Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭകാലം സുരക്ഷിതമാക്കാം

pregnancy-care

ഇത് പ്ലാനിങ്ങിന്റെ കാലം. പഠനവും ജോലിയും വിവാഹവുമൊക്കെ കൃത്യമായി പ്ലാൻ ചെയ്ത് ശേഷം മാത്രം നടപ്പിലാക്കുന്ന തലമുറയുടെ കാലം. പ്ലാൻ ചെയ്യുന്ന വിഷയങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഗർഭവും കടന്നു വന്നിരിക്കുന്നു. അതേ ഗർഭവവും പ്ലാൻ ചെയ്യപ്പെടുകയാണ്.

നമ്മൾ ഒരു കാര്യം ചെയ്യും മുമ്പ് എന്തിനാണ് പ്ലാൻ ചെയ്യുന്നത്? ആ കാര്യം കൃത്യതയോടെ തടസ്സം നേരിടാതെ ഫലപ്രാപ്തിയിലെത്താൻ. അപ്പോൾ പത്ത് മാസത്തോളം നീളുന്ന വളരെ സങ്കീർണമായ ഗർഭകാലം സുരക്ഷിതമ‍ായി കടന്നു പോകാനും നല്ല ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാനും ഗർഭവും പ്ലാൻ ചെയ്യുന്നതിൽ തെറ്റില്ല.

ഗർഭസ്ഥശിശുവിന്റെ കണ്ണീർ പറച്ചിൽ

ഗർഭം പ്ലാൻ ചെയ്യുക എന്നതു കൊണ്ട് അർഥമാക്കുന്നത് ഗർഭിണിയാകുവാൻ വേണ്ടി സ്ത്രീയും പുരുഷനും ബന്ധപ്പെട്ടു തുടങ്ങുന്നതു മ‍ുതൽ നടത്തേണ്ട തയാറെടുപ്പുകളെ കുറിച്ചാണ്. ഗർഭം പ്ലാൻ ചെയ്യുന്നതിലെ ചില ഗുണങ്ങൾ ഇവയാണ്-ആരോഗ്യകരമായ ഗർഭകാലം, ഗർഭകാല സങ്കീർണതകളുടെ അഭാവം അല്ലെങ്കിൽ കുറവ്, നല്ല ആരോഗ്യമുള്ള കുഞ്ഞ്, പ്രസവം കഴിഞ്ഞ് വളരെ കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ പഴയ ആരോഗ്യം വീണ്ടെടുക്കൽ, പ്രസവശേഷം മാനസികപ്രശ്നങ്ങൾ ഒന്നുമില്ലാതെ സന്തേ‍ാഷവതിയായി ഇരിക്കുക, കുഞ്ഞിനു ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുക. ഇനി എന്തെ‍ാക്കെയാണ് ഗർണിയാകുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം.

ശരീരത്തെ അറിയുക

ഗർഭിണിയാകുവാൻ തയാറെടുക്കും മുമ്പ് സ്വന്തം ശരീരത്തെ മനസ്സിലാക്കണം. ഗർഭകാലത്ത് ശാരീരികമായി എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകാം, അവയെല്ലാം താങ്ങാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങൾ അറിയണം. എന്തെങ്കിലും തരത്തിലുള്ള ശാരീരികപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതു മനസ്സിലാക്കുവാനും പരിഹരിക്കുവാനും ഈ പ്ലാനിങ് സമയം ഉപയോഗിക്കാം.

ഗർഭിണിയാകും മുമ്പ് സ്ത്രീ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

ഗർഭധാരണം, സുരക്ഷിത ഗർഭകാലം, ആരേഗ്യമുള്ള കുഞ്ഞ് എന്നിവയ്ക്കു തടസ്സം സൃഷ്ടിച്ചേക്കാവുന്ന ആരേഗ്യപ്രശ്നങ്ങൾ ഉണ്ടോ?

പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യം

പ്രത്യുത്പാദനക്ഷമത

ഏതെങ്കിലും തരത്തിലുള്ള അണുബാധയണ്ടോ?

പ്രമേഹം, വിളർച്ച, രക്ത സമ്മർദം എന്നിവയുണ്ടോ?

ഉപാപചയനിരക്ക്

ഹൃദയം, ശ്വസകോശം, രക്തചംക്രമണം എന്നിവയുടെ നിലവിലെ സ്ഥിതി. ഈ വിഷയങ്ങളെ കുറിച്ച് ധാരണയുണ്ടാക്കുന്നത് നല്ലതാണ്.

അമ്മയാവാൻ പറ്റിയ സമയം

35 വയസ്സ് കഴിഞ്ഞവരാണെങ്കിൽ പ്രത്യുത്പാദനക്ഷമത പരിശോധിക്കുന്നത് നല്ലതാണ്. ഗർഭമലസൽ, ജെസ്റ്റേഷനൽ ഡയബറ്റിസ് (ഗർഭകാലത്തെ പ്രമേഹം), രക്താതിമർദം കൂടുക തുടങ്ങിയ സങ്കീർണതകൾ 35 വയസ്സ് കഴിഞ്ഞവരിൽ കൂടുതലായി കാണാം.

മരുന്നുകൾ കഴിക്കുന്നവർ

ഗർഭിണിയാകുവാൻ ആഗ്രഹിക്കുന്നവർ ആദ്യം ഗൈനക്ക‍ോളജിസ്റ്റിനെ കാണണം. നിലവിൽ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളെ കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്യുക. ചിലർ പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ, രക്തസമ്മർദം , അപസ്മാരം തുടങ്ങിയ പ്രശ്നങ്ങൾക്ക് മരുന്നു കഴിക്കുന്നവരായിരിക്കും. പ്രമേഹം, രക്താതിമർദം പോലുള്ള രോഗങ്ങൾ നിയന്ത്രിച്ചിട്ടു വേണം ഗർഭത്തിനു തയാറെടുക്കാൻ. തൈറോയ്ഡ് പ്രശ്നമുള്ളവരും സൂക്ഷിക്കണം. ഹൈപ്പോതൈറോയ്ഡിസം ഉള്ളവർക്ക് ഗർഭമലസാൻ സാധ്യതയുണ്ട്. ഇക്കൂട്ടർ എൻഡോക്രൈനോളജിസ്റ്റിനോടും ഗൈനക്കോളജിസ്റ്റിനോടും ഒരു പോലെ ആലോചിച്ച് തുടർചികിത്സ തീരുമാനിക്കാം. ഗർഭിണിയാകുവാൻ തീരുമാനിച്ചാൽ മേൽപ്പറഞ്ഞ പ്രശ്നങ്ങളുള്ളവർ മരുന്ന് നിർത്തേണ്ടതില്ല പകരം ഗർഭകാലത്ത് സുരക്ഷിതമായി കഴിക്കേണ്ട മരുന്നിലേക്ക് മാറുകയോ നിലവിൽ കഴിക്കുന്ന മരുന്നിന്റെ ഡോസ് ക്രമീകരിച്ച് മുന്നോട്ട് പോവുകയോ ചെയ്യുക. വ‍ൃക്ക മാറ്റി വച്ച സ്ത്രീകൾ ഗർഭിണിയാകും മുമ്പ് വൃക്കയുടെ നിലവിലെ പ്രവർത്തനം സാധാരണ പോലെയാണെന്ന് ഉറപ്പുവരുത്തണം. അപസ്മാരം നിയന്ത്രിക്കുന്നതിനു മരുന്നു കഴിക്കുന്നവരും മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിക്കണം. ഇവർ ഗർഭിണിയാകുന്നതിനു മുമ്പ് തൊട്ട് ഫോളിക് ആസിഡ് ഗുളിക കഴിേക്കണ്ടതാണ്.

മനസ്സ് ശാന്തമാക്കുക

പിരിമുറുക്കം നമ്മുടെ ശരീരത്തെയും പ്രതിരോധവ്യവസ്ഥയേയും തളർത്തും . ഗർഭിണിയാകുവാൻ തീരുമാനിച്ചാൽ മനസ്സിൽ പിരിമുറുക്കവും ഉത്കണ്ഠയും നിറഞ്ഞു നിൽക്കാൻ അനുവദിക്കാതെ ശാന്തമായിരിക്കുക. ചിലപ്പോൾ ജോലിയുമായോ സാമ്പത്തികമായോ ബന്ധപ്പെട്ട വിഷയങ്ങളാകാം ആകുലതയ്ക്കു കാരണം. ഈ അവസരത്തിൽ പ്രശ്നങ്ങൾ പങ്കാളിയുമായി തുറന്നു സംസാരിക്കുക. അല്ലെങ്കിൽ ഗൈനക്കോളജിസ്റ്റുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യാം. ആവശ്യമെങ്കിൽ കൗൺസലറുടെ സഹായം തേടാം.

വ്യായാമവും ഫിറ്റ്നസ്സും

ശരീരം പുഷ്ടിയോടെ ഇരിക്കാൻ വ്യായാമം ചെയ്യണം. വ്യായാമം എന്നതു കൊണ്ട് ജിമ്മിൽ പോകണം എന്നല്ല. ചെറുനടത്തം പോലുള്ളവയും വ്യായമത്തിൽപെടും. വ്യായാമം ചെയ്യുന്നതിലൂടെ ശാരീരികാരോഗ്യം കൂടുമെന്നു മാത്രമല്ല ബിപി., ഹൃദ്രോഗം, പ്രമേഹം പോലുള്ള പല രോഗങ്ങളും ഫലപ്രദമായി തടയാം. ശരീരത്തിന് ആരോഗ്യം കൈവരുക എന്നതിനർഥം നമ്മുടെ പ്രതിരോധവ്യവസ്ഥ ശക്തിപ്പെടുമെന്നതാണ്. അതുകൊണ്ട് തന്നെ പനി, ജലദോഷം പോലുള്ള രോഗങ്ങൾ പിടിപെടില്ല. കാർഡിയോ വാസ്കുലർ വ്യായാമങ്ങൾ (നടത്തം, ഒ‍ാട്ടം, സൈക്ലിങ്, നീന്തൽ, എയ്റോബിക് ഡാൻസ്), സ്ട്രെങ്ങ്ത് ട്രെയിനിങ് (വെയ്റ്റ് ലിഫ്റ്റിങ് പോലുള്ളവ), ഫ്ലെക്സിബിലിറ്റി ട്രെയിനിങ്‌ (സ്ട്രെച്ചിങ്, യോഗ) തുടങ്ങിയവ ചെയ്യാം. ദിവസവും ഒരു 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കാം.

ശരീരഭാരം

പൊക്കത്തിനനുസരിച്ചുള്ള ശരീരഭാരമാണല്ലോ ആരോഗ്യത്തിന്റെ ഒരു ലക്ഷണം. അമിതഭാരമുണ്ടെങ്കിൽ ഗർഭിണിയാകും മുമ്പ് അതു കുറച്ച് ശരിയായ ശരീരഭാരം കൈവരിക്കണം. ഗർഭകാലത്ത് 10 മുതൽ 15 കിലോ വരെ കൂടാം. അമിതഭാരമുണ്ടെങ്കിൽ പ്രസവശേഷം ഭാരം കുറയ്ക്കൽ കഠിനമായി മാറും. ശരീരഭാരം കൂടുന്നതു പോലെ അപകടമാണു കുറയുന്നതും. ശരിയായ ഭാരമെന്ന ലക്ഷ്യത്തിലെത്താൻ രണ്ടു വഴികൾ സ്വീകരിച്ചാൽ മതി. ഒന്ന് നല്ല പോഷണമടങ്ങിയ ഭക്ഷണം. രണ്ട് കൃത്യമായ വ്യായാമം . ശരീരഭാരം കുറയ്ക്കുന്നത് ഗർഭധാരണം എളുപ്പമാക്കുകയും ഗർഭകാല സങ്കീർണതകൾ കുറയ്ക്കുകയും ചെയ്യും.

