Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂക്ഷിക്കാം ഈ രോഗങ്ങളെ

pregnancy-disease

പലരും ഗര്‍ഭത്തിന്റെ ആദ്യലക്ഷണം ഛര്‍ദ്ദിയിലൂടെയാണു തിരിച്ചറിയുക. ഈ ഛര്‍ദി (മോണിങ് സിക്നസ്) മിക്കവാറും ഒന്നാം ഘട്ടത്തോടെ (12 ആഴ്ച) മാറുമെങ്കിലും ചില സ്ത്രീകളില്‍ അത് 24 ആഴ്ചവരെയും മറ്റു ചിലര്‍ക്കു പ്രസവം വരെയും നീണ്ടു നില്‍ക്കാറുണ്ട്. ഒന്നാമത്തെ പ്രസവത്തിലാണു ഛര്‍ദ്ദിയുള്‍പ്പെടെയുള്ള പ്രഭാത അസ്വസ്ഥതകള്‍ കൂടുതല്‍ കാണാറ്. ആഹാരം തീരെ കഴിക്കാനാവാത്ത വിധം പ്രശ്നമുള്ളവര്‍ ഡോക്ടറുടെ സേവനം തേടണം.

ഭയം, ഗര്‍ഭഛിദ്രത്തെ

ഗര്‍ഭിണിയാണെന്നറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഗ്രഭഛിദ്രമുണ്ടാകുമോ എന്ന ഭയത്തിലാണ് മിക്ക സ്ത്രീകളും. ഗര്‍ഭഛിദ്രം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒന്നും രണ്ടും ഘട്ടങ്ങളിലാണ്. അതുകഴിഞ്ഞാല്‍ ഗര്‍ഭമലസാനുള്ള സാധ്യത വളരെ വിരളമാണ്. 12 ആഴ്ചയ്ക്കകം ഗര്‍ഭഛിദ്രമുണ്ടാകുന്നതിന്റെ പ്രധാന കാരണം പാരമ്പര്യ ഘടകങ്ങളാണ്.

രണ്ടാം ഘട്ടത്തില്‍ പാരമ്പര്യകാരണങ്ങള്‍ കൊണ്ടോ, ഗര്‍ഭപാത്രത്തിന്റെ അസ്വാഭാവികത്വം കൊണ്ടോ ഗര്‍ഭമലസാം. ഗര്‍ഭപാത്രം ശരിയായനിലയിലല്ലെങ്കിലും മൂന്നുനാലു മാസം വരെ ഗര്‍ഭസ്ഥശിശു വളരുമെങ്കിലും പിന്നീടു വളരുവാന്‍ ഗര്‍ഭപാത്രം അനുവദിക്കാത്തതിനാല്‍ ഗര്‍ഭമലസല്‍ നടക്കും. കൂടാതെ, വൈറല്‍ പനികള്‍, യൂറിനറി ഇന്‍ഫെക്ഷന്‍ എന്നിവ മൂലവും ഗര്‍ഭഛിദ്രം നടക്കാം. ഇതില്‍ യൂറിനറി ഇന്‍ഫക്ഷന്‍ തന്നെയാണു വലിയ വില്ലന്‍.

മൂത്രത്തില്‍ അണുബാധ ഉണ്ടായാല്‍

വന്ധ്യത, ഗര്‍ഭഛിദ്രം, കുഞ്ഞിന്റെ വളര്‍ച്ച കുറയല്‍, കുട്ടിക്ക് വളര്‍ച്ചയെത്തും മുമ്പുള്ള പ്രസവം തുടങ്ങി വിവിധ പ്രശ്നങ്ങള്‍ക്കു യൂറിനറി ഇന്‍ഫക്ഷന്‍ കാരണമാകുന്നു. മൂത്രസഞ്ചിയും വൃക്കകളും ഉള്‍പ്പെടെ മൂത്രനാളിയുമായി ബന്ധപ്പെട്ട ഏതുഭാഗത്തുണ്ടാകുന്ന അണുബാധയും ഗൌരവമര്‍ഹിക്കുന്നു.

അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നല്‍, മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍, അടിവയറ്റില്‍ നേരിയ വേദന, എന്നിവയില്‍ തുടങ്ങി മൂത്രത്തില്‍ രക്തം കാണുക, പനി മുതലായവ വരെയുള്ള ലക്ഷണങ്ങള്‍ മൂത്രത്തിലെ അണുബാധമൂലം ഉണ്ടാകാം. എന്നാല്‍ മിക്കവരിലും അണുബാധ രൂക്ഷമായ ശേഷമായിരിക്കും ലക്ഷണങ്ങള്‍ പ്രകടമാവുക.

ഗര്‍ഭിണിയെ സംബന്ധിച്ച് അപകടകരമായ അവസ്ഥയാണിത്. അതിനാല്‍ തുടര്‍ച്ചയായ മൂത്രപരിശോധന (മാസത്തിലൊരിക്കല്‍) നടത്തുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നു കഴിക്കേണ്ടത് അനിവാര്യമാണ്.

ധാരാളം വെള്ളം കുടിക്കുന്നതും മൂത്രം കെട്ടിനിര്‍ത്താതെ അടിക്കടി മൂത്രമൊഴിക്കുന്നതും അണുബാധകുറയാന്‍ സഹായിക്കും. ലൈംഗികബന്ധത്തിലേര്‍പ്പെട്ടശേഷം മൂത്രമൊഴിക്കുന്നത് ഇതുമൂലമുണ്ടാകാനിടയുള്ള അണുബാധ ഒഴിവാക്കാന്‍ സഹായിക്കും.

മഞ്ഞപ്പിത്തം സൂക്ഷിക്കാം

മഞ്ഞപ്പിത്തം പലതരമുണ്ട്. ഇതില്‍ വെള്ളത്തിലൂടെയും മറ്റും പകരുന്ന എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തമാണു ഗര്‍ഭിണികളില്‍ കൂടുതലായി കാണാറുള്ളത്. നല്ല ചികിത്സയും വിശ്രമവും നല്‍കാമെങ്കില്‍ രോഗത്തെ അതിജീവിക്കാനാകും. ഭയപ്പെടേണ്ട ആവശ്യവുമില്ല. താഴ്ന്ന ജീവിത സാഹചര്യമുള്ളവരില്‍ ശുചിത്വക്കുറവുമൂലവും മറ്റും പലപ്പോഴും ചികിത്സ വേണ്ടത്ര ഫലപ്രദമാകാറില്ല. ആ സാഹചര്യത്തില്‍ രോഗം അപകടകാരിയാകും. ഗര്‍ഭസ്ഥ ശിശു മരണപ്പെടാന്‍ വരെ സാധ്യതയുണ്ട്.

അഞ്ചാം പനി അപകടം

അപകടകരമായ അവസ്ഥയാണ് അഞ്ചാം പനി അഥവാ മീസില്‍സ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും ജര്‍മന്‍ മീസില്‍സ്. കുഞ്ഞിന് അംഗവൈകല്യങ്ങളോ ബുദ്ധിമാന്ദ്യമോ ജീവഹാനിയോവരെ സംഭവിക്കാം. എന്നാല്‍ ഈ രോഗം വരാതിരിക്കാന്‍ എം എം ആര്‍ വാക്സിന്‍ (മീസില്‍സ്, മംസ്, റൂബല്ല വാക്സിനേഷന്‍) എടുത്താല്‍ മതി. പെണ്‍കുട്ടികള്‍ക്കു തീര്‍ച്ചയായും ഇത് എടുത്തിരിക്കണം.

അതുപോലെ വാക്സിനിലൂടെ തടയാവുന്ന രോഗമാണു ചിക്കന്‍ പോക്സ്. ഗര്‍ഭകാലത്തു ചിക്കന്‍ പോക്സിനൊപ്പം ന്യൂമോണിയ കൂടി വരാറുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധയോടെയുള്ള ചികിത്സ വേണ്ടിവരും. ഗര്‍ഭകാലത്തു മലേറിയ, ടൈഫോയിഡ് എന്നിവ വരാതെ സൂക്ഷിക്കണം. ഇതു പലപ്പോഴും ഗര്‍ഭഛിദ്രത്തിനു കാരണമാകാറുണ്ട്.

ബി പിയും എക്ളാംസിയയും

ഗര്‍ഭകാലത്തെ മറ്റൊരു വില്ലനാണു ബ്ളഡ് പ്രഷര്‍. ബി പി കൂടി, കാലിലും സന്ധികളിലും നീരും മൂത്രത്തിന്റെ അളവു കുറയുന്നതും ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. മൂത്രത്തില്‍ പ്രോട്ടീന്‍ വര്‍ദ്ധിക്കുക, തലവേദന മുതലായ പ്രശ്നങ്ങളും ഒരുമിച്ചു വരാം. ഗര്‍ഭകാലത്തു മാത്രം കാണുന്ന പ്രശ്നങ്ങളെ പ്രീ എക്ളാംസിയ എന്നാണ് പറയുന്നത്. ഇതു ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കും. ഗര്‍ഭപാത്രത്തില്‍ വച്ചു കുഞ്ഞു മരിക്കാനോ, സമയത്തിനു മുമ്പു പ്രസവിക്കാനോ ഇതു കാരണമാവാം. അതിനാല്‍ ബി പി യോ പ്രീ എക്ളാംസിയയുടെ ലക്ഷണങ്ങളോ കണ്ടാല്‍ ചികിത്സിക്കാന്‍ മടിക്കേണ്ട. ബി പി ഉള്ള പക്ഷം 15 ദിവസത്തിലൊരിക്കല്‍ ടെസ്റ്റു ചെയ്യുകയും ഉപ്പിന്റെ ആധിക്യമുള്ള ഭക്ഷണങ്ങള്‍ (അച്ചാര്‍, പപ്പടം തുടങ്ങിയവ) ഒഴിവാക്കുകയും ആവശ്യമെങ്കില്‍ മരുന്നു കഴിക്കുകയും വേണം.

