Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവപ്രശ്നങ്ങൾ: പ്രഫഷണലുകൾക്ക് 10 നിർദേശങ്ങൾ

working-women Image Courtesy : The Week Smartlife Magazine

പ്രഫഷണലുകളായ സ്ത്രീകൾ മിക്കവരും ആർത്തവപ്രശ്നങ്ങളെ അവഗണിക്കുന്നവരാണ്. എന്നാൽ, അവർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

∙ അമിതരക്തസ്രാവവും അസഹ്യമായ വയറുവേദനയും മറ്റുമുണ്ടെങ്കിൽ ദീർഘദൂര യാത്ര പാടില്ല. കഠിനാധ്വാനം ഒഴിവാക്കണം.

∙ മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി അമിത രക്തസ്രാവം കണ്ടാൽ വേഗം ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു ചികിത്സ തേടണം.

∙ 80 ശതമാനത്തോളം നനഞ്ഞ, 4—5 പാഡുകളിൽ കൂടുതൽ ദിവസവും മാറ്റുന്നത് അമിത രക്തസ്രാവത്തിന്റെ സൂചനയാണ്. രക്തക്കട്ടകളും അമിത രക്തസ്രാവത്തിന്റെ ലക്ഷണമാണ്.

∙ പൂർണമായി നനഞ്ഞില്ലെന്നു കരുതി പാഡ് മാറ്റാതിരുന്നാൽ യോനീഭാഗത്ത് അണുബാധയുണ്ടാകും. 6—8 മണിക്കൂർ കഴിഞ്ഞാൽ നിശ്ചയമായും പാഡ് മാറ്റണം. ടാമ്പണുകളുടെ ഉപയോഗം യോനിയിൽ അണുബാധയുണ്ടാക്കും.

∙ ആർത്തവകാലത്തു യോനീഭാഗം വളരെ വൃത്തിയായി സൂക്ഷിക്കണം. ദിവസം ഒരിക്കലെങ്കിലും സോപ്പും ഇളം ചൂടുവെള്ളവും കൊണ്ടു വൃത്തിയായി കഴുകണം.

∙ വൃത്തിയുള്ള അടിവസ്ത്രവും വൃത്തിയുള്ള പാഡും മാത്രം ഉപയോഗിക്കുക.

∙ രക്തസ്രാവം കൂടുതലുള്ളവർ ഇരുമ്പ് നന്നായടങ്ങിയ ഇലക്കറികൾ, ഇറച്ചി എന്നിവ ആഹാരത്തിലുൾപ്പെടുത്തണം. നാരുകളടങ്ങിയ ആഹാരം കഴിക്കുന്നതു മലബന്ധം തടയും. ആർത്തവകാലത്ത് എളുപ്പം ദഹിക്കുന്ന ആഹാരം കഴിക്കുക. ഇതു വേദനയും അസ്വസ്ഥതകളും കുറയ്ക്കും. ദിവസവും രണ്ടര ലിറ്റർ വെള്ളം കുടിക്കണം.

∙ ഡോക്ടറുടെ നിർദേശപ്രകാരം വേദന കുറയ്ക്കാനുള്ള വ്യായാമങ്ങൾ ആർത്തവത്തിനു മുൻപേ ചെയ്യണം.

∙ ചെറിയ വയറു വേദനയുള്ളവർക്ക് അതു കുറയ്ക്കുന്നതിനു പാരസെറ്റമോൾ, മെഫനമിക് ആസിഡ് അടങ്ങിയ ഗുളികകൾ കഴിക്കാം.

∙ ആർത്തവകാലത്തു യോഗ ചെയ്യാം. ചെറിയ വേഗതയിൽ നടക്കാം. എന്നാൽ എയ്റോബിക്സ്, ജോഗിങ് തുടങ്ങിയവ ഒഴിവാക്കണം.

ഡോ: റഫീഖ പി., ഗൈനക്കോളജിസ്റ്റ് ആൻഡ് ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ്, കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം.