Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയാവാൻ പറ്റിയ സമയം

pregnant-time

പതിനഞ്ചു ശതമാനം ദമ്പതിമാർ ഇന്നു വന്ധ്യതാ പ്രശ്നം അനുഭവിക്കുന്നു. വന്ധ്യതയ്ക്കുള്ള വിവിധ കാരണങ്ങളിൽ പ്രാധാന്യമുള്ള ഒന്നാണു വർധിച്ചുവരുന്ന പ്രായം. ഗർഭനിരോധന ഉപാധികളുടെ ലഭ്യതയും അറിവും ഗർഭധാരണം നീട്ടിവയ്ക്കുന്നതിൽ വലിയപങ്കു വഹിക്കുന്നുണ്ട്. നമുക്കു നിയന്ത്രിക്കാൻ പറ്റാത്ത ഒരു ഘടകമാണ് പ്രായം. എല്ലാ സൗകര്യങ്ങളും ഒത്തുവന്നതിനുശേഷം മതി കുഞ്ഞുങ്ങൾ എന്നു വിചാരിക്കുന്നവരുണ്ട്. എന്നാൽ, അവർക്കു പ്രായം ഒരു തടസമായി മാറാം. അത്തരക്കാർ വൈകി മാത്രം വന്ധ്യതാ ചികിത്സയ്ക്കു തയാറാകുന്നതുകൊണ്ടു ഗർഭിണിയാകാനുള്ള സാധ്യതയും വളരെ കുറവായിരിക്കും.

അമ്മയാവാൻ പ്രായം?

ഒരു പെൺകുട്ടി ജനിക്കുമ്പോൾത്തന്നെ ആ കുട്ടിയുടെ അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ അളവു നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ആ അണ്ഡങ്ങളുടെ എണ്ണം മാസമുറ തുടങ്ങുന്നതോടെ കുറഞ്ഞു കുറഞ്ഞു വരുന്നു. അതായതു പുതിയതായി അണ്ഡം ഉണ്ടാകുന്നില്ല. ഉള്ള അണ്ഡങ്ങളുടെ വളർച്ച മാത്രമേ നടക്കുന്നുള്ളൂ.

15 വയസുമുതൽ അണ്ഡവളർച്ച ഉണ്ടാകുന്നു. അതു ക്രമത്തിലാക്കാൻ രണ്ടു മൂന്നു വർഷം എടുക്കും. അതിനുശേഷം 35 വയസുവരെ അധികം ക്രമം തെറ്റാതെ നടക്കുന്നു. ഈ 20 വർഷങ്ങളിലാണ് അണ്ഡവളർച്ച നല്ല രീതിയിൽ നടക്കുന്നത്. അതിനുശേഷം അണ്ഡവളർച്ചയുടെ തോതും അണ്ഡത്തിന്റെ ഗുണനിലവാരവും കുറഞ്ഞു തുടങ്ങുന്നു. അതുകൊണ്ട് അണ്ഡത്തിന്റെ ഗുണനിലവാരം ഏറ്റവും ഉയർന്നു നിൽക്കുന്ന 20 മുതൽ 25 വയസുവരെയുള്ള പ്രായത്തിലാണ് അമ്മയാവാൻ പറ്റിയ സമയം. സ്വാഭാവികമായ ഗർഭധാരണം നടക്കാനുള്ള സാധ്യത 37 വയസിനു ശേഷം വളരെ കുറയുന്നു. അത് 5 ശതമാനത്തിലും താഴെയാണ്. വന്ധ്യതയ്ക്കു മറ്റു കാരണങ്ങൾ കൂടി ഉണ്ടെങ്കിൽ ഈ നിരക്ക് പിന്നെയും കുറയും.

പ്രായം കൂടിയാൽ

പ്രായം അധികമാവുമ്പോൾ അണ്ഡങ്ങളുടെ ഗുണനിലവാരം കുറയുകയും അതോടൊപ്പം ജനിതകപരമായ വ്യതിയാനങ്ങളുള്ള അണ്ഡം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. ഈ അണ്ഡങ്ങൾ കൊണ്ടുണ്ടാകുന്ന ഭ്രൂണത്തിനു ജനിതകതകരാറുകൾ കൂടുതലായി കാണുന്നു. ഇപ്രകാരം ഉണ്ടാകുന്ന ഗർഭം ആദ്യമാസങ്ങളിൽ അലസിപ്പോകാൻ സാധ്യതയുണ്ട്. ജനിക്കുന്ന കുട്ടിക്കു ഡൗൺ സിൻഡ്രോം പോലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും അമ്മയുടെ പ്രായം കൂടുന്നതനുസരിച്ചു വർധിക്കുന്നു.

അച്ഛനാകാൻ

സാധാരണ രീതിയിൽ പുരുഷന്റെ പ്രായം വന്ധ്യതയുമായി അത്ര ബന്ധമില്ല എന്ന് പറയാറുണ്ട്. പക്ഷേ, ഇതു തെറ്റാണെന്നാണ് അടുത്തകാലത്തെ പഠനങ്ങൾ തെളിയിക്കുന്നത്. പുതിയ ജീവിതരീതിയും ഇതിനു കാരണമായിട്ടുണ്ടാകാം. 1970—കളിൽ 15 ശതമാനം ഭർത്താക്കന്മാരാണ് 40 വയസിനു മുകളിൽ പിതാവാകാൻ ശ്രമിച്ചിരുന്നത്. ഇപ്പോൾ അതിലേറെ പേർ40 വയസിനു ശേഷം പിതാവാകാൻ ശ്രമിക്കുന്നു.

40 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാരുടെ ബീജത്തിന്റെ അളവും ഗുണനിലവാരവും ക്രമേണ കുറഞ്ഞു വരുന്നതായാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചില രോഗങ്ങൾ (ജനിതകപരമായ ചില അസുഖങ്ങൾ) 40 വയസിനു മുകളിൽ പ്രായമായ പുരുഷന്മാർക്കു പിറക്കുന്ന കുട്ടികളിൽ കാണാൻ സാധ്യത കൂടുതലാണ്. ഇക്കാരണങ്ങളാൽ ബീജദാനം ചെയ്യുന്ന ദാതാവിന്റെ പ്രായം 40 വയസാക്കി ക്രമീകരിച്ചിട്ടുണ്ട്.

പ്രായോഗികമായി പറയുകയാണെങ്കിൽ പിതൃത്വം കൈവരിക്കാൻ ഏറ്റവും ഉചിതമായ സമയം 40 വയസിൽ താഴെയാണ്. പ്രായം അധികമാകുമ്പോൾ ലൈംഗികബന്ധത്തിൽ താൽപര്യമില്ലാതാവുക, സ്ഖലനത്തിനുള്ള വ്യതിയാനങ്ങൾ എന്നിവ സാധാരണമാണ്.

അവയവങ്ങളിലെ മാറ്റം

സ്ത്രീകളിലെ പ്രത്യുൽപാദന അവയവങ്ങൾ ആണു ഗർഭാശയവും അണ്ഡാശയവും സ്വാഭാവികമായി പ്രായം കൂടുന്നതനുസരിച്ചു ഗർഭാശയത്തിൽ ചില വ്യതിയാനങ്ങൾ വരും. 20 ശതമാനം സ്ത്രീകൾക്കെങ്കിലും ഗർഭപാത്രത്തിൽ മുഴകൾ കാണുന്നു. ഗർഭപാത്രത്തിൽ കൂടിയുള്ള ബീജത്തിന്റെ ചലനവും ഭ്രൂണത്തിന്റെ ചലനവും ഗർഭപാത്രത്തിൽ ഭ്രൂണം ഒട്ടിപ്പിടിക്കുന്നതിനുള്ള സാധ്യതയും എല്ലാം ഈ മുഴകളുടെ സ്ഥാനത്തെ അനുസരിച്ചു തടസപ്പെടുന്നു.

പ്രായം കൂടുന്തോറും മുഴകൾ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. സാധാരണഗതിയിൽ ചെറിയ മുഴകൾ ഗർഭാശയത്തിൽ കാണാറുണ്ട്. വലിപ്പം കുറഞ്ഞ മുഴകൾ കുഴപ്പമില്ല. പക്ഷേ, അവയുടെ വലിപ്പം പ്രായം വർധിക്കുന്തോറും കൂടിക്കൂടി വരുന്നു.

അങ്ങനെ വരുമ്പോൾ അതു ബീജത്തിന്റെ സഞ്ചാരത്തെയും ഗർഭധാരണത്തെയും ഭ്രൂണം ഗർഭപാത്രത്തിൽ കൂടിച്ചേരാനുള്ള സാധ്യതയെയും കുറയ്ക്കുന്നു. തന്നെയുമല്ല മറ്റു ചില അസുഖങ്ങൾ അതിനോട് അനുബന്ധമായി ഉണ്ടാകാനുള്ള സാധ്യതയും വർധിക്കും.

അമിതവേദന

അതുപോലെ തന്നെയുള്ള മറ്റൊരു അസുഖമാണ് അഡിനോമയോസിസ്. ഈ അസുഖമുള്ളവർക്ക് മാസമുറയുടെ സമയത്ത് അതിതീവ്രവയറ്റുനോവ് അനുഭവപ്പെടും. സ്കാൻ ചെയ്യുമ്പോൾ ഗർഭപാത്രത്തിന്റെ ഭിത്തിയുടെ വലുപ്പം കൂടുതലായി കാണാൻ സാധിക്കും. ഈ രോഗമുള്ളവർക്കു ഗർഭധാരണം ബുദ്ധിമുട്ടുള്ളതായി കാണുന്നു.

ചികിത്സ തേടുമ്പോൾ

ചികിത്സാരീതി ഏതായാലും അതിൽ നിന്നുള്ള ഗുണം കൂടുതൽ ലഭിക്കുന്നതു പ്രായം കുറവുള്ള ദമ്പതികളിലാണ്. ആർത്തവവിരാമത്തിനുശേഷവും ഗർഭം ധരിക്കാനുള്ള ചികിത്സ ഇന്നു ലഭ്യമാണ്. എന്നിരുന്നാലും വിജയശതമാനം കൂടുതൽ ലഭിക്കുന്നതു ദമ്പതികളുടെ പ്രായം 35 വയസിൽ താഴെ നിൽക്കുമ്പോഴാണ് എന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്.

പ്രായം: ഒറ്റനോട്ടത്തിൽ

വന്ധ്യത എന്നത് ഒരു രോഗമല്ല, അത് ഒരു അവസ്ഥ മാത്രമാണ്. ശരിയായ ചികിത്സ കൊണ്ട് അതിൽ നിന്നു പ്രതിവിധി നേടാനാവും.

ഗർഭധാരണം നടന്നില്ലെങ്കിൽ അതിനുള്ള ചികിത്സ ദമ്പതികൾക്കാണ്. അല്ലാതെ അതു പുരുഷനോ, സ്ത്രീക്കോ മാത്രമായിട്ടല്ല ചെയ്യേണ്ടത്.

സ്ത്രീകൾ 35 വയസിനു ശേഷവും ഗർഭം ധരിച്ചില്ലെങ്കിൽ ഒരു വന്ധ്യതാ ചികിത്സാവിദഗ്ധനെ നേരിട്ടു കണ്ടു ചികിത്സിക്കണം.

37 വയസിനു ശേഷം അണ്ഡങ്ങളുടെ ഗുണനിലവാരം താനേ കുറഞ്ഞു വരും. അതുകൊണ്ടു ഫലപ്രാപ്തിക്കുവേണ്ടി ചികിത്സ നേരത്തേ തന്നെ തുടങ്ങുക.

പ്രായം അധികമായാൽ കുട്ടികളുണ്ടാകാനുള്ള സാധ്യത കുറയുന്നുവെന്നു മാത്രമല്ല ,ജനിതകവൈകല്യമുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു.

അണ്ഡദാനംവഴി സന്താനപ്രാപ്തി നേടാൻ പ്രായം ഒരു വലിയ പ്രശ്നമല്ല.

ഡോ. രാജു രാജശേഖരൻ നായർ

കോട്ടയം മാതാ ഹോസ്പിറ്റലിൽ ചീഫ് ഐ വി എഫ് കൺസൾട്ടന്റും ലാപ്രോസ്കോപിക് സർജനും.