ഉയര്‍ന്ന ബിപി പരിധി കവിഞ്ഞാല്‍ അമ്മയുടെ തലയിലുള്ള ചെറിയ രക്തക്കുഴലുകള്‍ പൊട്ടുന്നതിനും തന്‍മൂലം രക്തസ്രാവം മൂലം ഫിറ്റ്നസ് വന്നു കുഞ്ഞു വയറ്റില്‍വച്ചു മരിക്കുന്നതിനും കാരണമാകും. ഈ അവസ്ഥയ്ക്ക് എക്ളാംസിയ എന്നു പറയുന്നു. അതിനാല്‍ ഇത്തരമൊരു അപകടാവസ്ഥ ഉണ്ടായാല്‍ ഉടന്‍ മരുന്നിലൂടെ പ്രസവിപ്പിച്ചു കുട്ടിയെ പുറത്തെടുത്ത് അമ്മയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കും.

പ്രമേഹം വന്നാല്‍

13 ശതമാനത്തോളം ഗര്‍ഭിണികളും പ്രമേഹ രോഗികളാണത്രേ. പ്രമേഹം മൂലം ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ ഗര്‍ഭഛിദ്രമുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രമേഹമില്ലെങ്കിലും 28-ാം ആഴ്ചയില്‍ ഗൂക്കോസ് ചലഞ്ച് ടെസ്റ്റ് നടത്തി പ്രമേഹത്തിന്റെ സാധ്യത അറിയാന്‍ കഴിയും. അച്ഛനും അമ്മയ്ക്കും പ്രമേഹമുള്ളവരാണെങ്കില്‍ ഈ ടെസ്റ്റ് നേരത്തെ തന്നെ നടത്തണം. 28 ആഴ്ചയ്ക്കുശേഷം പ്രമേഹമുണ്ടായാല്‍ ഗര്‍ഭസ്ഥശിശു വേഗത്തില്‍ വളര്‍ന്നു വലുതായി സമയത്തിനു മുമ്പു പ്രസവിക്കാനും പ്രസവത്തില്‍ പ്രശ്നങ്ങളുണ്ടാകാനും ചിലപ്പോള്‍ കുഞ്ഞിന്റെ ജീവഹാനിക്കു തന്നെ കാരണമായേക്കാം.

വേരിക്കോസും പൈല്‍സും

ഗര്‍ഭസ്ഥശിശു വളരും തോറും ഇടുപ്പിലെ രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദവും കൂടും. ഇതുമൂലം കാലുകളില്‍ നിന്നുള്ള അശുദ്ധരക്തം അവിടെ തങ്ങിനില്‍ക്കുന്നതാണു വെരിക്കോസ് വെയിന് കാരണമാകുന്നത്.

പൈല്‍സിന്റെ അസുഖമുള്ള സ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതോടെ ആ രോഗത്തിന്റെ തീവ്രത വര്‍ധിക്കുന്നതായി കാണാറുണ്ട്.

ബെഡ് റെസ്റ്റ് എപ്പോള്‍?

ചിലരില്‍ കണ്ടുവരുന്ന ഒരവസ്ഥയാണു ഗര്‍ഭപാത്രം താഴേക്കു തള്ളിവരല്‍. ആദ്യ മൂന്നുമാസം കാലുകള്‍ ഉയര്‍ത്തിവച്ചു ബഡ്റെസ്റ്റ് എടുക്കുന്നതു നല്ലതാണ്. ഗര്‍ഭപാത്രം പിന്നീടു വലുതാകുമ്പോള്‍ ഇതു താനെ മാറിക്കോളും. അതുപോലെ 2-3 പ്രാവശ്യം അബോര്‍ഷനായിപ്പോയ ശേഷം വീണ്ടും ഗര്‍ഭിണിയായവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പൂര്‍ണ വിശ്രമം നല്‍കുന്നതായിരിക്കും ഉത്തമം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ രക്തത്തുള്ളികള്‍ പോകുന്നതു കണ്ടാല്‍ വിശ്രമിക്കാന്‍ മടിക്കരുത്. ബെഡ്റെസ്റ്റ് തന്നെയാണ് ഇവിടെയും അഭികാമ്യം. കുഞ്ഞിനു വളര്‍ച്ച കുറവാണെങ്കിലും വിശ്രമത്തിലൂടെ അതു നികത്താന്‍ കഴിയും.

Your Rating: