Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തണുപ്പൻ രതി ഇനി വേണ്ടേ വേണ്ട

sex-nov

തനി തണുപ്പൻ. മരപ്പാവ... എന്തിനു കൊള്ളാം നിന്നെ... കുറ്റപ്പെടുത്തലുകളുടെ കൂർത്തമുനകൾ കൊണ്ടു പങ്കാളിയെ കുത്തി മുറിവേൽപ്പിച്ചു കിടക്കയിൽ തിരിഞ്ഞുകിടക്കുന്ന പങ്കാളി അറിയുന്നുണ്ടോ, ലൈംഗികകതയിൽ ഉണർവു നേടാനാകാത്തതാണ് പങ്കാളിയുടെ പ്രശ്നമെന്ന്...

ലൈംഗികവേളയിൽ ഉണർവു നേടാനായില്ലെങ്കിൽ പ്രത്യേക ചികിത്സയർഹിക്കുന്ന ലൈംഗികപ്രശ്നം തന്നെയാണ്. ലിംഗപ്രവേശത്തിനു മുമ്പ് എത്ര ആമുഖലീലകളുണ്ടായാലും യോനിയിൽ ലിംഗസ്വീകരണത്തിനു വേണ്ടത്ര നനവുണ്ടാകാത്തതാണ് സ്ത്രീകളിലെ ലൈംഗിക ഉണർവു നേടാനാകാത്തതിന്റെ സുപ്രധാന ലക്ഷണം.

രതിമൂർച്ഛ വരെയുള്ള ലൈംഗികതയുടെ ഘട്ടങ്ങളിലേക്കു വിജയകരമായി എത്താൻ കഴിയാതിരിക്കുക. ലൈംഗികതയുടെ ഓരോ ഘട്ടത്തിലും തൃപ്തികരമായി മുഴുകാൻ കഴിയാതിരിക്കുക എന്നിവയൊക്കെ ലൈംഗിക ഉണർവു നേടാനാകാത്ത ലൈംഗികപ്രശ്നത്തിന്റെ ലക്ഷണങ്ങളാണ്.

ലൈംഗികഉണർവു നേടാനാകാത്തവർക്ക് ലൈംഗികതയോട് വെറുപ്പാണെന്നോ താത്പര്യമില്ലെന്നോ കരുതരുത്. ലൈംഗികബന്ധത്തിനു വേണ്ടത്ര താത്പര്യം ഉണ്ടായിരിക്കുകയും എന്നാൽ ശരീരം ഉണരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

ലൈംഗികഉണർവ്

ലൈംഗികതയ്ക്ക് നാലു ഘട്ടങ്ങളാണുള്ളത്. ആഗ്രഹം, ഉണർവ്, രതിമൂർച്ഛ. പിൻമടക്കം.. ഈ നാലു ഘട്ടങ്ങളിൽ ലൈംഗികോണർവു നേടാനാകാത്ത സാഹചര്യം ലൈംഗികതയിലെ പരാജയത്തിനു കാരണമാകും.

ലൈംഗികോണർവു നേടാനാകാത്തത് ലൈംഗികതയിലെ ബാക്കി ഘട്ടങ്ങളേയും പ്രതികൂലമായി ബാധിക്കുന്നു.

മുമ്പൊക്കെ ലൈംഗിക ഉണർവു നേടാനാത്തവരെ ഫ്രിജിഡിറ്റി അഥവാ ലൈംഗിക മരവിപ്പ് ഉള്ളവരായി കണക്കാക്കിയിരുന്നു. എന്നാലിപ്പോൾ ലൈംഗികതയിലെ രണ്ടാംഘട്ടത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ സെക്ഷ്വൽ എറൗസൽ ഡിസോർഡർ എന്ന വിഭാഗത്തിൽ പ്രത്യേകമായാണ് മനഃശാസ്ത്രജ്ഞരും സെക്സോളജിസ്റ്റുകളും ഉൾപ്പെടുത്തുന്നത്.

എങ്ങനെ തിരിച്ചറിയാം?

ഉത്തരം തീരെ ലളിതമാണ്. സെക്സിൽ പൂർണതയോടെ മുഴുകാനുള്ള കഴിവില്ലായ്മയാണ് ആമുഖ ലക്ഷണം. ലൈംഗികതയ്ക്കിടെ വ്യക്തിയിലുണ്ടാകുന്ന അസ്വസ്ഥതകൾ ലൈംഗികോണർവിലുണ്ടാകുന്ന വൈകല്യങ്ങളുടെ സൂചനയാണ്. ലൈംഗികആഗ്രഹങ്ങൾ ഉണ്ടായിരിക്കുകയും എന്നാൽ, ശാരീരികമായി ലൈംഗികതയിൽ മുഴുകാൻ കഴിയാതിരിക്കുകയും ചെയ്യും.

ലൈംഗികബന്ധത്തിന്റെ സമയത്ത് ലൈംഗികത ആസ്വദിക്കാൻ കഴിയാതിരിക്കുക, യോനി എപ്പോഴും വരണ്ടിരിക്കുക, ലിംഗപ്രവേശത്തിൽ വേദന അനുഭവപ്പെടുക, ലൈംഗികതയിലേക്ക് ഉണർവ് ഇല്ലാതിരിക്കുക എന്നിവയെല്ലാം സ്ത്രീകളിൽ കാണപ്പെടുന്ന ലക്ഷണങ്ങളായിരിക്കും.

കൂടാതെ, സ്ത്രീകളിൽ ലൈംഗികവേളയിൽ യോനിക്കു വികാസം സംഭവിക്കാതിരിക്കുക, സ്തനഞെട്ടുകൾക്കു വികാസം ഇല്ലാതിരിക്കുക എന്നിവയും കാണപ്പെടാം.

ലിംഗത്തിനു വേണ്ടത്ര ഉദ്ധാരണം ഇല്ലാതിരിക്കുക, യോനിയിലേക്കുള്ള ലിംഗപ്രവേശത്തിനു മുമ്പു തന്നെ സ്ഖലനം സംഭവിക്കുക എന്നിവയൊക്കെയാണ് ലൈംഗികമരവിപ്പുള്ള പുരുഷന്മാരിൽ സർവസാധാരണയായി കാണപ്പെടുക.

ലൈംഗികോണർവിലുണ്ടാകുന്ന വൈകല്യങ്ങൾ ധാരാളമുണ്ട്. പ്രത്യേകിച്ചും സ്ത്രീകളിൽ കാണപ്പെടുന്നവയെ പല വിധത്തിൽ തരം തിരിച്ചിട്ടുണ്ട്. അതിലൊന്നാമത്തേത് ജന്മനായുള്ള വൈകല്യമാണ്. ഇതിനു പിന്നിൽ പ്രധാനമായും ശാരീരികകാരണങ്ങളായിരിക്കാം. മറ്റൊന്ന് ചില പ്രത്യേകസന്ദർഭങ്ങളിൽ മാത്രം ലൈംഗിക ഉണർവു സംഭവിക്കാതിരിക്കുന്നതാണ്.

ചിലർക്കു പങ്കാളിയോടൊത്തുള്ള ലൈംഗികവേഴ്ചയിലോ ചില പ്രത്യേക സാഹചര്യങ്ങളിലോ ലൈംഗികഉണർവു സംഭവിക്കില്ല. ഇതിനു പിന്നിൽ മാനസിക കാരണങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഇത്തരം ലൈംഗികവൈകല്യങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂ.

മാനസികവും ശാരീരികവും

ലൈംഗികഉണർവു സംഭവിക്കാതിരിക്കുന്നതിനു പിന്നിൽ മാനസിക പ്രശ്നങ്ങളോ ശാരീരിക പ്രശ്നങ്ങളോ ഉണ്ടാകാം. സ്ത്രീകളിൽ 50 ശതമാനം വരെ ശാരീരികകാരണങ്ങൾ കൊണ്ടായിരിക്കും ഈ ലൈംഗിക പ്രശ്നമുണ്ടാകുന്നത്.

യോനീചുരുക്കം (വജൈനസ്മിസ്), കട്ടികൂടിയ കന്യാചർമം, ഇറുങ്ങിയ യോനീമുഖം തുടങ്ങിയ യോനീ സംബന്ധമായ പ്രശ്നങ്ങൾ മൂലം ലൈംഗികബന്ധം സ്ത്രീകളിൽ വേദനാജനകമാകും. ഇതു ലൈംഗികതയോടു ഭയമോ വെറുപ്പോ ഉണ്ടാകുന്നതിനു കാരണമാകുന്നു. അതുപോലെ മൂത്രസംബന്ധമായ രോഗങ്ങളോ വൈകല്യങ്ങളോ മൂലവും ലൈംഗികബന്ധം വേദനയുള്ളതായി തീരാറുണ്ട്.

ഈ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ലൈംഗികഉണർവു ലഭിക്കുക വിരളമാണ്.

ആർത്തവത്തിനു മുമ്പുള്ള സമയത്തും ആർത്തവവിരാമമടുക്കുമ്പോഴുമെല്ലാം സ്ത്രീകളിൽ ലൈംഗിക താത്പര്യം ഉണ്ടാകാമെങ്കിലും ലൈംഗിക ഉണർവു ലഭിക്കാതെ വരാം.

നാഡീസംബന്ധമായ പ്രശ്നങ്ങളും പ്രമേഹം പോലുള്ള രോഗാവസ്ഥകളും പുരുഷന്മാരിൽ ലൈംഗികളണർവു ലഭിക്കാത്തതിലെ ശാരീരികകാരണങ്ങളിൽ പെടുന്നു.

രക്തധമനി സംബന്ധമായ പ്രശ്നങ്ങളും (ലിംഗത്തിലേക്കുള്ള രക്തപ്രവാഹത്തിനു തടസമുണ്ടാക്കുന്ന രോഗാവസ്ഥകൾ) കാരണമാകാം.

ആർത്തവ സംബന്ധമായ രോഗാവസ്ഥകൾ, ഉറക്കക്കുറവ് എന്നിവ പരിഹരിക്കാനായി ഉപയോഗിക്കുന്ന മരുന്നുകൾ കൂടാതെ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുന്ന മരുന്നുകളും ലൈംഗികപ്രശ്നങ്ങളുണ്ടാക്കാം.

ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിനു ലൈംഗിക ഉണർവുമായി നേരിട്ടു ബന്ധമുണ്ട്. ടെസ്റ്റോസ്റ്റിറോൺ ഉത്പാദനത്തിലുണ്ടാകുന്ന വൈകല്യങ്ങൾ തീർച്ചയായും ലൈംഗികതാത്പര്യക്കുറവിനു കാരണമാകും.

പിറ്റ്യൂട്ടറി ഗ്രന്ഥിക്കുണ്ടാകുന്ന രോഗങ്ങളും ട്യൂമറുകളും ഹോർമോൺ ഉത്പാദനത്തെ ബാധിക്കാം. ഏതു തരത്തിലുള്ള ശാരീരിക രോഗാവസ്ഥകളുടേയും അനന്തര ഫലമായി ലൈംഗിക ഉണർവുനേടാൻ കഴിയാതെ വരാം.

ലഹരി വസ്തുക്കളുടെ ഉപയോഗം, മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഹോർമോൺ സംബന്ധമായ വൈകല്യങ്ങൾ, മാനസികപ്രശ്നങ്ങൾ, വിഷാദം, ക്ഷീണം എന്നിവയെല്ലാം ലൈംഗികപ്രശ്നത്തിന്റെ കാരണങ്ങളിൽ പെടുന്നു.

സ്ത്രീകളിലും പുരുഷന്മാരിലും കുട്ടിക്കാലത്തുണ്ടായ ലൈംഗിക തിക്താനുഭവങ്ങളും പങ്കാളിയോടുള്ള വെറുപ്പ്, കനത്ത മാനസികാഘാതം സംഭവിക്കുന്നത് എന്നിവയും കാരണങ്ങളുടെ പട്ടികയിൽ പെടുന്നതാണ്.

പരിശോധന

ലൈംഗിക ഉണർവിലുണ്ടാകുന്ന വൈകല്യങ്ങൾ കണ്ടെത്തുന്നതിൽ വളരെയധികം ശ്രദ്ധയുണ്ടായിരിക്കണം. ശാസ്ത്രീയമല്ലാത്ത ചികിത്സകൾ തേടുന്നതു പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കാനേ ഉപകരിക്കൂ.

ഉദാഹരണത്തിന് ഒരു സ്ത്രീക്കു തന്റെ ലൈംഗികപങ്കാളിയുമൊത്തുള്ള ലൈംഗികകേളികൾക്കു മുന്നോടിയായി ഉണർവു സംഭവിക്കുന്നില്ല എങ്കിൽ അതു പരഹരിക്കാനായി മരുന്നു കഴിക്കാനല്ല ആദ്യം തുനിയേണ്ടത്. ചിലപ്പോൾ ഈ സ്ത്രീക്ക് തന്റെ ലൈംഗിക പങ്കാളിയോടൊത്തുള്ള സെക്സിൽ മാത്രമായിരിക്കും ഇത് അനുഭവപ്പെടുന്നത്.

പങ്കാളിയോടുള്ള അടുപ്പം വർധിപ്പിക്കുകയും തെറ്റിദ്ധാരണകൾ അകറ്റുകയും ചെയ്യുകയാണ് ഇവിടെ വേണ്ടത്. ലൈംഗികോണർവു സംഭവിക്കാതിരിക്കുന്നതിനു പിന്നിലുള്ള യഥാർഥ കാരണങ്ങൾ തിരിച്ചറിയണം.

അതിനാൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം തേടുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു ശേഷം ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ നിർദേശപ്രകാരം മറ്റു വിദഗ്ധരെക്കൂടി കണ്ടു ചികിത്സ നിശ്ചയിക്കേണ്ടി വരും.

ചില സ്ത്രീകൾ ദീർഘ നേരത്തെ ബാഹ്യകേളികൾക്കു ശേഷം മാത്രമേ ലൈംഗികപരമായി ഉണർവു നേടൂ. ഇങ്ങനെയുള്ളവരെ ലൈംഗികതയുടെ തുടക്കത്തിൽ തന്നെ ലൈംഗികവൈകല്യമുള്ളവരായി മുദ്രകുത്തരുത്.

ലൈംഗിക ഉണർവുനേടാൻ കഴിയാത്തവരിൽ ഭൂരിപക്ഷം പേരിലും മനഃശാസ്ത്ര ചികിത്സയോ സെക്സ് തെറപിയോ വഴി പ്രശ്നപരിഹാരം നടത്താവുന്നതേയുള്ളൂ. ശാരീരിക കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ലൈംഗികവിരക്തി മാറ്റാൻ മരുന്നും ശസ്ത്രക്രിയയും ഉൾപ്പെടെ നിരവധി മാർഗങ്ങൾ നിലവിലുണ്ട്.

ചികിത്സ എങ്ങനെ?

ഒരാളിലെ ലൈംഗികോണർവു പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിച്ച രീതികളായിരിക്കില്ല മറ്റൊരാളിൽ ഗുണം ചെയ്യുന്നത്.

ലൈംഗിക ഉണർവിലെ വൈകല്യങ്ങൾക്കു പിന്നിൽ ശാരീരികകാരണമാണെങ്കിൽ മരുന്നുകളും മാനസികമാണെങ്കിൽ സെക്സ് തെറപ്പികളും ഉപയോഗിക്കേണ്ടി വരും.

കൊഗ്നറ്റീവ് ബിഹേവിയറൽ തെറപ്പി പോലുള്ള അടിസ്ഥാന മനഃശാസ്ത്ര ചികിത്സകൾ വഴിയാണ് മാനസിക പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണുന്നത്.

ലിംഗത്തിലേക്ക് ഉദ്ധാരണത്തിനായി വേണ്ടത്ര രക്തയോട്ടം ലഭിക്കാത്തതു കൊണ്ടുണ്ടാകുന്ന ലൈംഗികപ്രശ്നങ്ങൾ പരിഹരിക്കാനായി ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്. ചില കേസുകളിൽ പ്രൊസ്റ്റാഗ്ലാൻഡിൻ ടാബ്ലറ്റുകൾ ഉപയോഗിക്കും.

ഉദ്ധാരണ വൈകല്യവും പരിഹാരങ്ങളും

പുരുഷന്മാരിൽ ലൈംഗികോണർവില്ലായ്മ ഉദ്ധാരണ ശേഷിക്കുറവായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.

ലിംഗത്തിലേക്കുള്ള രക്തയോട്ടക്കുറവും രക്തം ഏറെ നേരം ലിംഗത്തിലെ സ്പോഞ്ചി കലകളിൽ തങ്ങി നിൽക്കുന്നതിലുണ്ടാകുന്ന വൈകല്യങ്ങളും ഉദ്ധാരണം നഷ്ടപ്പെടുത്തും. ഇതു കൂടാതെ മാനസികമായ കാരണങ്ങളും ഉദ്ധാരണ വൈകല്യം ഉണ്ടാക്കാം.

ലൈംഗികവേളയിൽ ഉദ്ധാരണം ഉണ്ടാകാതിരിക്കുക, യോനീപ്രവേശനസമയത്തു ലിംഗത്തിന് ഉദ്ധാരണം സംഭവിക്കാതിരിക്കുക എന്നിവയ്ക്കു പിന്നിൽ മാനസിക പ്രശ്നങ്ങൾ തന്നെയായിരിക്കും.

ശസ്ത്രക്രിയ വഴി പരിഹാരം കാണാം

മാനസികകാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഉദ്ധാരണപ്രശ്നങ്ങളിൽ സെക്സ് തെറപ്പി, കൊഗ്നറ്റീവ് തെറപ്പി എന്നിവ ഉപയോഗിക്കും. മരുന്നു നൽകേണ്ട അവസ്ഥയാണെങ്കിൽ തുടക്കത്തിൽ വയാഗ്ര പോലുള്ള മരുന്നുകൾ നൽകുന്നു. ഹൃദ്രോഗത്തിന് മരുന്നു കഴിക്കുന്നവർ ഈ മരുന്നുകൾ കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാം. ഈ മരുന്നുകളൊന്നും തന്നെ ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കരുത്. പാർശ്വഫലങ്ങൾ ഗുരുതരമായിരിക്കും.

ലൈംഗികാഗ്രഹമുള്ളവരിൽ മാത്രമേ മരുന്ന് ഗുണം ചെയ്യൂ. അൽപ്രോസറ്റേഡിൽ എന്ന വസ്തു അടങ്ങിയ ക്രീം അല്ലെങ്കിൽ കുത്തിവെയ്പ്പ് എന്നിവയും ചിലർക്കു ഡോക്ടർ നിർദേശിക്കാറുണ്ട്.

ഉദ്ധാരണവൈകല്യം പരിഹരിക്കാനായി ഉപയോഗിക്കുന്ന സാധാരണ മരുന്നുകൾ ഫലിക്കാത്തവരിൽ കുത്തിവയ്പ്പു വഴിയും ഉദ്ധാരണ വൈകല്യം പരിഹരിക്കാം. കോർപെറാകാവർനോസാ ലിംഗത്തിന് ഉദ്ധാരണത്തിൽ ശക്തി പകരുന്ന ലഘുപേശികളാണ്. ഇതിലേക്കു നൽകുന്ന കുത്തിവെയ്പ്പു വഴി ഉദ്ധാരണ വൈകല്യം പരിഹരിക്കാം.

ഉദ്ധാരണവൈകല്യം പരിഹരിക്കാനായി മരുന്നുകൾ അടക്കമുള്ള മാർഗങ്ങൾ ഉപയോഗിച്ചു പരാജയപ്പെട്ടവരിൽ പെനൈൽപ്രോസ്തെസിസ് എന്ന ശസ്ത്രക്രിയ വേണ്ടി വരും. ഈ ശസ്ത്രക്രിയയ്ക്കു വിധേയരായവർക്കു പിന്നീടൊരിക്കലും ഉദ്ധാരണശേഷിക്കായി മരുന്നുകളെ ആശ്രയിക്കേണ്ടി വരില്ല. ലിംഗത്തിനുള്ളിലെ കോർപ്പസ്കാവർനോസാ എന്ന കുഴലിനുള്ളിൽ സിലിക്കൺദണ്ഡ് വച്ചു പിടിപ്പിക്കുന്ന രീതിയാണിത്. വളരെ സങ്കീർണമായ ഈ ശസ്ത്രക്രിയ പരിചയസമ്പന്നരായ ഡോക്ടർമാരാണു ചെയ്യേണ്ടത്.

പ്രമേഹമോ ബി പി യോ ഉണ്ടെങ്കിൽ

പ്രമേഹം ഉണ്ടാകുമ്പോൾ കാലക്രമേണ ശരീരത്തിലെ ഏറ്റവും ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്ന ന്യൂറോപ്പതി എന്ന രോഗാവസ്ഥയുണ്ടാകും. ഇതിന്റെ ഫലമായി പ്രമേഹമുള്ളവരിൽ ലൈംഗിക ഉണർവിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ഉയർന്ന രക്താതിമർദം (ബി പി) ഉള്ളവർ കഴിക്കുന്ന ആന്റി ഹൈപ്പർടെൻസീവ് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ കഴിക്കുന്നവരിലും ലൈംഗികഉണർവു നേടുന്നതിൽ വൈകല്യങ്ങൾ കാണപ്പെടാറുണ്ട്.

ലിംഗാഗ്രചർമഛേദനം കാരണമോ?

ചില പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ലിംഗാഗ്രചർമഛേദനം നടത്തിയ ചിലരിൽ ലൈംഗിക ഉദ്ധാരണ വൈകല്യങ്ങൾ കാണപ്പെടാം എന്നാണ്.

അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള ചർമഛേദനത്തെയാണു ഭയക്കേണ്ടത്. അതുപോലെ തന്നെ ചില ശസ്ത്രക്രിയകൾക്കു വിധേയരാകുന്നവരിലും ഉദ്ധാരണവൈകല്യങ്ങൾ ഉണ്ടാകുന്നതായി പഠനങ്ങളുണ്ട്.

ഭക്ഷണത്തിലൂടെ പരിഹാരം

1 തേൻ—മധുരമൂറുന്ന ഈ ഭക്ഷ്യവസ്തുവിൽ ബോറോൺ ധാരാളമടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ചയാപചയപ്രവർത്തനത്തിലും ഈസ്ട്രജന്റെ ശരിയായ ഉത്പാദനത്തിലും ബോറോൺ പ്രവർത്തിക്കുന്നു.

അതുപോലെ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനവും വർധിപ്പിക്കുന്നു. സ്ത്രീകളിലും പുരുഷന്മാരിലും തേൻ അദ്ഭുതഫലങ്ങളുണ്ടാക്കും.

2 ബദാം— കൂടിയാൽ അപകടകാരിയാണെങ്കിലും ശരീരത്തിലെ കൊളസ്ട്രോൾ ആണ് എല്ലാ സെക്സ് ഹോർമോണുകളുടെ ഉത്പാദനത്തിലും പ്രധാന പങ്കുവഹിക്കുന്നത്. അതിനാൽ സസ്യഎണ്ണകൾ കഴിക്കാം. ബദാം എണ്ണ കൂടുതൽ ഫലം ചെയ്യും.

3 ഓട്സ്— ലൈംഗികശേഷി വർധിപ്പിക്കണണെന്നുള്ളവർ ആഴ്ചയിലെപ്പോഴെങ്കിലുമൊക്കെ ഓരോ കപ്പ് ഓട്മീലും 3 കപ്പ് വീതം ഓട്സ്ട്രോ പാനീയവും കഴിക്കുക.

4 കക്കയിറച്ചി— തോടുള്ള കടൽവിഭവങ്ങളെല്ലാം ലൈംഗികോണർവു പകരുന്ന ഭക്ഷണങ്ങളാണെന്നു മുമ്പു തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സെക്സ് ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുന്ന ധാതുക്കൾ ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

5 ചോക്ലേറ്റ്— സ്ത്രീകളിലെ ലൈംഗികവികാരം വർധിപ്പിക്കുന്നതിനു ചോക്ലേറ്റിനു കഴിവുള്ളതായി പഠനങ്ങൾ പറയുന്നു. മണവും നിറവും രുചിയുമൊക്കെയായി കൊതിപ്പിക്കുന്ന ചോക്ലേറ്റ് അംഗീകൃത സെക്സ് ഭക്ഷണങ്ങളിൽ ഒന്നാം സ്ഥാനത്താണ്.

6 മുട്ട— ബി വിറ്റമിനുകൾ (വിശേഷിച്ച് പാന്റോതെനിക് ആസിഡ്) ധാരാളമടങ്ങിയ മുട്ട ലൈംഗികോണർവു വർധിപ്പിക്കുന്ന ഭക്ഷണമാണ്.

ഡോ. കെ പ്രമോദ്

സെക്സ് തെറപ്പിസ്റ്റ്,

ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആൻഡ് മരൈറ്റൽ ഹെൽത്,

_പത്തടിപ്പാലം, സൗത്ത്കളമശേരി._