റവും താമസിച്ചു വയ്ക്കുകയും ഏറ്റവും നേരത്തെ തന്നെ അഴിച്ചു മാറ്റുകയും പിന്നെ കുറച്ചു നേരം. -ഡയപ്പർ ധരിക്കുന്നിടത്തെ തൊലി ചുവക്കുക, തടിക്കുക (ഡയപ്പർ റാഷ്) മുതലായവല ഉണ്ടാകുന്നുവെങ്കിൽ അവ ഒഴിവാക്കാനുള്ള ക്രീമുകൾ കിട്ടും. അവ പുരട്ടിയേ ഡയപ്പർ വയ്ക്കാവൂ.

മുതിർന്നവർക്ക് രോഗം വന്നാൽ

കഴ‍ിയുന്നിടത്തോളം അമ്മയുടെയും കു‍ഞ്ഞിന്റെയും മുറിയിൽ സന്ദർശകരെ ഒഴിവാക്കണം. വീട്ടിലാർക്കെങ്കിലും രോഗം വന്നാൽ അതു കുറയും വരെ അവർ ആ മുറിയിൽ കയറാൻ പാടില്ല. അമ്മയ്ക്കു രോഗം വന്നാലോ? പ്രധാനമായും രോഗങ്ങൾ പടരുന്നത് വായുവിലൂടെയും രോഗാണുക്കൾ ഉള്ള വസ്തുക്കളിലൂടെയും ആണ്. അമ്മയ്ക്കു രോഗം വന്നാൽ, മുലപ്പാൽ കൊടുക്കാൻ മാത്രമേ അമ്മ കുഞ്ഞിന്റെ അടുത്ത‍ു വരാവൂ, മുല കൊടുക്കും മുമ്പ് കൈകൾ സോപ്പിട്ടു കഴുകി വൃത്തിയുള്ള ഉണങ്ങിയ ടവ്വൽ കൊണ്ടു തുടയ്ക്കണം. ഒരു മാസ്ക് അല്ലെങ്കിൽ ടവ്വൽ കൊണ്ടു മൂക്കും വായും മൂടണം. എന്നിട്ടു വേണം കുഞ്ഞിനു മുലപ്പാൽ കൊടുക്കാൻ. വീട്ടിലെ മുതിർന്നവർ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾതന്നെ ചികിത്സതേടണം.

ഡോ. എസ്. ലത

പ്രഫസർ ഒാഫ് പീഡിയാട്രിക്സ്

പുഷ്പഗിരി മെഡിക്കൽ കോളജ്

തിരുവല്ല