നല്ല ശീലങ്ങൾ തുടങ്ങാം

ജീവിതശൈലിയുമായി ബന്ധപ്പെട്ട് നല്ല ശീലങ്ങൾ തുടങ്ങാൻ പറ്റിയ സമയമാണ് ഗർഭിണിയാകും മുമ്പുള്ള കാലം. വ്യായാമം തുടങ്ങുക, പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കുക, നല്ല ആരോഗ്യശീലങ്ങൾ തുടങ്ങുക. (പേസ്ട്ര‍ിക്കുപകരം പഴങ്ങൾ കഴിക്കാം, ടിവി കണ്ടു കൊണ്ട് കൊറിക്കുന്ന ശീലം ഒഴിവാക്കാം തുടങ്ങിയവ), കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, കൃത്യ സമയത്ത് ഉറങ്ങുക, രാത്രി കിടക്കയിൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് ഒഴിവാക്കുക, ജോലിസമ്മർദം വീട്ടിലേക്ക് വലിച്ചിഴയ്ക്കാതെയിരിക്കുക, എന്നിവ ചെയ്തു തുടങ്ങാം. ജനിക്കാൻ പോകുന്ന കുട്ടിയും ഈ നല്ല ശീലങ്ങൾ കണ്ടു വളരുന്നത് നല്ലതല്ലേ?

കരുതലോടെ ഓരോ ഘട്ടവും

സാമ്പത്തിക തയാറെടുപ്പ്

ഗർഭിണിയാകുമ്പോൾ കരുതേണ്ട സാമ്പത്തികം എന്നത് ഗർഭകാലത്തെയും പ്രസവസമയത്തെ ആശുപത്രി ചെലവും മാത്രമല്ല. കുഞ്ഞിനു വളർത്താനുള്ള സാമ്പത്തികം കൂടി കരുതണം. ഗർഭിണി ആകുവാൻ തയാടുക്കുമ്പോൾ തന്നെ സമ്പാദ്യശീലം തുടങ്ങാം. കടങ്ങൾ ഉണ്ടെങ്കിൽ വീട്ടാൻ ശ്രമിക്കണം. ഇൻഷുറൻസ് എടുക്കാം. കുഞ്ഞിനു വേണ്ടി ‘ബേബി ബജറ്റ്’ തയാറാക്കാം.

ജനറ്റിക് കൗൺസലിങ്

ജനിതകതകരാറുമായി ജനിച്ച കുട്ടിയുള്ള മാതാപിതാക്കളും (ഇവർരണ്ടാമത്തെ കുട്ടിക്കായി ശ്രമിക്കുമ്പേ‍ാൾ) അടുത്ത രക്തബന്ധത്തിൽ നിന്ന് വിവാഹം കഴിച്ചവരും പാരമ്പര്യ രോഗങ്ങളെന്തെങ്കിലും വരാൻ സാധ്യതയുണ്ടോ എന്നറിയുന്നതിനായി ജനറ്റിക് കൗൺസലറുടെ സഹായം തേടാം.

ഭക്ഷണവും പോഷണവും

സ്ത്രീകൾ കൃത്രിമ ഭക്ഷണപദാർഥങ്ങൾ പൂർണമായി ഉപേഷിക്കുക. പ്രിസർവേറ്റീവുകൾ അടങ്ങിയ ഭക്ഷണം ഒഴ‍ിവാക്കി, നാടൻ പച്ചക്കറികളും ഇലക്കറികളും പഴങ്ങളും കഴിച്ചു തുടങ്ങുക. ബേക്കറി പലഹാരങ്ങളും ജങ്ക് ഫുഡും ഒഴിവാക്കുക. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുക. ഫോളിക് ആസിഡ് ഗുളിക ഗർഭിണിയാകുന്നതിനു മൂന്നു മാസം മുമ്പ് മുതൽ കഴിച്ചു തുടങ്ങാം. സമീകൃതാഹാരം ശീലമാക്കണം. പാലും പാലുൽപ്പന്നങ്ങളും എല്ലുകളുടെ ബലത്തിന് നല്ലതാണ്.

