Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതലോടെ ഓരോ ഘട്ടവും

care-pregnancy

നാല്പതു ആഴ്ച അഥവാ 280 ദിവസമാണു സമ്പൂര്‍ണ ഗര്‍ഭകാലം. കുഞ്ഞിന്റെ വളര്‍ച്ചയും ഗര്‍ഭത്തിന്റെ നിര്‍ണായക സമയങ്ങളെയും വേര്‍തിരിച്ചു ഗര്‍ഭകാലത്തെ മൂന്നുഘട്ടങ്ങളായി (ട്രൈമെസ്റ്റര്‍) തിരിക്കാറുണ്ട്.

ഇതില്‍ ആദ്യത്തെ 12 ആഴ്ച (മൂന്നുമാസം)യാണ് ഒന്നാം ഘട്ടം. 13 മുതല്‍ 25 ആഴ്ച വരെ (നാലു മുതല്‍ ആറ് മാസം വരെ) രണ്ടാം ഘട്ടവും 26 മുതല്‍ 40 ആഴ്ച വരെ (ഏഴാം മാസം മുതല്‍ പ്രസവം വരെ) മൂന്നാം ഘട്ടവുമായാണു തിരിച്ചിരിക്കുന്നത്.

ഇതില്‍ ഒന്നാമത്തെ ഘട്ടത്തിലാണു കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ഭ്രൂണം ശിശുവായി പരിണമിക്കുന്നത് ഈ ഘട്ടത്തിലാണ്. ഗര്‍ഭിണിയായി മാറിയതു മൂലമുണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍, പ്രത്യേകിച്ചും ഓക്കാനം, ഛര്‍ദി, ക്ഷീണം എന്നിവ ഈ സമയത്തു സാധാരണമാണ്. ഗര്‍ഭസ്ഥശിശു രൂപം കൊണ്ട് അവയവങ്ങളുടെ വളര്‍ച്ച ആരംഭിക്കുന്ന സമയമാണ് ആദ്യ മൂന്നുമാസം.

ആദ്യനാളുകളിലെ കരുതല്

ഗര്‍ഭമായി ആദ്യത്തെ 30 ദിവസം പ്രത്യേകിച്ചു ശ്രദ്ധിക്കേണ്ടതില്ല. എന്നാല്‍ 31-ാം ദിവസം മുതലുള്ള 60 ദിവസമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കുഞ്ഞിനു എല്ലാ അവയവങ്ങളും ഉണ്ടാകുന്ന സമയമാണിത്. ഹൃദയം, തലച്ചോറ് തുടങ്ങിയ ഓരോ അവയവങ്ങളും ഉടലെടുക്കുന്ന ആ സമയത്തു ഗര്‍ഭിണി ഉപയോഗിക്കുന്ന മരുന്നുകള്‍, ഭക്ഷണം, ഗര്‍ഭിണിയുടെ ശ്വാസത്തിലൂടെ പോലും എത്തുന്ന കാര്യങ്ങള്‍ എന്നിവ കുട്ടിയെ ബാധിക്കും.

കുട്ടികളില്‍ വൈകല്യം സൃഷ്ടിക്കപ്പെടാനുള്ള സാധ്യത ഈ സമയത്താണു കൂടുതല്‍. ഗര്‍ഭമലസലും ഈ ഘട്ടത്തില്‍ കൂടുതലായി കാണാറുണ്ട്. ശരീരത്തിനു ആയാസമുണ്ടാക്കുന്ന വിധത്തിലുള്ള ഇരുചക്രവാഹനങ്ങളിലെയും ഓട്ടോറിക്ഷയിലേയും യാത്ര ഈ അവസരത്തില്‍ ഒഴിവാക്കുകയാണ് അഭികാമ്യം. ആദ്യമാസങ്ങളില്‍ വിശപ്പില്ലായ്മയും ക്ഷീണവും ഛര്‍ദിയും സാധാരണമാണ്.

ഹോര്‍മോണ്‍ മാറ്റങ്ങള്‍ അറിയാം

ഹോര്‍മോണ്‍ വ്യതിയാനം മൂലം ഈ സമയത്തു ഗര്‍ഭിണിയില്‍ ഉത്കണ്ഠയും കൂടുതലാണ്. വേണ്ടത്ര വിശ്രമം അനിവാര്യമാണ്. ഭക്ഷണക്രമത്തിലും വ്യത്യാസം വരുത്തുന്നതു നന്നായിരിക്കും. ഈ മാസങ്ങളില്‍ കുറേശ്ശെ കഴിക്കുക. അടുപ്പിച്ചു കഴിക്കുന്നതും നല്ലതാണ്. വെള്ളവും പഴവര്‍ഗങ്ങളും കഴിക്കുന്നതും ഗുണകരം തന്നെ.

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഭക്ഷണം കഴിക്കരുത്. ഒന്നു നടന്ന ശേഷം കഴിക്കുന്നതാണു നല്ലത്. അതുപോലെ രാത്രികിടക്കുന്നതിനു രണ്ടുമണിക്കൂര്‍ മുമ്പു ഭക്ഷണം കഴിച്ച ശേഷം അല്‍പ ദൂരം നടന്ന ശേഷം ഉറങ്ങാന്‍ കിടക്കുന്നതാവും നല്ലത്. പല അസ്വസ്ഥതകളും ഇതിലൂടെ അകറ്റാനാകും.

അണുബാധ സൂക്ഷിക്കാം

മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ വൈകിപ്പിക്കരുത്. മൂത്രം കെട്ടിക്കിടന്നാല്‍ അണുബാധയ്ക്കു സാധ്യതയുണ്ട്. ദ്രാവക രൂപത്തിലുള്ള ഭക്ഷണം ഇടയ്ക്കു കഴിക്കാം.

സാധാരണ ജോലികളൊക്കെ ഈ സമയത്തു ചെയ്യാം. ലൈംഗികബന്ധമോ ചെറിയ യാത്രകളോ അപകടകരമല്ല. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഫോളിക് ആസിഡ് ഗുളികകള്‍ ഒഴികെ മറ്റു മരുന്നുകള്‍ സാധാരണ നിലയില്‍ വേണ്ടി വരാറില്ല.

രണ്ടാം ഘട്ടത്തിലെ മാറ്റങ്ങള്

രണ്ടാം ഘട്ടത്തിന്റെ തുടക്കം മുതലാണു ഗര്‍ഭിണിയില്‍ ശാരീരിക മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുക. സ്തനങ്ങള്‍ വലുതായി തുടങ്ങും. 14-ാംമത്തെ ആഴ്ചയോടെ കുഞ്ഞിന്റെ വളര്‍ച്ച വേഗത്തിലാകും. ഒപ്പം ഗര്‍ഭിണിയുടെ അടിവയര്‍ വീര്‍ത്ത് ഗര്‍ഭം പ്രകടമാകും. ഏതാണ്ട് 20 ആഴ്ച ആകുമ്പോഴേക്കുമാണു ഗര്‍ഭസ്ഥ ശിശുവിനു എല്ലാ അവയവങ്ങളും രൂപപ്പെട്ടു പൂര്‍ണശിശുവായി വളരാന്‍ തുടങ്ങുന്നത്.

ഗര്‍ഭിണിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും. ഹൃദയം, ശ്വാസകോശം തുടങ്ങി വിവിധ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകും. രക്തത്തിന്റെ അളവു കൂടും. ഇതിന്റെയൊക്കെ ഫലമായി പോഷകങ്ങളും കൂടുതലായി വേണ്ടിവരും. അതുപഹരിക്കാന്‍ കൂടുതല്‍ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം. കാത്സ്യവും ഇരുമ്പു സത്തും വേണ്ട അളവില്‍ ലഭ്യമാകാന്‍ അയണ്‍ ഗുളികയും കാത്സ്യം ഗുളികയും ഡോക്ടറിന്റെ നിര്‍ദേശാനുസരണം കഴിക്കണം.

ആയാസരഹിതവും മിതവുമായ വ്യായാമം ഈ ഘട്ടത്തില്‍ ഗര്‍ഭിണികള്‍ ശീലിക്കണം. സാധാരണ വീട്ടു ജോലികള്‍ക്കു പുറമേ നടത്തം നല്ലൊരു വ്യായാമമായിരിക്കും.

മലബന്ധമകറ്റാന്‍ വഴികള്‍

ഗര്‍ഭിണികളില്‍ ചിലര്‍ക്ക് ഈ ഘട്ടത്തില്‍ മലബന്ധം കാണാറുണ്ട്. ഇതൊഴിവാക്കാന്‍ നാരുകള്‍ ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും ധാരാളമായി വെള്ളം കുടിക്കുന്നതും നല്ലതാണ്. ചില അയണ്‍ ഗുളികകള്‍ മലബന്ധം വര്‍ധിപ്പിക്കാറുണ്ട്. അതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറോടു വിവരം പറഞ്ഞു ഗുളിക മാറ്റി വാങ്ങണം.

പ്രമേഹ പരിശോധന നടത്താം

രണ്ടാം ഘട്ടത്തില്‍ ലൈംഗിക ജീവിതം പൊതുവെ സുരക്ഷിതമാണ്. ഗര്‍ഭാരംഭത്തിലെ പേടി മാറി ഗര്‍ഭിണി കൂടുതല്‍ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും കഴിയുന്ന സമയമാണ് ഇത്.

ഈ അവസരത്തില്‍ പ്രമേഹ പരിശോധനയും നടത്തണം. കുഞ്ഞിനെ ഏതെങ്കിലും തരത്തിലുള്ള വൈകല്യം ബാധിച്ചിട്ടുണ്ടെങ്കില്‍ സ്കാനിങിലൂടെ തിരിച്ചറിയാനും ഈ ഘട്ടത്തില്‍ കഴിയുന്നു.

അവസാന ഘട്ടത്തില്‍ ശ്രദ്ധിക്കാന്‍

26 മുതല്‍ പ്രസവം വരെയുള്ള (40-ാം ആഴ്ച) അവസാന ഘട്ടമാണിത്. ഏഴുമാസം (30 ആഴ്ച മുതല്‍) കഴിയുന്നതോടെ കുഞ്ഞിന്റെ ചലനങ്ങള്‍ പുറത്തു പ്രകടമായി തുടങ്ങും. പ്രസവത്തിനു തൊട്ടു മുമ്പുള്ള ആഴ്ചകളില്‍ ഇതു നന്നായി തിരിച്ചറിയാം. ഗര്‍ഭത്തിന്റെ അവസാനത്തേയും മൂന്നാമത്തേതുമായ ഈ ഘട്ടത്തിലും ഗര്‍ഭിണികള്‍ക്കു ലഘു വ്യായാമം നല്ലതാണ്. വീട്ടുമുറ്റത്തിലൂടെ സാവധാനത്തിലുള്ള നടപ്പു തന്നെയാണ് ഇവിടെ നല്ലത്.

പ്രസവത്തോടടുക്കുമ്പോള്‍ മിക്കവരിലും പ്രത്യേകിച്ച് ആദ്യപ്രസവമാണെങ്കില്‍ ഭയവും ആശങ്കകളും കൂടി വരും. കഴിയുന്നതും സന്തോഷത്തോടെ ഇരിക്കുവാന്‍ ശ്രമിക്കണം. അനാവശ്യ ആകുലതകള്‍ പുലര്‍ത്തുന്നവരില്‍ സ്വാഭാവിക പ്രസവത്തിനുള്ള സാധ്യത കുറവായിരിക്കും എന്നോര്‍ക്കുക. ഈ സമയത്തു ഭര്‍ത്താവിന്റെയും വീട്ടിലുള്ള മറ്റു അംഗങ്ങളുടെയും പിന്തുണ ഗര്‍ഭിണികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പ്രയോജനപ്പെടും.

38 ആഴ്ച പിന്നിടുന്നതോടെ കുഞ്ഞു പുറത്തുവരാന്‍ വേണ്ട പൂര്‍ണ വളര്‍ച്ച എത്തിയിരിക്കും. ശ്വാസകോശവും കരളും വൃക്കകളും മറ്റു അവയവങ്ങളുംമൊക്കെ അമ്മയില്‍ നിന്നും വേറിട്ടു ജീവിക്കാനുള്ള ശേഷിയും വളര്‍ച്ചയും ഈ സമയത്തു നേടിയിരിക്കും.

യാത്രകള്‍ ഒഴിവാക്കാം

അവസാന മാസങ്ങളില്‍ നീണ്ടതും ആയാസകരവുമായ യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. ലൈംഗികതയ്ക്കും ഈ സമയത്ത് അവധി നല്‍കണം. തലവേദന, നീര്‍വീക്കം, അമിത രക്തസമ്മര്‍ദം മുതലായ പ്രശ്നങ്ങളും ഇക്കാലത്തു ഗര്‍ഭിണികള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.

ഇത്തരത്തില്‍ അസ്വസ്ഥത തോന്നുന്നവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഡോക്ടറെ കാണണം. ഒമ്പതു മാസമായാല്‍ എല്ലാ ആഴ്ചയും ഡോക്ടറെ കണ്ടു പരിശോധന നടത്തണം. അവസാന ആഴ്ചകളില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വേദനതോന്നിയാല്‍ ഉടന്‍ ആശുപത്രിയിലെത്തണം.

പ്രത്യേകം ഓര്‍മിക്കാന്‍

ഗര്‍ഭകാലത്തിന്റെ മൂന്നു ഘട്ടങ്ങളിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

. ഭക്ഷണം സാധാരണ കഴിക്കാറുള്ളതു മതി. പയറു വര്‍ഗങ്ങള്‍, പാല്‍, മുട്ട തുടങ്ങിയവയും ഇരുമ്പ്, കാത്സ്യം എന്നിവയും ധാരാളമായി അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. . വ്യായാമം ചെയ്യുന്നവരാണെങ്കില്‍ അതു തുടരാം. എന്നാല്‍ ലഘുവ്യായാമങ്ങളാവും ഉചിതം. . വെള്ളം ധാരാളമായി കുടിക്കുക. . ഇരുചക്ര-മുച്ചക്ര വാഹന യാത്രകള്‍ ഒഴിവാക്കുകയും നീണ്ട വാഹനയാത്രകള്‍ പരിമിതപ്പെടുത്തുകയും ചെയ്യുക. . രക്തംപോക്ക്, വെളുത്ത ദ്രാവകം പോകുക, അടിവയറ്റില്‍ വേദന, കുട്ടിയുടെ അനക്കം കുറയുക എന്നിവ തോന്നിയാല്‍ ഡോക്ടറെ കണ്ടു വിശദ പരിശോധന നടത്തണം.

Your Rating: