Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുക വലിച്ചാൽ മോഡേൺ ആകില്ല

lady-smoking

മോഡോൺ ആകുക അല്ലെങ്കിൽ ഫാഷനബിൾ ആകുക, ഇൻഡിപെൻഡന്റ് ആകുക, ആത്മവിശ്വാസമുള്ളവളാകുക... ഇതൊക്കെ ആകണമെങ്കിൽ പുകവലി കൂടി ശീലമാക്കണോ? ഇന്നത്തെ പെൺകുട്ടികൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് പുകവലിയിലൂടെ ആണത്രേ.

പായ്ക്കറ്റിനു പുറത്ത് നിയമപ്രകാരമുള്ള മുന്നറിയിപ്പുകൾ ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും പെൺകുട്ടികളുടെ ഇടയിൽ പുകവലി ശീലം കൂടിവരികയാണ്. 21–ാം നൂറ്റാണ്ടിലെ പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന് സ്ത്രീകളിൽ വർധിച്ചു വരുന്ന പുകവലി തടയുക എന്നതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 5 ദശലക്ഷം പേരെയാണ് പുകവലി കൊല്ലുന്നത്. 2030 ആകുമ്പോഴേയ്്ക്കും ഇത് എട്ടു ദശലക്ഷമാകും.

പെൺകുട്ടികൾ കൗമാരപ്രായത്തിലാണ് പുകവലി ശീലമാക്കുന്നത്. രക്ഷിതാക്കളുടെ പുകവലിയാകാം ഇതിനൊരു കാരണം. ദൗർഭാഗ്യമെന്നു പറയട്ടെ, അനാരോഗ്യകരമായ ശീലങ്ങളും സ്വഭാവങ്ങളും രക്ഷിതാക്കളിൽ നിന്നാണ് കുട്ടികൾ പഠിക്കുന്നത്. പുകവലി ശീലമുള്ള സുഹൃത്തുക്കൾക്ക് ഒപ്പം നിൽക്കാനും ചിലർ പുകവലിച്ചു തുടങ്ങുന്നു.

അര നൂറ്റാണ്ടു മുൻപ് ശ്വാസകോശാർബുദം മൂലം മരിക്കുന്ന പുരുഷൻമാരുടെ എണ്ണം സ്ത്രീകളുടെ അഞ്ചിരട്ടി ആയിരുന്നു. എന്നാൽ ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളോടെ ഈ കാര്യത്തിൽ സ്ത്രീപുരുഷ സമത്വം വന്നു.

ശ്വാസകോശാർബുദം മൂലമുള്ള മരണനിരക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് 25 മടങ്ങാണ്. തുടർച്ചയായി പുകവലിക്കുന്ന ഒരു സ്ത്രീ, പുകവലിക്കാത്തവരെ അപേക്ഷിച്ച് 10 കൊല്ലം മുമ്പേ മരിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പുകവലി മൂലം ശ്വാസകോശാർബുദം ഉണ്ടാകുന്നതു കൂടാതെ ഹൃദ്രോഗം, പക്ഷാഘാതം, സ്തനാർബുദം ഉൾപ്പടെയുള്ള മറ്റ് അർബുദങ്ങൾ ഇവയ്ക്കുള്ള സാധ്യതയും കൂടുന്നു.

സിഗരറ്റിന്റെ നിർമാണത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും ഇതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും മിക്കവർക്കും അറിയില്ല. നിറയെ ദ്വാരങ്ങളുള്ള ഫിൽറ്ററുകളുടെ ഉപയോഗം, ശക്തിയായി എളുപ്പത്തിൽ വലിക്കാനും അതുവഴി നിേക്കാട്ടിൻ രക്തത്തിൽ വളരെവേഗം കലരാനും ഇടയാക്കും. ഫലമോ സിഒപിഡി എന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്.

പുകവലി സ്ത്രീകളിൽ വന്ധ്യത ഉണ്ടാക്കും. ഒരു സിഗരറ്റ്കുറ്റി വലിച്ചു തീരുമ്പോൾ ഏഴായിരത്തിലധികം രാസവസ്തുക്കളാണ് ശരീരത്തിലാകെയും അവയവങ്ങളിലും വ്യാപിക്കുന്നത്. ഇത് ഓവുലേഷനെ ബാധിക്കും, പ്രത്യുൽപാദനാവയങ്ങളെ തകരാറിലാക്കും. നേരത്തേയുള്ള ആർത്തവവിരാമത്തിനു കാരണമാകും. ഗർഭമലസലിനും പുകവലി കാരണമാകും.

പുകവലി നിർത്താൻ നിങ്ങൾ ഒട്ടും വൈകിയിട്ടില്ല. ദീർഘായുസും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം നിങ്ങളെയും കാത്തിരിക്കുന്നുണ്ട്. സർക്കാർ ഏജൻസികളും പൊതുജനങ്ങളും ഒരുമിച്ചു നിന്നാൽ പുകവലിയുടെ വ്യാപനം കുറയ്ക്കാനാകും.  

Your Rating: