Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർക്കുക, ആ രാത്രി ഒന്നേയുള്ളൂ —ആദ്യരാത്രി

first-night

ഭംഗിയായി ഒരുക്കിയ മുറി, അലങ്കരിച്ച കട്ടിൽ, പൂക്കൾ വിതറിയ പട്ടുമെത്ത അവിടെ നാണം കുണുങ്ങിയിരിക്കുന്ന നവവരനും നവവധുവും. കട്ടിലിൽ ഇരുന്നു ഇരുന്നില്ല എന്ന മട്ടിലിരിക്കുന്ന വധുവിന്റെ മൈലാഞ്ചിയിട്ട കൈകളിൽ വരന്റെ വിറയ്ക്കുന്ന കൈത്തലം പതിയുന്നു. ഇരുവരും കട്ടിലേക്ക് മറിയുന്നു. ഇരുട്ട് നിറയുന്നു. ഒട്ടേറെ സിനിമകളിൽ നാം കണ്ടുശീലിച്ചതാണ് ഈ ആദ്യരാത്രി. യഥാർഥ്യത്തിലേക്ക് ക്യാമറ തിരിക്കുമ്പോൾ ആ രാത്രി പലർക്കും വേദനയും വല്ലായ്മയും നൽകിയ ദൃശ്യമാണ് പതിയുക. അജ്ഞതയും തെറ്റിദ്ധാരണയും ഞെക്കിക്കൊന്ന ആദ്യരാത്രിയുടെ മൃതഗന്ധം പേറുന്ന ദമ്പതികൾ ഒട്ടേറെയുണ്ട്. ക്ഷമയും ഭാവനയും പക്വതയുമുണ്ടെങ്കിലേ ആദ്യരാത്രി സിനിമയിലേതുപോലെ സുന്ദരമാക്കാനാകു. മണിയറയൊരുക്കുന്നതു മുതൽ മനസ്സൊരുക്കുന്നതുവരെയുള്ള കാര്യങ്ങളിൽ അതീവ ശ്രദ്ധ വയ്ക്കണം.

രണ്ടു പുഴയുടെ സമാഗമം

മുതൽ ഇരവ്, സുഹാഗ്രാത് തുടങ്ങി പല ഭാഷകളിൽ പല സുന്ദരപദങ്ങളിൽ ആദ്യരാത്രി വിവരിക്കപ്പെടുന്നു. ഒട്ടേറെ കാൽപനികന്മാർ ആ രാത്രിയുടെ കോരിത്തരിപ്പ് വർണിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചിട്ടുണ്ട്. എന്നാൽ സാഹിത്യത്തിൽ ഭാവനയാകാമെങ്കിലും ജീവിതത്തിൽ യഥാർഥ്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.

പല പ്രദേശത്തു കൂടെ പല വേഗത്തിൽ പല താളത്തിൽ ഒഴുകുന്ന രണ്ടു പുഴയുടെ സംഗമസ്ഥലംപോലെയാണ് ആദ്യരാത്രി. ചുഴിയും ചുരുളുമില്ലാതെ തുടർന്ന് ഒഴുകുന്നതിൻ ആ സംഗമത്തിനു വളരെയധികം പ്രാധാന്യമുണ്ട്

രണ്ട് സംസ്കാരങ്ങളുടെ രണ്ട് കുടുംബങ്ങളുടെ രണ്ട് വ്യക്തികളുടെ ജീവിതകാലത്തേക്കുള്ള കൂടിചേരൽ ആരംഭിക്കുന്നത് ആദ്യരാത്രിയിലാണ്.

സ്വകാര്യമായ ഉത്കണ്ഠകൾ

വിവാഹത്തിന്റെ നടത്തിപ്പിനായി ഓടി നടക്കാൻ മാതാപിതാക്കളും സുഹൃത്തുക്കളുമൊക്കക്കാണും. പക്ഷേ ആദ്യരാത്രിയുടെ ഉത്കണ്ഠ വരന്റെയും വധുവിന്റെയും സ്വകാര്യമാണ് .ആരും അതിനെക്കുറിച്ച് വിശദവും യഥാർഥവുമായ ഉപദേശം നൽകാനുണ്ടാവില്ല. അതിനെക്കുറിച്ച് ചോദിക്കാൻ നാണിക്കും ; പറയാനും. കളിയാക്കലും പൊട്ടിച്ചിരിയും മാത്രം അവശേഷിക്കും.

Read : ഹണിമൂൺ 30 കാര്യങ്ങൾ

പ്രീമാരിറ്റൽ കൗൺസിലിങിന് ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കാനാകും. ആദ്യരാത്രിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാനും യഥാർഥ്യബോധത്തോടെ സമീപിക്കാനും കൗൺസലിങ്ങ് സഹായിക്കും. എന്നാൽ അതിനു ഭാഗ്യം ലഭിക്കാത്തവർ പലപ്പോഴും അപക്വമായ ഉപദേശങ്ങളുടെ ഇരയാകുകയാണു പതിവ് മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ ചില സഹായങ്ങൾ ചെയ്തു കൊടുക്കാൻ കഴിയും മക്കളെ നേരിട്ട് ഉപദേശിക്കാൻ മടിയുണ്ടെങ്കിൽ മുതിർന്ന ബന്ധുവിനേയോ സുഹൃത്തിനേയോ അതിനായി ചുമതലപ്പെടുത്താം. അമിതമായ ഉത്കണ്ഠയുണ്ടെങ്കിൽ ഡോക്ടറെയോ കൗൺസിലറെയോ കാണാൻ മടിക്കരുത്.

പ്ലാനിങ് വേണം

വിവാഹദിവസം രാവിലെ മുതൽ വൈകുന്നേരം വരെ തിരക്കു തന്നെയാകും. ചിലപ്പോൾ രാത്രിയും തിരക്കൊഴിയില്ല. എങ്കിലും കൃത്യമായി പ്ലാൻ ചെയ്ത് രാത്രി അധികം വൈകുന്നതിനുമുൻപു തന്നെ വധുവരന്മാർ മണിയറയിൽ എത്തണം.

വിവാഹദിവസവും വധുവിനോ വരനോ മണിയറയിൽ പോകാൻ തിടുക്കം കാണിക്കാൻ നാണം അനുവദിക്കില്ല. വീട്ടുകാർ പക്വതയോടെ ഇടപെട്ട് നവദമ്പതികളെ നേരത്തേതന്നെ മണിയറയിലേക്കയയ്ക്കണം. ചുറ്റും എല്ലാവരും ഉണർന്നിരിക്കുമ്പോൾ മണിയറയിലുള്ളവർക്ക് സ്വസ്ഥത കിട്ടില്ല. അതിനാൽ വിവാഹവീട്ടിലെ എല്ലാവരും നേരത്തേതന്നെ കിടന്നുറങ്ങുക. വിവാഹത്തലേന്നും നവവധുവരന്മാർ നന്നായി ഉറങ്ങണം ഇല്ലെങ്കിൽ ആദ്യരാത്രി ഉറക്കം തൂങ്ങിപ്പോകും. വിവാഹപ്പിറ്റേന്ന് അതിരാവിലെയുള്ള പരിപാടികൾ പ്ലാൻചെയ്യരുത്.

ആ രാത്രിയിൽ എങ്ങനെ ഒരുങ്ങണം?

അറേഞ്ച്ഡ്മാര്യേജ് ആണെങ്കിൽ ചെറുക്കന്റെയും പെണ്ണിന്റേയും രണ്ടാമത്തെയോ മൂന്നാമത്തെയോ കൂടിക്കാഴ്ചയായിരിക്കും വിവാഹദിവസം. ആദ്യരാത്രിയിലേത് മറ്റാരും അടുത്തില്ലാതുള്ള ആദ്യകൂടിക്കാഴ്ചയായിരിക്കും വിവാഹദിവസം. ആദ്യരാത്രിയിലേത് മറ്റാരും അടുത്തില്ലാതുള്ള ആദ്യകൂടികാഴ്ചയും കൂടുതൽ മനസ്സിലാക്കാൻ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പാർക്കിലോ പാർലറിലോ ഒത്തുകൂടിയവർക്കും പേടിയും പരിഭ്രമവും വിട്ടൊഴിയാറില്ല. വിദേശങ്ങളിൽ ജോലിയുള്ളവരുടെ കാര്യത്തിൽ ചിലപ്പോൾ ഫോട്ടോ കണ്ട പരിചയം മാത്രമേ കാണു.

എങ്ങനെയായാലും ആദ്യരാത്രിയിലെ ഫസ്റ്റ് ഇംപ്രഷൻ, ബെസ്റ്റ് ഇംപ്രഷനാക്കുക. വസ്ത്രത്തിന്റെ കാര്യത്തിൽ വരെ കരുതൽ വേണം വച്ചു കെട്ടലുകളില്ലാതെ തികച്ചും സ്വാഭാവികമായി തോന്നണം കാര്യങ്ങൾ. അടുപ്പത്തിലേക്കുള്ള ഏറ്റവും നല്ലകുറുക്കുവഴി ലാളിത്യമാണെന്ന് ഓർക്കുക.

ഇളം നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണു നല്ലത്. മൃദുവായ മെറ്റീരിയൽ കൊണ്ടുള്ള ലളിതമായ വസ്ത്രമായിരിക്കണം കട്ടിയുള്ളതും പരുപരുത്തതുമായ വസ്ത്രം വലിയ അലോസരമുണ്ടാക്കും. സർവാഭരണവിഭൂഷിതയായി മണിയറയിൽ പ്രവേശിക്കണമെന്നില്ല. ഏറ്റവും ഇണങ്ങുന്ന ലളിതവും സുന്ദരവുമായ ഒന്നോ രണ്ടോ ആഭരണങ്ങൾ മതി. അതുപോലെ കഥകളിക്കു ചുട്ടി കുത്തുന്നതു പോലുള്ള മേക്ക് അപ്പും ഒഴിവാക്കണം.

ചിലർ ആദ്യരാത്രിയിൽ പെർഫ്യും ഒക്കെ പൂശി ഇരിക്കാറുണ്ട്. ശരീരത്തിന്റെ ദുർഗന്ധംഅകറ്റാൻ പെർഫ്യും നല്ലതാണെങ്കിലും നിറയെ വാരിപ്പൂശരുത്. ചില പെർഫ്യും ഗന്ധങ്ങൾ ചിലർക്ക് പിടിക്കില്ല. തലവേദനയുണ്ടാകുന്ന സുഗന്ധവുമായി ഇരിക്കുന്ന ഭർത്താവിനെ ആദ്യരാത്രിയിൽതന്നെ ഭാര്യ വെറുത്തുപോകും . തിരിച്ചും അങ്ങനെതന്നെ. ഇരുവരുടേയും ഇഷ്ടങ്ങൾ ഗന്ധം കൊണ്ടു പോലും നോവിക്കാൻ ഇടയാകരുത് എന്നർഥം.

പാലും പഴവും കൈകളിലേന്താം

പാലും പഴവുമേന്തി മണിയറയിലേക്കു വധുവരുന്നതാണ് നാടൻസ്റ്റെൽ . നവവരന് പാലിഷ്ടമല്ല എന്നു കേട്ട് പാൽഗ്ലാസ് വേണ്ടെന്നു വയ്ക്കേണ്ട. ഇഷ്ടമുള്ള മറ്റെന്തെങ്കിലും ഗ്ലാസിലൊഴിച്ച് കൊണ്ടുപോകുക. കാരണം മണിയറയിൽ പ്രവേശിച്ചാൽ എന്തു ചെയ്യണമെന്ന അങ്കലാപ്പ് ഉണ്ടാകുക സ്വഭാവികം. അപ്പോൾ പാലെടുത്തു കൊടുത്തുകൊണ്ട് സംസാരം തുടങ്ങാം, പിരിമുറുക്കം അവസാനിപ്പിക്കാം. പങ്കുവയ്ക്കുന്ന പാലിലൂടെ പങ്കുവയ്ക്കുന്ന ജീവിതത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങാം. പിന്നെ കാര്യങ്ങൾ എളുപ്പമല്ലേ?

ആത്മവിശ്വാസം നേടാൻ

അധികമൊന്നും പരിചയമില്ലാത്ത നവവധുവരന്മാർ ആദ്യരാത്രി കൂടുതൽ അറിയാനായി മാറ്റി വയ്ക്കണം. പരസ്പരം ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചും പറഞ്ഞും സംസാരിച്ച് ആദ്യത്തെ പരിഭ്രമം ഒഴിവാക്കാം.

വിവാഹപൂര്‍വം 25 സംശയങ്ങള്‍ക്കു പരിഹാരം

തികച്ചും അപരിചിതമായ വീട്ടിലാണ് നവവധു എത്തുന്നത് അതിനാൽ പേടിയും അങ്കലാപ്പും സ്വഭാവികം അതു മാറ്റേണ്ട ചുമതല വരനാണ്. കാരണം സ്വന്തം വീട്ടിൽ സ്വന്തം മുറിയിൽ മറ്റൊരാളെ സ്വീകരിക്കുന്നതിന്റെ ആത്മവിശ്വാസം പുരുഷനുണ്ടാകും. കൂടാതെ പുരുഷന് സമൂഹത്തിൽ പൊതുവേ അംഗീകരിച്ചു കൊടുത്ത മേൽക്കൈ വിവാഹത്തിലുമുണ്ടല്ലോ! എന്നാൽ സ്ത്രീകൾ താരതമ്യേന നാണംകുണുങ്ങികളായിരിക്കും. പുതിയ വീട്ടിൽ പുതിയ അന്തരീക്ഷത്തിൽ നഷ്ടപ്പെട്ട സ്വാഭാവികത സംസാരത്തിലും പെരുമാറ്റത്തിലും വീണ്ടെടുക്കാൻ നവവരൻ അവർക്ക് ധൈര്യം പകർന്നു നൽകണം.

വാക്കുകളുടെ മാധുര്യം

അൽപം പഞ്ചാരവാക്കുകൾ രാത്രി അനശ്വരമാക്കാൻ കൂടിയേ തീരു. ഇരുവരും പരസ്പരം ഇഷ്ടപെട്ട നല്ല കാര്യങ്ങൾ പറയാൻ ശ്രമിക്കണം. വധുവിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ വരനും പറയാൻ ശ്രമിക്കണം. വരനിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ വധുവും പറയണം. വിവാഹത്തിനു വന്ന ബന്ധുക്കളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം ചോദിച്ചും പറഞ്ഞും മനസ്സിലാക്കാം. പഠിച്ച സ്ഥാപനങ്ങളെക്കുറിച്ചും കണ്ട സിനിമയെക്കുറിച്ചുമെല്ലാം സംസാരിക്കാം. പുതിയ ഒരു ജീവിതം നാമ്പെടുക്കുന്നതിന്റെ ആനന്ദം ഇരുവരും പങ്കിടണം.

കുറ്റപ്പെടുത്തല്ലേ

ഒരിക്കലും പങ്കാളിയെ താഴ്ത്തിക്കെട്ടിയോ പരിഹസിച്ചു കൊണ്ടോ സംസാരിക്കാൻ പാടില്ല. മാർക്ക് ചോദിച്ച് കളിയാക്കുക, വീട്ടിലെ സൗകര്യങ്ങൾ കുറവാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുക, പോരായ്മകൾ എണ്ണിപ്പറഞ്ഞ് നിരാശപ്പെടുക. ഇതൊക്കെ പങ്കാളിയുടെ ആത്മവിശ്വാസം ഇല്ലാതാക്കും. ആദ്യരാത്രി കാളരാത്രിയാകുകയും ചെയ്യും. ആദ്യരാത്രിയിൽതന്നെ പൂർവപ്രണയങ്ങളുടെയും മറ്റും കണക്കെടുത്ത് പരസ്പരം കുറ്റപ്പെടുത്തുന്നതും നല്ലതല്ല. അതുപോലെ കല്യാണച്ചെലവിന്റെ കണക്ക്, പ്രാരാബ്ധം, ബാധ്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചയും മാററി വയ്ക്കുക.

അതു സംഭവിച്ചാലോ?

ആദ്യ രാത്രിയിൽ സെക്സ് നിഷിദ്ധമല്ല, നിർബന്ധവുമല്ല. ഒരു പൂ വിടരുന്നതു പോലെ സ്വാഭാവികമായി സംഭവിക്കുകയാണെങ്കിൽ നല്ലത്. ഓർക്കുക; അമർത്തിയൊന്ന് ഞെക്കിയാൽ മതി പൂവ് മൊട്ടിനുള്ളിൽ കൂമ്പിപ്പോകും.

മെല്ലേമെല്ലേ അതിലേക്ക് എത്തിയെന്നു കരുതുക. എവിടെ എന്നുള്ളതു മുതൽ എങ്ങനെയെന്നുള്ളതുവരെ ആശങ്കയുണ്ടാക്കും. എല്ലാത്തിലും പുരുഷൻ തന്നെ മുൻകൈ ഏടുക്കണമെന്നില്ല. സ്ത്രീകളെയും അതിൽ പങ്കാളിയാക്കണം. സ്വന്തം ശരീരത്തിന്റെ ഇഷ്ടങ്ങൾ പറഞ്ഞു തരാൻ അവർക്കു തന്നെയേ പററൂ. എങ്ങാനും സ്ത്രീകൾ മുൻകൈ എടുത്താൽ ഇവൾക്ക് മുൻപരിചയമുണ്ടോയെന്ന് സംശയിക്കരുത്. രതിയുടെ പാഠങ്ങൾ പ്രകൃതി എല്ലാവർക്കും പറഞ്ഞുകൊടുക്കുന്നതാണ്. അനുകൂലസാഹചര്യത്തിൽ ആ പാഠങ്ങൾ താനെ ഉപയോഗിച്ചുകൊള്ളും

വാത്സ്യായനൻ മണിയറയ്ക്കു പുറത്ത്

സെക്സിനെക്കുറിച്ചുള്ള വലിയ അറിവ് സാഹിത്യത്തിൽ നിന്നും സിനിമയിൽ നിന്നും പല പുരുഷൻമാരും വിവാഹത്തിനു മുൻപ് നേടിയിരിക്കും. ചിലർക്ക് കൂട്ടുകാരും അറിവ് പകർന്ന് കൊടുത്തിരിക്കും. ആ അറിവുകളെല്ലാം ആദ്യരാത്രി തന്നെ പരീക്ഷിച്ചുകളയാമെന്നു കരുതരുത്. ചിലപ്പോൾ അവയ്ക്ക് യഥാർഥ്യവുമായി പുലബന്ധമുണ്ടാകില്ലെന്നും ഓർക്കുക.

സ്വപ്നങ്ങള്‍ പൂക്കും രാവ്‍

സ്ത്രീകൾക്ക് മിക്കവാറും കിട്ടിയിരിക്കുക ആദ്യരാത്രിയിലെ പീഢാനുഭവങ്ങളുടെ വിവരണമാകും. അതുകൊണ്ടുതന്നെ സെക്സിന് വിമുഖതയുണ്ടാകുക സ്വഭാവികമാണ്. ചിലപ്പോൾ പുരുഷന്റെ പൂർണനഗ്നത സ്ത്രീയെ പേടിപ്പിക്കും. ആദ്യരാത്രിയിൽ സെക്സിനെ സംബന്ധിച്ച് യാതൊരു നിർബന്ധങ്ങളും കാണിക്കരുത്. ഇരു പങ്കാളികൾക്കും ഇഷ്ടമുള്ള രീതികളേ സ്വീകരിക്കാവൂ. വാത്സ്യായനന്റെ പ്രിയശിഷ്യനാണെന്നു സമർഥിക്കാൻ ശ്രമിച്ചാൽ ആദ്യരാത്രി ചിലപ്പോൾ അവസാന രാത്രിയായിപ്പോകും.

പോർക്കളമല്ല

ആദ്യസ്പർശനത്തിന്റെ കോരിത്തരിപ്പിൽ നിന്ന് മെല്ലേമെല്ലേ അതിരു വിടാം. പതിഞ്ഞ താളത്തിൽ മുന്നോട്ടുപോവുക, സ്വഭാവികമായ ആ വളർച്ച എവിടം വരെയെത്തുമോ അവിടം വരെ. സ്വന്തം താൽപര്യത്തെക്കാളേറെ പങ്കാളിയുടെ ഇംഗിതത്തിന് പ്രാധാന്യം കൊടുക്കുക. തുടങ്ങിക്കഴിഞ്ഞാൽ വിജയിച്ചേ പിന്മാറൂ എന്ന ശാഠ്യം വേണ്ട. ചിലരിൽ അത് വേദനാജനകം ആയിരിക്കും. ബലം പിടിക്കരുത്. പിന്മാറുക, ദിവസങ്ങൾ ഇനിയും കിടക്കുകയല്ലേ.

ചില പുരുഷന്മാർക്ക് ആദ്യരാത്രിയിൽ ശീഘ്രസ്ഖലനം സംഭവിക്കാം. ഉത്കണ്ഠയും ഭയവുമൊക്കെയാണ് കാരണം. അങ്ങനെ സംഭവിച്ചാൽ ജീവിതം കുളമായെന്നു കരുതി വിഷമിക്കരുത്. ഇന്ന് ചെറിയ തോൽവി. നാളെ വലിയ വിജയം കാത്തിരിക്കുന്നു. അതുപോലെ സ്ഖലനം സംഭവിക്കാത്ത പ്രശ്നവും ചിലർക്കുണ്ടാകും. കുറച്ചു കഴിയുമ്പോൾ മാറും.

ആദ്യ ദിവസം തന്നെ ഒരുമിച്ച് സാഫല്യമടയാമെന്ന മോഹവും പൂവണിയണമെന്നില്ല. ഒരുമിച്ചുള്ള രതിമൂർച്ഛ ലൈംഗികതയിൽ അപൂർവമാണ്. ഇരുവരും പാരമ്യത്തിലെത്തുന്നതുവരെ ആനന്ദത്തോടെ സഹകരിക്കുക

ആദ്യ രാത്രിയിൽ അതു വേണോ?

ആദ്യരാത്രിയുടെ വർണപ്പകിട്ടു കാരണം അതുതന്നെ : സെക്സ്. സാധാരണഗതിയിൽ ,ഒരു ആണിന്റെയും പെണ്ണിന്റെയും സമാഗമത്തിന് സമൂഹം അംഗീകാരം കൊടുക്കുന്ന ആദ്യരാത്രിയാണിത്. സ്ത്രീയും പുരുഷനും ഓർമ വച്ച നാൾ മുതൽ കൂടെ കൊണ്ടു നടന്ന ആ നിഗൂഢത അവസാനിക്കുന്ന രാത്രി.

ആദ്യരാത്രിയെക്കുറിച്ച് അബദ്ധധാരണകൾ സുലഭമാണ്. ആദ്യ ദിവസം തന്നെ ആണത്തം സ്ഥാപിക്കണമെന്ന് പുരുഷനും ആദ്യരാത്രിയിൽ അതു സംഭവിച്ചില്ലെങ്കിൽ കുഴപ്പമാണെന്നു കരുതുന്ന സ്ത്രീകളുമുണ്ട്.

എന്നാൽ ഇതെല്ലാം നിറം പിടിപ്പിച്ച നീലക്കഥകളുടെ ദോഷഫലം മാത്രമാണ്. ആദ്യരാത്രി സെക്സിനായി നീക്കി വയ്ക്കണമെന്നില്ല. ഒന്നാലോചിച്ചു നോക്കൂ വെറും കണ്ടു പരിചയം മാത്രമുള്ള രണ്ടു പേർ .ഒരു മുറിയിൽ വാതിൽ അടച്ച ഉടനെ കെട്ടിപ്പിടിച്ച് കട്ടിലിലേക്ക് മറിയുക. എത്ര അരോചകമായിരിക്കുമത്?

എന്നാൽ വിവാഹത്തിനു മുമ്പുതന്നെ നല്ല അടുപ്പമോ പ്രണയമോ ഉണ്ടായിരുന്നവർക്കിടയിൽ ആദ്യരാത്രിയിൽ ശാരീരികബന്ധത്തിലേക്കു സ്വഭാവികമായി നീങ്ങിയാൽ അതിൽ തെറ്റുമില്ല. തികച്ചും ആനന്ദകരവും സുരക്ഷിതവുമായി തോന്നുന്ന ചുററുപാടിലേ സ്ത്രീ ലൈംഗികസന്നദ്ധത പ്രകടിപ്പിക്കൂ. അതുവരെ കാത്തിരിക്കുക തന്നെ വേണം.

മധുരവാക്കുകളിൽ നിന്നും സ്പർശനത്തിലേക്ക്

ഒരാളും മറ്റൊരാൾക്ക് തീർത്തും അനുയോജ്യമായ രീതിയിലല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ശരീരം കൊണ്ടും മനസ്സു കൊണ്ടും പക്ഷേ ആരെയും ആർക്കും അനുയോജ്യമാകുന്ന വിധത്തിൽ കസ്റ്റമൈസ് ചെയ്ത് എടുക്കാനാവും. വിവാഹമെന്ന വ്യവസ്ഥ നിലനിൽക്കുന്നതു തന്നെ ആ കസ്റ്റമൈസിങ് ടെക്നിക് കൊണ്ടാണ്. ആദ്യരാത്രിയിലാണ് ആ കസ്റ്റമൈസിങ് തുടങ്ങുന്നത്. ഇവൾ അല്ലെങ്കിൽ അയാൾ തന്റെ സങ്കൽപത്തിനു ചേർന്നതല്ലെന്നു കരുതി ദുഃഖിക്കാതിരിക്കുക. തന്റെ സങ്കൽപം ഇതാണെന്നു തിരിച്ചറിഞ്ഞ് സന്തോഷിക്കാൻ ശ്രമിക്കുക. എന്റെ സങ്കൽപം ഇതല്ല, എങ്കിലും ഞാൻ അഡ്ജസ്റ്റ് ചെയ്തോളാമെന്ന് പറഞ്ഞ് പങ്കാളിയെ വിഷമിപ്പിക്കരുത് ആദ്യരാത്രിയിൽ പ്രത്യേകിച്ചും. മധുരവാക്കുകളിലൂടെ മനംകവർന്ന് മൃദുവായ സ്പർശനങ്ങളിലൂടെ പരസ്പരം അടുക്കാം.

ഡോ. ഡി. നാരായണ റെഡ്ഡി ചെന്നൈ