നിരോധന മാർഗങ്ങൾ

ഏതെങ്കിലും തരത്തിലുള്ള ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചിട്ടുള്ള ദമ്പതികൾ കുഞ്ഞ് വേണമെന്ന് തീരുമാനമെടുത്താൽ ആദ്യം മേൽ പറഞ്ഞ മാർഗങ്ങൾ ഉപേക്ഷിക്കുക. കോണ്ടം പോലുള്ളവ ഉപേക്ഷിക്കുക. കോണ്ടം പോലുള്ളവ ഉപേക്ഷിച്ചശേഷം വൈകാതെ ഗർഭിണിയാകാം. ഗുളിക, ഇൻജക്ഷൻ പോലുള്ളവ നിർത്തിയശേഷം ആർത്തവം ക്രമമാകാൻ കുറച്ച് മാസങ്ങളെടുത്തേക്കാം. ആ സമയം കൊണ്ട് ഗർഭകാലത്തേക്കു വേണ്ട പ്ലാനിങ് ആരംഭിക്കാം.

ഒരു കുഞ്ഞിനു ജന്മം നൽകാൻ കഴിയുക എന്നത് സ്ത്ര‍ീക്കും പുരുഷനും ദൈവം നൽകുന്ന വരമാണ്. അതു കൃത്യതയോടെ, നല്ല മനസ്സോടെ നിറവേറ്റാൻ തയാറെടുപ്പുകൾ അത്യാവശ്യമാണെന്ന് ഒാർമിക്കുക.

പ്രീ-പ്രെഗ്നൻസി ചെക്കപ്പ്

വിദേശത്ത് വളരെ സാധാരണമായ പ്രീ-പ്രെഗ്നൻസി ചെക്കപ്പ് എന്ന ആശയം ഇന്നു നമ്മുടെ നാട്ടിലും വേരോടി തുടങ്ങിയിരിക്കുന്നു. ആസ്മ, ലൂപ്പസ്, റുമറ്റോയിഡ് ആർത്രൈറ്റിസ്, പ്രമേഹം, അപസ്മാരം തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് പ്ര‍ീ-പ്രെഗ്നൻസി ചെക്കപ്പുകൾ ഉപകാരപ്രദമാണ്. ഗർഭിണിയാകുവാൻ ആഗ്രഹിക്കുമ്പോൾ തന്നെ ഡോക്ടറുടെ സഹായത്തോടെ മെഡിക്കൽ ചെക്കപ്പുകൾ നടത്തുക. ഗർഭകാലത്ത് ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളുടെ റിസ്ക് കുറയ്ക്കാൻ ഇതു സഹായിക്കും. മെഡിക്കൽ-ഫാമിലി ഹിസ്റ്ററി, കഴിക്കുന്ന മരുന്നുകൾ, ഭക്ഷണക്രമം. ജീവിതശൈലി എന്നിവ ഡോക്ടറുമായി സംസാരിക്കുക. ആരോഗ്യകരമായ ഗർഭകാലത്തേക്കുവേണ്ട നിർദേശങ്ങൾ മിക്കതും വ്യക്തിപരമായതിനാൽ ഈ ഉപദേശങ്ങൾ പ്രധാനപ്പെട്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ഷമീമ അൻവർസാദത്ത്

കൺസൾട്ടൻറ് ഗൈനക്കോളജിസ്റ്റ്

ആസ്റ്റർ മെഡിസിറ്റി, കൊച്ചി