Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്ന സ്ത്രീകൾ സൂക്ഷിക്കുക

long-sitting

തുടർച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്ന സത്രീയാണോ നിങ്ങൾ? എങ്കിൽ ഇടയ്ക്കൊന്ന് എഴുന്നേറ്റു നടക്കുന്നതാകും നല്ലത്. കാരണം കുത്തിയിരുപ്പ് കുറച്ചില്ലെങ്കിൽ വേഗം പ്രായക്കൂടുതൽ തോന്നുമത്രേ.

പത്തു മണിക്കൂറിലധികം ഇരിക്കുന്നവർക്കും മെയ്യനങ്ങി ജോലി ചെയ്യാത്തവർക്കും യഥാർഥപ്രായത്തെക്കാൾ എട്ടു വയസ്സു കൂടുതലായിരിക്കും ജീവശാസ്ത്രപരമായ പ്രായമെന്ന് ഒരു പഠനം മുന്നറിയിപ്പു നൽകുന്നു. അതായത് കാഴ്ചയിൽ എട്ടു വയസ്സു കൂടുതൽ തോന്നിക്കുമെന്ന് അർഥം. യു.എസിലെ കലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്.

പ്രായം കൂടുന്തോറും ചെറുതാകുകയും ക്രോമസോമുകളുടെ നാശത്തിൽ നിന്നു രക്ഷിക്കുകയും ചെയ്യുന്ന, ഡിഎൻഎ നാരുകളുടെ അറ്റത്തു കാണുന്ന ചെറിയ ക്യാപ്പുകളാണ് ടെലോമിയർ. ദിവസവും 40 മിനിറ്റിൽ കുറഞ്ഞ ശാരീരികപ്രവർത്തനങ്ങൾ ചെയ്യുന്ന മുതിർന്ന സ്ത്രീകളുടെ ടെലോമിയർ ചെറുതായിരിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു.

ആരോഗ്യം, ജീവിതശൈലീ ഘടകങ്ങളായ പൊണ്ണത്തടി, പുകവലി മുതലായവ ടെലോമിയറിന്റെ നീളം വേഗത്തിൽ കുറയ്ക്കും. നീളം കുറഞ്ഞ ടെലോമിയറുകൾ ഹൃദ്രോഗം, പ്രമേഹം, അർബുദം ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കുറേസമയം കുത്തിയിരുന്ന് ജോലി ചെയ്യുന്നവരിൽ കോശങ്ങൾക്ക് വേഗം പ്രായം കൂടുന്നുവെന്ന് പഠനത്തിൽ കണ്ടു. യഥാർഥ പ്രായം ബയോളജിക്കൽ ഏജുമായി ചേരുന്നില്ല. കുത്തിയിരിക്കുന്ന സമയവും വ്യായാമവും പ്രായമാകലിന്റെ ജൈവസൂചകത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ആദ്യമായി കണക്കാക്കിയത് ഈ പഠനത്തിലൂടെയാണെന്ന് യുഎസ് ഗവേഷകർ അവകാശപ്പെടുന്നു.

64 മുതൽ 69 വയസ്സുവരെ പ്രായമുള്ള 1500 സ്ത്രീകളാണ് പഠനത്തിൽ പങ്കെടുത്തത്. ചോദ്യാവലി നൽകിയതിനോടൊപ്പം ചലനങ്ങൾ മനസ്സിലാക്കാൻ ഇവരുടെ ഹിപ്പിൽ ഒരു ആക്സറോമീറ്ററും ഘടിപ്പിച്ചു. കൂടുതൽ സമയം ഇരിക്കുന്ന സ്ത്രീകളിലും അവർ ദിവസം കുറഞ്ഞത് അര മണിക്കൂർ വ്യായാമം ചെയ്യുന്നവരാണെങ്കിൽ അവരുടെ ടെലോമിയറിന് നീളക്കുറവ് ഇല്ലായിരുന്നു.

ചെറുപ്പം മുതലേ വ്യായാമം ചെയ്തുതുടങ്ങണമെന്നും അതു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാക്കണമെന്നും അമേരിക്കൻ ജേണൽ ഓഫ് എപ്പിഡമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

Your Rating: