Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നങ്ങള്‍ പൂക്കും രാവ്

first-night

തണുത്ത ഇളംകാറ്റില്‍ പൂത്തുലഞ്ഞ കുടമുല്ലപ്പൂക്കളുടെ സുഗന്ധം. പാതി കൂമ്പിയ മിഴികളും വിറയാര്‍ന്ന ശരീരവുമായി അവള്‍. വെളുത്ത പട്ടുവസ്ത്രങ്ങളില്‍ ഗന്ധര്‍വനെപ്പോലെ അവന്റെ കോമളരൂപം.

നമുക്കവനെ ആനന്ദെന്നും അവളെ അമലയെന്നും വിളിക്കാം. പ്രിയപ്പെട്ടവരുടെ നിറസാന്നിധ്യത്തില്‍ ആഹ്ളാദത്തിന്റെയും ആര്‍ഭാടത്തിന്റെയും നക്ഷത്രശോഭയില്‍ അവരുടെ വിവാഹം ഇന്നു രാവിലെ നടന്നു. ബന്ധുക്കള്‍ ആലോചിച്ചുറപ്പിച്ച വിവാഹം,

ആദ്യരാത്രിയെ സംബന്ധിക്കുന്ന നിരവധി ആശങ്കകള്‍... സ്വപ്നങ്ങള്‍... സ്ത്രീയുടെ ഗന്ധവും സ്പര്‍ശവുമേല്‍ക്കാതെയാണ് ആനന്ദ് അമലയുടെ ജീവിത്തതിലേക്കു കടന്നുവന്നത്. ആദ്യരാത്രിയെ സംബന്ധിക്കുന്ന നിറംപിടിച്ച കഥകളുടെ ഭാരം ആനന്ദിന്റെ മനസിലുണ്ടായിരുന്നു. സ്ത്രീശരീരത്തെ ഒരു ശത്രുരാജ്യത്തെയെന്നപോലെ കീഴടക്കി പൌരുഷത്തിന്റെ കൊടിക്കൂറ പാറിക്കുന്ന കഥകള്‍. പക്ഷേ, അന്ന് തന്റെ ശക്തിയും പൌരുഷവും വാര്‍ന്നൊലിച്ചു പോകുന്നതുപോലെ.

അലങ്കരിച്ച അറയില്‍ മങ്ങിയ വെളിച്ചത്തില്‍ ജനാലയ്ക്കരികില്‍ സാരിത്തലപ്പില്‍ തെരുപ്പിടിച്ചു നില്‍ക്കുന്ന അമലയുടെ മനോഹരരൂപം അവന്‍ കണ്ടു.

മധുരസ്വപ്നങ്ങള്‍ കണ്ട്

അമലയുടെ മനസും പ്രക്ഷുബ്ധമായിരുന്നു. പ്രിയപ്പെട്ടവരെയും ജന്മഗൃഹത്തെയും വിട്ട് അപരിചിത സാഹചര്യങ്ങളിലേക്കും വ്യക്തികള്‍ക്കിടയിലേക്കും കടന്നുചൊല്ലുന്നതിന്റെ അസ്വസ്ഥതകള്‍ ഒരു വശത്ത്. തന്റെ ജീവിതത്തെ സ്വാധീനിക്കാനും നിര്‍വചിക്കാനും പോന്നതാണു പുതിയ സാഹചര്യങ്ങള്‍ എന്ന ചിന്ത മറുവശത്ത്. അതിലെല്ലാമുപരി മധുരവും ദിവ്യവുമായ ആദ്യരാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങളും ആശങ്കകളും. അടുത്തിടെ വിവാഹിതരായ സുഹൃത്തുക്കള്‍ പറഞ്ഞ കഥകള്‍ അമലയുടെ മനസില്‍ നിറഞ്ഞു. പലരുടെയും ആദ്യരാത്രി ആഹ്ളാദകരമായിരുന്നില്ല, കടുത്ത വേദനയുടെയും രക്തസ്രാവത്തിന്റെയും ഭീദിത രാത്രികള്‍.

ആനന്ദിന്റെ കണ്ണുകള്‍ അമലയുടെ നേര്‍ക്കണഞ്ഞു. അമല അപ്സരസിനെപ്പോല സുന്ദരിയാണെന്നവനറിഞ്ഞു. അവന്റെ നിശ്വാസത്തിന്റെ ഇളംചൂടിപ്പോള്‍ അവള്‍ക്കറിയാം. അവന്റെ തിളയ്ക്കുന്ന വിരലുകള്‍ പതുക്കെ തേടി വരുന്നതും അറിയാം. അവളുടെ ശരീരം വല്ലാതെ വിറകൊണ്ടു. ആനന്ദ് വന്യമായ ഒരു ആലിംഗനത്തില്‍ അവളെ വിരിഞ്ഞുമുറുക്കി. അവളുടെ ഹൃദയമിടിപ്പിനു പെരുമ്പറകളുടെ മുഴക്കമുണ്ടായിരുന്നു. വേദനയുടെയും രക്തസ്രാവത്തിന്റെയും കഥകളുടെ സ്മരണയില്‍ പരിഭ്രാന്തയായി ഒരു തേങ്ങലോടെ അവള്‍ അവനില്‍ നിന്നു കുതറി മാറി.

ആ നീലരാവില്‍ സംഭവിച്ചത്

എന്താണ് ആനന്ദിനും അമലയ്ക്കും സംഭവിച്ചത്. പുഷ്പാലംകൃതമായ മണിയറ. സുരഭിലമായ നീലരാവ്. പാലും മധുരവും ആശ്ളേഷങ്ങളും നിശ്വാസങ്ങളും... എന്താണ് ആദ്യരാത്രിയുടെ സമസ്യ? വിവാഹം രണ്ടാത്മാക്കളുടെ ഒന്നാകലാണ്. രണ്ടു സംസ്കാരങ്ങളുടെ ലയനമാണ് രതിയുടെ ഹോമകുണ്ഡത്തില്‍ രണ്ടുപേരുടെ കത്തിയമരല്‍ മാത്രമല്ല വിവാഹം. സ്ഥാനമാനങ്ങളും സമ്പത്തും കുടുംബമഹിമയും മാത്രം അടിസ്ഥാന ഘടകങ്ങളാകുമ്പോള്‍ വിവാഹത്തിന്റെ പവിത്രലക്ഷ്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.

വിവാഹവും രതിയും

വിവാഹത്തിനു ധാര്‍മികവും സാമൂഹ്യവും വൈകാരികവുമായ അടിസ്ഥാനമുണ്ട്. രക്ഷകര്‍ത്താക്കളും കുടുംബസാഹചര്യങ്ങളും ഇതില്‍ സുപ്രധാനമായ പങ്കു നിര്‍വഹിക്കേണ്ടതുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസവും ഉദ്യോഗവും കുട്ടികള്‍ക്കു നല്‍കുന്നവര്‍ അവരുടെ വൈകാരികവും ധാര്‍മികവും ആത്മീയവുമായ ലക്ഷ്യങ്ങളെ വിസ്മരിക്കുന്നു. ലൈംഗിക കാര്യങ്ങളിലെ ശാസ്ത്രീയതയും ധാര്‍മികതയും കുട്ടികളിലേക്ക് പകരാന്‍ അവര്‍ ശ്രദ്ധിക്കുന്നതേയില്ല.

മഞ്ഞപുസ്തകങ്ങളും നീലചിത്രങ്ങളും പോര്‍ണോസൈറ്റുകളും ചേര്‍ന്നു നമ്മുടെ കുട്ടികളുടെ രതിഭാവനകളെ-വിവാഹ സങ്കല്‍പങ്ങളെ രൂപപ്പെടുത്തുന്നത് ഭീതിദമാണ്. ആക്രമിച്ചു കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന പുരുഷനും രതിവിമുഖയായ സ്ത്രീയും നമ്മുടെ അശാസ്ത്രീയ സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടിയാണ്. ആണും പെണ്ണും അവരവരുടെ സങ്കല്‍പലോകങ്ങളില്‍ അവരുടെ മാത്രം ലൈംഗിക ആദര്‍ശങ്ങളില്‍ പുലരുന്നതും പരാജയപ്പെടുന്ന ആദ്യരാത്രിയുടെ കാരണങ്ങളാണ്. യാഥാര്‍ഥ്യബോധമില്ലാത്ത സങ്കല്‍പലോകങ്ങളില്‍ വിഹരിക്കുന്ന പെണ്‍കുട്ടിക്കു രതിയെക്കുറിച്ച് അതികാല്‍പനികവും അയഥാര്‍ഥവുമായ സങ്കല്‍പങ്ങളാണുള്ളത്. പൊരുത്തപ്പെടാത്ത രണ്ടു ലോകങ്ങളായി ഇണകള്‍ ജീവിതത്തിലേക്കു കടക്കുന്നത് അപകടമാണ്. ജീവിതത്തെയും രതിയെയും കുടുംബത്തെയും സന്താനങ്ങളെയുമൊക്കെ സംബന്ധിച്ചു യാഥാര്‍ഥ്യബോധമുള്ള കാഴ്ചപ്പാട് രണ്ടുപേരും സ്വീകരിക്കണം. ആദ്യരാത്രി സ്നേഹത്തിലേക്കും പ്രണയത്തിലേക്കും രതിയിലേക്കും ഊഷ്മളബന്ധങ്ങളിലേക്കും പരസ്പരവിശ്വാസത്തിലേക്കും പടര്‍ന്നുകയറേണ്ട മഹത്തായ തുടക്കമാണ്. അവിടെ പ്രകൃതിയുടെയും പുരുഷന്റെയും ലയനം മാത്രമേയുള്ളൂ. ആനന്ദിന്റെയും അമലയുടെയും ആദ്യരാത്രിയെ മുന്‍നിര്‍ത്തി അഞ്ചുകാര്യങ്ങള്‍ പറയട്ടെ.

1 ആഴത്തിലും പരപ്പിലും ദമ്പതികള്‍ പരസ്പരം അറിയുക. 2 ഒരു പാരസ്പര്യം പുലര്‍ത്തുക. സുഖകരമായ ഒരുതലം സൃഷ്ടിച്ചെടുക്കുക. 3 നിങ്ങള്‍ പ്രതീക്ഷിക്കുന്ന വേഗത്തിലോ രീതിയിലോ ഇണ പ്രതികരിക്കണമെന്നില്ല. അവന്‍/അവള്‍ രണ്ടു വ്യക്തിത്വങ്ങളാണെന്നോര്‍ക്കുക. 4 ഒഴുക്കിനനുസരിച്ചും ഒഴുക്കിനെതിരെയും തുഴയേണ്ടിവരും. തളരാതെ തുഴഞ്ഞുമുന്നേറുക. 5 സൂക്ഷ്മഗ്രാഹിയും ക്ഷമാശീലനുമാകുക.

ബന്ധുക്കള്‍ ആലോചിച്ചുറപ്പിച്ച വിവാഹത്തിനു വധൂവരന്മാര്‍ വലിയ അളവുവരെ അപരിചിതരാണ്. പെണ്‍കുട്ടി ദുര്‍ബലയും സന്ദേഹമുള്ളവളുമാകാം. അവളുടെ സന്ദേഹങ്ങളെ സാവകാശം ഇതളിതളായി അടര്‍ത്തിയെടുക്കുക. അനുകൂലവും ആനന്ദകരവുമായ അന്തരീക്ഷത്തില്‍ അവള്‍ ആത്മവിശ്വാസം വീണ്ടെടുക്കട്ടെ. വളരെ വിഖ്യാതമായ ഒരു സമീപനമോര്‍ക്കുക-Time, Talk, Trust and Touch. സമയമെടുത്ത് സംസാരിച്ചു സുദൃഢമായ വിശ്വാസം വളര്‍ത്തി സ്പര്‍ശത്തിന്റെ അനുഭൂതികളിലേക്ക് ചിറകുവിരിക്കുക.

പ്രധാനസംശയങ്ങളും ഉത്തരങ്ങളും

1 എന്താണ് ഹണിമൂണ്‍? അതിന്റെ പ്രാധാന്യമെന്താണ്?

വിവാഹത്തെ തുടര്‍ന്നു വരുന്ന ഏതാനും ആഴ്ചകളാണ് ഹണിമൂണ്‍ കാലയളവ്. പങ്കാളികള്‍ പരസ്പരം മനസിലാക്കുന്നു- തിരിച്ചറിയുന്നു. ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവയ്ക്കുന്നു. രണ്ടു ശരീരങ്ങള്‍ എന്ന അവസ്ഥയില്‍ നിന്ന് ഒന്നാകലിന്റെ സാഫല്യത്തിലേക്കു കടന്നു ജീവിതത്തെ ആഹ്ളാദനിര്‍ഭരമാക്കുന്ന ദിവസങ്ങളാണത്. മറ്റെല്ലാം മറന്നു പരസ്പരം അറിഞ്ഞലിഞ്ഞ് ഒന്നാകുന്ന ഹണിമൂണ്‍ ഭാവിജീവിത ഭദ്രതയ്ക്ക് നല്ല തുടക്കം തന്നെയാണ്.

2 എനിക്ക് ലൈംഗികാനുഭവങ്ങളില്ല. ആദ്യരാത്രിയില്‍ ഞാനെന്താണ് ചെയ്യേണ്ടത്?

എന്തു ചെയ്യണമെന്നോര്‍ത്തു വ്യാകുലപ്പെടാതിരിക്കുക. ആദ്യരാത്രിയെ സംബന്ധിച്ച് ആലോചിച്ചുകൂട്ടിയ കാര്യങ്ങള്‍ വിട്ടേക്കുക. പാവം ഭþര്യയെക്കുറിച്ചോര്‍ക്കുക. പരസ്പരം അറിയുക, പിച്ചവെച്ചും കാലിടറിവീണുമാണ് മനുഷ്യന്‍ നടന്നുതുടങ്ങുക. തെളിഞ്ഞ മനസുമായി സാവകാശം പരസ്പരം ബോധ്യപ്പെട്ട് ഇണയുടെ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞു സ്വാഭാവികമായി നിങ്ങള്‍ ആദ്യരാത്രിയേര്‍പ്പെടുക. നിറഞ്ഞൊഴുകുന്ന നദി നേര്‍ത്ത നീര്‍ച്ചാലായാണ് ആരംഭിക്കുന്നത് എന്നോര്‍ക്കുക. ധൈര്യമായി മുന്നോട്ടു പോകുക.

3 ആദ്യരാത്രിയില്‍ തന്നെ ബന്ധപ്പെടണോ?

ഒട്ടും നിര്‍ബന്ധമില്ല. ഇണകളുടെ ഇണക്കവും പരസ്പരധാരണയുമനുസരിച്ചും അനുകൂല സാഹചര്യത്തില്‍ മാത്രം രതിയിലേര്‍പ്പെട്ടാല്‍ മതി. വാത്സ്യായനമഹര്‍ഷി കാമസൂത്രയില്‍ പത്തു ദിനരാത്രങ്ങള്‍ ഇണകള്‍ വ്രതമനുഷ്ഠിക്കാനാവശ്യപ്പെടുന്നു. പരസ്പരം അറിഞ്ഞ്-വിശ്വാസം വളര്‍ത്തി-അനുരാഗ പരവശരായി- ഒരു പ്രാര്‍ഥനപോലെ സ്വയം മറന്ന് രതിയിലേര്‍പ്പെടാനാണ് വാത്സ്യായന്‍ നിര്‍ദേശിക്കുന്നത്.

4 എന്റെ ഭര്‍ത്താവ് ആദ്യരാത്രിയില്‍ തളര്‍ന്നുറങ്ങിപ്പോയി. എന്നാല്‍ അടുത്തദിവസം ഞങ്ങള്‍ ബന്ധപ്പെട്ടു. എന്തെങ്കിലും പോരായ്മയുണ്ടോ?

ഒരു പോരായ്മയുമില്ല. ശരീരവും മനസും തളര്‍ന്ന അവസ്ഥയില്‍ രതിയിലേര്‍പ്പെടുന്നത് കമഴ്ത്തിവച്ച കുടത്തിലേക്ക് വെള്ളം പകരുന്നതുപോലെയാണ്. ജാഗ്രതയുള്ള മനസും ശരീരവും രതിയിലേര്‍പ്പെടുന്നതിനാവശ്യമുള്ള ഘടകങ്ങളാണ്.

5 ലൈറ്റുകള്‍ കെടുത്താതെ രതിയിലേര്‍പെടാന്‍ അനുവദിക്കുന്നില്ല. വെളിച്ചത്തില്‍ രതിയിലേര്‍പ്പെടാനാണ് എനിക്ക് താല്‍പര്യം. അവള്‍ക്കെന്താണ് കുഴപ്പം?

ഇത്തരം വിലക്കുകള്‍ സ്ത്രീസഹജമാണ്. പുരുഷന്റെ മുന്നില്‍ വിവസ്ത്രയാകാന്‍ സാധാരണ സ്ത്രീകള്‍ ഇഷ്ടപ്പെടാറില്ല. ഒരുതരം അരക്ഷിതാവസ്ഥയും അസ്വസ്ഥതയുമാണിത്തരം പിന്‍വാങ്ങലുകള്‍ക്കു കാരണം. അവള്‍ക്ക് സമയമനുവദിക്കുക. നിങ്ങളെ അവള്‍ വിശ്വാസത്തിലെടുക്കുമ്പോള്‍ കാലാന്തരത്തില്‍ അവളുടെ സമീപനം മാറാം.

6 രതിയിലേര്‍പെടാനുള്ള ഏറ്റവും നല്ല പൊസിഷന്‍ ഏതാണ്?

നിങ്ങള്‍ക്കേതാണോ സുഖകരമായ നില അതുതന്നെ ഏറ്റവും അനുയോജ്യം. ഇണയുടെ യോനീമുഖം ഏറ്റവും വ്യക്തമായി നിങ്ങള്‍ക്കു കാണാന്‍ കഴിയുന്ന നിലയില്‍ ശരീരനില ക്രമീകരിച്ച് രതിയിലേര്‍പ്പെടുക.

7 രണ്ടുപേര്‍ക്കും ഒരേസമയം രതിമൂര്‍ച്ഛ അനുഭവപ്പെടുമോ ഡോക്ടര്‍?

തീര്‍ച്ചയായുമില്ല. മിക്കപ്പോഴും സ്ത്രീയാണാദ്യം രതിമൂര്‍ച്ഛയിലെത്തുക. അതാണഭികാമ്യവും. ഒരു രതിമൂര്‍ച്ഛയ്ക്കുശേഷം ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ പുരുഷനു കൂടുതല്‍ സമയം വേണ്ടിവരും.

8 എന്റെ പല സുഹൃത്തുക്കള്‍ക്കും ആദ്യരാത്രിയില്‍ തന്നെ രതിയിലേര്‍പ്പെടാനായി. എനിക്ക് രണ്ടാഴ്ച വേണ്ടിവന്നു. എന്താണ് ഡോക്ടര്‍ കുഴപ്പം?

സുഹൃത്തേ ഒരു കുഴപ്പവുമില്ല. രതി ഒരു കലയാണ്. പഠിച്ചു മാത്രമേ മുന്നേറാനാകൂ. ചെറിയ പിഴവുകളിലൂടെ പരിപൂര്‍ണതയിലേക്കെത്താനാകുന്ന ഒരു പ്രക്രിയയായി- വളര്‍ച്ചയായി രതിയെ കാണുക. നിങ്ങളുടെയും ഭാര്യയുടെയും രതിസംതൃപ്തിയാണു പ്രധാനം. സംതൃപ്തവും പൂര്‍ണവുമായ രതിക്കു വേണ്ടി രണ്ടാഴ്ച വേണ്ടിവന്നു എന്നത് ഒരുപോരായ്മയേ അല്ല. മറിച്ച്, അനുഭവങ്ങളിലൂടെയുള്ള വളര്‍ച്ചയായി അതിനെ കാണുക.

9 എന്റെ ഭാര്യയ്ക്കു രതിമൂര്‍ച്ഛയുണ്ടായിയെന്ന് എങ്ങനെയാണ് അറിയുക?

ഭാര്യയോടു ചോദിച്ചറിയുക. കാലക്രമേണ നിങ്ങളുടെ ഭാര്യയുടെ ശരീരഭാഷ നിങ്ങള്‍ക്കു മനഃപാഠമാകും. ചോദിക്കാതെ തന്നെ നിങ്ങള്‍ക്കത് അനുഭവിക്കാനാകും.

10 ബന്ധപ്പെടുമ്പോഴൊക്കെ എനിക്ക് രതിമൂര്‍ച്ഛയുണ്ടായോ എന്ന് ഭര്‍ത്താവ് ചോദിക്കുന്നു. രതിമൂര്‍ച്ഛയു ണ്ടായി എന്ന് ഞാനെങ്ങനെയാണറിയുക?

ദൈവമെവിടെ എന്നു തൊട്ടുകാണിക്കും പോലെ സങ്കീര്‍ണമായ ഒരു ചോദ്യമാണിത്. നിങ്ങള്‍ക്കു രതിയില്‍ സംതൃപ്തി തോന്നുമ്പോളത് രതിമൂര്‍ച്ഛയാണ്. സംതൃപ്തി തോന്നുന്നില്ലെങ്കില്‍ അതിനു വീണ്ടും ശ്രമിക്കുക.

11 ഭോഗപൂര്‍വലീല, ഭോഗാനന്തരലീല ഇവ എത്രമാത്രം അഭികാമ്യമാണ്?

നാടകങ്ങള്‍ കണ്ടിട്ടുണ്ടോ നിങ്ങള്‍. അതിന്റെ ഘടന ശ്രദ്ധിക്കുക. നാടകസംവിധായകന്‍ ചില സീനുകളിലൂടെ കഥാതന്തുവിനെ അവതരിപ്പിക്കുന്നു. അനന്തരം ക്ളൈമാക്സിലേക്ക് നാടകം വളരുന്നു. രതിയിലേര്‍പ്പെടും മുമ്പ് ബാഹ്യലീലകളില്‍ വേണ്ടത്ര മുഴുകുക. വികാരമുറങ്ങിക്കിടക്കുന്ന ഇണയുടെ ശരീരഭാഗങ്ങളെ സ്പര്‍ശനത്തിലൂടെ- ചുംബനത്തിലൂടെ- ഉണര്‍ത്തിയെടുക്കുക. രതിപൂര്‍വ ബാഹ്യലീലയിലൂടെ ശരീരങ്ങളെ രതിക്കായി സജ്ജമാക്കുക.

രതിമൂര്‍ച്ഛയ്ക്കു ശേഷം പങ്കാളിയെ തഴുകിയും ചേര്‍ത്തണച്ചും ചുംബിച്ചും ഭോഗാനന്തരലീലയില്‍ ഏര്‍പ്പെടാം.

ഒന്നാകലിന്റെ രസതന്ത്രം ആദ്യരാത്രി മത്സരപന്തിയല്ല. പങ്കാളികള്‍ ഇരുവരും പരസ്പരം മനസിലാക്കിയും സ്നേഹിച്ചും കഴിഞ്ഞുമാത്രം സംഭവിക്കേണ്ട വിശുദ്ധമായ പ്രാര്‍ഥനയാണു രതി. അതിനുവേണ്ടിയുള്ള ഒരുങ്ങലാണ് ഹണിമൂണ്‍. ഇത് ദമ്പതികളുടെ ഭാവിഭദ്രതയ്ക്കു നന്നാണ്.

ഡോ ഡി നാരായണ റെഡ്ഡി സെക്സോളജിസ്റ്റ്, (വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സെക്ഷ്വല്‍ ഹെല്‍ത്ത് അവാര്‍ഡ് ജേതാവ്) ദേഗാ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ.