Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾ?

pregnancy-fruits

ദിവസത്തില്‍ ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്താന്‍ സഹായിക്കും എന്നാണല്ലോ ചൊല്ല്. ആപ്പിള്‍ മാത്രമല്ല ഒട്ടു മിക്ക പഴങ്ങളും ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്നവയാണ്. അവയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സും വിറ്റാമിനുകളും എല്ലാം രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് തടയുകയും ചെയ്യും. പഴങ്ങള്‍ അമ്മയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പോലും അതീവ പ്രധാന്യം ഉള്ളതാണ്.

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ആവശ്യമായ തോതില്‍ പഴങ്ങള്‍ കഴിക്കുന്ന അമ്മമാരുടെ മക്കളില്‍ ബുദ്ധിവികാസം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കും. വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്‍റെ ധാരണാശേഷി അഥവാ കോഗ്നറ്റീവ് ഫങ്ഷനിംഗ് മെച്ചപ്പെട്ടതാക്കാന്‍ പഴങ്ങള്‍ സഹായിക്കും. ദിവസം തോറും 500 മുതല്‍ 700 ഗ്രാം വരെ പഴങ്ങള്‍ കഴിക്കുന്നത് ബുദ്ധിവളര്‍ച്ച 10 മുതല്‍ 12 ശതമാനം വരെ വര്‍ധിപ്പിക്കും

ലോകത്തെ മൂന്നില്‍ രണ്ട് ജനങ്ങളുടെയും ഐക്യു 85നും  115 നും ഇടയിലാണ്. പഴങ്ങള്‍ കൃത്യമായി കഴിക്കുന്ന ഒരു അമ്മയ്ക്ക് ജനിക്കുന്ന കുട്ടിയുടെ ഐക്യുവില്‍ 7 പോയിന്‍റ് മുതല്‍ 10 പോയിന്‍റ് വരെ വര്‍ധന ഉണ്ടാകാം. പഴങ്ങള്‍ വെറുതെയോ ഫ്രൂട്ട് സലാഡായോ ജ്യൂസ് ആയോ കഴിക്കാം.

അതേസമയം തന്നെ ആരോഗ്യത്തെക്കുറിച്ച് പരിപൂര്‍ണ്ണ ബോധത്തോടെ വേണം പഴങ്ങള്‍ കഴിക്കാന്‍. കാരണം ഡയബറ്റിക് ശരീരപ്രകൃതി ഉള്ളവര്‍ അധികം പഴങ്ങള്‍ കഴിച്ചാല്‍ അത് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ടു തന്നെ ഡോക്ടറുടെ അഭിപ്രായത്തിനനുസരിച്ച് വേണം കഴിക്കേണ്ട പഴങ്ങളും പഴങ്ങളുടെ അളവും തീരുമാനിക്കാൻ.