Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറപ്പും ഭയവും ഉദ്ധാരണത്തെ ബാധിക്കുമ്പോൾ

sexual-problem

ദീപേഷും ഡെയ്‌സിയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. പക്ഷേ നാലു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ അവർ എത്തിയത് വിവാഹമോചനം എന്ന ആവശ്യവുമായി വക്കീലിനു മുന്നിലാണ്. വളരെ നാൾ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്. ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനമായതിനാൽ വക്കീൽ ഇരുവരെയും വിളിച്ചിരുത്തി വിശദമായി സംസാരിച്ചു. രണ്ടുപേരും പറഞ്ഞ കാര്യങ്ങളിൽ നിന്നും ഇരുവരും തമ്മിൽ മാനസികമായ അകൽച്ചയോ വിദ്വേഷമോ ഇല്ലെന്ന് വക്കീലിനു മനസ്സിലായി. നാലു വർഷമായിട്ടും കുട്ടികളുണ്ടായിട്ടില്ല എന്നതായിരുന്നു അവരുടെ പ്രശ്‌നം. 

‌ഡെയ്‌സിയുടെ പ്രശ്‌നം കൊണ്ടാണ് കുട്ടികളുണ്ടാകാത്തത് എന്നു പറഞ്ഞ് ദീപേഷിൻെ വീട്ടുകാർ അവളെ നിരന്തരമായ കുറ്റപ്പെടുത്താൻ തുടങ്ങി. വന്ധ്യതാ ചികിത്സയ്ക്ക് വീട്ടുകാർ നിർബന്ധിച്ചപ്പോഴൊക്കെ ഡെയ്‌സി ഒഴിഞ്ഞു മാറിയത് പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാക്കി. ചോദ്യം ചെയ്യലുകളും കുറ്റപ്പെടുത്തലും കൂടക്കൂടി വന്നപ്പോൾ ഡെയ്‌സി മാനസികമായി ആകെ തളർന്നു. 

കുഞ്ഞ് ഉണ്ടാവാത്തതിന്റെ കാരണം,  ഒരിക്കലും ശാരീരിക ബന്ധത്തിൽ ഏർപ്പെടാതിരുന്നത് കൊണ്ടാണ് എന്ന സത്യം ആരോടും ഡെയ്‌സി പറഞ്ഞില്ല.  ചോദ്യം ചെയ്യലുകൾ ഏറിയപ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ദീപേഷിന്റെയും ഡെയ്‌സിയുടെയും പ്രശ്‌നത്തെക്കുറിച്ച് മനസ്സിലാക്കിയ വക്കീൽ ഒരു അവസാന ശ്രമം എന്ന നിലയിലാണ് എന്നെ കാണാൻ നിർദ്ദേശിക്കുന്നത്. 

പ്രശ്‌നങ്ങളുടെ യഥാർഥ കാരണം ഇതായിരുന്നു: - വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ്  ആദ്യമായി അവർ ശാരീരിക ബന്ധത്തിന് ശ്രമിക്കുന്നത്. തുടക്കം അൽപം ബുദ്ധിമുട്ടായി തോന്നിയെങ്കിലും ഭാഗികമായി ബന്ധപ്പെടാൻ കഴിഞ്ഞു. അതു കഴിഞ്ഞ് ലൈറ്റിട്ടപ്പോഴാണ് കിടക്കവിരിയിൽ പടർന്ന രക്തം ദീപേഷ് കാണുന്നത്. അയാൾ ഞെട്ടി. ശരീരം തളരുന്നതുപോലെ തോന്നി.  അതിനുശേഷം ഏതാനും മാസത്തോളം അവർ ശാരീരിക ബന്ധത്തിനു ശ്രമിച്ചതേയില്ല. 

വിശേഷമൊന്നും ആയില്ലേ എന്ന വീട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യം വന്നു തുടങ്ങിയപ്പോഴാണ് അവർ വീണ്ടും ശ്രമിക്കുന്നത്. തുടക്കത്തിൽ ഇരുവർക്കും നല്ല ആഗ്രഹവും അനുഭൂതിയുമൊക്കെ ലഭിക്കുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ ദീപേഷ് പാനിക് ആവുകയും ക്ഷീണവും തളർച്ചയുമൊക്കെ അനുഭവപ്പെടുകയും ചെയ്യുന്നു. ഉദ്ധാരണവും നഷ്ടപ്പെടും. ഈ കാരണത്താലായിരുന്നു ശാരീരികബന്ധം സാധ്യമാകാതെ വന്നത്. 

ഉദ്ധാരണം ലഭിക്കാൻ പല മരുന്നുകളും മാറി മാറി കഴിച്ചിട്ടും പല ഡോക്ടർമാരെ കണ്ടിട്ടും ഫലം കിട്ടിയില്ല. മൂന്നു തവണ മനഃശാസ്ത്രകൗൺസലിങ്ങിനു വിധേയനായി. ഓരോ കൗൺസലിങ്ങിനു ശേഷവും വളരെയേറെ പ്രതീക്ഷയോടെയും പൂർവാധികം ധൈര്യത്തോടെയും ദീപേഷ് കിടപ്പറയിൽ പ്രവേശിക്കും.  പക്ഷേ അവസാനമാകുമ്പോൾ കാര്യങ്ങൾ പഴയപടി തന്നെ ! ഈ പ്രശ്‌നത്തിൽനിന്നുള്ള ഒളിച്ചോട്ടമായിരുന്നു, വിവാഹമോചനം. 

ദീപേഷിന്റെ പ്രശ്‌നം രക്തം കാണുമ്പോഴുള്ള ഭയമായിരുന്നു. ഹീമോഫോബിയ എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്. കുട്ടിക്കാലം മുതൽ, രക്തം കാണുമ്പോൾ ഭയന്നു വിറയ്ക്കുകയും, തലകറങ്ങുകയും ചെയ്യുമായിരുന്നു. ആദ്യമായി ബന്ധപ്പെട്ടപ്പോൾ കിടക്കയിൽ രക്തം കണ്ടത് ഒരു മാനസികാഘാതമായി മാറുകയും, അത്ഉദ്ധാരണശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഒരോ തവണ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴും രക്തത്തെക്കുറിച്ചുള്ള ഓർമ്മ മനസ്സിലേക്ക് വരികയും ഉദ്ധാരണം നഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. ക്രമേണ ശാരീരിക ബന്ധത്തെക്കുറിച്ച് ഓർക്കുന്നതുപോലും ഭയമായി മാറി.

രണ്ടാഴ്ചയോളം നീണ്ടു നിന്ന ചികിത്സയിലൂടെ ദീപേഷിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞു. ചികിത്സയുടെ 11 - ാം ദിവസം അവർ പൂർണ്ണസന്തോഷത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. ഡെയ്‌സി ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്.

ലൈംഗികബന്ധത്തോടുള്ള ഭയവും വെറുപ്പും അറപ്പുമെല്ലാം കൂടുതലായി കാണുന്നത് സ്ത്രീകളിലാണെങ്കിലും പലപ്പോഴും പുരുഷൻമാരെയും ബാധിക്കാറുണ്ട്. കൃത്യമായ ചികിത്സയിലൂടെ ഇതു പൂർണ്ണമായി പരിഹരിക്കാൻ സാധിക്കും.

ഡോ. കെ. പ്രമോദ്

സെക്‌സ് തെറാപ്പിസ്റ്റ് ആൻഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, 

കൊച്ചി