Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗര്‍ഭിണികൾ ഇലക്കറികൾ കഴിച്ചാൽ...

613753948

അമ്മയാകാൻ ഒരുങ്ങുന്നവർ അറിയാൻ... ധാരാളം ഇലക്കറികൾ കഴിച്ചോളു. അത് കുഞ്ഞിന് ഉയർന്ന രക്തസമ്മർദം വരാതെ തടയും.

ഗർഭകാലത്ത് ഉയർന്ന അളവിൽ ഫോളേറ്റ് ശരീരത്തിലുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് അമേരിക്കൻ ജേണൽ ഓഫ് ഹൈപ്പർടെൻഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

ചീര, കാബേജ്, ബ്രൊക്കോളി ഇവയിൽ അടങ്ങിയ ഫോളിക് ആസിഡ് കുഞ്ഞുങ്ങളില്‍ ഹൃദയാരോഗ്യം ഏകുന്നു. ജീവകം ബി കുടുംബത്തിൽപ്പെട്ട ഇവ കോശവളർച്ചയിലും പ്രധാന പങ്കുവഹിക്കുന്നു.

ഗർഭിണിയായിരിക്കുമ്പോൾ ഫോളിക് ആസിഡ് ധാരളമായി ഉപയോഗിച്ചാൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ പിന്നീടുള്ള കാലത്ത് രക്താതിസമ്മർദം വരാൻ സാധ്യത കുറവാണ്. നാരങ്ങാ വർഗത്തിൽപ്പെട്ട പഴങ്ങളിലും പച്ചനിറത്തിലുള്ള പച്ചക്കറികളിലും ഫോളിക് ആസിഡ് ധാരളമായി അടങ്ങിയിരിക്കുന്നു.

ഉയർന്ന രക്ത സമ്മർദത്തിനു സാധ്യത കൂടുതലുള്ള ബോസ്റ്റണിലെ കുടുംബങ്ങളിലെ 1290 ജോടി അമ്മമാരിലും കുട്ടികളിലും ആണ് പഠനം നടത്തിയത്.

ഇവരില്‍ 67.8% പേർ കറുത്തവർഗക്കാരും 19.2% പേർ ഹിസ്പ്പാനിക്കും ആയിരുന്നു. ജനനം മുതൽ 9 വയസ്സുവരെ ഇവരെ നിരീക്ഷിച്ച് വിവരങ്ങൾ അപഗ്രഥിച്ചു.

ഗർഭകാല പൂർവ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം ഇവയുള്ള അമ്മമാർക്ക് ജനിച്ച കുട്ടികളിൽ 3 മുതൽ 9 വയസു വരെയുള്ള 28.7 ശതമാനം പേർക്ക് ഉയർന്ന രക്തസമ്മർദം ഉള്ളതായി കണ്ടു.

എന്നാൽ ഗർഭകാലത്ത് ഫോളിക് ആസിഡ് ധാരാളമായി ഉള്ള അമ്മമാർക്ക് ജനിച്ച കുട്ടികള്‍ക്ക് ഉയർന്ന രക്തസമ്മർദം വരാനുള്ള സാധ്യത 40% കുറഞ്ഞതായി കണ്ടു.

കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യത്തിനും ഉയർന്ന രക്തസമ്മർദം വരാതിരിക്കാനും ഗർഭിണികൾ ധാരാളം ഇലക്കറികളും പച്ച നിറത്തിലുള്ള പച്ചക്കറികളും കഴിക്കണമെന്ന് പഠനം പറയുന്നു.

Your Rating: